ജീവിതത്തിലെ ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഈ കോവിഡ് കാലത്ത് ഓരോ സംരംഭകനും കടന്നു പോയിരിക്കുന്നത്. എന്നാല്‍ പലരും ആ അവസ്ഥയില്‍ നിന്നും ഇനിയും പുറത്തു കടന്നിട്ടില്ല. സംരംഭകത്വത്തെ ബാധിക്കാത്ത തരത്തില്‍ എങ്ങനെ സമ്മര്‍ദ്ദത്തെ അതിജീവിക്കാം എന്നതാണ് അതിനാല്‍ ഇനി പഠിക്കേണ്ടത്.
സാമ്പത്തിക പരാധീനതകള്‍ എന്താണെന്നു അറിയാത്ത സംരംഭങ്ങള്‍ പോലും കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ മൂക്കുകുത്തി വീണു.
മാത്രമല്ല, സ്റ്റാര്‍ട്ടപ്പ് തലത്തിലുള്ള നിരവധി സംരംഭങ്ങള്‍ക്ക് ഇതിനോടകം പൂട്ട് വീണു കഴിഞ്ഞു. പ്രോജക്റ്റ് എങ്ങനെ മുന്നോട്ട് പോകും എന്ന ധാരണയില്‍ കഴിയുന്ന സംരംഭകര്‍ക്ക് സ്‌ട്രെസ് ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ സ്‌ട്രെസ്സിനെ എങ്ങനെ അതിജീവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും കോവിഡിന് ശേഷമുള്ള സംരംഭത്തിന്റെ തിരിച്ചു വരവ്. ഇപ്പോള്‍ തന്നെ അതിനുള്ള സമയം അതിക്രമിച്ചെന്നു പറയാം.സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുക എന്നത് പറയുന്നത്ര എളുപ്പമുള്ള കാര്യമല്ല. നെഗറ്റിവിറ്റിയെ പടികടത്തി പോസിറ്റിവിറ്റി വ്യാപിപ്പിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി.
കോവിഡ് എന്നത് ആഗോളതലത്തിലുണ്ടായ ഒരു വലിയ തിരിച്ചടിയാണ്. സ്ഥാപനം തുടങ്ങാനും സംരംഭകന്റെ കുപ്പായമണിയുവാനായും തയ്യാറായ ഒരു വ്യക്തി പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയാതെ പിന്തിരിയേണ്ടി വരുന്നത് നിരാശാജനകമാണ്. സ്വന്തം കഴിവില്‍ ആത്മവിശ്വാസം ഉള്ളവരാകുക എന്നതാണ് പ്രധാനം. വീഴ്ചകളില്‍ നിന്നും ഒരു സംരംഭകന്‍ പഠിക്കുന്ന പാഠങ്ങളാണ് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് ആക്കം കൂട്ടുന്നത്. അതിനാല്‍ പോസിറ്റിവ് ആയി കാര്യങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ് പ്രധാനം.പോസിറ്റിവിറ്റി നിലനിര്‍ത്തി സ്ട്രെസ് കുറക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.
വിജയത്തെക്കുറിച്ചു മാത്രം ചിന്തിക്കുക
ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലാണ് ഒരു വ്യക്തിയില്‍ നിന്നും പരാജയ ചിന്ത പൂര്ണമായതും അകന്നു നില്‍ക്കുക. പരാജയ ചിന്തയാണ് ഒരു വ്യക്തിയുടെ തകര്‍ച്ചയ്ക്കുള്ള ഏറ്റവും വലിയ കാരണം. അതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ മനസില്‍വെ അകാരണമായ ഭയത്തെ അകറ്റി നിര്‍ത്തണം. ഇത്തരം ഒരവസ്ഥ ഏറ്റവും കൂടുതല്‍ നേരിടുന്നത് വനിതാ സംരംഭകരാണ്. തന്നെ കൊണ്ട് ചെയ്യാന്‍ കഴിയുമോ, മുന്നോട്ട് പോകുമ്പോള്‍ തടസങ്ങള്‍ നേരിടുമോ, പ്രതിസന്ധികള്‍ വരുമ്പോള്‍ എന്തുചെയ്യും തുടങ്ങിയ ചിന്തകള്‍ ഒന്നുംതന്നെ ആവശ്യമില്ല. ഇത്തരം ചിന്തകളാണ് യഥാര്‍ത്ഥ പ്രതിസന്ധികള്‍. വിജയത്തിലേക്ക് അടുക്കുന്ന ഓരോ നിമിഷവും അത് അത്യന്തം ആഘോഷിക്കുക. തന്റെ ചെറിയ ചെറിയ വിജയങ്ങള്‍ പോലും പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കുക.
പ്രതിസന്ധികളെ അവസരങ്ങളാക്കുക
തിരിച്ചടികളെ നേരിടാത്ത സംരംഭകരുണ്ടാകില്ല. എന്നാല്‍ ഈ തിരിച്ചടികളില്‍ എല്ലാം തന്നെ ഓരോ അവസരങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകും. അത് കണ്ടെത്താന്‍ കഴിയണം. അവസരങ്ങള്‍ നമ്മെ തേടി വരും എന്ന ചിന്തയില്‍ ഇരിക്കുന്ന പരാജയം വിളിച്ചുവരുത്തുന്നതിന് സമമാണ്. മുന്നിലുള്ള അവസരങ്ങള്‍ കാണാതെ പോയാല്‍ എങ്ങനെ വിജയിക്കാനാകും? വളരെ മത്സരാധിഷ്ഠിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്ന് മനസിലാക്കുക. അതിനാല്‍ നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെരഞ്ഞുകണ്ടെത്തുക. അവസരങ്ങളെപ്പറ്റി മറ്റുള്ളവരോട് ചോദിച്ചറിയുക.പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിലൂടെ, നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിക്കുന്നതിലൂടെ, ഈ രംഗത്തെ വിദഗ്ധരുമായി സംസാരിക്കുന്നതിലൂടെ, സെമിനാറുകളിലും മറ്റും പങ്കെടുക്കുന്നതിലൂടെയൊക്കെ പുതിയ അവസരങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താനാകും.എന്നാല്‍ അവസരങ്ങള്‍ തേടി കണ്ടെത്തുന്നതിന് വേണ്ടി മാത്രമായി നിശ്ചിത സമയം മാറ്റി വെക്കേണ്ടതില്ല. അതെല്ലാം തന്നെ പ്രൊഫഷനിലേയും വ്യക്തി ജീവിതത്തിലെയും പ്രവര്‍ത്തികളുടെ ഭാഗമായി തന്നെ ചെയ്യണം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യം ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
ബി പോസിറ്റീവ് എന്ന മന്ത്രം
സംരംഭകത്വ രംഗത്തും ജീവിതത്തിലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പിന്തുടരേണ്ട മന്ത്രമാണ് ബി പോസിറ്റിവ് എന്നത്. നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ നിങ്ങള്‍ അതാകും എന്നാണ് ബുദ്ധന്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ പോസിറ്റിവ് ആയി മാത്രം ചിന്തിക്കുക. വിജയത്തെപ്പറ്റി മാത്രം ചിന്തിക്കുക. പുത്തന്‍ രീതിയിലുള്ള പരീക്ഷണങ്ങള്‍ ബിസിനസില്‍ കൊണ്ടുവരാന്‍ പോസിറ്റിവ് ചിന്താഗതി വളരെ പ്രധാനമാണ്. ബിസിനസില്‍ താന്‍ പരാജയപ്പെടുമോ എന്ന പേടി അനാവശ്യമായ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തും. ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ എല്ലാവരും പരാജയത്തില്‍ തന്നെ കിടക്കുന്നവരല്ല എന്ന് മനസിലാക്കണം. ഒരു ഇറക്കത്തിന് ഒരു കയറ്റവും ഉണ്ടാകും. പരാജയത്തെ വിജയത്തിന്റെ ചവിട്ടുപടിയായിക്കണ്ട് ഉയര്‍ന്നുവന്നവരുടെ കഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണം. ആദ്യ പരിശ്രമത്തില്‍ തന്നെ നിങ്ങള്‍ വിജയിച്ചിരിക്കണമെന്നാണ് ആരാണ് പറയുന്നത്? തുടര്‍ച്ചയായ പരിശ്രമത്തിലൂടെ നേടിയെടുക്കുന്ന വിജയത്തിന് മധുരം കൂടും. വിജയിച്ച സംരംഭകരുടെ കഥകള്‍ വായിക്കുക, അവരുമായി സംസാരിക്കുന്നതിനും ഇടപഴകുന്നതിനുമുള്ള അവസരം കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ അനിവാര്യം. സിസ്റ്റമാറ്റിക് ആയി കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം.
ടൈം മാനേജ്മെന്റ് മുന്നിട്ട് നില്‍ക്കണം
കൃത്യമായി, സമയാനുഷ്ഠിതമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാത്തതാണ് ബിസിനസ് പരാജയത്തിനുള്ള മറ്റൊരു കാരണം. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സമയ നഷ്ടമാണ്. പലപ്പോഴും ടൈം മാനേജ്‌മെന്റില്‍ പരാജയപ്പെടുന്നതാണ് ജീവിതത്തില്‍ നെഗറ്റിവിറ്റി പരക്കുന്നതിനുള്ള കാരണം. കൃത്യ സമയത്ത് കൃത്യമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാതിരുന്നത് വലിയ പ്രശ്നമാണ്. ഒരു സംരംഭകന്റെ കുപ്പായം ധരിക്കുമ്പോള്‍ തന്നെ ഈ ചിന്ത മാറ്റണം. ഏത് വിധേനയും സമയാനുബന്ധമായി കാര്യങ്ങള്‍ ചെയ്യാന്‍ പഠിക്കണം. ജീവിതത്തില്‍ താന്‍ പരാജയമാണെന്നും വാക്ക് പാലിക്കാന്‍ കഴിയാത്ത വ്യക്തിയാണ് എന്ന തോന്നലിനും അത് ഇടയാക്കുന്നു. എന്നാല്‍ ടൈം മാനേജ്‌മെന്റില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.സമയമെന്നത് തിരിച്ചുപിടിക്കാന്‍ കഴിയാത്ത അമൂല്യമായ ഒന്നാണ്. എത്ര പണം കൊടുത്താലും സൃഷ്ടിക്കാന്‍ കഴിയാത്ത ഒന്നാണത്. ദിവസം അവസാനിക്കുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കിയ ആ ലിസ്റ്റ് പ്രകാരം എന്തെല്ലാം കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തു എന്ന് പരിശോധിക്കുക.
ദൈനംദിന പട്ടിക തയ്യാറാക്കാം
ഓരോ ദിവസവും തനിക്ക് ചെയ്യേണ്ട എന്തെല്ലാമാണ് എന്ന് പരിശോധിച്ച ശേഷം, മുന്ഗണക്രമത്തില്‍ ഒരു പട്ടിക തയ്യറാക്കുക. ഇതിലൂടെ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയും. സമയത്തെ നാം കൃത്യമായി വിനിയോഗിച്ചോ എന്നറിയുന്നതിനുള്ള പ്രധാന മാര്‍ഗമാണിത്. ഇപ്രകാരം ചെയ്യുമ്പോള്‍ എവിടെയാണ് സമയ നഷ്ടം സംഭവിച്ചതെന്ന് മനസിലാക്കാം. അടുത്ത ദിവസം അത് തിരുത്തുകയുമാകാം.അതിനാല്‍ കൃത്യമായി പദ്ധതിയിട്ടശേഷം മാത്രം സമയം വിനിയോഗിക്കുക. ഒരു ദിവസം ആരംഭിക്കുന്നതിനു മുന്‍പായി അന്ന് ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തി കുറിച്ചിടുക.
നോ എന്ന വാക്കിന് ബൈ പറയാം
ജീവിതത്തില്‍ ഒരു കാര്യവും നടക്കാത്തതായില്ല എന്ന് വിശ്വസിക്കുക. ശരിയായ ചിന്തകളെ വളര്‍ത്തുക എന്നതാണ് ബിസിനസില്‍ പ്രധാനം. ശരിയായ സമയത്ത് ശരിയായ ആളുകള്‍ ശരിയായ പ്രവൃത്തി ചെയ്യുമ്പോഴാണ് വിജയം ഉണ്ടാകുക.ഉത്തരവാദിത്വത്തില്‍ നിന്നും ഓടിയൊളിക്കുന്നവരാകാതെ ലക്ഷ്യത്തെ പൊരുതി നേടുന്ന മനോഭാവമാണ് ഇവിടെ പ്രധാനം. ചിട്ടയായ പരിശ്രമത്തിലൂടെയും വ്യക്തമായ ചിന്തകളിലൂടെയും ഏതൊരു വ്യക്തിക്കും അത്തരം ഒരു അവസ്ഥയിലേക്ക് സ്വയം പാകപ്പെടുത്തിയെടുക്കാന്‍ കഴിയും. മനസിന് ഭാരമുണ്ടാക്കുന്ന കാര്യങ്ങളെ അകറ്റി നിര്‍ത്തുകയും ടെന്‍ഷനുകളെ സമചിത്തതയോടെയും നേരിടുക. നിശ്ചിത കാലയളവിനുള്ളില്‍ വ്യക്തിപരമായും കൂട്ടുത്തരവാദിത്വത്തിലും നേടിയെടുക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് തീരുമാനിച്ച് അത് സ്ഥാപനത്തിന്റെ ഗോള്‍ ആയി പ്രഖ്യാപിക്കുക. കൃത്യമായ ഇടവേളകളില്‍ ഈ ഗോളുകളിലേക്ക് നാം എത്ര ദൂരം പിന്നിട്ടു എന്ന് വിലയിരുത്തുക.
വേണം മികച്ചൊരു റോള്‍ മോഡല്‍
പ്രതിസന്ധികളെ മികച്ച രീതിയില്‍ പിന്തുടര്‍ന്ന് വിജയം കൈവരിച്ച നിരവധി സംരംഭകരുടെ മാതൃകകള്‍ നമ്മുടെ ജീവിതത്തിലുണ്ട്. ഇതില്‍ തന്റെ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വിജയമാതൃക പിന്തുടരുക എന്നതാണ് പ്രധാനം. ഇത്തരത്തില്‍ മാതൃക തെരഞ്ഞെടുക്കുമ്പോള്‍ ജീവിതത്തിലും പ്രൊഫഷനിലും വിജയിച്ച വ്യക്തികളോട് ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുക. വിജയികളെന്ന് കരുതി ആരാധിക്കുന്നവര്‍ പ്രചോദനവും ഊര്‍ജ്ജത്തിന്റെ സ്രോതസുമായിരിക്കണം. വിജയത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ ബന്ധം വിനിയോഗപ്പെടുത്തണം. അതോടൊപ്പം തന്നെ അച്ചടക്കത്തിലൂടെ ലക്ഷ്യങ്ങളെ പിന്തുടരാനുള്ള ശ്രമം നടത്തണം. ലക്ഷ്യത്തിലേക്കല്ലാതെ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ പോകാതിരിക്കാന്‍ അച്ചടക്കം നമ്മെ സഹായിക്കും. നിങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടതെന്താണ് , വേണ്ടാത്തതെന്താണ് എന്ന് സ്വയം തിരിച്ചറിയാനുള്ള കഴിവാണ് അച്ചടക്കം. അച്ചടക്കമുള്ള ഒരു ജീവിതരീതിയാണ് പിന്തുടരുന്നതെങ്കില്‍ ഏത് രംഗത്തായാലും പരാജയഭീതിയുടെ ആവശ്യമില്ല. നല്ല പുസ്തകങ്ങള്‍ വായിച്ചതും പ്രചോദനം ലഭിക്കുന്ന പ്രസംഗങ്ങളും ക്ളാസുകളും കേട്ടും സ്വയം പ്രചോദിതരാകാം.
കൂടെ നില്‍ക്കുന്ന തൊഴിലാളികള്‍
മികച്ച സംരംഭകന്‍ എന്നും തൊഴിലാളികളെ കൂടെ നിര്‍ത്തുന്ന വ്യക്തിയാകണം. തൊഴിലാളികളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കുക എന്നത് മാത്രമല്ല, അവരുടെ സഹകരണം ഏത് നിമിഷത്തിലും നേടിയെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ബന്ധം സൂക്ഷിക്കുന്ന വ്യക്തിയായി മാറണം. ഏത് വിഷമഘട്ടത്തിലും കൂടെ നില്‍ക്കുന്ന തൊഴിലാളികളാണ് ഒരു സ്ഥാപനത്തിന്റെ ഏറ്റവും വലിയ വിജയം. ഇത്തരമൊരു അവസ്ഥയില്‍ ഏത് കടുത്ത സമ്മര്‍ദ്ദത്തെയും മറികടക്കാന്‍ ഒരു സംരംഭകന് കഴിയും.
കരുത്തുറ്റ ബന്ധങ്ങള്‍
ബന്ധങ്ങളും സൗഹൃദങ്ങളും ഒരു പരിധിവരെ വ്യക്തിപരമായ വളര്‍ച്ചയ്ക്കും അത്വ പോലെ ബിസിനസ് വളര്‍ച്ചയ്ക്കും സഹായകമാകുന്നു. പരിചയപ്പെടുന്ന ഓരോ വ്യക്തിയില്‍ നിന്നും വ്യത്യസ്തമായ ഓരോ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ ശ്രമിക്കുക. കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ആഗ്രഹിക്കുന്ന, ബൗദ്ധികമായി ഉയര്‍ന്നതലത്തിലുള്ളവരുമായി സമയം ചെലവഴിക്കുക. നിങ്ങളുടെ നിലവാരവും ഉയരും. തന്റെ ഗോളുകള്‍ ഇടക്കിടക്ക് പുനര്‍നിര്‍വചിക്കുക. വളരുന്നതിനനാനുപാതികമായി പുതിയ ഗോളുകള്‍ സെറ്റ് ചെയ്യുക. ഒപ്പം പണം ഉണ്ടാക്കുക എന്നത് മാത്രമാകരുത് ബിസിനസ് ലക്ഷ്യം.