ലോറന്‍സ് മാത്യു
സംരംഭകത്വത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക പരാധീനതകള്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവ നിമിത്തം പകച്ചു നില്‍ക്കേണ്ടി വരുന്ന സംരംഭകര്‍ക്ക് സംരംഭക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആവശ്യമായ സേവനങ്ങള്‍ ഉറപ്പു വരുത്തുകയാണ് വ്യവസായ വകുപ്പിന് കീഴിലുള്ള സംരംഭകത്വ സഹായ പദ്ധതി എന്‍ട്രപ്രണര്‍ഷിപ്പ് സപ്പോര്‍ട്ട് സ്‌കീം. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം പൂര്‍ണമായും ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതി ആര്‍ക്ക് വേണ്ടി?
2012 ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയോ, വായ്പ അനുവദിക്കുകയോ, കൈപ്പറ്റുകയോ ചെയ്തിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം ധന സഹായം ലഭിക്കും. ഉല്‍പ്പാദന സംരംഭങ്ങള്‍ക്ക് മാത്രമാണു ഈ പദ്ധതി പ്രയോജനം ചെയ്യുക. ബാങ്ക് വായ്പ ഇല്ലാതെ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും ഇ എസ് എസ് പ്രകാരമുള്ള ആനുകൂല്യം ലഭിക്കും.
സാമ്പത്തിക സഹായത്തിനു പരിധിയുണ്ടോ?
നെഗറ്റീവ് ലിസ്റ്റില്‍ പരാമര്‍ശിക്കാത്ത എല്ലാത്തരം ഉല്‍പ്പാദന സംരഭങ്ങള്‍ക്കും ഈ പദ്ധതി പ്രകാരമുള്ള സഹായത്തിനു അര്‍ഹതയുണ്ട്. ഒരു സംരംഭം തുടങ്ങുന്നതിനു ആവശ്യമായ സ്ഥിര മൂലധന നിക്ഷേപം പരിഗണിച്ചാണു ആനുകൂല്യങ്ങള്‍ നല്‍കുക. ഭൂമി, ഭൂമി വികസനം, കെട്ടിടം, യന്ത്ര സാമഗ്രികള്‍, ജനറേറ്ററുകള്‍, വൈദ്യുതീകരണ ചെലവുകള്‍ തുടങ്ങി നിക്ഷേപത്തിന്റ്റെ തോത് അനുസരിച്ച് പരമാവധി 30 ലക്ഷം രൂപ വരെയാണു സബ്‌സഡി നല്‍കുക.
സംസ്ഥാനത്ത് ആരംഭിക്കുന്ന മൈക്രോ, സ്‌മോള്‍ സംരംഭങ്ങള്‍ക്ക് അവയ്ക്ക് വേണ്ടി വരുന്ന സ്ഥിര നിക്ഷേപത്തിന്റ്റെ 15 ശതമാനം പരമാവധി 20 ലക്ഷം രൂപ എന്ന കണക്കില്‍ സബ്‌സിഡി നല്‍കുന്നു. എന്നാല്‍ വനിതകള്‍, പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍, യുവാക്കള്‍ (45 വയസ്സില്‍ താഴെ) എന്നിവര്‍ക്ക് 20 ശതമാനവും, പരമാവധി 30 ലക്ഷം രൂപയുമാണു സബ്‌സിഡിയുടെ കണക്ക്. പദ്ധതി വിഹിതത്തിന്റ്റെ 30 ശതമാനം മൈക്രോ സംരംഭങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്ന് പ്രത്യേകം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.

അധിക സബ്‌സിഡി ലഭ്യമാണോ?
മുന്‍ഗണനാ വിഭാഗത്തില്‍ വരുന്ന യൂണിറ്റുകള്‍ക്കും, ഇടുക്കി, കാസര്‍ഗോഡ്, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളെ പിന്നോക്ക ജില്ലകളായി കണക്കാക്കിയിരിക്കുന്നതിനാല്‍ ഇവിടുങ്ങളില്‍ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്കും പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നവയ്ക്കും 10 ശതമാനം പരമാവധി 10 ലക്ഷം രൂപ എന്ന കണക്കില്‍ അധിക സബ്‌സിഡിയും ലഭിക്കുന്നതാണു.
മുന്‍ഗണനയുള്ള സംരംഭങ്ങള്‍ ഏവ?
റബ്ബര്‍, കാര്‍ഷിക ഭക്ഷ്യ സംസ്‌കരണം, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം, പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍, ബയോടെക്‌നോളജി, 100 ശതമാനം കയറ്റുമതി സ്ഥാപനങ്ങള്‍, മണ്ണില്‍ നശിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകളുടെ പുനരുപയോഗ സംരംഭങ്ങള്‍, ജൈവ വളം എന്നീ മേഖലകളാണ് മുന്‍ഗണനാ വിഭാഗത്തില്‍ വരിക.

ആനുകൂല്യങ്ങള്‍ ഒരുമിച്ച് ലഭിക്കുമോ?
ഇ എസ് എസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ 3 ഘട്ടങ്ങളിലായിട്ടാണു ലഭ്യമാവുക. സംരംഭം ആരംഭിക്കുന്നതിനു മുന്‍പ് തുടങ്ങാനുള്ള സഹായവും ആരംഭിച്ച് കഴിഞ്ഞാല്‍ നിക്ഷേപ സഹായവും മെച്ചപ്പെട്ട സാങ്കേതിക വിദ്യ സമ്പാദിച്ചാല്‍ സാങ്കേതിക സഹായവും നല്‍കുവാന്‍ ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഇതില്‍ തുടങ്ങുവാനുള്ള സഹായം ബാങ്ക് വായ്പ എടുക്കുന്നവര്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളു. ബാങ്ക് വായ്പയ്ക്കുള്ള അപേക്ഷ വ്യക്തമായ പ്രോജക്ട് റിപ്പോര്‍ട്ട് സഹിതം ജില്ലാ വ്യവസായ കേന്ദ്രം വഴി ശുപാര്‍ശ ചെയ്ത് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ടതാണു. നിക്ഷേപത്തിന്റ്റെ അര്‍ഹമായ സബ്‌സിഡിയുടെ 50 ശതമാനം, പരമാവധി 3 ലക്ഷം രൂപയാണു അനുവദിക്കുന്നത്.
നിക്ഷേപ സഹായത്തിനുള്ള അപേക്ഷ ഉല്‍പ്പാദനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടതാണു. എന്നാല്‍ ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ 2 വര്‍ഷം വരെ ഇതില്‍ ഇളവ് ലഭിക്കും. വൈവിധ്യ വല്‍ക്കരണം, വിപുലീകരണം, ആധുനിക വല്‍ക്കരണം എന്നിവ നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്കും സഹായം ലഭിക്കും. സ്ഥിര നിക്ഷേപത്തിന്മേല്‍ നടത്തിയ അധിക നിക്ഷേപത്തിനാണു ഇത് ലഭിക്കുക.
ഇങ്ങനെയുള്ള ആനുകൂല്യങ്ങള്‍ക്ക് യന്ത്ര സാമഗ്രികളുടെ നിക്ഷേപത്തില്‍ 25 ശതമാനത്തിന്റ്റേയും വിപുലീകരണത്തിലുള്ള ഉല്‍പ്പാദന ശേഷിയില്‍ 25 ശതമാനത്തിന്റ്റേയും വര്‍ദ്ധന ഉണ്ടായിരിക്കണം.
സാങ്കേതിക സഹായമാണു മൂന്നാം ഘട്ടം. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനാണിത്. ആറ് മാസത്തിനുള്ളില്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കണം. പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. പരമാവധി 10 ലക്ഷം രൂപ വരെയാണു അധിക സഹായമായി ലഭിക്കുക. CFTRI, CSIR, DFRL, DRDO, ICAR, CTCRI, KVK, Rubber Board തുടങ്ങിയ സര്‍ക്കാര്‍ അംഗീകൃത സ്ഥാപന്നങ്ങളില്‍ നിന്നും ലഭ്യമാകുന്ന സാങ്കേതിക വിദ്യകള്‍ക്കാണു സഹായം ലഭിക്കുക. ഗവണ്മെന്റ്റ് എഞ്ചിനിയറിങ്ങ് കോളേജ് പോലുള്ള സ്ഥാപനങ്ങള്‍ വ്യവസായ പുരോഗതിക്ക് ഉതകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്താലും ഈ ആനുകൂല്യത്തിനു അര്‍ഹരാണു. മെച്ചപ്പെട്ട പാക്കേജിങ്ങ് സംവിധാനം, ഊര്‍ജ്ജോല്‍പ്പന്ന സംരക്ഷണ സംവിധാനങ്ങള്‍, എന്നിവയ്ക്കും ഇത് പ്രകാരമുള്ള സഹായം ലഭിക്കും.

എന്തെങ്കിലും കരാര്‍ ഉണ്ടോ?
നിക്ഷേപ സഹായം സ്വീകരിക്കുന്ന സ്ഥാപനം ഉല്‍പ്പാദനം ആരംഭിച്ച തീയതി മുതല്‍ അടുത്ത അഞ്ച് വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച് കൊള്ളാമെന്ന് മുദ്രപ്പത്രത്തില്‍ സമ്മത പത്രം നല്‍കേണ്ടതുണ്ട്.
എവിടെയാണ് ബന്ധപ്പെടേണ്ടത്?
ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്കുകളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം.
About The Author
