BUSINESS OPPORTUNITIES

തൊഴില്‍ രഹിതര്‍ക്ക് പ്രതീക്ഷയായി പി എം ഇ ജി പി

ഉല്‍പ്പാദന വ്യവസായങ്ങള്‍ക്ക് 25 ലക്ഷം രൂപ വരേയും സേവന സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരേയും പദ്ധതി ചെലവ് വരുന്ന സംരംഭങ്ങള്‍ ഈ പദ്ധതിയില്‍ നടപ്പിലാക്കാനാവുന്നതാണ്

ലോറന്‍സ് മാത്യു

Advertisement

തൊഴിലും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (പി എം ഇ ജി പി) എന്ന പ്രധാനമന്ത്രിയുടെ പുതിയ തൊഴില്‍ പദ്ധതി. പ്രവര്‍ത്തനം അവസാനിപ്പിച്ച പി. എം. ആര്‍. വൈ, ആര്‍. ഇ. ജി. പി എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേന്ദ്ര ലഘു-ചെറുകിട-ഇടത്തരം സംരംഭ വികസന (എം.എസ്.എം.ഇ) മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ഗ്രാമ വ്യവസായ കമ്മീഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതി ചെലവിന്റെ 90 മുതല്‍ 95 ശതമാനം വരെ വായപയായി അനുവദിക്കുകയും 15 മുതല്‍ 35 ശതമാനം വരെ സബ്‌സിഡി കിട്ടുകയും ചെയ്യുമ്പോള്‍ സന്നദ്ധരും യോഗ്യരുമായ ആര്‍ക്കും സംരംഭങ്ങളുമായി മുന്നോട്ട് വരാം.

അപേക്ഷകരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ എന്തൊക്കെ?

  • വ്യക്തിയാണെങ്കില്‍ 18 വയസ്സ് തികഞ്ഞിരിക്കണം
  • വരുമാന പരിധി ബാധകമല്ല
  • ഉല്‍പ്പാദന വ്യവസായങ്ങള്‍ക്ക് 25 ലക്ഷം രൂപ വരേയും സേവന സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരേയും പദ്ധതി ചെലവ് വരുന്ന സംരംഭങ്ങള്‍ ഈ പദ്ധതിയില്‍ നടപ്പിലാക്കാനാവുന്നതാണ്.
  • 10 ലക്ഷം രൂപക്ക് മുകളില്‍ വരുന്ന ഉല്‍പ്പാദന സംരംഭങ്ങള്‍ക്കും 5 ലക്ഷത്തിന് മുകളില്‍ വരുന്ന സേവന സംരംഭങ്ങള്‍ക്കും അപേക്ഷകര്‍ എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം
  • പദ്ധതി പ്രകാരമുള്ള സഹായം പുതിയ സംരംഭങ്ങള്‍ക്ക് മാത്രം
  • വ്യക്തികള്‍ക്ക് പുറമേ സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍ എന്നിവയ്ക്കും അപേക്ഷിക്കാം
  • നിലവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും സഹായങ്ങള്‍ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ അപേക്ഷിക്കുവാന്‍ പാടില്ല

വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍

  • പൊതുമേഖലാ ബാങ്കുകള്‍
  • റീജിയണല്‍ ഗ്രാമീണ ബാങ്കുകള്‍
  • സംസ്ഥാന തല കര്‍മ്മ സമിതി ശുപാര്‍ശ ചെയ്യുന്ന സഹകരണ ബാങ്കുകള്‍
  • കര്‍മ്മ സമിതി അംഗീകരിച്ച സ്വകാര്യ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍
  • സ്‌മോള്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (സിഡ്ബി)

പി എം ഇ ജി പി പദ്ധതി പ്രകാരം ഗുണ ഭോക്താക്കള്‍ക്കുള്ള സാമ്പത്തിക സഹായവും സബ്‌സിഡിയും

പദ്ധതിയുടെ ഗുണഭോക്താക്കള്‍ സബ്‌സിഡി നിരക്ക് (പദ്ധതി ചെലവിന്റെ) സ്വന്ത വിഹിതം (പദ്ധതി ചെലവിന്റെ)
പട്ടണ പ്രദേശം ഗ്രാമീണ മേഖല
പൊതു വിഭാഗം 15 ശതമാനം 25 ശതമാനം 10 ശതമാനം
പ്രത്യേക വിഭാഗം 25 ശതമാനം 35 ശതമാനം 5 ശതമാനം

ആരാണ് പ്രത്യേക വിഭാഗം?

പ്രത്യേക വിഭാഗം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് പട്ടിക ജാതിക്കാര്‍, പട്ടിക വര്‍ഗ്ഗക്കാര്‍, മറ്റു പിന്നോക്ക വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, സ്ത്രീകള്‍, വിമുക്ത ഭടന്‍മാര്‍, വികലാംഗര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍, മലമുകളിലും അതിര്‍ത്തിയിലും താമസിക്കുന്നവര്‍ എന്നിവരെയാണ് പ്രത്യേക വിഭാഗം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മറ്റെന്തെങ്കിലും പ്രത്യേകതയുണ്ടോ?

വനിതാ സംരംഭത്തിന് ഊന്നല്‍ നല്‍കിയിരിക്കുന്ന പദ്ധതികളില്‍ 30 ശതമാനം ഉപഭോക്താക്കള്‍ സ്ത്രീകളായിരിക്കണമെന്ന് നിബന്ധനയുണ്ട്. പട്ടിക ജാതിക്കാര്‍ക്ക് 15 ശതമാനവും, ന്യൂന പക്ഷക്കാര്‍ക്ക് 5 ശതമാനവും, പട്ടിക വര്‍ഗ്ഗത്തിന് 7.5 ശതമാനവും, വികലാംഗര്‍ക്ക് 3 ശതമാനവും സംവരണം ചെയ്തിരിക്കുന്നു.

എവിടെ അപേക്ഷിക്കണം?

ഖാദി കമ്മീഷന്റെ സംസ്ഥാന ഓഫീസും, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും, ജില്ലാ വ്യവസായ കേന്ദ്രങ്ങളും വഴി സ്വീകരിക്കുന്ന അപേക്ഷകള്‍ അതാത് ജില്ലാ തലത്തില്‍ കളക്ടറുടെ അധ്യക്ഷതയില്‍ രൂപം കൊടുക്കുന്ന കര്‍മ്മ സമിതി വിശദമായി പരിശോധിച്ചാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. കര്‍മ്മ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി ഘട്ടം ഘട്ടമായി വായ്പ അനുവദിക്കും.

വായ്പ നല്‍കുന്ന ബാങ്കുകളുടെ നയപരമായ തീരുമാനമനുസരിച്ചുള്ള അവധി (Moratorium) കാലയളവിന് ശേഷം 3 മുതല്‍ 7 വര്‍ഷം കൊണ്ടാണ് വായ്പ തിരിച്ചടക്കേണ്ടത്. നടപ്പ് പലിശ നിരക്കായിരിക്കും ബാധകം.

മറ്റെന്തെങ്കിലും പ്രയോജനമുണ്ടോ?

എല്ലാ വര്‍ഷവും ദേശീയ, മേഖല, സംസ്ഥാന, ജില്ലാ തല പി എം ഇ ജി പി എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. ഗ്രാമീണ പട്ടണ മേഖലയിലെ സംരംഭകര്‍ക്കായി പ്രത്യേക പവലിയനുകള്‍ അനുവദിക്കും. തെരഞ്ഞെടുത്ത പി എം ഇ ജി പി സംരംഭകര്‍ക്ക് തങ്ങളുടെ വിദേശ വിപണി വിപുലീകരിക്കുന്നതിനായി അന്താരാഷ്ട്ര വ്യാപാരോത്സവങ്ങളില്‍ പങ്കെടുക്കുന്നതിന് അവസരം ഒരുക്കും.

സഹായം ലഭ്യമല്ലാത്ത ഏതെങ്കിലും വ്യവസായ സംരംഭങ്ങളുണ്ടോ?

പി എം ഇ ജി പിയുടെ പരിധിയില്‍ പെടാത്ത അഥവാ നെഗറ്റീവ് ലിസ്റ്റില്‍ ഉളപ്പെടുത്തിയിട്ടുള്ളവക്ക് ഈ പദ്ധതി പ്രകാരം വായപാ സൌകര്യം ലഭ്യമല്ല. പ്രധാനമായും

  • പാന്‍, പുകയില, സിഗരറ്റ് അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍
  • മാംസം അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍
  • പ്ലാസ്റ്റിക് റീ-പ്രോസസിംഗ്, 20 മൈക്രോണ്‍ താഴെയുള്ളവ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍
  • കൃഷി അനുബന്ധ മേഖലകള്‍
  • ഓട്ടോ സര്‍വീസ് തുടങ്ങിയവ

PMEGP അപേക്ഷ നടപടി ക്രമങ്ങള്‍ എന്തൊക്കെ?

  1. വേണ്ടതായ യന്ത്ര സാമഗ്രികളുടെ കൊട്ടേഷന്‍ അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുക
  2. PMEGP പദ്ധതിക്കാവശ്യമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുക
  3. https://www.kviconline.gov.in/ എന്ന സൈറ്റില്‍ കയറി PMEGP E – Portal എന്ന ലിങ്കില്‍ കയറി അപേക്ഷിക്കുക. ഒപ്പം അനുബന്ധ രേഖകളുടെ പകര്‍പ്പ് അപ് ലോഡ് ചെയ്യണം.
  4. തുടര്‍ന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ട് ഫോട്ടോ, പ്രോജക്ട് റിപ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, ഗ്രാമ പ്രദേശത്ത് തുടങ്ങുന്ന സംരംഭത്തിന് ആയത് തെളിയിക്കുന്ന രേഖ, ജാതി തെളിയിക്കുന്ന രേഖ (ബാധകമായവര്‍ക്ക് മാത്രം) എന്നിവ സഹിതം താലൂക്ക് വ്യവസായ ഓഫീസുകളിലോ, അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ നല്‍കുക.
  5. തുടര്‍ന്ന് അപേക്ഷകന്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ വച്ച് നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതുണ്ട്.
  6. അവിടെ ലോണ്‍ അനുവദിക്കപ്പെട്ടാല്‍ അപേക്ഷകള്‍ അതാത് ബാങ്കുകളിലേക്ക് എത്തിക്കുന്നതായിരിക്കും. സരംഭം തുടങ്ങുന്ന സ്ഥലത്തെ സര്‍വീസ് ഏരിയ ബാങ്കിലേക്കായിരിക്കും അപേക്ഷ എത്തിക്കുക.
  7. ബാങ്കുകളില്‍ അപേക്ഷ തള്ളപ്പെടാതെ ലോണ്‍ അനുവദിച്ചാല്‍ തുടര്‍ന്ന് 10 ദിവസത്തെ EDP ട്രെയിനിങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. EDP ട്രെയിനിങ്ങ് നല്‍കുന്ന അംഗീകൃത പരിശീലന സ്ഥാപനങ്ങളുടെ പേര് വിവരം http://www.kvic.org.in/update/pmegp/PMEGP_EDP%20trg.pdf എന്ന ലിങ്കില്‍ ലഭ്യമാണ്. ഇത് കൂടതെ എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളും പരിശീലനം നല്‍കാറുണ്ട്. EDP ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ സമര്‍പ്പിച്ച് സംരംഭകന്റെ വിഹിതം ബാങ്കില്‍ അടച്ച് കഴിഞ്ഞാല്‍ ലോണ്‍ അനുവദിക്കുന്നതാണ്. അതിന് ശേഷം നിശ്ചിത സബ്‌സിഡി ബാങ്കില്‍ എത്തുന്നതാണ്. സബ്‌സിഡി തുക വന്ന് കഴിഞ്ഞാല്‍ അത് കഴിഞ്ഞിട്ടുള്ള തുകയും പലിശയും മാത്രം അടച്ചാല്‍ മതിയാകും.
  8. സബ്‌സിഡി ലഭ്യമായ സ്ഥാപനങ്ങള്‍ കുറഞ്ഞത് 3 വര്‍ഷമെങ്കിലും പ്രവര്‍ത്തിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സബ്‌സിഡി തിരിച്ച് പിടിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍, വ്യവസായ വികസന ഓഫീസര്‍മാര്‍, മറ്റു നടപ്പാക്കല്‍ ഏജന്‍സികളിലും, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വെബ് സൈറ്റുകളിലും ലഭ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top