Top Story

സ്നേഹം വിളമ്പുന്ന മുത്തശ്ശിക്കട, ഊണിന് 50 രൂപ മാത്രം

51 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1969ല്‍ പനയമ്പാടത്ത് കടയിട്ട് പാര്‍വ്വതിയമ്മയുടെ അച്ഛന്‍ തുടങ്ങിയതാണ് ഈ സംരംഭം. പിന്നീട് അച്ഛന്റെ കാലശേഷം പാര്‍വ്വതിയമ്മ ഏറ്റെടുത്തു. നോണ്‍ വെജ് ഊണിന് ഈടാക്കുന്നത് 50 രൂപ മാത്രമാണ്.

ഒരു ബോര്‍ഡ് പോലും വയ്ക്കാതെ ഇന്ന് കച്ചവടം ചെയ്യുന്നവരില്ല. എന്നാല്‍ പാലക്കാട് ജില്ലയിലെ മീന്‍വല്ലത്തിനടുത്ത് പനയമ്പാടം എന്ന എന്ന ഗ്രാമത്തില്‍ ഒരു മുത്തശ്ശിക്കടയുണ്ട്. ഒരു പേരോ ബോര്‍ഡോ ഒന്നും ഈ കടയ്ക്കില്ല. എങ്കിലും ഉച്ചയൂണിനു സമയമാകുമ്പോള്‍ ഇവിടുത്തെ ഊണുമുറി നിറയും. കാരണം വയറും മനസ്സും നിറയ്ക്കാന്‍ ഇവിടെയൊരു മുത്തശ്ശിയുണ്ട്; പാര്‍വതിയമ്മ.

Advertisement

വലിയ സംരംഭങ്ങളെക്കുറിച്ചോ റെസ്റ്റോറന്റുകളെക്കുറിച്ചോ പാര്‍വതിയമ്മയ്ക്ക് കാര്യമായൊന്നും അറിയില്ലെങ്കിലും തന്നെ തേടി എത്തുന്നവര്‍ മനസ്സ് നിറഞ്ഞ് കഴിക്കണം എന്നത് മാത്രമാണ് തന്റെ സംരംഭത്തിന്റെ കാതല്‍ എന്ന് എഴുപത്തിയഞ്ചുകാരിയായ പാര്‍വ്വതിയമ്മ പറയുന്നു. പ്രത്യേകതകള്‍ ഏറെയുണ്ട് പാര്‍വ്വതിയമ്മയുടെ കടയില്‍. വീട് തന്നെയാണ് കട. തന്റെ അടുക്കളയില്‍ പാര്‍വ്വതിയമ്മ തന്നെ പാകം ചെയ്ത ഊണ് വിളമ്പുന്നത് വീട്ടിലെ ഊണുമുറിയിലാണ്. ഇവിടെ വരുന്നവര്‍ക്ക് ഇഷ്ടമുള്ളത്ര ചോറും കറികളും എടുത്ത് കഴിക്കാം. ഭക്ഷണം പാഴാക്കരുത് എന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് ആവശ്യമുള്ളയത്രയും മേശയില്‍ നിന്ന് സ്വയം വിളമ്പി കഴിക്കാം. ഇത് മാത്രമല്ല, മീന്‍ വറുത്തതോ ചിക്കന്‍ കറിയോ കൂട്ടിയുള്ള വിഭവസമൃദ്ധമായ ഊണിന് വെറും 50 രൂപ മാത്രം.

ഒന്നര വര്‍ഷം മുന്‍പു വരെ 30 രൂപ മാത്രമായിരുന്നു ഊണിന് ഈടാക്കിയിരുന്നത്. എന്നാല്‍ സാധനങ്ങളുടെ വില വര്‍പ്പിച്ചപ്പോള്‍ നിലനില്‍പിനായി വിലയും കുറച്ച് കൂട്ടാതെ കഴിയില്ലെന്നായി. 51 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1969ല്‍ പനയമ്പാടത്ത് കടയിട്ട് പാര്‍വ്വതിയമ്മയുടെ അച്ഛന്‍ തുടങ്ങിയതാണ് ഈ സംരംഭം. പിന്നീട് അച്ഛന്റെ കാലശേഷം പാര്‍വ്വതിയമ്മ ഏറ്റെടുത്തു. റോഡിനു വീതികൂട്ടി വന്നപ്പോള്‍ കടയിരുന്ന സ്ഥലം നഷ്ടപ്പെട്ടു. എങ്കില്‍ കട വീട്ടില്‍ തന്നെയാകാം എന്ന് തീരുമാനിച്ചു. രണ്ടു വര്‍ഷം മുന്‍പു വരെ പ്രഭാത ഭക്ഷണവും മിതമായ വിലയില്‍ നല്‍കിയിരുന്നു. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഏറിയപ്പോള്‍ ഉച്ചയൂണ് മാത്രമാക്കി.
കടയോ ബോര്‍ഡോ ഒന്നുമില്ലെങ്കിലും പാര്‍വ്വതിയമ്മയുടെ വീട്ടിലെ ഊണ് തേടി ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ ആളുകളെത്തും.

സമീപത്തെ സ്‌കൂളിലെ അദ്ധ്യാപകര്‍, പോലീസുകാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ തുടങ്ങി സ്ഥിരം പാര്‍വ്വതിയമ്മയുടെ ഊണ് തേടിയെത്തുന്നവര്‍ നിരവധി. രണ്ടുമണിയാകുമ്പോഴേക്ക് ഊണ് കഴിയും ഇവിടെ. ഒരിക്കലും ഒന്നും ബാക്കി വരാറില്ല. വിശന്നു വരുന്ന ആരും വയറു നിറയാതെ പോകരുതെന്ന് നിര്‍ബന്ധമാണ് ഈ മുത്തശ്ശിക്ക്. കൈയ്യില്‍ പണമില്ലാത്തവര്‍ക്കും ഭിക്ഷയാചിച്ചു വരുന്നവര്‍ക്കുമെല്ലാം വയറും മനസ്സും നിറയെ കിട്ടും ആഹാരം. തനിക്കാവും വിധം അശരണരെയും സഹായിക്കാറുണ്ട് മുത്തശ്ശി.

ഒരു ദിവസം കൊച്ചുമകന്‍ അനീഷിന്റെ ഒരു സുഹൃത്ത് യൂട്യൂബിലും ഫെയ്സ്ബുക്കിലും ഇട്ടതോടെ പാര്‍വ്വതിയമ്മ വൈറലായി. മുത്തശ്ശിയെത്തേടി നിരവധി ആളുകള്‍ എത്തിതുടങ്ങി. ആരെല്ലാം വന്നാലും നിറഞ്ഞ പുഞ്ചിരിയോടെ ഇതെന്റെ ജോലിയല്ലേ എന്നു പാര്‍വ്വതിയമ്മ പറയും. അടുപ്പില്‍വച്ചാണ് പാചകമെല്ലാം ചെയ്യുന്നത്. അടുപ്പില്‍ വച്ചുണ്ടാക്കുന്നതിന്റെ സ്വാദ് ഗ്യാസടുപ്പിന് കിട്ടില്ലെന്നാണ് പാര്‍വ്വതിയമ്മ പറയുന്നത്. പാര്‍വ്വതിയമ്മ തന്നെയാണ് പാചകമെല്ലാം. കൊച്ചുമകന്‍ അനീഷാണ് മുത്തശ്ശിയുടെ സഹായി.

പാര്‍വ്വതിയമ്മ പ്രത്യേകം തയ്യാറാക്കുന്ന മീന്‍ മസാലക്കൂട്ട് ചേര്‍ത്ത് പൊരിക്കുന്ന മീനും വടുകപുളി നാരങ്ങയോ മാങ്ങയോ അച്ചാറിട്ടതും പിന്നെ സാമ്പാര്‍, രസം, അവിയല്‍, തോരന്‍, മോര്, മീന്‍കറി, കൊണ്ടാട്ടം വറുത്തത് എന്നിവയെല്ലാം ചേര്‍ന്ന ഊണിനാണ് 50 മാത്രം ഈടാക്കുന്നത്. ഞായറാഴ്ചകളില്‍ മീനിന് പകരം ചിക്കന്‍ കറി കൂട്ടിയായാലും 50 രൂപ തന്നെ. ഇത്രയും ചെറിയ തുകയ്ക്ക് എങ്ങനെ കൊടുക്കാന്‍ പറ്റുമെന്ന ചോദ്യത്തിന് പാര്‍വ്വതിയമ്മ പറഞ്ഞതിങ്ങനെ, ‘ലാഭത്തെക്കാള്‍ സംതൃപ്തിയാണ് എനിക്ക് പ്രധാനം. ചെയ്യുന്ന ജോലിക്കുള്ള കൂലി ലഭിക്കുന്നുണ്ട്. അതില്‍ കൂടുതല്‍ ലാഭമൊന്നും അന്നും ഇന്നും പ്രതീക്ഷിക്കുന്നില്ല. മായമില്ലാത്ത നല്ല ആഹാരം കൊടുക്കുന്നതാണ് എന്റെ സന്തോഷം.

ജീവിതത്തില്‍ പലവിധ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചത് ഈ സംരംഭമാണ്. അതുകൊണ്ടുതന്നെ കഴിയുന്നത്ര കാലം വരെ ഇത് മുന്നോട്ടുകൊണ്ടുപോകണമെന്നാണ് മുത്തശ്ശിയുടെ ആഗ്രഹം. ‘ജീവിതത്തില്‍ പ്രായം ഒന്നും ഒരിക്കലും ഒന്നിനും തടസ്സമായി തോന്നിയിട്ടില്ല. ജോലിയൊന്നും ചെയ്യാതെ ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല,’ എഴുപത്തിയഞ്ചാം വയസ്സിലും ചുറുചുറുക്കോടെ ജോലി ചെയ്യുന്ന പാര്‍വ്വതിയമ്മയുടെ മുഖത്ത് ചെറുപ്പത്തിന്റെ പ്രസരിപ്പ്. കൊച്ചുമകന്‍ അനീഷിനൊപ്പമാണ് പാര്‍വ്വതിയമ്മയുടെ താമസം. കൊവിഡുകാലമായപ്പോള്‍ തിരക്കു കുറഞ്ഞെങ്കിലും പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം.

സംരംഭം വലുതായാലും ചെറുതായാലും ആത്മാര്‍ഥതയോടെ പ്രയത്നിക്കണമെന്നാണ് മുത്തശ്ശിയുടെ പക്ഷം. വലിയ സംരംഭകയൊന്നും ആകണമെന്ന് ഒരിക്കലും മോഹം തോന്നിയിട്ടില്ലെങ്കിലും എന്ത് ചെയ്താല്‍ ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയും എന്നാണ് എക്കാലത്തും ചിന്തിച്ചിരുന്നതെന്ന് പാര്‍വ്വതിയമ്മ പറയുന്നു. പ്രായമേതായാലും അധ്വാനിച്ച് ജീവിക്കുകയാണ് പ്രധാനമെന്ന് ഈ മുത്തശ്ശിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top