Auto

പുത്തന്‍ ഇവി പ്ലാറ്റ്‌ഫോമുമായി ഹ്യുണ്ടായി; ഇനി ഇലക്ട്രിക് വസന്തം

കൊറിയന്‍ വാഹനഭീമന്മാരായ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് വികസിപ്പിച്ച പുത്തന്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം ആണ് ഇപ്പോള്‍ ഇ വി ലോകത്തെ ചര്‍ച്ചാവിഷയം

അനുദിനം വന്‍ വിപ്ലവങ്ങള്‍ നടക്കുന്ന ലോകമാണ് ഇലക്ട്രിക്ക് വാഹനങ്ങളുടേത്. നിമിഷം പ്രതിയെന്നോണമാണ് ‘ഇ വി’കളുടെ ലോകത്ത് പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉരുത്തിരിയുന്നതും മാറ്റങ്ങളുണ്ടാകുന്നതും. കൊറിയന്‍ വാഹനഭീമന്മാരായ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് വികസിപ്പിച്ച പുത്തന്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം ആണ് ഇപ്പോള്‍ ഇ വി ലോകത്തെ ചര്‍ച്ചാവിഷയം.

Advertisement

ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിന് ഒട്ടും അന്യമായവയല്ല ഇലക്ട്രിക്ക് വാഹനങ്ങള്‍. കോന, സോള്‍, റേ എന്നിങ്ങനെ അനേകം ജനപ്രിയ ഇവികള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിനു കീഴിലുള്ള ഹ്യുണ്ടായ്, കിയ എന്നീ ബ്രാന്‍ഡുകളുടേതായി ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ഇവയില്‍ പലതിനും പല ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങളും ലഭിച്ചിട്ടുമുണ്ട്. എന്നാല്‍ ഇവയൊക്കെയും നിര്‍മ്മിക്കപ്പെട്ടത് ‘ഐസി എന്‍ജിന്‍’ അഥവാ പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനുകള്‍ ഉള്ള വാഹനങ്ങള്‍ക്കായി രൂപപ്പെടുത്തിയ ഷാസികളിലായിരുന്നു. അതുകൊണ്ട് തന്നെ അവയ്‌ക്കൊക്കെയും ചെറുതെങ്കിലും ചില പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ള, നിര്‍മ്മാണത്തിന്റെ ഓരോ അണുവിലും ആധുനികത പ്രതിഫലിക്കുന്ന ഒരു ‘മോഡുലാര്‍ ഇ.വി ആര്‍ക്കിടെക്ചര്‍’ പുറത്തിറക്കിയിരിക്കുകയാണ് ഹ്യുണ്ടായ് ഇപ്പോള്‍. ഇലക്ട്രിക്ക്- ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം (E-GMP) എന്നാണ് ഹ്യുണ്ടായ് ഇതിനെ വിളിക്കുന്നത്.

പേര് സൂചിപ്പിക്കും പോലെ ഒരു മോഡുലാര്‍ പ്ലാറ്റ്‌ഫോമിന്റെ സര്‍വ്വ ഗുണങ്ങളുമുണ്ട് ഈ പുതിയ ഇ.വി ആര്‍ക്കിടെച്ചറിന്. സെഡാന്‍, ഹാച്ച്ബാക്ക്, എസ്യുവി എന്നിങ്ങനെ ഏത് ബോഡി സ്‌റ്റൈല്‍ ഉള്ള വാഹനവും ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചെടുക്കുവാനാകും.

ബോഡി സ്‌റ്റൈലില്‍ എന്നതുപോലെ പെര്‍ഫോമന്‍സിലും വൈവിധ്യം കൊണ്ടുവരുവാന്‍ ഈ പ്ലാറ്റ്‌ഫോമിനു സാധിക്കും. അതായത്, ഒരു സാധാരണ ഇവിയും മൂന്നര സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗതയെടുക്കാനാവുന്ന ഒരു പെര്‍ഫോമന്‍സ് ഇവിയും ഒരുപോലെ ഈ പ്ലാറ്റ്‌ഫോമില്‍ നിന്നും നിര്‍മ്മിച്ചെടുക്കുവാനാവും.

E-GMPയില്‍ പണിതിറക്കുന്ന വാഹനങ്ങള്‍ക്ക് പകരം വയ്ക്കാനാവാത്ത ഹാന്‍ഡ്ലിംഗ് ആവും ഉണ്ടാവുക. ഇതിനു സഹായിക്കുന്ന അനേകം പ്രത്യേകതകള്‍ ഈ പ്ലാറ്റ്‌ഫോമിനുണ്ട്. ഇവരുടേതായി ഇന്ന് വിപണിയിലുള്ള മറ്റ് ഇവി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വ്യത്യസ്തമായി E-GMPയ്ക്ക് ഉള്ള ഒരു പിന്‍വീല്‍ ഡ്രൈവ് ലേയൗട്ട് ആണ്. അതുകൊണ്ട് തന്നെ ത്രസിപ്പിക്കുന്ന ഹാന്‍ഡ്‌ലിങ്ങും ഡ്രൈവിംഗ് ഡൈനാമിക്‌സും ആവും ഇതിനുണ്ടാവുക. മാത്രമല്ല, മുന്‍-പിന്‍ ആക്‌സിലുകള്‍ക്കിടയിലെ വെയിറ്റ് ഡിസ്ട്രിബ്യൂഷന്‍ വളരെ കാര്യക്ഷമമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്, ബാറ്ററി പാക്ക് ഫ്‌ലോറിലും ഇലക്ട്രിക്ക് മോട്ടോര്‍ സാധാരണ വാഹനങ്ങളില്‍ എന്‍ജിന്‍ ഇരിക്കുന്നിടത്തും ഘടിപ്പിച്ചുകൊണ്ട് E-GMPയ്ക്ക് നന്നേ താഴ്ന്ന സെന്റര്‍ ഓഫ് ഗ്രാവിറ്റി നല്കാനും ഹ്യുണ്ടായ്ക്കായിട്ടുണ്ട്. വലിയ വാഹനങ്ങളില്‍ കാണുന്നതു പോലുള്ള 5 ലിങ്ക് റിയര്‍ സസ്‌പെന്‍ഷനും ഇന്റഗ്രേറ്റഡ് ഡ്രൈവ് ആക്‌സിലുമൊക്കെ ഈ പ്ലാറ്റ്‌ഫോമിലിൂണ്ടാവും. ഇവ തന്നെയാണ് മേല്പ്പറഞ്ഞ ഹാന്‍ഡ്ലിങ്ങ് മികവിനു പിന്നില്‍.

ഈ പ്ലാറ്റ്‌ഫോമിന്റെ മോട്ടോറിനും പ്രത്യേകതകളേറെയാണ്. ഇന്നു വിപണിയിലുള്ള മറ്റ് മോട്ടോറുകളേക്കാള്‍ 70 ശതമാനത്തോളം അധികവേഗതയുണ്ട് ഇതിന്, ഒപ്പം ആകെ വലുപ്പത്തില്‍ കാര്യമായ കിഴിവും. അതായത് ഒരേസമയം അധിക പവറിന്റെയും ഭാരക്കുറവിന്റെയും ഗുണങ്ങളുണ്ടെന്നു ചുരുക്കം. ഒരു ആധുനിക ഇവി ട്രാന്‍സ്മിഷന്റെയും ഇന്‍വെര്‍ട്ടര്‍ യൂണിറ്റിന്റെയും കൂടെ സുരക്ഷിതമായി പാക്ക് ചെയ്തിരിക്കുകയാണ് ഈ വൈദ്യുത മോട്ടോറിനെ.

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതായതുകൊണ്ട് ബാറ്ററിയ്ക്കും ഇലക്ട്രിക്ക് പവര്‍ഹൗസിനുമൊക്കെ ശക്തമായ സുരക്ഷയൊരുക്കാന്‍ ഈ ഷാസിക്ക് ആവുന്നുണ്ട്. ഇവന്റെ ബാറ്ററിക്കും പ്രത്യേകതകളുണ്ട്. പൗച്ച് പോലുള്ള സെല്ലുകള്‍ അടുക്കി ഉണ്ടാക്കുന്ന ബാറ്ററി മൊഡ്യൂളുകളാവും ഈ പ്ലാറ്റ്‌ഫോമിനൊപ്പം വരിക. അതുകൊണ്ട് തന്നെ പല കപ്പാസിറ്റികള്‍ ഉള്ള മോഡലുകള്‍ പിറന്നേക്കും.

ഇന്നുള്ള മിക്ക ഇലക്ട്രിക്ക് വാഹനങ്ങളിലും ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമുണ്ട്. ഒരു ശക്തിയേറിയ ഡിസി ഔട്ട്‌ലെറ്റ് ഉപയോഗിച്ച് താരതമ്യേന കുറഞ്ഞ സമയത്തിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന സംവിധാനമാണ് ഫാസ്റ്റ് ചാര്‍ജിംഗ്. ഇന്നുള്ള മിക്ക ഇവികളിലും ഉള്ളത് 400 വോള്‍ട്ടിന്റെ സിസ്റ്റം ഉപയോഗിച്ചുള്ള 50-150 കിലോവാട്ട് ചാര്‍ജിംഗ് ആണ്. എന്നാല്‍ ഇതിനെ അപേക്ഷിച്ച് സമയലാഭം ധാരാളമായുള്ള 800 വോള്‍ട്ട് ഉപയോഗിച്ചുള്ള 350 കിലോവാട്ട് ചാര്‍ജിംഹ് സംവിധാനം വികസനഘട്ടത്തിലുണ്ട്.

ഏറെ വൈകാതെ വിപണിയില്‍ എത്തിയേക്കാവുന്ന ഈ സംവിധാനത്തിനു ഒരുമുഴം മുന്നെ എറിഞ്ഞിരിക്കുകയാണ് ഹ്യുണ്ടായ്. E-GMPയില്‍ മേല്പ്പറഞ്ഞ രണ്ടു വിധേനയും ചാര്‍ജിംഗ് ആവാം ! 800 വോള്‍ട്ടിന്റെ ചാര്‍ജിംഗ് ആണ്‍! ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി എത്തുന്നത്. എന്നാല്‍ 400വോള്‍ട്ട് ചാര്‍ജിംഗ് ആവശ്യമായി വരുമ്പോള്‍ വാഹനത്തിലെ ഇന്‍-ബില്റ്റ് ഇന്വെര്‍ട്ടര്‍ ഉപയോഗിച്ച് ആ സിഗ്‌നലിനെ ബൂസ്റ്റ് ചെയ്ത് 800 ആക്കി വാഹനം സ്വയം ചാര്‍ജ്ജ് ചെയ്യും, പ്രത്യേകിച്ചൊരു അഡാപ്റ്ററിന്റെയോ മറ്റു ഉപകരണങ്ങളുടെയോ ആവശ്യം ഇല്ലാതെ തന്നെ.

കണ്ണഞ്ചിപ്പിക്കുന്ന റേഞ്ചാണ് ഈ ഷാസിയില്‍ പിറക്കുന്ന വാഹനങ്ങള്‍ക്ക് ഉണ്ടാവുക. ഒറ്റ ചാര്‍ജില്‍ അവ 500 കിലോമീറ്ററിലേറെ ദൂരം ഓടുമത്രെ.
E-GMPയില്‍ ജനിക്കുന്ന വാഹനങ്ങളുടെ മറ്റൊരു പ്രത്യേകത അവയുടെ ചാര്‍ജിംഗ് സിസ്റ്റത്തിന്റെ ‘ഓമ്‌നി ഡിറക്ഷണല്‍’ കഴിവുകളാണ്. അതായത്, വാഹനത്തിന്റെ ബാറ്ററിയിലെ വൈദ്യുതി ഉപയോഗിച്ച് മറ്റു വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന്. സാങ്കേതികമായി മുന്നിട്ട് നില്ക്കുന്ന ഇതിന്റെ ചാര്‍ജിംഗ് സിസ്റ്റം മൂലം നമുക്ക് 3.5 കിലോവാട്ട് വൈദ്യുതി വരെ വേണ്ടുന്ന ഉപകരണങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കുവാനാകും. നമ്മുടെ വാഹനത്തിന്റെ ബാറ്ററി കൊണ്ട് ഒരു എസിയോ ടിവിയോ മുതല്‍ മറ്റൊരു വൈദ്യുത കാര്‍ വരെ ചാര്‍ജ് ചെയ്യുവാനാകും എന്നു സാരം !

സാങ്കേതികമായി മാത്രമല്ല, ക്യാബിനിലെ സ്ഥലത്തിന്റെ കാര്യത്തിലും E-GMPപ്ലാറ്റ്‌ഫോമില്‍ എത്തുന്ന വാഹനങ്ങള്‍ മുന്നിട്ടു നില്‍ക്കും. ഇലക്ട്രിക്ക് ഘടകങ്ങള്‍ വളരെ ബുദ്ധിപരമായി ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഉള്ളില്‍ ധാരാളം സ്ഥലലാഭം ഉണ്ടാവും എന്നത് തീര്‍ച്ചയാണ്.

വരും കാലങ്ങളിലെ ഹ്യുണ്ടായ്, കിയ വാഹനങ്ങളില്‍ ഈ പ്ലാറ്റ്‌ഫോമാവും ഉണ്ടാവുക. IONIQ എന്ന ബ്രാന്‍ഡില്‍ തങ്ങളുടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായ്. IONIQ5 എന്ന വാഹനമാവും ആദ്യമെത്തുക. കിയയുടെ ഇലക്ട്രിക്ക് വാഹനനിരയും 2021ല്‍ അനാവരണം ചെയ്യപ്പെടാന്‍ ഇരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top