ഇന്ത്യയിലെ മോട്ടോര്‍സൈക്ലിംഗ് സംസ്‌കാരത്തെപ്പറ്റി പറയുമ്പോള്‍ വിസ്മരിക്കാനാവാത്ത പേരാണ് റോയല്‍ എന്‍ഫീല്‍ഡിന്റേത്. ദീര്‍ഘദൂര മോട്ടോര്‍സൈക്കിള്‍ യാത്രകളോടൊപ്പം തന്നെ ജനകീയമായവയാണ് ക്രൂയ്‌സര്‍ ബൈക്കുകള്‍. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ ക്രൂയ്‌സര്‍ ബൈക്ക് ഒരുപക്ഷേ എന്‍ഫീല്‍ഡിന്റെ തണ്ടര്‍ബേര്‍ഡായിരിക്കാം. എന്നാല്‍ അതായിരുന്നില്ല ഇവരുടെ ആദ്യത്തെ ക്രൂയ്‌സര്‍. 2002ല്‍ ആദ്യകാല തണ്ടര്‍ബേര്‍ഡ് എത്തുന്നത് അന്നത്തെ ലൈറ്റ്‌നിംഗ് എന്ന മോഡലിനു പകരക്കാരനായായിരുന്നു. ഒരു തനി ക്രൂയ്‌സറായിരുന്നു ലൈറ്റ്‌നിംഗ്. ആദ്യതലമുറ തണ്ടര്‍ബേര്‍ഡിനും ഇതേ സ്വഭാവമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ലൈറ്റിന്റിംഗിന് 350, 500, 535 സിസി എന്‍ജിനുകള്‍ ഉണ്ടായിരുന്നെങ്കില്‍ തണ്ടര്‍ബേര്‍ഡില്‍ 350 സിസി യൂണിറ്റ് മാത്രമായിരുന്നു വന്നിരുന്നത്.
തന്റെ ക്രൂയ്‌സര്‍ സ്വഭാവവും ചുറുചുറുക്കുള്ള എന്‍ജിനും മൂലം ആദ്യകാല തണ്ടര്‍ബേര്‍ഡ് മോശമല്ലാത്ത വില്പനവിജയം നേടി. എന്നാല്‍ 2005ല്‍ എത്തിയ രണ്ടാം തലമുറ ആയിരുന്നു തണ്ടര്‍ബേഡ് സീരീസിന്റെ തലവര മാറ്റിയത്. കൂടുതല്‍ കാലികമായ രൂപവും, പിന്നില്‍ ഇരട്ട ഗ്യാസ് ഷോക്കുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടുതല്‍ അനുയോജ്യമായ റൈഡര്‍ എര്‍ഗണോമിക്‌സുമൊക്കെ ആയി എത്തിയ ഈ വാഹനം തന്റെ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ വില്പന നേടി.
എന്‍ഫീല്‍ഡിന്റെ കൂടുതല്‍ കരുത്തേറിയ 500 എന്‍ജിന്‍ തണ്ടര്‍ബേഡില്‍ എത്തുന്നത് 2012ല്‍ ആയിരുന്നു. തണ്ടര്‍ബേഡ് എക്‌സ് എന്ന പേരില്‍ 2018ല്‍ എത്തിയ മോഡല്‍ ഈ സീരീസിലെ അവസാനത്തേതായിരുന്നു എന്നരിഞ്ഞത് 2020ല്‍ തണ്ടര്‍ബേഡ് നിരയ്ക്ക് കര്‍ട്ടനിട്ടതായി റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചപ്പോഴായിരുന്നു. അങ്ങനെ അരങ്ങൊഴിഞ്ഞ തണ്ടര്‍ബേഡിന് പകരക്കാരനായി എത്തിയ അത്യന്തം കാലികമായ വാഹനമാണ് മെറ്റിയോര്‍.
ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ എന്‍ഫീല്‍ഡ് വിറ്റുവന്നിരുന്ന ഒരു മോഡലായിരുന്നു റോയല്‍ മെറ്റിയോര്‍. അന്നത്തെ കാലത്ത് ദീര്‍ഘ ദൂര യാത്രകള്‍ക്ക് അഥവാ ‘ടൂറിങ്ങിന്’ ഏറെ പേരുകേട്ട ഒരു വാഹനമായിരുന്നു അത്. ഏറെക്കാലം വളരെ വിജയകരമായി വിറ്റുവന്ന റോയല്‍ മെറ്റിയോറില്‍ നിന്നുമാണ് മെറ്റിയോര്‍ 350ക്ക് ആ പേരു ലഭിച്ചത്. ഈ പേര് വിരല്‍ ചൂണ്ടുന്നത് ഈ വാഹനത്തിന്റെ ടൂറിംഗ് ക്ഷമതകളിലേക്കാണെന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ വാദം.
ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പതിപ്പുകളുണ്ട് മെറ്റിയോര്‍ 350ക്ക്. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം നിറങ്ങളുടെയും മറ്റുമാണ്. ഫയര്‍ബോള്‍ എന്നതാണ് കൂട്ടത്തില്‍ ബേസിക്ക്. ഇവനെ കാണാന്‍ തണ്ടര്‍ബേഡ് എക്‌സ് പോലിരിക്കും. എന്നാല്‍ ‘ടോപ്പ് ഓഫ് ദ ലൈന്‍’ സൂപ്പര്‍നോവയ്ക്കാവട്ടെ ഒരു തികഞ്ഞ ക്രൂയ്‌സറിന്റെ സര്‍വ്വ ഗാംഭീര്യവുമുണ്ട്. ഞങ്ങള്‍ ടെസ്റ്റ് ചെയ്യുവാനായി തിരഞ്ഞെടുത്തതും സൂപ്പര്‍നോവ തന്നെയായിരുന്നു.

ഡിസൈന്‍:
തണ്ടര്‍ബേഡിന്റെ രൂപത്തോട് വളരെ അടുത്തുനില്ക്കുന്ന ഡിസൈനാണ് മെറ്റിയോറിനും. എന്നാല്‍ തണ്ടര്‍ബേഡിനേക്കാളും റെട്രോ സ്വഭാവം കൂടുതലുണ്ട് മെറ്റിയോറിന്റെ രൂപകല്പനയ്ക്ക്, വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ഉരുണ്ടു നീണ്ട ടാങ്ക്, സുഖപ്രദമായ പില്യണ്‍ ബാക്ക് റെസ്റ്റ് എന്നിവ തന്നെ ഉദാഹരണങ്ങള്‍. ആകെ രൂപത്തില്‍ ധാരാളം ക്രോം കണ്ടെത്താം.
765 മില്ലിമീറ്ററാണ് മെറ്റിയോറിന്റെ സീറ്റ് ഹൈറ്റ്. നന്നായി ഡിസൈന്‍ ചെയ്ത റൈഡര്‍ സീറ്റ് മികച്ച സപ്പോര്‍ട്ടേകുന്നതാണ്, എന്നാല്‍ പില്യണ്‍ സീറ്റില്‍ കാര്യമായ യാത്രസുഖം അവകാശപ്പെടാനാവില്ല. ആകെ ഭാരമാവട്ടെ 6 കിലോയോളം കുറഞ്ഞ് 191 കിലോഗ്രാമില്‍ എത്തി നില്ക്കുന്നു.
പെയിന്റെ ക്വാളിറ്റിയും മെറ്റീരിയല്‍ ക്വാളിറ്റിയുമൊക്കെ അതിഗംഭീരമാണ്. എന്നാല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്പ് പോലുള്ള ചില ഘടകങ്ങള്‍ ഇതിന് അപവാദങ്ങളായി നില്ക്കുന്നുമുണ്ട്.
വളരെ ലളിതവും പ്രായോഗികവുമായി രൂപകല്പന ചെയ്തതാണ് മെറ്റിയോറിന്റെ സ്വിച്ചുകളും ഹാന്‍ഡില്‍ ബാര്‍ നിയന്ത്രണങ്ങളുമൊക്കെ. സാധാരന്‍ണ ബൈക്കുകളില്‍ കാണുന്ന അത്രയും സ്വിച്ചുകളോ നിയന്ത്രണങ്ങളോ ഇവിടെയില്ല, പലതും വളരെ ബുദ്ധിപരമായി രൂപകല്പന ചെയ്തിരിക്കുന്നു. ഉദാഹരണമായി എന്‍ജിന്‍ സ്റ്റാര്‍ട്ട്/കില്‍ സ്വിച്ചുകള്‍ തന്നെ ണൊക്കുക. രണ്ടും വളരെ ഭംഗിയായി ഒരൊറ്റ റോട്ടറി സ്വിച്ചില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഹെഡ്ലാമ്പിന്റെയും പാസിന്റെയും സ്വിച്ചുകള്‍ക്കും ഇതേ അവസ്ഥയാണ്.
മീറ്റര്‍ ക്ലസ്റ്റര്‍ ലളിതവും സുതാര്യവുമാണ്. രണ്ട് യൂണിറ്റുകളായാണ് ഇതിന്റെ ഡിസൈന്‍. കൂട്ടത്തില്‍ വലിയ യൂണിറ്റിലാണ് സ്പീഡോമീറ്ററും ചെറിയ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയുമടങ്ങുന്ന മീറ്ററുകള്‍. രണ്ടാമത്തെ യൂണിറ്റ് റോയല്‍ എന്‍ഫീല്‍ഡ് ട്രിപ്പര്‍ എന്ന ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്റെ ഡിസ്‌പ്ലേയാണ്. മൊബൈലിലെ റോയല്‍ എന്‍ഫീല്‍ഡ് ആപ്പില്‍ നാം സെറ്റ് ചെയ്യുന്ന ഡെസ്റ്റിനേഷനിലേക്കുള്ള വഴി ബ്ലൂടൂത്തിന്റെയും ഗൂഗിള്‍ മാപ്‌സിന്റെയും സഹായത്തോടെ ഈ സ്‌ക്രീനില്‍ കാട്ടി തരുന്ന സംവിധാനമാണ് റോയല്‍ എന്‍ഫീല്‍ഡ് ട്രിപ്പര്‍. സ്പീഡോമീറ്റര്‍ ക്ലസ്റ്റര്‍ലെ MID സ്‌ക്രീനില്‍ ഫ്യുവല്‍ ഗേജ്, ട്രിപ്പ് മീറ്റര്‍, ഓഡോ മീറ്റര്‍ പോലുള്ള വിവരങ്ങള്‍ ലഭ്യമാണ്, എന്നാല്‍ മൈലേജോ ‘ഡിസ്റ്റന്‍സ് ടു എംടിയോ’ പോലുള്ള കാര്യങ്ങളില്ല. വെള്ള നിറമാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ബാക്ക്‌ലൈറ്റിന്. ഇതിന്റെ ഇന്റന്‍സിറ്റി ക്രമീകരിക്കുവാനാവാത്തത് രാത്രി യാത്രകളില്‍ അലോസരപ്പെടുത്തിയേക്കാം. മാത്രമല്ല, സ്പീഡോമീറ്റര്‍ യൂണിറ്റിന്റെ ഗ്ലാസ് കുറച്ചധികം റിഫ്‌ലക്ടീവ് ആണെന്നത് വെയിലുള്ളപ്പോള്‍ ഇതിന്റെ റീഡബിളിറ്റിയെ ബാധിക്കുന്നുണ്ട്. ദൂരയാത്രകള്‍ മുന്നില്‍ കണ്ടാവണം എന്‍ഫീല്‍ഡ് ഒരു യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും മെറ്റിയോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മെക്കാനിക്കല്‍ മാറ്റങ്ങള്‍ :
ധാരാളം മെക്കാനിക്കല്‍ മാറ്റങ്ങളുണ്ട് മെറ്റിയോര്‍ 350യില്‍. ഷാസിയും എന്‍ജിനുമടക്കം സര്‍വ്വതും പുതിയതാണ്. 349 സിസി ശേഷിയുള്ള എയര്‍-ഓയ്ല്‍ കൂള്‍ഡ് 2വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് മെറ്റിയോറിലുള്ളത്. 20 എച്ച് പി കരുത്തും 27 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമുള്ള ഈ എന്‍ജിന്റെ റിഫൈന്‍മെന്റ് ആണ് നമ്മളെ അമ്പരപ്പിക്കുക.സമാന എന്‍ജിന്‍ കപ്പാസിറ്റിയുള്ള മറ്റു റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങളെ വച്ചുനോക്കിയാല്‍ അഭൗമമായ റിഫൈന്‍മെന്റ് ലെവലുകളാണ് ഇതിന്. എന്‍ഫീല്‍ഡുകളുടെ പതിവ് വിറയലിന്റെ നൂറില്‍ ഒരംശം പോലുമില്ല എന്നു പറയാം. ഐഡില്‍ ചെയ്യുമ്പോഴും ചെറിയ ആര്‍ പി എമ്മുകളിലും വിറയല്‍ തീരെയില്ല. എന്നാല്‍ ഉയര്‍ന്ന ആര്‍ പി എമ്മുകളില്‍ ഫുട്പെഗുകളിലും ഹാന്‍ഡില്‍ ബാറിലും നേരിയ വിറയല്‍ അനുഭവപ്പെടുന്നുണ്ട്.
യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ ഡിസൈനുള്ള എന്‍ജിനില്‍ ഒരു കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് ഇണക്കിച്ചേര്‍ത്താണ് എന്‍ഫീല്‍ഡ് വൈബ്രേഷനെ അമര്‍ച്ച ചെയ്തത്. എന്നാല്‍ അപ്പോഴും അല്പം പതിഞ്ഞതെങ്കിലും റോയല്‍ എന്‍ഫീല്‍ഡിന്റെ തനത് ‘ഘഡ് ഘഡ്’ ശബ്ദം നിലനിര്‍ത്തുവാന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.
ഒരു ലോംഗ് സ്‌ട്രോക്ക് എന്‍ജിനാണെങ്കില്ക്കൂടിയും തണ്ടര്‍ബേഡ് 350യുടെ എന്‍ജിനേക്കാള്‍ വലുപ്പം കുറവാണ് ഈ പുതിയ യൂണിറ്റിന്. 72*85.8 മില്ലിമീറ്റര്‍ ബോറും സ്‌ട്രോക്കുമാണുള്ളത്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ പെര്‍ഫോമന്‍സ് കൊണ്ടും റിഫൈ•െന്റ് കൊണ്ടും വാഹനപ്രേമികളെ ഞെട്ടിച്ച വാഹനങ്ങളായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650യും കോണ്ടിനെന്റല്‍ ജിടി 650യും. അന്നുവരെയും ഒരു എന്‍ഫീല്‍ഡ് വാഹനത്തിനും ഇല്ലാതിരുന്ന പെര്‍ഫോമന്‍സും റിഫൈ•െന്റുമായി ഈ വാഹനങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഇതിന്റെ കാരണം 650 ഇരട്ടകളെ ഡിസൈന്‍ ചെയ്തതും നിര്‍മ്മിച്ചതും റോയല്‍ എന്‍ഫീല്‍ഡിന്റെ യു കെ ആസ്ഥാനമായ പെര്‍ഫോമന്‍സ് വിഭാഗമായ ഹാരിസ് പെര്‍ഫോമന്‍സ് ആയിരുന്നു എന്നതാണ്. റാലി/ മോട്ടോക്രോസ് വാഹനങ്ങള്‍ ഡെവലപ് ചെയ്യുന്നതില്‍ വൈദഗ്ധ്യം ഉള്ള കമ്പനിയാണ് ഹാരിസ് പെര്‍ഫോമന്‍സ്. ഇതു തന്നെയാണ് 650കളില്‍ പ്രതിഫലിച്ചതും. മെറ്റിയോറിനുമുള്ളത് ഹാരിസ് പെര്‍ഫോമന്‍സ് രൂപകല്പന ചെയ്ത ഒരു ട്വിന്‍ ഡൗണ്‍ട്യൂബ് സ്‌പ്ലൈന്‍ ഷാസിയാണ്.
മെറ്റിയോറിനുള്ളത് 7 പ്ലേറ്റ് വെറ്റ് ക്ലച്ചോടുകൂടിയ 5 സ്പീഡ് ട്രാന്‍സ്മിഷനാണ്. ഈ ഗിയര്‍ബോക്‌സിന്റെ ഷിഫ്റ്റുകള്‍ സ്മൂത്താണെങ്കിലും കൃത്യതയുള്ളതാണെന്നു പറഞ്ഞുകൂട, ടെസ്റ്റ് കാലയളവില്‍ ഒരുപാട് തവണ ഫാള്‍സ് ന്യൂട്രല്‍ വീണിരുന്നു.

പെര്‍ഫോമന്‍സ്:
വളരെ ജീവസ്സുറ്റ എന്‍ജിനാണ് മെറ്റിയോറിന്റേത്. വളരെ അനായാസമായി വേഗതയെടുക്കാന്‍ സാധിക്കുന്നുണ്ട്. ലോ എന്‍ഡില്‍ മോശമല്ലാതെയും മിഡ് റേഞ്ചില്‍ ഗംഭീരമായും ടോര്‍ക്ക് ലഭിക്കുന്നുണ്ട്. അഞ്ചാം ഗിയറിന് ഓവര്‍ഡ്രൈവ് ഫംഗ്ഷനുള്ളതുമൂലം അധികം റെവ് ചെയ്യുന്നതില്‍ തെറ്റില്ല. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ വേണ്ടത് 17 സെക്കന്‍ഡോളമാണ്. ടോപ്പ് ഗിയറില്‍ മെറ്റിയോറിനെ ഏറ്റവും സുഗമമായി ഓടിക്കുവാനാവുക മണിക്കൂറില്‍ 60-85 കിലോമീറ്റര്‍ വേഗതകളിലാവും. 110 കിലോമീറ്റര്‍ വേഗം വരെ ചെയ്യാനായെങ്കിലും മൂന്നക്ക വേഗങ്ങളില്‍ അല്പം വൈബ്രേഷന്‍ അനുഭവപ്പ്ടുന്നുണ്ട്. എന്നാല്‍ ഇതും തണ്ടര്‍ബേഡില്‍ ഉണ്ടായിരുന്നതിന്റെ പത്തിലൊന്നു പോലും ഉണ്ടെന്നു പറയാനാവില്ല. രണ്ടു വീലുകള്‍ക്കും ഡിസ്‌ക്ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസും ഉള്ളത് റൈഡര്‍ക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.
കാലു നീട്ടിവച്ചുള്ള, വളരെ റിലാക്‌സ്ഡ് ആയ റൈഡിംഗ് പൊസിഷനാണ് മെറ്റിയോറിന്റേത്. എന്നാല്‍ അതേസമയം വളരെ അനായാസമായി കൈകാര്യം ചെയ്യാനാവുന്ന ഒന്നു കൂടിയാണ് ഈ വാഹനം. സാധാരണ ക്രൂയ്‌സര്‍ ബൈക്കുകളുടെ പൊതുസ്വഭാവങ്ങളില്‍ ഒന്നാണ് സിറ്റി ട്രാഫിക്ക് പോലുള്ള വേഗം ദിശമാറ്റേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഓടിക്കുവാനുള്ള ബുദ്ധിമുട്ട്. എന്നാല്‍ മെറ്റിയോറിനെ കമ്പനി രൂപകല്പന ചെയ്തിരുന്നത് സിറ്റിയില്‍ അനായാസമായി ഉപയോഗിക്കാനാവുന്ന ഒരു ക്രൂയ്‌സറായാണ്. ഒരു റോഡ്സ്റ്ററിന്റെ മെയ്വഴക്കമുള്ള ക്രൂയ്‌സറാണ് മെറ്റിയോര്‍, ഇതിനു നന്ദി പറയേണ്ടതാവട്ടെ പുതിയ ഷാസിക്കും. വേഗതകളിലെ സ്റ്റബിലിറ്റിയും വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. 130 മില്ലിമീറ്റര്‍ ട്രാവലുള്ള മുന്‍ ഫോര്‍ക്കുകളും എമള്‍ഷന്‍ ഫില്‍ഡ് ആയ പിന്‍ ഷോക്കുകളും വാഹനത്തിന് മികച്ച യാത്രാസുഖം നല്‍കുന്നതില്‍ മത്സരിക്കുന്നു.
ഒറ്റവാക്കില്‍:
തണ്ടര്‍ബേഡില്‍ നിന്നും വലിയൊരു കുതിച്ചുചാട്ടമാണ് മെറ്റിയോര്‍ 350. വിപണിയില്‍ ഈ വാഹനം മത്സരിക്കുക ഹോണ്ട ഹൈനസ് സിബി 350, ജാവ പോലുള്ള മോഡലുകളോടാണ്. മിഡ് സൈസ് മോട്ടോര്‍സൈക്കിളുകളുടെ കൂട്ടത്തില്‍ നിന്നും ഒരു വാഹനം നോക്കുന്നവര്‍ക്ക് തീര്‍ച്ചയായും പരിഗണിക്കാം.നമ്മള്‍ പരിചയപ്പെട്ട സൂപ്പര്‍നോവ എഡിഷന് 1.95 ലക്ഷമാണ് എക്‌സ് ഷോറൂം വില.
About The Author
