ന്യൂഡെല്‍ഹി തുടര്‍ച്ചയായ രണ്ടാംപാദത്തിലും സാമ്പത്തികമേഖലയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ ചരിത്രത്തില്‍ ആദ്യമായി രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലായതായി കേന്ദ്രബാങ്ക്. അസാധാരണമായ സാമ്പത്തിക സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് സാമ്പത്തിക നയങ്ങളുടെ ചുമതലയുള്ള കേന്ദ്രബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മിഷേല്‍ പത്ര ഉള്‍പ്പെടുന്ന സാമ്പത്തിക വിദഗ്ധരുടെ സമിതി വിലയിരുത്തി. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 8.6 ശതമാനം ചുരുങ്ങിയതായി റിസര്‍വ്വ്ബാങ്ക് ആദ്യമായി പുറത്തിറക്കിയ ‘നൗകാസ്റ്റ്’ എന്ന സാമ്പത്തിക ബുള്ളറ്റിനില്‍ സമിതി വ്യക്തമാക്കി. എപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ സമ്പദ് വ്യവസ്ഥ 24 ശതമാനം ഇടിവ് നേരിട്ടു. ഈ മാസം ഇരുപത്തേഴാം തീയതി സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടും.
വില്‍പ്പന കുറഞ്ഞപ്പോഴും രാജ്യത്തെ കമ്പനികള്‍ പ്രവര്‍ത്തന ലാഭം വര്‍ധിപ്പിച്ചത് ചിലവ് ചുരുക്കല്‍ നടപടികളിലൂടെയാണെന്നാണ് റിസര്‍വ്വ്ബാങ്കിന്റെ വിലയിരുത്തല്‍. വാഹന വില്‍പ്പന മുതല്‍ ബാങ്കുകളിലെ പണലഭ്യത വരെയുള്ള കാര്യങ്ങള്‍ സമിതി വിശകലനം ചെയ്തു. ഒക്ടോബറില്‍ സാമ്പത്തികരംഗത്ത് ചില ശുഭസൂചനകള്‍ പ്രകടമായതായും ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ രാജ്യം സാമ്പത്തിക വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്നും സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു.