BUSINESS OPPORTUNITIES

വരുമാനത്തിന് മറ്റേകാന്‍ മെറ്റല്‍-വുഡ്-സിമന്റ് പ്രൈമറുകള്‍

സൂക്ഷ്മ – ചെറുകിട വ്യവസായങ്ങള്‍ കൂടുതലായി രജിസ്റ്റര്‍ ചെയപ്പെടുന്നു

മഹാമാരികാലത്തിന്റെ അവസാനപാദത്തില്‍ സമ്പദ് വ്യവസ്ഥയ്ക്കൊപ്പം വ്യവസായരംഗവും ഉണര്‍വിന്റെ പാതയിലാണ്. സൂക്ഷ്മ – ചെറുകിട വ്യവസായങ്ങള്‍ കൂടുതലായി രജിസ്റ്റര്‍ ചെയപ്പെടുന്നു. ടി സംരംഭങ്ങള്‍ക്കെല്ലാം പിന്നില്‍ വിദേശത്തും സ്വദേശത്തും തൊഴില്‍ നഷ്ടം നേരിട്ട അഭ്യസ്ഥ വിദ്യരുടെ ഇടപെടലുകളാണുള്ളത്. തൊഴിലിടങ്ങള്‍ അരക്ഷിതമാകുന്നു എന്നുള്ള തിരിച്ചറിവാണ് മുഖ്യകാരണം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യവസായ പ്രോത്സാഹന പദ്ധതികളും ഗുണകരമായി മാറി.

Advertisement

കൃഷി -ഭക്ഷ്യ സംസ്‌കരണം, മൃഗസംരക്ഷണം, വിദ്യാഭ്യാസരംഗം, നിര്‍മ്മാണ മേഖല, നിത്യോപയോഗ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ രംഗങ്ങളില്‍ ഉപയോഗപെടുത്തുന്ന ഉല്‍പന്നങ്ങള്‍ക്കായി ഇപ്പോഴും കേരളം അന്യസംസ്ഥാനങ്ങളിലെ നിര്‍മ്മാതാക്കളെയാണ് ആശ്രയിക്കുന്നത്. ഇവയില്‍ 65% ഉല്‍പന്നങ്ങളും കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നവയാണ്. ഇത്തരം സംരംഭങ്ങളുടെ കൂട്ടത്തില്‍ നിര്‍മ്മാണ മേഖലയില്‍ ഉപയോഗപ്പെടുത്തുന്ന സിമന്റ് പ്രൈമര്‍, വുഡ് പ്രൈമര്‍, മെറ്റല്‍ പ്രൈമര്‍ എന്നിവയുടെ നിര്‍മ്മാണം എല്ലാകാലത്തും പ്രസകതമാകുന്ന സംരംഭമാണ്.

എന്താണ് പ്രൈമര്‍

പെയിന്റിംഗ്, പോളിഷിംഗ് എന്നിവ നടത്തുന്നതിന് മുന്‍പ് പ്രതലത്തെ തുരുമ്പ്, പായല്‍, ഈര്‍പ്പം എന്നിവയില്‍ നിന്നും സംരംക്ഷിച്ച് പ്രതലത്തിന്ന് സുരക്ഷയും പെയിന്റിന് സംരക്ഷണവും നല്‍കുന്ന രാസകവചമാണ് പ്രൈമര്‍.

മെറ്റല്‍ പ്രൈമര്‍

കട്ടിംഗ്, വെല്‍ഡിംഗ്, ഗ്രൈന്‍ഡിംഗ് എന്നിവ മൂലവും ചരക്ക് നീക്കം നടത്തുമ്പോഴും ഉണ്ടാകുന്ന കേടുപാടുകള്‍ മൂലവും, തുരുമ്പ് എടുക്കുന്നതുമൂലവും ലോഹത്തിനുണ്ടാക്കാവുന്ന നാശത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന്നാണ് മെറ്റല്‍ പ്രൈമര്‍ ഉപയോഗിക്കുന്നത്, ലോഹങ്ങള്‍ ചൂടില്‍ വികസിക്കുകയും തണുപ്പില്‍ സങ്കോചിക്കുകയും ചെയ്യും. ഈ സ്വഭാവം പരിഗണിച്ചാണ് മെറ്റല്‍ പ്രൈമര്‍ നിര്‍മ്മിക്കുന്നത്

വുഡ് പ്രൈമര്‍

തടിയുടെ പ്രതലം വിള്ളലുകളും, സൂഷിരങ്ങളും നിറഞ്ഞതാണ്. തടിയില്‍ ജലാംശവുമുണ്ട്. ജലാംശത്തില്‍ പെയിന്റിംഗ് ഇളകിമാറുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. കൂടാതെ നിര്‍മ്മാണസമയത്ത് മലിനജലം, സിമന്റ്, എന്നിവയുടെ സാമിപ്യം മൂലം തടിയ്ക്ക് നിറവ്യത്യാസം സംഭവിക്കുന്നതിനുള്ള സാദ്ധ്യതയും കൂടുതലാണ്. ടി പ്രശ്‌നങ്ങളില്‍ നിന്നും തടിയെ സംരക്ഷിക്കുന്നതിനാണ് വുഡ് പ്രൈമര്‍ ഉപയോഗിക്കുന്നത്. തടി തണുപ്പ് കാലത്ത് ഈര്‍പ്പം വലിച്ചെടുത്ത് വികസിക്കുകയും ചൂടുകാലത്ത് ചുരുങ്ങുകയും ചെയ്യും.

സിമന്റ് പ്രൈമര്‍

നന്നായി പ്ലാസ്റ്റര്‍ ചെയ്ത ഭിത്തിയിലും സൂഷിരങ്ങള്‍ അവശേഷിക്കും, കൂടാതെ ക്ഷാരാംശവും ഈര്‍പ്പവും നിലനില്‍ക്കും. ഇവ പെയിന്റന്റെ നിറത്തെയും, കാലാവധിയെയും ദോഷകരമായി ബാധിക്കും. സിമന്റ് പ്രൈമര്‍ ഈ കുറവുകള്‍ പരിഹരിച്ച് ഭിത്തികള്‍ക്ക് കൂടുതല്‍ ഈട് നല്കി ആയുസും ഭംഗിയും മെച്ചപ്പെടുത്തും.

സാധ്യതകള്‍

കേരളത്തിന്റെ നിര്‍മ്മാണ മേഖലയിലും ഫാബ്രിക്കേഷന്‍ രംഗത്തും ഉപയോഗിക്കുന്ന എല്ലാ ഉല്പന്നങ്ങളുടേയും വിപണികുത്തക അന്യസംസ്ഥാന നിര്‍മ്മാതാക്കള്‍ക്കാണ്. വിരലില്‍ എണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് കേരളത്തിലുള്ളത്. ഉല്‍ന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയുമാണ് വിപണിയിലുള്ളത്. ചെറുകിട കമ്പനികള്‍ കേരളത്തില്‍ ആരംഭിച്ച് പ്രൈമറുകള്‍, തിന്നര്‍, സോള്‍വെന്റ് സിമന്റ്, പോളിഷുകള്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ ഗുണമേന്മ നിലനിര്‍ത്തികൊണ്ട് തന്നെ വിലകുറച്ച് ഉല്‍പാദിപ്പിച്ച് വിതരണം നടത്താന്‍ സാധിക്കും. കമ്മീഷന്‍ കൂടുതല്‍ നല്‍കി ഹാര്‍ഡ്വെയര്‍ ഷോപ്പ് വഴിയും, നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് നേരിട്ടും വിതരണം നടത്താം.

നിര്‍മ്മാണരീതി

മിനറല്‍ സ്പിരിറ്റ്, സി. എന്‍. എസ്. എല്‍ റസിന്‍ റെഡ് ഓക്സൈഡ്, ക്യാസ്റ്റര്‍ ഓയില്‍, കോന്പിനേഷന്‍ ഡ്രയര്‍, ഡ്രൈ ഫിലിം ബയോസൈഡ് എന്നിവയാണ് മെറ്റല്‍ പ്രൈമറില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍. ബോള്‍ മില്‍ ഉപയോഗിച്ച് റെസിനും മിനറല്‍ സ്പിരിറ്റും ചേര്‍ത്ത് ഓക്സൈഡ് അരച്ചെടുക്കും. ദീര്‍ഘനേരം ഈ പ്രക്രിയ തുടരേണ്ടിവരും. ഇങ്ങനെ ലഭിക്കുന്ന പിഗ്മെന്റ് മിക്സിംഗ് ടാങ്കില്‍ സൂക്ഷിക്കും. തുടര്‍ന്ന് ക്യാസ്റ്റര്‍ ഓയില്‍, കോമ്പിനേഷന്‍ ഡ്രയര്‍ എന്നിവ ചൂടാക്കി ഇളക്കി യോജിപ്പിച്ച് തയാറാക്കും. തുടര്‍ന്ന് ഇവ പിഗ്മെന്റിനൊപ്പം ചേര്‍ക്കും. തുടര്‍ന്ന് ആവശ്യമുള്ള അളവില്‍ റെസിന്‍, മിനറല്‍ സ്പിരിറ്റ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ വീണ്ടും ചേര്‍ത്ത് രണ്ട് മണിക്കൂര്‍ വരെ മിക്സിംഗ് നടത്തണം. ഒരു ദിവസം സൂക്ഷിച്ചതിനു ശേഷം വിസ്‌കോസിറ്റി പരിശോധികും. വിസ്‌കോസിറ്റി ആവശ്യാനുസരണം നിലനിര്‍ത്തിയതിന് ശേഷം പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കാം.

വുഡ് പ്രൈമര്‍

ടൈറ്റാനിയം ഡയോക്സൈഡ്, ചൈന ക്ലേ, റെസിന്‍, ക്യാസ്റ്റര്‍ ഓയില്‍, ഡ്രയര്‍, ബയോസൈഡ്, മിനറല്‍ സ്പിരിറ്റ് തുടങ്ങിയവയാണ് വുഡ് പ്രൈമറിന്റെ അസംസ്‌കൃത വസ്തുക്കള്‍. നിര്‍മ്മാണ രീതി മെറ്റല്‍ പ്രൈമര്‍ നിര്‍മ്മാണത്തിന് സമാനമാണ്.

സിമന്റ് പ്രൈമര്‍

ടൈറ്റാനിയം ഡയോക്സൈഡ്, ചൈന ക്ലേ, കാവോലിന്‍ ക്ലേ, അക്കര്‍ലിക് എമല്‍ഷന്‍, ഗം, ബയോസൈഡ്, ഫില്‍റ്റേഡ് വാട്ടര്‍ എന്നിവയാണ് സിമന്റ് പ്രൈമര്‍ നിര്‍മ്മാണത്തിന്റെ അസംസ്‌കൃത വസ്തുക്കള്‍. നിര്‍മ്മാണ രീതി മുന്‍പ് വിവരിച്ചതില്‍ നിന്ന് ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് ഉള്ളത്.

മൂലധന നിക്ഷേപം

ബോള്‍ മില്ല് – 1,00,000.00
മിക്സിംഗ് ടാങ്ക് – 50,000.00
ലിഡ് പ്രെസ്സിംഗ് യന്ത്രം – 60,000.00
ത്രാസ്സ് അനുബന്ധ ഉപകരണങ്ങള്‍ – 25,000.00
ആകെ – 2,35,000.00

പ്രവര്‍ത്തന വരവ്- ചിലവ് കണക്ക്

ചിലവ്

(പ്രതിദിനം 250 ലിറ്റര്‍ മെറ്റല്‍ പ്രൈമര്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ചിലവ്)
ഓക്സൈഡ്, റെസിന്‍, ക്യാസ്റ്റര്‍ ഓയില്‍, ബയോസൈഡ്, മിനറല്‍ സ്
പിരിറ്റ്, എന്നിവയുടെ വില – 17992.00
പായ്ക്കിംഗ് മെറ്റീരിയല്‍ ചാര്‍ജ് – 1000.00
വേതനം – 700.00
മാര്‍ക്കറ്റിംഗ് ചാര്‍ജ് – 500.00
ആകെ – 20192.00

വരവ്
(പ്രതിദിനം 250 ലിറ്റര്‍ മെറ്റല്‍ പ്രൈമര്‍
നിര്‍മ്മിച്ച് വില്‍്പന നടത്തുമ്പോള്‍ ലഭിക്കുന്നത്)

1L MRP -160.00
കമ്മീഷന്‍ കിഴിച്ച് ഉല്‍പാദകന് ലഭിക്കുന്നത് – 125.00
125*250 L = 31250.00

ലാഭം
വരവ് – 31250.00
ചിലവ് – 20192.00
ലാഭം – 11058.00
വുഡ് പ്രൈമര്‍, സിമന്റ് പ്രൈമര്‍ എന്നിവയുടെ വരവ്-ചിലവ് കണക്ക് ചെറിയ വ്യതിയാനങ്ങള്‍ വിധേയമാണ്‌സാങ്കേതികവിദ്യ, പരീശീലനം പിറവം അഗ്രോപാര്‍ക്കില്‍ സാങ്കേതികവിദ്യയും പരിശീലനവും ലഭിക്കും, 0485 -2242310

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top