Auto

സുരക്ഷയാണ് ആള്‍ട്രോസിന്റെ മെയിന്‍ !

ടാറ്റയുടെ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ ഡീസല്‍ മോഡലിനെപ്പറ്റി അറിയേണ്ടതെല്ലാം…

ടാറ്റ അവരുടെ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കിനെ അവതരിപ്പിച്ചിട്ട് ഏതാണ്ട് ഒരുവര്‍ഷത്തിനു മുകളില്‍ ആവുന്നതേയുള്ളൂ. അതുവരെയും പ്രീമിയം എന്നു കരുതി നമ്മള്‍ പരിചയിച്ചുപോന്നിരുന്ന ടാറ്റ വാഹനങ്ങള്‍ ബോള്‍ട്ടും സെസ്റ്റും മന്‍സയുമൊക്കെയായിരുന്നു. എന്നാള്‍ 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച 45എക്‌സ് എന്ന കണ്‍സപ്റ്റ് വാഹനത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ആള്‍ട്രോസ് ആയിരുന്നു ടാറ്റയുടെ ‘ആദ്യ പ്രീമിയം ഹാച്ച്ബാക്ക്’. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളും തകര്‍പ്പന്‍ ഡിസൈനും ഫീച്ചറുകളുടെ വലിയ നിരയുമൊക്കെയായി എത്തിയ ആള്‍ട്രോസിന്റെ തലവര മാറിയതു പക്ഷേ പില്‍ക്കാലത്ത് ഗ്ലോബല്‍ എന്‍ ക്യാപ്പ് നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇവന്‍ 5 സ്റ്റാര്‍ സേഫ്റ്റീ റേറ്റിങ്ങോടുകൂടെ പാസായപ്പോഴായിരുന്നു. ഇന്ന് ഹ്യുണ്ടായ് ഐ20, മാരുതി ബലേനോ പോലുള്ള വമ്പ•ാരുമായി കട്ടയ്ക്കു പൊരുതുന്ന ആള്‍ട്രോസിന്റെ ഡീസല്‍ മോഡലിന്റെ വിശദാംശങ്ങള്‍…

Advertisement

ഡിസൈന്‍:

തന്റെ അത്യന്താധുനികമായ രൂപകല്പന കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട വാഹനമായിരുന്നു 45 എക്‌സ് കണ്‍സപ്റ്റ്. 45 എക്‌സിനോട് വളരെ അടുത്തു നില്‍ക്കുന്ന രൂപമാണ് ആള്‍ട്രോസിനും. ആല്‍ബട്രോസ് എന്ന പക്ഷിയുടെ പേരില്‍ നിന്നുമാണ് ടാറ്റ ആള്‍ട്രോസിന് അതിന്റെ പേരു നല്‍കിയത്. വലിയ കടല്പക്ഷികളാണ് ആല്‍ബട്രോസുകള്‍, എന്നാല്‍ വേഗത്തില്‍ പറക്കുന്നതിനും വളരെ വേഗം ദിശമാറുന്നതിനും പേരു കേട്ടവര്‍ കൂടിയാണിവര്‍. വലുതെങ്കിലും എയ്റോഡൈനാമിക്ക് ആയ ശരീരമാണ് ഇവയ്ക്കുള്ളത്. ഇതേ സ്വഭാവങ്ങളൊക്കെയും നമ്മുടെ വാഹനത്തിനുമുണ്ടെന്നു പറയാം. വളരെ ഡൈനാമിക്കും സ്‌റ്റൈലിഷുമായ ഡിസൈനാണ്. ഈ വിഭാഗത്തിലെ ഏറ്റവും സ്‌റ്റൈലിഷായ വാഹനവും ആള്‍ട്രോസ് തന്നെയാവും.

ആകെ ഡിസൈനില്‍ ഗ്ലോസ് ബ്ലാക്ക് അക്‌സന്റുകളുടെ ഉപയോഗം ധാരാളമായി കണ്ടെത്താം. മുന്നില്‍ ഹെഡ് ലാമ്പുകളിലും ഗ്രില്ലിലും വശങ്ങളില്‍ വിന്‍ഡോ ലൈനുകളിലും പിന്നില്‍ ബൂട്ടിലും സ്‌പോയ്ലറിലുമൊക്കെ ഇവയുണ്ട്. പ്രൊജക്ടര്‍ ബീം ഹെഡ്ലാമ്പുകള്‍ കാണാനെന്ന പോലെ ഫംഗ്ഷനിങ്ങിലും കേമമാണ്. ക്രോമിന്റെ ഉപയോഗത്തില്‍ മിതത്വം പാലിച്ചല്‍ ഡിസൈനെ കൂടുതല്‍ സ്‌പോര്‍ട്ടി ആക്കുന്നുണ്ട്. 16 ഇന്‍ക് അലോയ് വീലുകളുടെ രൂപകല്പന കേമമാണ്. എന്നാല്‍ വേണ്ടിവന്നാല്‍ 17 ഇഞ്ച് വീലുകള്‍ വരെ ഇടാനാവും വിധം വലുതാണ് വീല്‍ ആര്‍ച്ചുകള്‍. ടോപ്പ് എന്‍ഡ് ട്രിമ്മിലുള്ള ഞങ്ങളുടെ ടെസ്റ്റ് കാറില്‍ റൂഫും വിംഗ് മിററുകളും കറുപ്പാണ്. സ്‌മോക്ക് ചെയ്ത ടെയില്‍ ലാമ്പുകളും അനേകം വരകളും മടക്കുകളുമൊക്കെയുള്ള ടെയില്‍ ഗേറ്റുമൊക്കെ ആള്‍ട്രോസിന്റെ ആകെ ഗെറ്റപ് ഗംഭീരമാക്കുന്നുണ്ട്. എന്നാല്‍ ലോഡിംഗ് ബേ അല്പം പൊക്കമുള്ളതായതിനാല്‍ ഭാരം കയറ്റാനും ഇറക്കാനും ചെറിയ ബുദ്ധിമുട്ടുണ്ടാവുന്നുണ്ട് എന്നതും സത്യമാണ്.

ടാറ്റയുടെ ഏറ്റവും പുതിയ ആല്‍ഫ ആര്‍ക്ക് എന്ന മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് ആള്‍ട്രോസ് പണിതുയര്‍ത്തിയിരിക്കുന്നത്. വളരെ ഫ്‌ലെക്‌സിബിളായ ഒരു മോഡുലാര്‍ പ്ലാറ്റ്‌ഫോമാണിത്. അതുകൊണ്ട് തന്നെ ഭാവിയില്‍ 3.7-4.3 മീറ്റര്‍ നീളമുള്ള എംപിവി, എസ്യുവി, സെഡാന്‍ എന്നിങ്ങനെ ഏത് ബോഡിസ്‌റ്റൈലുള്ള വാഹനവും ഇതേ പ്ലാറ്റ്‌ഫോമില്‍ നിന്നും പിറവികൊണ്ടേക്കാം. 90 ഡിഗ്രി വരെ മലര്‍ക്കെ തുറക്കാവുന്ന ഡോറുകളും പിന്നിലെ ഫ്‌ലാറ്റ് ആയ സെന്‍ട്രല്‍ ടണലുമൊക്കെ ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകതകളാണ്.

ഇന്റീരിയര്‍ :

വളരെ പ്രസന്നമായ ക്യാബിനാണ് ആള്‍ട്രോസിന്റേത്. എന്നാല്‍ പുറത്തെ രൂപകല്പന പോലെ അത്ര ഗംഭീരമോ സങ്കീര്‍ണ്ണമോ അല്ല ഉള്‍ഭാഗത്തിന്റെ ഡിസൈന്‍. ലളിതമാണ്, എന്നാല്‍ മനോഹരമാണ്. ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കുകളും മറ്റു ഘടകങ്ങളുമൊക്കെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. അരോചകമായ പാനല്‍ ഗ്യാപ്പുകള്‍ ഇല്ല എന്നു പറയാം.

ഉള്ളിലെ സ്റ്റാര്‍ സെന്റ്റര്‍ കണ്‍സോളിലെ വലിയ 7 ഇഞ്ച് ഇന്‍ഫോടെയ്‌•െന്റ് സ്‌ക്രീനാണ്. മികച്ച റെസ്‌പോണ്‍സും ലളിതമായ ഇന്റര്‍ഫേസുമുള്ള ഇതില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ പോലുള്ള സംവിധാനങ്ങളുണ്ട്. എന്നാല്‍ ബില്‍റ്റ് ഇന്‍ നാവിഗേഷന്‍ ഇല്ലാ എന്നത് പോരായ്മയാണ്. അവശ്യം വേണ്ട എല്ലാ ഇന്‍ഫോടെയ്‌ന്മെന്റ് നിയന്ത്രണങ്ങള്‍ക്കും ഫിസിക്കല്‍ സ്വിച്ചുകള്‍ ലഭ്യമാണെന്നത് ആശ്വാസം തന്നെയാണ്. ഉള്ളിലെ ആംബിയന്റ് ലൈറ്റിങ്ങിന്റെ ബ്രൈറ്റ്‌നെസ്സും ടച്ച്‌സ്‌ക്രീന്‍ വഴി നിയന്ത്രിക്കുവാനാവും.

7 ഇഞ്ച് ഡിജിറ്റല്‍ ഡിസ്‌പ്ലേയും അനലോഗ് സ്പീഡോമീറ്ററും അടങ്ങുന്നതാണ് ആള്‍ട്രോസിന്റെ ക്ലസ്റ്റര്‍. ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ എല്ലാ അവശ്യ വിവരങ്ങളും ലഭ്യമാണെങ്കിലും ഇവ പലപ്പോഴും തിങ്ങിപ്പാര്‍ക്കുന്നതായി തോന്നും, റീഡബിലിറ്റി മെച്ചപ്പെടുത്താമായിരുന്നു.

എതിരാളികളില്‍ പലര്‍ക്കും ഉള്ള വയലെസ് ചാര്‍ജര്‍, സണ്‍ റൂഫ് പോലുള്ള കാര്യങ്ങള്‍ ആള്‍ട്രോസിനു ലഭിച്ചിട്ടില്ല.

സീറ്റുകള്‍ വലുതും മികച്ച സപ്പോര്‍ട്ടേകുന്നവയുമാണ്. എന്നാല്‍ മുന്‍സീറ്റുകള്‍ക്ക് അല്പം കൂടി അണ്ടര്‍ തൈ സപ്പോര്‍ട്ട് ആവാമായിരുന്നു. പിന്നില്‍ ആവശ്യത്തിനു ഹെഡ് റൂമും ലെഗ് റൂമും ഉണ്ട്. രണ്ടാള്‍ക്കാവും പിന്നില്‍ സസുഖം ഇരിക്കാനാവുക. എന്നാല്‍ നടുവിലെ സെന്‍ട്രല്‍ ടണല്‍ ഫ്‌ലാറ്റ് ആയതിനാല്‍ വേണ്ടിവന്നാല്‍ ഒരു മൂന്നാമനും കൂടി പിന്നില്‍ സ്ഥലം കണ്ടെത്താം. പിന്‍ ഡോര്‍ ക്യാവിറ്റി താരതമ്യേന അല്പം ചെറുതാണെങ്കിലും മലര്‍ക്കെ തുറക്കാവുന്ന ഡോറുകളായതിനാല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല. ഇവയ്ക്കു പുറമെ 345 ലിറ്റര്‍ ബൂട്ട് സ്‌പേസും ഉള്ളതിനാല്‍ ആള്‍ട്രോസിനെ അക്ഷരം തെറ്റാതെ ‘ലക്ഷണമൊത്ത ഫാമിലി കാര്‍’ എന്നു വിളിക്കാം.

ഡ്രൈവ്:

1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍, 1.5ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുകളാണ് ആള്‍ട്രോസിനുള്ളത്. നിലവില്‍ ഒരു 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്.

85 എച്ച് പി കരുത്തും 113 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമാണ് പെട്രോള്‍ എഞ്ചിന്‍ മോഡലിനുള്ളത്. ടിയാഗോയില്‍ കണ്ട അതേ എന്‍ജിന്‍ തന്നെയാണിത്. അതുകൊണ്ടു തന്നെ ഡ്രൈവിങ്ങ് ഹരമൊന്നും അവകാശപ്പെടാനാവില്ല, പല സന്ദര്‍ഭങ്ങളിലും ചെറുതായെങ്കിലും അണ്ടര്‍ പവേര്‍ഡ് ആയി തോന്നുകയും ചെയ്യും.

എന്നാല്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ നെക്‌സോണില്‍ കണ്ട എന്‍ജിന്റെ ഡീട്യൂണ്‍ ചെയ്ത പതിപ്പാണ്. ആള്‍ട്രോസില്‍ ഇതിന്റെ കരുത്ത് 90 എച്ച് പിയും ടോര്‍ക്ക് 200 ന്യൂട്ടണ്‍ മീറ്ററുമാണ്. (5 സ്പീഡ് ട്രാന്‍സ്മിഷന്റെ ടോര്‍ക്ക് റേറ്റിങ്ങുമായി ഒത്തുപോകാനാണ് ഡീട്യൂണ്‍ ചെയ്തിരിക്കുന്നത്). 2000 ആര്‍ പി എം വരെ നേരിയ ടര്‍ബോ ലാഗ് അനുഭവപ്പെടുമെങ്കിലും അതിനുശേഷമുള്ള മിഡ് റേഞ്ച് വളരെ കരുത്തുറ്റതാണ്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ 13 സെക്കന്‍ഡില്‍ താഴെ മതിയാവും.

ഹാന്‍ഡ്ലിംഗിലും വളരെ മികവുറ്റതാണ് ആള്‍ട്രോസ്. ഒത്തിരി ലൈറ്റ് അല്ലാത്ത സ്റ്റിയറിങ്ങിന്റെ കൂടെ ഡീസല്‍ മോഡലിന്റെ ഭാരം കൂടിയാവുമ്പോള്‍ വളവ് തിരിയലൊക്കെ അത്യന്തം എളുപ്പമാണ്. ഹൈവേകളിലെ കോര്‍ണറിങ്ങിലും ഡ്രൈവര്‍ക്ക് മോശമല്ലാത്ത കോണ്‍ഫിഡന്‍സ് നല്‍കുന്നുണ്ട് ഈ വാഹനം. ഈ ഡൈനാമിക്‌സില്‍ ആല്ഫ പ്ലാറ്റ്‌ഫോമിനുള്ള പങ്കും വിസ്മരിക്കാനാവില്ല.

ഹാന്‍ഡ്ലിംഗ് എന്നപോലെ യാത്രാസുഖത്തിലും ആള്‍ട്രോസ് മുന്നില്‍ തന്നെയാണ്. മിക്ക കുഴിയും വിഴുങ്ങുന്ന സസ്‌പെന്‍ഷന്‍ ട്യൂണിങ്ങാണ്.വേഗത്തില്‍ പോവുമ്പോഴും വളരെ സ്ഥിരതയുള്ള യാത്രയാണ് ഉള്ളില്‍.

സുരക്ഷ:
ഗ്ലോബല്‍ എന്‍ക്യാപ്പിന്റെ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ്ങ് ആയിരുന്നു ആള്‍ട്രോസ് നേടിയത്. എബിഎസ്, ഇബിഡി, ഡ്യുവല്‍ എയര്‍ബാഗുകള്‍, ഐസോഫിക്‌സ് സീറ്റ് മൗണ്ടുകള്‍ എന്നിവയ്ക്കു പുറമെ കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോളുമുണ്ട് ആള്‍ട്രോസില്‍. കൂടാതെ ആല്ഫ പ്ലാറ്റ്‌ഫോമിന്റെ സ്ട്രക്ചറല്‍ റിജിഡിറ്റി വേറെയും.

മൈലേജ്:
ലിറ്ററിന് 24 കിലോമീറ്ററോളമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ് എങ്കിലും ഞങ്ങളുടെ ടെസ്റ്റ് ഡ്രൈവില്‍ 17 കിലോമീറ്ററോളമായിരുന്നു ശരാശരി ലഭിച്ചിരുന്നത്.

5.44 ലക്ഷത്തിലാണ് ആള്‍ട്രോസിന്റെ വില ആരംഭിക്കുന്നത്. ഡീസല്‍ ടോപ്പ് സ്‌പെക്കിനു 9.09 ലക്ഷത്തോളമാണ് എക്‌സ് ഷോറൂം വില

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top