BUSINESS OPPORTUNITIES

വ്യത്യസ്തമായി ചിന്തിക്കൂ വിജയം നിങ്ങളുടേത്!

സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും സ്വയം ഒരു പരിശോധന ആവശ്യമാണ്. യഥാര്‍ത്ഥ പാഷനോടെ സംരംഭകത്വത്തെ സമീപിക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്

ലോറന്‍സ് മാത്യു

Advertisement

പഠന ശേഷം ഒരു നല്ല ജോലി എന്ന എന്നതായിരുന്നു ഏതാനും നാള്‍ മുന്‍പ് വരെ ഏതൊരു ശരാശരി മലയാളി ചെറുപ്പക്കാരന്റേയും സ്വപ്നം. എന്നാലിന്ന് ആ ചിന്താഗതിയില്‍ നിന്നും ഭാവനയും ചിന്താശേഷിയുമുള്ളതുമായ ഏറെ ചെറുപ്പക്കാര്‍ വഴി മാറി നടക്കുന്നത് ഒരു വര്‍ത്തമാന കാല യാഥാര്‍ഥ്യമാണ്. ജോലി അ
ന്വേഷിക്കുന്നവരില്‍ നിന്നും പലരും തന്നെ ജോലി നല്‍കുന്നവര്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ടെക്‌നോപാര്‍ക്കിലും, സ്റ്റാര്‍ട്ട് അപ് വില്ലേജിലും, കോഴിക്കോട് എന്‍ ഐ ടി കാമ്പസിലുമായി അഭ്യസ്ത വിദ്യരായ യുവ തലമുറയുടെ തലയില്‍ വിരിഞ്ഞ നിരവധി കമ്പനികളെ കാണാം.

ലോറന്‍സ് മാത്യു

വ്യത്യസ്തമായ ആശയങ്ങളുമായി വരുന്നവര്‍ക്കിന്നു കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്റുകളുടെ ഭാഗത്ത് നിന്നും മുന്‍പെങ്ങുമില്ലാത്ത വിധം സഹായ ഹസ്തങ്ങളുണ്ട്. പ്രധാന മന്ത്രിയുടെ Made in India, Make in India ക്യാമ്പയിന്‍ അതിന്റെ നാന്ദിയാണു. കാരണം അഭ്യസ്ത വിദ്യരായ യുവജനങ്ങളെ സംരംഭകത്വമെന്നതിലേക്ക് തിരിക്കേണ്ടതിന്റെ ആവശ്യകത വൈകിയാണെങ്കിലും നമ്മുടെ ഭരണാധികാരികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കേന്ദ്രത്തിലിപ്പോള്‍ മൈക്രോ, സ്‌മോള്‍ മീഡിയം എന്റ്റര്‍പ്രൈസിനായി (MSME) ഒരു ക്യബിനറ്റ് മന്ത്രിയുണ്ട്. മാത്രവുമല്ല ഈ മന്ത്രാലയത്തിനു കീഴില്‍ വ്യത്യസ്തമായ തൊഴിലുകള്‍ക്കുള്ള പരിശീലനക്കളരിയായി വിവിധ ട്രെയിനിങ്ങ് സെന്റ്ററുകളുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് സംരംഭകരോടുള്ള മനോഭാവത്തില്‍ വന്നിട്ടുള്ള മാറ്റവും ആശാവഹമാണ്.

എന്തിന് വേണ്ടി നാം സംരംഭകര്‍ ആവണം?

ഒരു വ്യക്തിക്ക് വരുമാനമുണ്ടാക്കുവാന്‍ നാല് രീതിയില്‍ സാധ്യമാണ്. അതിലൊന്നാണ് കേവലമൊരു ജോലിക്കാരനാവുക എന്നത്. അത് സര്‍ക്കാര്‍ ജോലിയാണെങ്കിലും അല്ലായെങ്കിലും നാം മറ്റുള്ളവര്‍ പറയുന്ന ജോലി അവര്‍ പറയുന്ന സമയത്ത് ചെയ്ത് അവര്‍ നല്‍കുന്ന ശമ്പളമാണ് വാങ്ങുന്നത്. മറ്റൊന്നു സ്വയം തൊഴില്‍ ചെയ്യുക എന്നതാണ്. നമ്മുടെ വീടിന്റെ മുന്‍പില്‍ പെട്ടിക്കട നടത്തുന്ന വ്യക്തി മുതല്‍ ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്ന സുപ്രീം കോടതി വക്കീലന്‍മാര്‍ വരെ ഈ ഗണത്തിലാണ് വരിക. വേറൊന്ന് ബിസിനസ് കാരനാവുക എന്നതാണ്. അതായത് മറ്റുള്ളവരുടെ കഴിവും അവരുടെ സമയവും ഉപയോഗിച്ച് തനിക്ക് വേണ്ടി സമ്പത്ത് സൃഷ്ടിക്കുന്നവരാവുക എന്നത്. നാലാമതായിട്ടുള്ളത് മറ്റുള്ളവരുടെ ബിസിനസ്സില്‍ പണം നിക്ഷേപിച്ച് കൊണ്ട് വരുമാനമുണ്ടാക്കുന്ന നിക്ഷേപകനാവുക എന്നതാണ്. എന്നാല്‍ ഇതില്‍ ഒരു ബിസിനസ്‌കാരന്‍ അല്ലായെങ്കില്‍ ഒരു മികച്ച സംരംഭകനാവുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന് കാണാം.

എന്താണ് ഇന്ത്യയില്‍ സംരംഭകതത്തിന്റെ കാലിക പ്രസക്തി എന്ന ചോദ്യത്തിന് വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍ പല മറുപടികള്‍ കിട്ടും. അതിലൊന്ന് സാമ്പത്തിക സുരക്ഷിതത്വമാണ്. ഉയര്‍ന്ന സാമ്പത്തിക നിലവാരത്തിലേക്ക് എത്തിപ്പെടണമെങ്കില്‍ കേവലമൊരു തൊഴിലാളിയായിരുന്നാല്‍ ഒരിക്കലും സാധ്യമല്ല. സമൂഹത്തിന് ഗുണകരമായ രീതിയില്‍ സാമ്പത്തിക ഉടപെടലുകള്‍ നടത്തണമെന്നാഗ്രഹിക്കുന്നുവെങ്കില്‍ നാം തിരഞ്ഞെടുക്കേണ്ടുന്നപാത സംരംഭകത്വത്തിന്റേതാണ്. ഏതൊരു ജോലിയിലിരിക്കുന്നവരും വിരമിക്കുന്ന ഒരു സമയമുണ്ട്്. ആ സമയത്ത് ആര്‍ക്കും തന്നെ സ്വന്തം മക്കളെ തല്‍സ്ഥാനത്ത് പ്രതിഷ്ടിക്കുവാനാവില്ല. അവരും പഠിച്ച് ജോലി നേടേണ്ടിയിരിക്കുന്നു. എന്നാല്‍ നല്ലയൊരു സംരംഭകന് തന്റെ മക്കള്‍ക്ക് ആ ബിസിനസ്സ് ഏല്‍പ്പിച്ച് കൊടുക്കുവാന്‍ കഴിയും. എത്രയോ വര്‍ത്തമാന കാല ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അതായത് സംരംഭകത്വമെന്ന് പറയുന്നത് തലമുറകള്‍ക്കായുള്ള ഒരു ഇന്‍വെസറ്റ്‌മെന്റാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മറ്റൊന്ന് ഇതൊരു നാടിന്റെ ഉന്നമനമാണ്. കാരണം ഒരു സംരംഭം ഒരു സ്ഥലത്ത് വന്നു കഴിഞ്ഞാല്‍ അതില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് മാത്രമല്ല, മറിച്ച് അതിനോടനുബന്ധമായി മറ്റ് വ്യത്യസ്ത സംരംഭങ്ങള്‍ ഉടലെടുക്കുവാനിടയാകും. ഇത് ഒരു നാടിന്റെ തന്നെ വികസനത്തിലേക്ക് വഴി തെളിക്കും. അപ്പോള്‍ എനിക്കൊരു തൊഴില്‍ എന്നതിലുപരിയായി ഞാന്‍ ഭാഗഭാക്കവുന്നത് ഈ നാടിന്റെ വികസനത്തിലേക്കാണെന്ന ബോധ്യമാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നവര്‍ക്ക് ഉണ്ടാവേണ്ടത്.

ആരാണു ഒരു സംരംഭകന്‍?

ഒരു സംരംഭകന്‍ കേവലമൊരു കച്ചവടക്കാരനല്ല മറിച്ച് നൂതനമായ ആശയങ്ങളുള്ളവര്‍, അത് ഒരു പുതിയ ഉല്‍പ്പന്നമാക്കി മാറ്റുവാന്‍ കഴിവുള്ളവര്‍, കാലഘട്ടത്തിനനുസരിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാറ്റം വരുത്തുവാന്‍ തയ്യാറുള്ളവര്‍, മാറുന്ന കാലഘട്ടത്തിനനുസൃതമായി വിപണി കണ്ടെത്തുന്നവര്‍, മറ്റുള്ളവരില്‍ പ്രചോദനം നിറയ്ക്കുന്നവര്‍, വിപണിയില്‍ ആവശ്യങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിവുള്ളവര്‍, റിസ്‌ക് എടുക്കുവാന്‍ തയ്യാറുള്ളവര്‍ ഇതെല്ലാം ഉള്ളവരോ അതുമല്ലായെങ്കില്‍ ഇതിലേതെങ്കിലുമൊരു സവിശേഷതയുള്ളവരോ ആണു സംരംഭകര്‍.

സംരംഭകത്വം എത്ര തരം?

സംരഭം ആരംഭിക്കുവാന്‍ തീരുമാനിക്കുമ്പോള്‍ത്തന്നെ മറുപടി കണ്ടെത്തേണ്ടുന്ന ചോദ്യമാണിത്. ചെറു കിട ഇടത്തരം സംരംഭകരെ ഉല്‍പ്പാദനം (Manufacturing) സേവനം (Service), കച്ചവടം (Trading) എന്നീ മൂന്ന് വിഭാഗങ്ങളായി തിരിക്കാം. ഒരു അസംസ്‌കൃത വസ്തുവിനെ വിവിധ മെക്കാനിക്കല്‍, കെമിക്കല്‍ പ്രോസസിങ്ങിനു വിധേയമാക്കി ഒരു ഉല്‍പ്പന്നമാക്കി മാറ്റിയെടുക്കേണ്ടതുണ്ടുവെങ്കില്‍ അതിനെ ഉല്‍പ്പാദനം എന്നും ഉല്‍പ്പന്നമില്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു ജോലി ചെയ്ത് കൊടുക്കുമ്പോള്‍ അത് സേവനമെന്നും പറയുന്നു. എന്നാല്‍ ഒരു വസ്തു രൂപ മാറ്റം വരുത്താതെ വിറ്റാല്‍ അത് കച്ചവടമാകുന്നു. ഉദാഹരണമായി ഒരു സോപ്പ്
നിര്‍മ്മാണത്തെ ഉല്‍പ്പാദന വിഭാഗത്തിലും ഫോട്ടോ കോപ്പി സെന്ററിനെ സേവനമായും കണക്ക് കൂട്ടാം. ഒരു തയ്യല്‍ക്കട നടത്തുന്നത് സേവനമാകുമ്പോള്‍ സ്വന്തമായി തുണിയെടുത്ത് അത് ഷര്‍ട്ട്, ചുരിദാര്‍ പോലുള്ള റെഡിമെയ്ഡ് ഉല്‍പ്പനമാക്കി വില്‍പ്പന നടത്തുമ്പോള്‍ അത് ഉല്‍പ്പാദനത്തിന്റെ പരിധിയില്‍ വരുന്നു. എന്നാല്‍ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പ് എന്നത് കച്ചവടമാകുന്നു. വന്‍ കിട വ്യവസായങ്ങളെ മാറ്റി നിര്‍ത്തിയാല്‍ പിന്നീടുള്ളവയെ സൂക്ഷ്മ (Micro), ചെറുകിട (Small), ഇടത്തരം (Medium) വ്യവസായങ്ങളെന്ന് തിരിക്കാം. ഈ മൂന്ന് വ്യവസായങ്ങളും ഉല്‍പ്പാദന, സേവന വിഭാഗത്തിലുണ്ട്.

ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളില്‍ കേരളത്തിന്റെ പങ്ക് 5.62 ശതമാനമാണു. ഏകദേശം 6000 MSME ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ഭാവി ഇനി ചെറുകിട വ്യവസായങ്ങളിലാണെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയല്ല. പ്രത്യേകിച്ചും കേരളത്തിലേപ്പോലെ ജന സാക്ഷരത കൂടിയ സംസ്ഥാനത്തില്‍. ഇന്ത്യയുടെ വ്യവസായത്തില്‍ ഏകദേശം 90 ശതമാനത്തോളം MSME ആണെന്നു പഠനങ്ങള്‍ കാണിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ചെറുകിട വ്യവസായങ്ങള്‍ Handicrafts, Handloom, Khadi, Food processing industries, Garment making and Textile industries, industries related to coir/wood/bamboo/Plastic/rubber/ leather/clay products തുടങ്ങിയവയാണു.

ഒപ്പം സോഫ്റ്റ് വെയര്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും കൂടിയാകുമ്പോള്‍ നമ്മള്‍ക്ക് മുന്‍പിലുള്ള സാധ്യതകള്‍ ഏറെ വലുതാണെന്ന് നാം തിരിച്ചറിയേണ്ടിയി
രിക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍, ഗയിം ഡവലപ്‌മെന്റ്റ്, ആനിമേഷന്‍ തുടങ്ങിയവയിലെ സാധ്യതകള്‍ നാമിനിയും വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ല. ടൂറിസം അതിന്റ്റെ വ്യത്യസ്ത തലങ്ങളായ ആരോഗ്യ ടൂറിസവും, ഉത്തരവാദിത്വ ടൂറിസവും മറ്റുമായി മാര്‍ക്കറ്റ് ചെയ്യുവാന്‍ കഴിഞ്ഞാല്‍ തന്നെ നമ്മുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുവാന്‍ കഴിയും.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് (www.dic.kerala.gov.in) ENTREPRENEUR SUPPORT SCHEME (ESS) എന്ന പദ്ധതിയിലൂടെ ചെറുകിട വ്യവസായികള്‍ക്കാവശ്യമായ സബ്‌സിഡി നല്‍കുന്നു. കേന്ദ്ര സര്‍ക്കാരാവട്ടെ പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി എന്നതിലൂടെ 25 ലക്ഷം വരെ 35 ശതമാനം വരെ സബ്‌സിഡിയോട് കൂടെ വായ്പ നല്‍കുന്നുണ്ട്. വായ്പ നല്‍കുവാന്‍ ബാങ്കുകള്‍, കെ എഫ് സി തുടങ്ങിയവര്‍, അല്ലെങ്കില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ മുതലായവ ഇവിടെയുണ്ട്. ഉണ്ടാവേണ്ടത് വ്യത്യസ്തങ്ങളായ ആശയങ്ങളും അത് നടപ്പിലാക്കുവാന്‍ ആര്‍ജ്ജവവുമുള്ള ഒരു ജനതയുമാണ്.

ഓരോ വര്‍ഷവും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്ത് വരുന്ന ഉന്നത ബിരുദധാരികള്‍ അനവധിയാണു. ഇവര്‍ നല്ലയൊരു ശതമാനവും വിദേശ രാജ്യങ്ങളിലോ ബഹു രാഷ്ട്ര കമ്പനികളിലോ ജോലി അന്വേഷിച്ച് പോകുന്നുമുണ്ട്. എന്നാല്‍ ഇനിയുള്ള കാലഘട്ടത്തില്‍ ഇന്ത്യയുടെ ഭാവി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന MSME (Micro Small and Medium Enterprises) മേഖലയിലേക്ക് ഈ യുവശക്തിയെ തിരിച്ച് വിടുവാന്‍ കഴിഞ്ഞാല്‍ നമുക്ക് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുവാന്‍ കഴിയും.വ്യത്യസ്തവും നൂതനവുമായ ആശയങ്ങളുള്ളവര്‍ക്ക് ഇന്ന് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണുള്ളത്. പക്ഷേ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയണമെങ്കില്‍ പരമ്പരാഗതമായ വഴിയില്‍ നിന്നും മാറി നടക്കുവാന്‍ നാം ബോധപൂര്‍വ്വം ശ്രമിക്കേണ്ടിയിരിക്കുന്നു. ഓര്‍ക്കുക എന്നും വ്യത്യസ്തമായി ചിന്തിച്ചിട്ടുള്ളവരാണു ജീവിതത്തില്‍ വിജയിച്ചിട്ടുള്ളവര്‍. മുന്‍പില്‍ പിന്തുടരുവാന്‍ മാതൃകകളില്ലാതിരുന്നിട്ടും തങ്ങളുടെ ആശയങ്ങളുടെ സാക്ഷാത്ക്കാരത്തിനായി ഏതറ്റം വരേയും പോകുവാന്‍ തയ്യാറുള്ളവര്‍. അല്ലെങ്കില്‍ ഒരു Burning Desire ഉള്ളവര്‍ അവര്‍ക്ക് അവര്‍ക്ക് മാത്രമാണു വിജയിക്കുവാന്‍ കഴിയുക.

(മോട്ടിവേഷണല്‍ സ്പീക്കര്‍, കരിയര്‍ ഗൈഡ് തുടങ്ങിയ നിലകളില്‍ പ്രശസ്തനാണ് ലേഖകന്‍)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top