Success Story

നവമി എന്ന എത്‌നിക് ബ്രാന്‍ഡിന്റെ കഥ സിംപിളാണ്, പവര്‍ഫുള്ളും

ഒരു ക്ലെറിക്കല്‍ ജോബ് പ്രൊഫൈലില്‍ ഒതുങ്ങാതെ തന്റെ പാഷനൊത്ത വരുമാനമാര്‍ഗം കണ്ടെത്തിയതോടെ നീതു എന്ന ഉദ്യോഗാര്‍ത്ഥി, സംരംഭകയായി

‘ജോലി കിട്ടിയില്ലെങ്കില്‍, സ്വയം സൃഷ്ടിച്ചെടുക്കണം, അതല്ലേ ഹീറോയിസം’ ആഗ്രഹിച്ച പോലെ ഒരു ജോലി കിട്ടിയില്ലല്ലോ, എന്ന ചോദ്യത്തിന് മുന്നില്‍ തിരുവനന്തപുരം സ്വദേശിയായ നീതു കൃഷ്ണയുടെ ഉത്തരം ഇതായിരിക്കും. കാരണം, തന്റെ ജീവിതം കൊണ്ട് ആ പോളിസി യഥാര്‍ത്ഥ്യമാക്കിയ വ്യക്തിയാണ് നീതു. ഒരു സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് വളര്‍ന്നു വന്ന നീതുവിന്റെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നു. ഒരു ക്ലെറിക്കല്‍ ജോബ് പ്രൊഫൈലില്‍ ഒതുങ്ങാതെ തന്റെ പാഷനൊത്ത വരുമാനമാര്‍ഗം കണ്ടെത്തിയതോടെ നീതു എന്ന ഉദ്യോഗാര്‍ത്ഥി, സംരംഭകയായി. നവമി എന്ന എത്‌നിക് ബ്രാന്‍ഡിലൂടെ ചിത്രകല തുണിത്തരങ്ങളില്‍ പരീക്ഷിച്ച് നീതു സ്വയം വരുമാനം കണ്ടെത്താന്‍ തുടങ്ങി.

Advertisement

നീതു കൃഷ്ണ

ഏതൊരു വ്യക്തിയും ജീവിതത്തില്‍ വിജയം കൈവരിക്കുന്നത് തന്റെ സ്വപ്നങ്ങള്‍ പിന്തുടര്‍ന്ന് നേടിയെടുക്കുമ്പോഴാണ്. നീതു കൃഷ്ണയുടെ ജീവിതവും അങ്ങനെയായിരുന്നു. ബിരുദാനന്തര ബിരുദം നേടിയ നീതു ജോലിക്കായി പല വഴികളും നോക്കിയിരുന്നു. കൂട്ടത്തില്‍ ഒരു ഇന്റര്‍വ്യൂ ആണ് നീതുവിന്റയെ ജീവിതത്തില്‍ വഴിത്തിരിവായത്. ഹോബിയായ പെയിന്റിംഗ് എന്ത്‌കൊണ്ട് വരുമാനമാര്‍ഗമാക്കുന്നില്ല എന്ന ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യം നീതുവിനെക്കൊണ്ട് പലകുറി ചിന്തിപ്പിച്ചു. അങ്ങനെയാണ് ഫാബ്രിക് പെയിന്റിംഗില്‍ ഒരു ഭാഗ്യ പരീക്ഷണത്തിന് നീതു തയ്യാറാകുന്നത്. ആദ്യമായി ഫാബ്രിക് പെയിന്റ് ചെയ്ത വസ്ത്രം ഉടുത്ത് ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോള്‍ കിട്ടിയതെല്ലാം വളരെ മികച്ച ഫീഡ് ബാക്ക്. അത് നീതുവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കൂടുതല്‍ വസ്ത്രങ്ങളില്‍ ചിത്രകലാ പരിശീലനം ആരംഭിച്ചു. അങ്ങനെയാണ് നവമി എന്ന പേരില്‍ ഒരു എത്‌നിക് ബ്രാന്‍ഡ് നീതു ആരംഭിക്കുന്നത്.

ശരീരത്തില്‍ കസ്തൂരി സൂക്ഷിച്ചിട്ട് ചുറ്റുപാടും കസ്തൂരി തേടി നടക്കുന്ന മാനിനെ പോലെയായിരുന്നു തന്റെ കഴിവുകള്‍ തിരിച്ചറിയാതെ ജോലി തേടി നടന്ന നീതുവിന്റെ അവസ്ഥ. 2013 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്നാണ് വളര്‍ന്നത്. നവമിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ നീതുവിന്റെ സൗഹൃദങ്ങളും സോഷ്യല്‍ മീഡിയയുമായിരുന്നു പ്രധാന പങ്ക് വഹിച്ചത്. ഹാന്‍ഡ് പെയിന്റഡ് വസ്ത്രങ്ങള്‍ തരംഗമായത് വളരെ പെട്ടന്നായിരുന്നു. അതോടെ നീതുവിന്റെ സ്ഥാപനം ശ്രദ്ധേയമായി. സ്ഥിരം മ്യൂറല്‍ ഡിസൈനുകള്‍ക്കപ്പുറം വസ്ത്രങ്ങളില്‍ വേറിട്ട ഹാന്‍ഡ് പെയിന്റഡ് ഡിസൈനുകള്‍ പരീക്ഷിക്കാന്‍ നീതു സമയം കണ്ടെത്തി. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പാഷന്‍ നിമിത്തം ആരംഭിച്ച ബുട്ടീക്കിലൂടെ ഇന്ന് പ്രതിമാസം 60000 രൂപ വരെ വരുമാനം നേടാന്‍ നീതുവിന് കഴിയുന്നുണ്ട്.

തുടക്കത്തില്‍ ഒരു ഹോബി മാത്രമായിരുന്ന ചിത്രകലയെ ഇന്ന് പൂര്‍ണമായും പ്രൊഫഷണല്‍ കണ്ണോടെയാണ് നീതു കാണുന്നത്. അതിനാല്‍ തന്നെ ആധികാരികമായി പെയിന്റിംഗ് പഠിച്ചു. കാന്‍വാസ് പെയിന്റിംഗില്‍ നിന്നും വ്യത്യസ്തമാണ് ഫാബ്രിക് പെയിന്റിംഗ് എന്നതിനാലാണ് ഇത്തരത്തില്‍ പെയിന്റിംഗ് പഠനത്തിനായി സമയം മാറ്റിവച്ചത്.

പ്രൊഫഷനില്‍ അച്ചടക്കം നിര്‍ബന്ധം

മനസ്സില്‍ ഒന്ന് കരുതിയാല്‍ ഉടനടി അത് നടത്തിയെടുക്കണം നീതു കൃഷ്ണക്ക്. ഈ പ്രൊഫഷണലിസമാണ് സംരംഭകരംഗത്ത് മുന്നേറാന്‍ നീതുവിനെ സഹായിച്ചത്. ഒരു ഫേസ്ബുക്ക്പേജിന്റെ രൂപത്തിലാണ് നവമി ആദ്യം ജനങ്ങളിലേക്ക് എത്തുന്നത്. സാധാരണയായി വസ്ത്രങ്ങളില്‍ മ്യുറല്‍ പെയിന്റിംഗുകള്‍ അധികം വരച്ചു കാണാറില്ല. എന്നാല്‍ ആളുകള്‍ക്ക് അത് കാണാന്‍ ഇഷ്ടമാണ് എന്ന് മനസിലാക്കിയ നീതു തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത് ആ മേഖലയിലാണ്. ഹാന്‍ഡ് പെയിന്റഡ് സാരികളുടെയും വസ്ത്രങ്ങളുടെയും വില്പന ആദ്യമായി ആരംഭിച്ച ഒരു വ്യക്തിയാണ് നീതു. ഫാബ്രിക് പെയിന്റിംഗിനോടുള്ള വ്യത്യസ്തമായ സമീപനം നിമിത്തമാണ് നീതുവിന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിച്ചത്.

”തുടക്കം മുതല്‍ക്ക് ഞാന്‍ വരയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി ഞാന്‍ പങ്കുവയ്ക്കാറുണ്ട്. എനിക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്നതിന് കാരണമായതും അത് തന്നെയാണ്. കാലം മുന്നോട്ട് പോകവേ മാധ്യമങ്ങളില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചു. അതോടെ ബിസിനസ് രംഗത്ത് വേറിട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഞാന്‍ പഠിച്ചു. മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴിയാണ് എനിക്ക് പ്‌റ5ഥനമായും ഉപഭോക്താക്കള്‍ എത്തുന്നത്”നീതു കൃഷ്ണ പറയുന്നു..

പറയുന്നതെന്തും വരയ്ക്കും !

നീതു തന്റെ ഇഷ്ടത്തിന് വരച്ചുവച്ച ഡിസൈനുകളെക്കാള്‍ ഏറെ ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ചുള്ള വരകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. 600 രൂപ മുതല്‍ 1000 രൂപ വരെയാണ് ചിത്രം വരയ്ക്കുന്നതിനായി നീതു കൃഷ്ണ ഈടാക്കുന്നത്. സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവരെല്ലാം ഈടാക്കുന്നതില്‍ നിന്നും കുറഞ്ഞ തുകയാണ് നീതു ഈടാക്കുന്നത്. ഇതിനുള്ള കാരണം നീതു നവമിയെ ബിസിനസ് ആയി മാത്രമല്ല, കലയായി കൂടിയാണ് കാണുന്നത് എന്നതാണ്. കോട്ടണ്‍, കോട്ടണ്‍ സില്‍ക്ക് , സില്‍ക്ക് , ജൂട്ട് തുടങ്ങിയ തുണിത്തരങ്ങളിലാണ് ഞാന്‍ കൂടുതലും വരയ്ക്കുന്നത്. മ്യുറല്‍, ടെമ്പിള്‍ വര്‍ക്കുകളാണ് കൂടുതലും വരയ്ക്കുന്നത്. ആവശ്യക്കാരുടെ ഇഷ്ടപ്രകാരം അവര്‍ നല്‍കുന്ന ഡിസൈനുകളും നവമിയില്‍ വരയ്ക്കുന്നു. ഓരോ സീസണുകള്‍ക്കും അനുസൃതമായി

ഫേസ്ബുക്ക് പേജ് വഴിയും വാട്സ്ആപ്പ് കൂട്ടായ്മകള്‍ വഴിയുമാണ് പ്രൊമോഷനുകള്‍ നടത്തുന്നത്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ നിന്നും നവമിക്ക് ഉപഭോക്താക്കളുണ്ട്. ഇന്ത്യക്ക് പുറത്തു നിന്ന് പോലും നീതുവിന് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. അമേരിക്ക, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ് ആവശ്യക്കാര്‍ അധികവും. അതിനോടൊപ്പം സെലിബ്രിറ്റികളില്‍ നിന്നും ലഭിക്കുന്ന ഓര്‍ഡറുകളും കൂടി ആയതോടെ നവമി ശ്രദ്ധിക്കപ്പെട്ടു.

ഷര്‍ട്ടുകള്‍, സാരികള്‍ എന്നിവയ്ക്ക് വ്യത്യസ്തമായ നിരക്കാണ്. ഡിസൈനുകളുടെ വലുപ്പം അനുസരിച്ച് തുകയിലും വ്യത്യാസം വരും. ഇപ്പോള്‍ നീതു കൃഷ്ണ കൂടുതലായി ശ്രദ്ധിക്കുന്നത് കുട്ടികള്‍ക്കായുള്ള ഹാന്‍ഡിപെയിന്റഡ് വസ്ത്രങ്ങളുടെ വിപണനത്തിലാണ്. അധികമാരും കൈവച്ചിട്ടില്ലാത്ത ഒരു മേഖലയാണ് ഇത് എന്നത് തന്നെയാണ് അതിന്റെ പ്രത്യേകത. കുട്ടികളുടെ വസ്ത്രങ്ങള്‍ക്കായി ഒരു പുതിയ ബുട്ടീക്ക് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് നീതു കൃഷ്ണ. ഇടക്കാലത്ത് ശാരീരികമായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്നു നവമിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു എങ്കിലും തിരിച്ചു വരവ് പൂര്‍വാധികം ഗംഭീരമാക്കി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നീതു കൃഷ്ണ.

സീസണുകള്‍ക്കനുസരിച്ച് വരുമാനം

ഉത്സവ സീസണുകളില്‍ നിന്നുമാനുമാണ് കൂടുതല്‍ വരുമാനം നവമിക്ക് ലഭിക്കുന്നത്. അല്ലാത്ത സമയങ്ങളില്‍ ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടി ഈ സമയങ്ങളില്‍ ലഭിക്കാറുണ്ട്. കൂടുതല്‍ വ്യക്തികളെ സംരംഭത്തിന്റെ ഭാഗമാക്കി ബിസിനസ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് നീതു കൃഷ്ണ. ചിത്രകല കൈവശമുള്ള ഏതൊരു വ്യക്തിക്കും വരുമാനത്തിനുള്ള വക കണ്ടെത്താന്‍ ഹാന്‍ഡ് പെയിന്റഡ് വസ്ത്രങ്ങളുടെ നിര്‍മാണം സഹായിക്കുമെന്ന് നീതു പറയുന്നു. അതിനാല്‍ തന്നെ ഈ രംഗത്തേക്ക് വരുന്നവര്‍ക്ക് പൂര്‍ണ പിന്തുണയേകാനും നീതു തയ്യാറാണ്.കൊറോണ സമയത്ത് ഡിസൈനിംഗിന്റെ കൂടുതല്‍ കോഴ്സുകള്‍ ചെയ്ത് കൂടുതല്‍ കരുത്തുറ്റതാക്കിയ നീതു ഹാന്‍ഡ്പെയിന്റഡ് കോട്ടണ്‍ മാസ്‌കുകളും വിപണിയില്‍ എത്തിച്ചിരുന്നു. പാഷനെ പിന്തുടര്‍ന്ന് വിജയം കൈവരിച്ചതിന്റെ സന്തോഷത്തില്‍ ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് നീതു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top