Inspiration

നഗരത്തേക്കാള്‍ ഹിമാലയന്‍ മലനിരകളെ സ്‌നേഹിച്ച സംരംഭക

മെട്രോ ജീവിതം വേണ്ടെന്ന് വച്ച് ഹിമാലയന്‍ മലനിരകളിലുള്ള സത്താല്‍ പ്രവിശ്യയില്‍ തന്റേതായ സംരംഭം പടുത്തുയര്‍ത്തിയാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ നിത്യ ബുദ്ധരാജ വ്യത്യസ്തയാകുന്നത്

യുവത്വത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഏതൊരു വ്യക്തിക്കും മെട്രോ നഗരങ്ങളിലെ ജീവിതം ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. നൈറ്റ് ക്ലബുകളും പാര്‍ട്ടികളും സാങ്കേതികവിദ്യയോടടുത്ത് നില്‍ക്കുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മെട്രോ ലൈഫ് ഇന്നത്തെ തലമുറയിലെ ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. എന്നാല്‍ ഇത്തരത്തിലുള്ള മെട്രോ ജീവിതം വേണ്ടെന്ന് വച്ച് ഹിമാലയന്‍ മലനിരകളിലുള്ള സത്താല്‍ പ്രവിശ്യയില്‍ തന്റേതായ സംരംഭം പടുത്തുയര്‍ത്തിയാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ നിത്യ ബുദ്ധരാജ വ്യത്യസ്തയാകുന്നത്.

Advertisement

മെട്രോനഗരത്തിന്റെ ചടുലതയെക്കാള്‍ മഞ്ഞു പുതച്ചു കിടക്കുന്ന ഹിമാലയത്തിന്റെ സൗന്ദര്യമാണ് നിത്യയെ ആകര്‍ഷിച്ചത്. ബേബ്‌സ് കഫെ, നവീന്‍സ് ഇന്‍ തുടങ്ങിയ രണ്ടു സംരംഭങ്ങളാണ് ഈ യുവസംരംഭക സത്താലില്‍ വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ ആത്മാവുറങ്ങുന്നത് ഗ്രാമങ്ങളിലാണ് എന്ന് വിശ്വസിക്കുന്ന നിത്യ, സത്താല്‍ പ്രവിശ്യയിലെ 50 ലേറെ ഗ്രാമീണര്‍ക്ക് തൊഴില്‍ നല്‍കുകയും ഗ്രാമത്തിലെ ഒരു വിദ്യാലയം ഏറ്റെടുക്കുകയും ചെയ്തു.

വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യുവാക്കളിലാണ് ഇന്ത്യയുടെ ഭാവിയിരിക്കുന്നത് എന്ന് തെളിയിക്കുകയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ നിത്യ ബുദ്ധരാജയുടെ സംരംഭക യാത്ര. മറ്റേതൊരു യുവതിയെയും പോലെ മാനേജ്‌മെന്റ് ബിരുദം നേടി, നഗരത്തിലെ മികച്ച ഒരു സ്ഥാപനത്തില്‍ ജോലി നേടി തന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണവുമായി കഴിഞ്ഞുപോകേണ്ട ഒരു വ്യക്തിയായിരുന്നു നിത്യ. എന്നാല്‍ ജീവിതത്തില്‍ അല്പം റിസ്‌കെടുക്കാനും വ്യത്യസ്തമായി ചിന്തിക്കാനും നിത്യ തീരുമാനിച്ചതോടെ വിധി മറ്റൊന്നായി മാറി. ഇന്ന് ഇന്ത്യയിലെ വ്യത്യസ്തരായ നവാഗത സംരംഭകര്‍ക്കിടയില്‍ വ്യത്യസ്തമായ മുഖമാണ് നിത്യ ബുദ്ധരാജ. യാത്രകള്‍ ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന നിത്യ തന്റെ സംരംഭ ജീവിതത്തിനായി തെരെഞ്ഞെടുത്തത് ഉത്തരാഖണ്ഡിലെ തണുത്തുറഞ്ഞ ഹിമാലയന്‍ മലനിരകളാണ്.

കേള്‍ക്കുന്നവര്‍ക്ക് അല്പം ആവേശവും ത്രില്ലും എല്ലാം നല്‍കുന്നതാണ് 26 കാരിയായ നിത്യയുടെ ജീവിതം. വിധി എല്ലാവര്‍ക്കും എന്തെങ്കിലും വ്യത്യസ്തമായ കാര്യങ്ങള്‍ ജീവിതത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി കരുതി വച്ചിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്ന നിത്യയുടെ ജീവിതം ഏറെ വ്യത്യസ്തത നിറഞ്ഞതായിരുന്നു.

ഉത്തരാഖണ്ഡില്‍ ജനിച്ചു എങ്കിലും പഠനവും കോളെജ് ജീവിതവുമെല്ലാം നിത്യ പൂര്‍ത്തിയാക്കിയത് തിരക്കേറിയ ഡല്‍ഹി നഗരത്തിലായിരുന്നു. മാനേജ്‌മെന്റ് പഠനത്തിന് ശേഷം നഗരത്തിലെ മുന്‍നിര ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ നിത്യക്ക് ജോലി ലഭിച്ചു. തുടക്കത്തില്‍ കൂട്ടുകാരും പാര്‍ട്ടികളും ആഘോഷങ്ങളുമൊക്കെയായി ജീവിതം ഏറെ രസകരമായിരുന്നു എങ്കിലും പിന്നീട് മടുപ്പ് ആരംഭിച്ചു. ഡല്‍ഹി നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങളും വര്‍ധിച്ചു വരുന്ന ജനസംഖ്യയുമെല്ലാം നിത്യക്ക് തലവേദനയായി. ഏത് വിധേനയും ഡല്‍ഹിയില്‍ നിന്നൊരു പലായനമാണ് പിന്നീട് നിത്യ ആഗ്രഹിച്ചത്.

ആശ്വാസം തേടിയുള്ള യാത്രകള്‍

ജോലി ലഭിച്ച് അധികം വൈകാതെ തന്നെ നിത്യ യാത്രകള്‍ ചെയ്യാനാരംഭിച്ചു. തുടക്കത്തില്‍ ജോലിയില്‍ നിന്നും ഇടവേളയെന്ന പോലെയായിരുന്നു യാത്രകള്‍. എന്നാല്‍ പിന്നീട്, നഗരത്തിന്റെ പിരിമുറുക്കത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായി. ഉത്തരാഖണ്ഡിലെ ഓരോ ചെറു ഗ്രാമങ്ങളും നിത്യ സന്ദര്‍ശിച്ചു. അങ്ങനെയാണ് നൈനിത്താളിനും ഭീംത്താളിനും ഇടക്കായി നിലകൊള്ളുന്ന സത്താല്‍ പ്രവിശ്യയില്‍ നിത്യയുടെ കണ്ണുകള്‍ ഉടക്കുന്നത്. പ്രകൃതി രമണീയതകൊണ്ടും കാലാവസ്ഥയിലെ പ്രത്യേകതകൊണ്ടും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ പ്രദേശം നിത്യയുടെ മനസ്സില്‍ കയറിപ്പറ്റുന്നതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് യാത്രാപ്രിയനായ നിത്യയുടെ പിതാവ് ഏറെ ആഗ്രഹിച്ചു വാങ്ങിയ ഭൂമിയാണ് സത്താല്‍. സത്താല്‍ ഒരു കൊച്ചു ഗ്രാമമാണ്. ഒരു യാത്രയുടെ ഭാഗമായി അവിടെയെത്തിയ നിത്യയുടെ പിതാവ് നവീന്‍, ആ പ്രദേശത്തിന്റെ ഭംഗിയില്‍ ഏറെ ആകൃഷ്ടനാകുകയും അവിടെ വളരെ മനോഹരമായ ഒരു കോട്ടേജ് പണിയുകയും ചെയ്തു. അവധിക്കാലം വിനിയോഗിക്കുന്നതിനായി കുടുംബത്തോടെ വന്നു താമസിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.

എന്നാല്‍ കോട്ടേജിനോടനുബന്ധിച്ചുള്ള കുറച്ചു സ്ഥലം മാത്രം വാങ്ങിയ നവീനിനെ തേടി ഗ്രാമവാസികള്‍ എത്തി. അവര്‍ , അവരുടെ സ്ഥലം കൂടി വില്‍ക്കാന്‍ തയ്യാറാണെന്നും വാങ്ങണമെന്നും ആവശ്യപ്പെട്ടു. മികച്ച ജീവിത സാഹചര്യങ്ങള്‍ തേടി അടുത്തുള്ള ഗ്രാമത്തിലേക്ക് ചേക്കേറുകയായിരുന്നു അവരുടെ ലക്ഷ്യം. ആ കാലത്ത് അവിടെ ഭൂമിയുടെ ക്രയവിക്രയം വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ഗ്രാമവാസികളുടെ നിര്‍ബന്ധത്തിനു വഴങ്ങി നവീന്‍ ആ പ്രദേശം മുഴുവനായി വാങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഗ്രാമം മുഴുവന്‍ അദ്ദേഹത്തിന് സ്വന്തമായി.

അച്ഛന്റെ യാത്രാപ്രേമം അതെ പോലെയുള്ള മകള്‍ നിത്യ ഒടുവില്‍ കറങ്ങിത്തിരിഞ്ഞു സത്തലില്‍ എത്തി. ഡല്‍ഹിയിലെ മികച്ച വരുമാനം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് സത്താലില്‍ കുറച്ചുകാലം ഈ പ്രദേശത്ത് തങ്ങി. ആ കാലയളവിലാണ് ട്രെക്കിംഗിന്റെയും മറ്റും ഫോട്ടോകള്‍ എടുത്ത് നിത്യ ഇസ്റ്റഗ്രാമില്‍ ഇടുന്നത്. അതോടെ ആരധകര്‍ ഏറെയായി. ട്രെക്കിംഗില്‍ താല്പര്യം വര്‍ധിച്ചു.

ഇത് പ്രകാരം ട്രെക്കിംഗുകള്‍ സംഘടിപ്പിക്കുന്ന ഒരു കമ്പനിയുടെ ഭാഗമായി കുറച്ചു കാലം പ്രവര്‍ത്തിച്ചു. ആ സമയത്താണ്, യാത്രകള്‍ക്കൊപ്പം വ്യത്യസ്തങ്ങളായ സംരംഭങ്ങള്‍ മനസിലുണ്ടാക്കുന്നത്. എന്നാല്‍ നിത്യ ജോലി ചെയ്തിരുന്ന ആ സ്ഥാപനത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. യാത്രാച്ചെലവുകളുടെ പ്രശ്‌നം, ആവശ്യത്തിന് സഞ്ചാരികളെ ലഭിക്കാത്ത അവസ്ഥ എന്നിവ മുന്‍നിര്‍ത്തി സ്ഥാപനം അടച്ചു പൂട്ടി. ആ അവസ്ഥയിലാണ് സ്വന്തമായി എന്തെങ്കിലും ചെയ്താലെന്താ എന്ന ചിന്ത നിത്യയുടെ മനസിലേക്ക് വരുന്നത്. എന്നാല്‍ തീരുമാനമെടുക്കുന്നതിന് സമയമായിട്ടുണ്ടായിരുന്നില്ല.

ഗ്രാമത്തെ കൂടുതല്‍ അടുത്തറിഞ്ഞ നാളുകള്‍

ഒരു ട്രെക്ക് ഓപ്പറേറ്റര്‍ എന്ന റോളില്‍ നിന്നും ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്റെ മാനേജര്‍ എന്ന തലത്തിലേക്ക് നിത്യ ബുദ്ധരാജ മാറിയത് വളരെ പെട്ടെന്നായിരുന്നു. എന്നാല്‍ ആ മാറ്റം നിത്യയിലെ സംരംഭകക്ക് പ്രചോദനമായെന്നു വേണം പറയാന്‍. ലിറ്റി എന്ന സ്ഥലത്തായിരുന്നു ജോലി ലഭിച്ചത്. വെള്ളം, വൈദ്യുതി എന്നിവക്ക് പോരായ്മയുള്ള പ്രദേശമായിരുന്നു അത്. കാര്യങ്ങള്‍ മാനേജ് ചെയ്യുന്നതിനായി നിത്യ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. വൈദ്യുതിയും, ഫോണും ഇന്റര്‍നെറ്റും ഒന്നും ഇല്ലാതെ ആ പ്രവിശ്യയില്‍ ആറു മാസക്കാലം നിത്യ ജോലി ചെയ്തു.

അതോടെ ഹിമാലയന്‍ മലനിരകളില്‍ ആരുടേയും പോയിന്‍തുണ കൂടാതെ ഒരു സ്ഥാപനം നടത്തിക്കൊണ്ട പോകാന്‍ തനിക്കാകുമെന്ന ആത്മവിശ്വാസം നിത്യക്കുണ്ടായി.തുടര്‍ന്ന് ലിറ്റില്‍ നിന്നും കസര്‍ദേവി എന്ന പ്രവിശ്യയിലേക്ക് പോയ നിത്യ അവിടെ നന്ദാദേവി ഹാന്‍ഡ്‌ലൂം സൊസൈറ്റിക്ക് നേതൃത്വം നല്‍കുകയും ഇതിലൂടെ 200 ല്‍ പരം ഗ്രാമീണ വനിതകള്‍ക്ക് ജോലി നേടിക്കൊടുക്കുകയും ചെയ്തു. ഇത്രയൊക്കെയായതോടെ, നഗരത്തിന്റെ ചടുലതയിലല്ല ഗ്രാമത്തിന്റെ നൈര്‍മല്യത്തിലാണ് തന്റെ ജീവിതത്തിന്റെ വിജയമിരിക്കുന്നത് എന്ന തിരിച്ചറിവ് നിത്യക്കുണ്ടായി.

അങ്ങനെ തന്റെ ഭാവി ജീവിതം ഉത്തരാഖണ്ഡിലെ മലനിരകളില്‍ വിനിയോഫിക്കും എന്ന ചിന്തായിരിക്കുമ്പോഴാണ് , അവിചാരിതമായി പിതാവ് നവീന്‍ ബുദ്ധരാജ മരണപ്പെടുന്നത്. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം നിത്യക്കായി. ഭര്‍ത്താവിന് ഏറെ ഇഷ്ടമുള്ള സത്താലില്‍ ശിഷ്ടകാലം ജീവിക്കണം എന്നതായിരുന്നു നിത്യയുടെ അമ്മയുടെ ആഗ്രഹം. അങ്ങനെ ഒരൊറ്റ രാത്രികൊണ്ട് തന്റെ ജോലി ഉപേക്ഷിച്ച് സത്താലില്‍ കുടുംബവുമായെത്തി നിത്യ. അമ്മക്ക് ഒരിക്കലും ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകണമെന്ന ആഹ്രഹമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ സത്താലില്‍ തന്റെ ഔദ്യോഗിക ജീവിതം കെട്ടിപ്പടുത്തേ മതിയാകൂ എന്ന് നിത്യക്ക് മനസിലായി.

കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നിത്യ ഇത്തരമൊരു തീരുമാനത്തില്‍ കുടുംബവുമൊത്ത് സത്താലില്‍ എത്തുന്നത്. ഏകദേശം ഒരു വര്‍ഷക്കാലമെടുത്തു ആ പ്രദേശത്തെ രീതികളുമായി ഒന്ന് ചേര്‍ന്ന് വരാന്‍. വീട്ടാവശ്യത്തിനായുള്ള സാധനനാണ് വാങ്ങുന്നതിനായി കിലോമീറ്ററുകള്‍ മഞ്ഞുപാളികളിലൂടെ സഞ്ചരിച്ച് അടുത്തുള്ള ടൗണില്‍ എത്തണമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് അതെല്ലാം നിത്യയുടെ ജീവിതചര്യയുടെ ഭാഗമായി മാറി.

വരുമാനത്തിനുള്ള വഴിയായി ബേബ്‌സ് കഫെ

സത്താലില്‍ സ്ഥിരതാമസം ആരംഭിച്ച ശേഷം, അവിടുത്തെ ജീവിതരീതികളുമായി ചേര്‍ന്നപ്പോഴാണ് സംരംഭകത്വം എന്ന ആശയം നിത്യയുടെ മനസ്സില്‍ പൂര്‍വാധികം ശക്തിയോടെ വരുന്നത്. വിനോദസഞ്ചാരികള്‍ അധികമായി വരുന്ന ഒരു മേഖലയായി അപ്പോഴേക്കും സത്താല്‍ മാറിയിരുന്നു. അതിനാല്‍ ഈ സന്ദര്‍ഭം ശരിയായി വിനിയോഗിച്ച് സത്താലില്‍ സഞ്ചാരികള്‍ക്കായി ഒരു കഫെയും ഗസ്റ്റ് ഹൌസും ആരംഭിക്കാനായിരുന്നു നിത്യയുടെ പദ്ധതി. പിതാവ് പണി കഴിപ്പിച്ച കോട്ടേജ് താമസസൗകര്യത്തിനായി വിനിയോയോഗിക്കാന്‍ നിത്യ തീരുമാനിച്ചു. അമ്മയുടെ പേരിലാണ് കഫെ അആരംഭിച്ചത്. ;ബേബ്‌സ് കഫെ’. പിതാവിന്റെ പേരില്‍ ഹോം സ്റ്റേ തുടങ്ങി, ‘നവീന്‍സ് ഗ്ലെന്‍’ എന്ന് പേരും നല്‍കി.

വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാല്‍ ഭൂഗര്‍ഭ ജലത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് 7000 മരങ്ങളും നിത്യ നാട്ടു പിടിപ്പിച്ചു. കഫെയുടെ പൂര്‍ണമായ നടത്തിപ്പ് ചുമതല അമ്മയ്ക്കായിരുന്നു. വ്യത്യസ്തമായ രുചികളിലുള്ള ഭക്ഷ്യവസ്തുക്കള്‍ ‘അമ്മ നിര്‍മിച്ചു. തുടക്കത്തില്‍ നിത്യ മാത്രമായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് അമ്മയും മുന്‍നിരയിലേക്ക് ഇറങ്ങുകയായിരുന്നു. സഞ്ചാരികള്‍ ഒന്നിന് പുറകെ ഒന്നായി എത്താന്‍ തുടങ്ങിയതോടെ നിത്യ കോട്ടേജുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഭക്ഷണം, താമസം, സൈറ്റ് വിസിറ്റ് തുടങ്ങിയ പാക്കേജുകളോട് കൂടി ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കൂടി തുടങ്ങിയതോടെ പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് നിത്യ സംരംഭകലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.

ആളുകള്‍ കൂടുതലായി നവീന്‍സ് ഗ്ലെന്‍ തേടി എത്തിയതോടെ കഫേയിലെയും ഹോം സ്റ്റേയിലെയും കാര്യങ്ങള്‍ ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്ന അവസ്ഥയിലായി നിത്യ. അതോടെ അടുത്തുള്ള ഗ്രാമവാസികളെ കൂടി ജോലിക്കെടുത്തു. കോട്ടേജിന്റെ നടത്തിപ്പ്, ഫാമിന്റെ മേല്‍നോട്ടം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് കൂടുതലും ആളുകളെ എടുത്തത്. ഇതിലൂടെ അന്‍പതിലേറെ ഗ്രാമീണരായ വ്യക്തികള്‍ക്ക് സ്ഥിരവരുമാനം ലഭിച്ചു.

മാത്രമല്ല, തന്റെ സ്ഥാപനം നില്‍ക്കുന്ന പ്രദേശത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വികസനം തന്റെ കൂടി ഉത്തരവാദിത്വമാണ് എന്ന് മനസിലാക്കിയ നിത്യ ബുദ്ധരാജ, ഗ്രാമത്തിലെ ഒരു വിദ്യാലയം ഏറ്റെടുക്കുകയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുനനത്തിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്തു. ഇപ്പോള്‍ സത്താല്‍ എന്ന ഈ ഗ്രാമം നിത്യ ബുദ്ധരാജ എന്ന സംരംഭകയുടെ അഭിമാനത്തണലിലാണ്. ഇത് പോലെ വ്യത്യസ്തമായി ചിന്തിക്കുകയും കോടികള്‍ക്ക് മേല്‍ മനസുഖത്തിനും സമൂഹത്തിന്റെ വികസനത്തിനും പ്രാധാന്യം നല്കുന്നവരുമായ സംരംഭകരെയാണ് വരുംകാല ഇന്ത്യക്കാവശ്യം എന്ന് തെളിയിക്കുന്നു നിത്യ ബുദ്ധരാജയുടെ സംരംഭജീവിതം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top