മനുഷ്യന്‍ എന്തുകൊണ്ടാണ് ഒരു ‘ഇവോള്‍വിംഗ്” പ്രതിഭാസമാണെന്ന് പറയുന്നത്. അതായത് മനുഷ്യന്‍ എന്തുകൊണ്ടാണ് ഒരു ബീറ്റ ഉല്‍പ്പന്നമാണെന്ന് പറയുന്നത്. അതിനുള്ള 10 കാരണങ്ങളാണ് കഴിഞ്ഞ ലക്കത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്തത്. ഇത്തവണ മൂന്ന് തരം മൂലധനത്തെ കുറിച്ചാണ് നമ്മള്‍ പഠിക്കുന്നത്. ലൈഫ്‌ലോംഗ് ലേണിങ്ങില്‍ ഇത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ആജീവനാന്തപഠനമെന്നതുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക കഴിവ് ആര്‍ജിച്ചെടുക്കുകയോ ഒരു പ്രത്യേക വിഷയം പഠിക്കുകയോ ഒന്നുമല്ല. ജീവിക്കാന്‍ വേണ്ടിയുള്ള പഠനവും ഒരു നല്ല മനുഷ്യനാകാനുള്ള പഠനവുമാണ്. അതായത്, പ്രൊഫഷണല്‍ പഠനത്തോടൊപ്പം തന്നെ അത് സാമൂഹ്യവും വ്യക്തിഗതവുമാണ്. ഈ ഒരു പഠനസമ്പ്രദായമാണ് നാം ജീവിതത്തിലുടനീളം സ്വീകരിക്കേണ്ടത്. മൂന്ന് തരത്തിലുള്ള മൂലധനത്തിലൂടെ ഞാന്‍ അത് കൂടുതല്‍ വിശദമാക്കാം.

- ഹ്യൂമന്‍ ക്യാപിറ്റല്‍ അഥവാ മനുഷ്യ മൂലധനം
നിങ്ങളുടെയുള്ളിലുള്ള വൈദഗ്ധ്യവും നിങ്ങള്‍ നേടിയ യോഗ്യതകളുമെല്ലാമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും എല്ലാമാണ് മനുഷ്യ മൂലധനം നേടുന്നത്. അതേസമയം അനൗപചാരിക വിദ്യാഭ്യാസവും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രധാനമായും തൊഴിലിടങ്ങളിലാണ് നിങ്ങള്‍ ഹ്യൂമന്‍ ക്യാപിറ്റല്‍ വിനിയോഗിക്കുക. ഉല്‍പ്പാദനക്ഷമതയുടെ അടയാളമായാണിത്. അതേസമയം സാമൂഹ്യ പശ്ചാത്തലങ്ങളിലും നമ്മള്‍ ഇത് ഉപയോഗപ്പെടുത്താറുണ്ട്.
2. സോഷ്യല്‍ ക്യാപിറ്റല്‍ അഥവാ സാമൂഹ്യ മൂലധനം
പല കൂട്ടായ്മകളിലും പങ്കെടുക്കുന്നതിലൂടെ നിങ്ങള്‍ ആര്‍ജിച്ചെടുക്കുന്നതാണ് സാമൂഹ്യ മൂലധനം. നിങ്ങളുടെ നെറ്റ് വര്‍ക്ക് എന്ന് പറയാം. നിങ്ങള്‍ ബന്ധപ്പെടുന്നവരില്‍ നിന്ന്, ഭാഗമാകുന്ന സംഘങ്ങളില്‍ നിന്ന്, കുടുംബത്തില്‍ നിന്ന്…അങ്ങനെ വികസിച്ചുവരുന്നതാണ് സാമൂഹ്യ മൂലധനം. സാമൂഹ്യ മൂലധനം നിങ്ങളുടെ പഠനത്തെ പിന്തുണയ്ക്കുമെന്നും അതിനെ ശക്തിപ്പെടുത്തുമെന്നും മനസിലാക്കിയിരിക്കണം. പ്രത്യേകതരം വൈദഗ്ധ്യം ഔപചാരിക വിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ചെടുക്കാന്‍ സാധിക്കുമെന്ന് നേരത്തെ പറഞ്ഞല്ലോ. അതുപോലെ ആര്‍ജിച്ചെടുക്കാന്‍ സാധിക്കുന്ന ഒന്നല്ല സാമൂഹ്യ മൂലധനം. നിങ്ങളുടെ നെറ്റ് വര്‍ക്ക് വികസിപ്പിച്ചും സൗഹൃദ ശൃംഖല വലുതാക്കിയും എല്ലാമാണ് സാമൂഹ്യ മൂലധനം ആര്‍ജിക്കുന്നത്.

3. പേഴ്‌സണല്‍ ക്യാപിറ്റല്‍ അഥവാ വ്യക്തിഗത മൂലധനം
എപ്പോഴും ആരോഗ്യകരമായ രീതിയില്‍ നിങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും എല്ലാം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണ് വ്യക്തിഗത മൂലധനം. നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യവും അര്‍ത്ഥവുമെല്ലാം നല്‍കുന്നതാണ് പേഴ്‌സണല്‍ ക്യാപിറ്റല്‍. സെല്‍ഫ് നോളജ് എന്നതിന്റെ ആഴം നിര്‍ണയിക്കപ്പെടുക ഇതിലൂടെയാണ്. ബാക്കി ഏത് തരത്തിലുള്ള മല്‍സരക്ഷമതയും നിങ്ങള്‍ ആര്‍ജിച്ചെടുക്കുന്നത് വ്യക്തിഗത മൂലധനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്.

ലൈഫ്‌ലോംഗ് ലേണിങ്
ജീവിതാവസാനം വരെയുള്ളതാണ് പഠനമെന്ന സമഗ്രമായ പ്രക്രിയയെന്ന കാര്യം ആദ്യം ഉള്‍ക്കൊള്ളണം. അതിന് സാധിച്ചാല്‍, അല്ലെങ്കില്‍ അങ്ങനെ തീരുമാനിച്ചാല്‍ മേല്‍പ്പറഞ്ഞ മൂന്ന് തരത്തിലുള്ള മൂലധനവും ശക്തിപ്പെടുത്താന്‍ നാം ഓരോരുത്തരും ബോധപൂര്‍വമായ ശ്രമം നടത്ഥണം. ഞാനിത് പ്രത്യേകമായി എടുത്തുപറയാന്‍ കാരണമുണ്ട്. കരിയര്‍ മെച്ചപ്പെടുത്തണമെങ്കില്‍ പുതിയ ജോലി തേടണമെങ്കില്‍ അല്ലെങ്കില്‍ അര്‍ത്ഥവത്തായ ഒരു ജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ പല തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിങ്ങളുടെ സിവിയില്‍ ചേര്‍ക്കാന്‍ മാത്രം നേടിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.
ഒന്നിന് പുറകെ ഒന്നായി കുറച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേടിയതുകൊണ്ടുമാത്രം എന്തുകാര്യം ലഭിക്കും. ക്ഷണികമാണത്. ആദ്യം പഠിക്കാനുള്ള മനോഗതിയാണ് വികസിപ്പിക്കേണ്ടത്. ജീവിതാന്ത്യം വരെ പഠിച്ചുകൊണ്ടിരിക്കുമെന്ന് തീരുമാനിച്ചുറപ്പിക്കണം. അത് ചിലപ്പോള്‍ ഔപചാരിക മാര്‍ഗങ്ങളിലൂടെയാകാം മറ്റ് ചിലപ്പോള്‍ അനൗപചാരികമായും. സ്ഥിരതയോട് കൂടി പുതിയ കാര്യങ്ങള്‍ പഠിക്കാനും ജീവിതത്തില്‍ പരീക്ഷണങ്ങള്‍ നടത്താനും തയാറാകണം.
സെറ്റില്‍ ആകുകയെന്നത് ഒരു പഴയ ആശയമാണ്. ഇന്നവേഷന്‍ അരങ്ങ് വാഴുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അതിന് യാതൊരുവിധ പ്രസക്തിയുമില്ല. സെറ്റില്‍ ഡൗണ്‍ ചെയ്യാം എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചുവെന്നാണ് അര്‍ത്ഥം. പണ്ടത്തെ പോലെയല്ല. അതിവേഗത്തിലാണ് ഇന്ന് ലോകം മുന്നേറുന്നത്. അത് ഒരുപോലെ വെല്ലുവിളികളും അവസരങ്ങളും നമുക്ക് മുന്നില്‍ തുറന്നിടുന്നു. ഇപ്പോള്‍ തീരുമാനമെടുത്തില്ലെങ്കില്‍ ലോകം നിങ്ങളെ പുറകിലാക്കും. നിങ്ങള്‍ക്കുള്ളിലുള്ള അപാരമായ സാധ്യതകളും ഒരിക്കലും പുറത്തെടുക്കാന്‍ സാധിക്കാതെ വരും. നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. പുതിയ, വളര്‍ന്നുവരുന്ന അവസരങ്ങളുടെ ലോകത്തേക്ക് നിങ്ങളെ തന്നെ സ്വയം നയിച്ച്, വളര്‍ച്ചയുടെ പുതിയ പടവുകള്‍ താണ്ടാം. അല്ലെങ്കില്‍ പുതിയത് പരീക്ഷിക്കാതെയിരിക്കാം. ലോകം മുന്നേറും നിങ്ങള്‍ പിന്നിലാകും. മുരടിച്ച് പോകും.
നിങ്ങള്‍ ചെയ്യേണ്ടത്
കഴിഞ്ഞ ലക്കത്തില്‍ ഞാന്‍ വിശദമാക്കിയ 10 പോയ്ന്റുകളെ കുറിച്ച് ചിന്തിക്കുക. അതിന് ശേഷം മുകളില്‍ പറഞ്ഞ മൂന്ന് തരത്തിലുള്ള മൂലധനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ നിലവിലെ അവസ്ഥ എന്താണെന്ന് ആത്മാര്‍ത്ഥമായി വിലയിരുത്തുക. 1. ഹ്യൂമന്‍ ക്യാപിറ്റല്‍. ഇതുവരെ ജീവിതത്തില്‍ ഔപചാരികമായി എന്തെല്ലാം പഠിച്ചു. നിങ്ങളുടെ തൊഴില്‍ ദാതാവിന് ആവശ്യമായതരത്തിലുള്ള യഥാര്‍ത്ഥ യോഗ്യതകള്‍ നിങ്ങള്‍ക്കുണ്ടോ? 2. നിങ്ങളുടെ സാമൂഹ്യ മൂലധനം (സോഷ്യല്‍ ക്യാപിറ്റല്‍). നിങ്ങളുടെ സൗഹൃദവലയവും നെറ്റ് വര്‍ക്കും മറ്റ് കണക്ഷന്‍സുമെല്ലാം എത്രമാത്രം ശക്തമാണ്. 3. വ്യക്തിഗത മൂലധനം. നിങ്ങളെ കുറിച്ച് പഠിക്കാന്‍, ആന്തരികമായി നിങ്ങളെ അറിയാന്‍ എത്രമാത്രം സമയം ചെലവഴിച്ചിട്ടുണ്ട് നിങ്ങള്‍? ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം പറയുക. എന്നിട്ട് അത് കുറിച്ചുവെക്കുക. അടുത്ത ലക്കം വരെ പഠിച്ചുകൊണ്ടേയിരിക്കുക.
(ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പായ സ്റ്റോറിയോയുടെ സ്ഥാപകനാണ് രാഹുല്‍ നായര്‍)
About The Author
