ഒരു സ്ഥാപനത്തിന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നതിനുള്ള ഏറ്റവും ഉത്തമമായ രീതിയാണ് സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ബ്രാന്‍ഡിംഗ്. പ്രത്യേകിച്ച് കോവിഡ് പോലൊരു മഹാമാരിയെ നേരിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ഇത്തരം സാഹചര്യത്തില്‍ തങ്ങള്‍ വിശ്വസിച്ചിരുന്ന ബ്രാന്‍ഡ് തങ്ങള്‍ക്കൊപ്പം ഉണ്ടെന്നത് ജനങ്ങളില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. അതോടൊപ്പം തന്നെ സര്‍ക്കാര്‍ നേതൃത്വത്തില്‍ കൈക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ ഭാഗമാകാനും സ്വന്തം തൊഴിലാളികളെ കൂടെ നിര്‍ത്താനും ശ്രദ്ദിക്കണം. ഉപഭോക്താക്കളുടെ സംരക്ഷണം ബ്രാന്‍ഡിന്റെ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് എന്ന് മനസിലാക്കി അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയണം.
സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താം
സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ വിനിയോഗിക്കാം. കൊറോണ വൈറസ് വ്യാപനത്തിന് ശമനം ഒന്നും ഉണ്ടായിട്ടില്ല അതിനാല്‍ തന്നെ ആളുകള്‍ ഇപ്പോഴും വര്‍ക്കിംഗ് ഫ്രം ഹോം പ്രവര്‍ത്തന ശൈലി തന്നെ പിന്തുടര്‍ന്ന് വരികയാണ്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയാണ് പലരുടെയും ഏക വിനോദോപാധി. അതിനാല്‍ ഏറ്റവും മികച്ച ബ്രാന്‍ഡിംഗ് തന്ത്രങ്ങളില്‍ ഒന്നായി സോഷ്യല്‍ മീഡിയ ഉപയോഗിക്കാം. സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പേജ് എന്നിവ സജീവമാക്കാന്‍ ശ്രമിക്കുക. ഇത് സ്ഥാപന ഉടമയ്ക്ക് തന്നെ ചെയ്യാവുന്നതാണ്.
അതിനായി ഏജന്‍സിക്ക് മുടക്കുന്ന കോസ്റ്റ് ലാഭിക്കാം. എന്നാല്‍ ചെറിയ രീതിയിലുള്ള പഠനം ആവശ്യമാണ്.ബ്രാന്‍ഡിംഗിനായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ കൊറോണക്കാലമായത്‌കൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്കും സ്ഥാപനത്തിനും ഒരേ പോലെ ഗുണകരമാകുന്ന ബ്രാന്‍ഡിംഗ് രീതികള്‍ അവലംബിക്കുക.
കൂട്ടായ്മയുടെ സന്ദേശങ്ങള്‍ നല്‍കുക
കൂട്ടായ്മയിലൂടെ മാത്രമേ കോവിഡ് പോലൊരു അവസ്ഥയെ മറികടക്കാന്‍ കഴിയു. ആ തോന്നല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം.കോവിഡ് പ്രതിരോധ മുന്നറിയിപ്പുകളും മുന്നോട്ടുള്ള യാത്രയെ പറ്റിയുള്ള പോസിറ്റിവ് ചിന്തകളും ഉപഭോക്താക്കളുമായും പങ്കുവയ്ക്കുക.ആളുകള്‍ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് നിങ്ങളുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രത്യേക ഓഫറുകള്‍ നല്‍കുന്നത് മികച്ച വിപണന തന്ത്രമാണ്.
പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങളുടെ ബ്രാന്‍ഡ് അവരെ സഹായിക്കാന്‍ ശ്രമിക്കുന്നെന്ന് ഉപഭോക്താക്കള്‍ക്കു തോന്നിയാല്‍, തുടര്‍ന്നും അവര്‍ നിങ്ങളുടെ ബ്രാന്‍ഡിനോട് വിശ്വസ്തത പുലര്‍ത്തിയേക്കാം.എന്നാല്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് എഫ്എംസിജി ശ്രേണിയില്‍ പെട്ട ഉല്പന്നങ്ങള്‍ക്കാണ് എന്ന് മനസിലാക്കുക. അതിനാല്‍ ബ്രാന്‍ഡിംഗിന്റെ ഭാഗമായി തയ്യാറാക്കുന്ന ഓരോ സ്ലോഗനും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
ബ്രാന്‍ഡ് എന്നും കൂടെയുണ്ട്
സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ബ്രാന്‍ഡ് എന്നും ഉപഭോക്താക്കള്‍ക്കൊപ്പം ഉണ്ടാകും എന്ന ചിന്ത പടര്‍ത്തുക എന്നതാണ്. കൊറന്റൈന്‍ പോലുള്ള അവസ്ഥ നിലനില്‍ക്കുന്ന ഈ അവസ്ഥയില്‍ പലര്‍ക്കും തങ്ങള്‍ ഒറ്റയ്ക്കായി എന്നും ഈ അവസ്ഥയെ അതിജീവിക്കാന്‍ കഴിയില്ല എന്നുമുള്ള തോന്നല്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ അവസ്ഥ മറികടക്കുന്നതിനായി എല്ലാവരും ഒറ്റക്കെട്ടാണ് എന്ന സന്ദേശം പ്രചരിപ്പിക്കുക. കയറ്റമായാലും ഇറക്കമായാലും ഒരുമിച്ചുള്ള യാത്രയാണ് എന്ന് പറയുക.
ഇത്തരം സന്ദേശങ്ങള്‍ കൈമാറുന്ന ബ്രാന്‍ഡുകളെ നല്ല കാലത്ത് ഏതൊരു ഉപഭോക്താവും ഓര്‍ത്തിരിക്കും. നിലനില്‍പ്പിനായി വിപണന തന്ത്രം മാത്രം ഇക്കാലയളവിലെ പങ്കുവച്ചുകൊണ്ടിരുന്നാല്‍ നെഗറ്റിവ് ഫലമായിരിക്കും ലഭിക്കുക. അതിനാല്‍ അവര്‍ തനിച്ചല്ലെന്ന് അവരെ ബോധ്യപ്പെടുത്തും. മറുവശത്ത്, നിങ്ങള്‍ കേവലം ഒരു കമ്പനിയോ ബ്രാന്‍ഡോ അല്ല, മറിച്ച് അവരുടെ സമുഹത്തിന്റെ ഭാഗമാണെന്ന് തോന്നിപ്പിക്കുകയും ചെയ്യും. ചില സ്ഥാപനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളുമായും വ്യക്തിപരമായി ബന്ധപ്പെടാറുണ്ട്. വാട്‌സാപ്പ്, മെസ്സേജിംഗ്, മെയില്‍, കത്തുകള്‍ തുടങ്ങിയ രീതികള്‍ ഇതിനായി വിനിയോഗിക്കാം.
സിഎസ്ആര്‍ ഫണ്ട് കരുതലോടെ
ഏതൊരു സ്ഥാപനത്തിനും സിഎസ്ആര്‍ പദ്ധതികള്‍ ഉണ്ടായിരിക്കും. എന്നാല്‍ സിഎസ്ആര്‍ ഫണ്ട് വിനിയോഗിക്കുമ്പോള്‍ അത് ബ്രാന്‍ഡിംഗിന് കൂടി ഗുണപ്പെടുന്ന രീതിയില്‍ ചെയ്യണം എന്ന് പലരും ചിന്തിക്കുന്നില്ല. മറ്റുള്ളവര്‍ക്കു സഹായം നല്‍കുന്നത് നിങ്ങളുടെ ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കുന്ന കാര്യമാണ് എന്ന് തിരിച്ചറിയുക. അതിനാല്‍ ഒരു കമ്പനിയെന്ന നിലയില്‍ നിങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ സമൂഹത്തെ സഹായിക്കാനുള്ള അവസരം കൂടിയായി ഈ സാഹചര്യത്തെ കണക്കാക്കാം. ചാരിറ്റി സംഘടനകളുമായോ ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ചതും കൊറോണ ബോധവത്കരണ പദ്ധതികളില്‍ പങ്കാളികളാകാം. ഇതെല്ലം തന്നെ പലവിധത്തില്‍ ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാകുന്ന പദ്ധതികളാണ്.