ഇന്ദ്രന്‍ നൂയി മുതല്‍ അരിയാന ഹഫിംഗ്ടണ്‍ വരെ നീളുന്ന ലോകത്തെ ശക്തരായ വനിതാസംരംഭകരില്‍ ഭൂരിഭാഗവും മികച്ച നേതൃഗുണവും ഭരണനൈപുണ്യവും കൈവരിച്ചത് തങ്ങളുടെ ജീവിത സാഹസാഹര്യങ്ങളില്‍ നിന്നുമാണ്. അതിനാല്‍ വനിതാസംരംഭകത്വമെന്നത് ഒരു കിട്ടാക്കനിയല്ല എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
ചെയ്യുന്ന ബിസിനസ് ചെറുതോ വലുതോ ആകട്ടെ, അതിനോട് നാം എത്രമാത്രം നീതി കാണിക്കുന്നു എന്നും എത്രത്തോളം ആത്മാര്‍ത്ഥമായ സമീപനം കാഴ്ചവയ്ക്കുന്നു എന്നതും അടിസ്ഥാനമാക്കിയായിരിക്കും ഓരോ സംരംഭകയുടെയും വിജയം. സ്വയാര്‍ജ്ജിതമായ കരുത്തോടെ സംരംഭകത്വത്തില്‍ വിജയം കണ്ട വനിതകള്‍ പിന്തുടര്‍ന്നിട്ടുള്ള വിജയത്തിന്റെ ഫോര്‍മുലകള്‍ നോക്കാം..
പരാജയത്തെ ഭയപ്പെടാതിരിക്കുക
ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ ഏവരും വീഴ്ചവരുത്തുന്നതുമായ ഒരു കാര്യമാണിത്. പരാജയഭീതി തീരെ ഇല്ലാത്ത വ്യക്തികളെയാണ് സംരംഭകരംഗത്ത് ആവശ്യം. ആത്മവിശ്വാസക്കുറവിന്റെ ഭാഗമായാണ് പരാജയഭീതി രൂപപ്പെടുന്നത്. നിങ്ങള്‍ ചെയ്യുന്ന ബിസിനസ് ചെറുതോ വലുതോ ഇടത്തരമോ ആവട്ടെ, അതില്‍ എന്നും ഇപ്പോഴും വിജയം വേണം എന്ന ചിന്തക്ക് അടിസ്ഥാനമില്ല.
വീഴ്ചകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് കാര്യം. ഒരേ കല്ലില്‍ തട്ടി രണ്ട് വട്ടം വീഴരുത് എന്ന് പറയുന്നത് പോലെ സംരംഭകത്വത്തില്‍ ഒരേ തെറ്റുകള്‍ രണ്ടുവട്ടം ആവര്‍ത്തിക്കപ്പെടരുത്. അതിനാല്‍ അക്കാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യാനുള്ള പ്രാപ്തി സംരംഭകത്വത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ വളര്‍ത്തിയെടുക്കുക.
ഉപഭോക്താക്കളെ അടുത്തറിയുക
വികസിച്ചൊരു ആശയം കയ്യിലുണ്ടെന്നു കരുതി തങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന ഏതൊരു ഉല്‍പ്പന്നവും വിറ്റുപോകും എന്ന ചിന്തവേണ്ട. എന്താണ് തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ സെല്ലിംഗ് പോയിന്റ് എന്നും ആരാണ് പ്രധാന ഉപഭോക്താക്കളെന്നും അറിയുക. ഉപഭോക്താക്കളുടെ മാറുന്ന താല്‍പര്യങ്ങളനുസൃതമായി വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളിലും മാറ്റം കൊണ്ട് വരണം.
ഇത് വളരെ നിര്‍ണായകമായ ഒരു കാര്യമാണ്. ഉപഭോക്താക്കളുമായി ഇപ്പോഴും മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ വിജയവും എളുപ്പമാകും. കാരണം വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നത്തിന്റെയും നല്‍കുന്ന സേവനത്തിന്റെയും മികവുകളും കുറവുകളും എളുപ്പത്തില്‍ മനസിലാക്കാന്‍ ഇത്തരത്തിലുള്ള ബന്ധങ്ങള്‍ സഹായിക്കും.
പഠിച്ചുകൊണ്ടിരിക്കുക
എംബിഎ ബിരുദം നേടിയാലോ, വിദേശ സര്‍വകലാശാലകളില്‍ പോയി പഠിച്ചാലോ, കുടുംബ ബിസിനസിന്റെ താക്കോല്‍ കയ്യിലിരുന്നാലോ ഒന്നും മികച്ച സംരംഭകയാകാന്‍ സാധിക്കില്ല. ഇന്ന് നാം കാണുന്ന വിജയിച്ച സംരംഭകമാര്‍ക്ക് എല്ലാവര്‍ക്കും തന്നെ ആ ബോധ്യമുണ്ട്. അതിനാല്‍ ലഭിക്കുന്ന ഓരോ നിമിഷവും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനായാണ് അവര്‍ വിനിയോഗിക്കുന്നത്.
സംരംഭകത്വ വിജയത്തിന്റെ അടിസ്ഥാന തത്വമാണത്. ഓരോ ദിവസവും ഓരോ അനുഭവങ്ങളാണ്. ചിലപ്പോള്‍ സ്ഥാപനത്തിലെ ഏറ്റവും ചെറിയ തസ്തികയില്‍ ഇരിക്കുന്ന വ്യക്തിയില്‍ നിന്നുപോലും മികച്ച അറിവുകള്‍ ലഭിക്കും. അതിനാല്‍ അറിവ് ലഭിക്കുന്ന ഒരവസരവും പാഴാക്കരുത്.
ചെയ്യുന്ന കാര്യത്തില്‍ നിപുണയാകുക
ഒരു ഉപഭോക്താവ് എന്നും വിശ്വാസത്തിലെടുക്കുക ഉല്‍പ്പന്നവുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന, മികച്ച പ്രോഡക്റ്റ് നോളഡ്ജ് ഉള്ള ഒരു സംരംഭകയുടെ വാക്കുകളെയാണ്. അതിനാല്‍ തന്റെ വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നത്തെപ്പറ്റിയും വിപണിയുടെ അവസ്ഥയെപ്പറ്റിയും ഒരു സംരംഭകക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം.
അല്ലാത്തപക്ഷം പരാജയം ആയിരിക്കും ഫലം. ആശയം മാത്രം സ്വന്തമാക്കുകയും മറ്റു കാര്യങ്ങള്‍ക്ക് തൊഴിലാളികളെ നിയമിക്കുകയും ചെയ്യുന്ന ഒരു സംരംഭകയെ സംബന്ധിച്ചിടത്തോളം വിജയമെന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. വീ സ്റ്റാര്‍ ഗാര്‍മെന്റ്സ് ഉടമയായ ഷീല കൊച്ചൗസേപ്പിനെ എന്നും വ്യത്യസ്തയാക്കുന്നത് ഇത്തരത്തിലുള്ള പ്രോഡക്റ്റ് നോളഡ്ജ് ആണ്. പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളെപ്പറ്റി അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്.
സമയക്രമീകരണം
ഒരു സംരംഭകയുടെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് സമയ ക്രമീകരണം. കാരണം, സംരംഭകത്വത്തിലേക്ക് ഇറങ്ങി എന്ന കാരണം കൊണ്ട് വീട്ടുകാര്യങ്ങളില്‍ വീഴ്ചവരുത്താന്‍ വനിതാസംരംഭകര്‍ തയ്യാറാകാറില്ല. അത് അവരുടെ വിജയമാണ്. വീട്ടിലെ കാര്യങ്ങളും ഓഫീസ് കാര്യങ്ങളും ഒരേ പോലെ കൈകാര്യം ചെയ്ത് വരുമ്പോള്‍ സംരംഭകാരില്‍ മള്‍ട്ടി ടാസ്‌കിംഗ് സ്‌കില്‍ വര്‍ധിക്കും.
ഇത് സംരംഭകത്വത്തില്‍ ഏറെ പ്രയോജനകരമായ ഒരു കാര്യമാണ്. ഓഫീസ് കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരു സംരംഭകയെ സംബന്ധിച്ചിടത്തോളം അവര്‍ പൂര്‍ണമായും സംരംഭകത്വം ആസ്വദിക്കുന്നില്ലെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ എന്ത് കാര്യം ചെയ്യുന്നതിന് മുന്‍പും തന്റെ സമയ പരിമിതിയെ പറ്റി നല്ല ബോധ്യം ഉണ്ടായിരിക്കണം.
നെഗറ്റിവ് ചിന്തകള്‍ വേണ്ട
ബിസിനസിലേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ നെഗറ്റിവ് ആയ ചിന്തകള്‍ക്കോ നെഗറ്റിവ് എനര്‍ജിയുള്ള ആളുകള്‍ക്കോ ഒരു സംരംഭകയുടെ ജീവിതത്തില്‍ സ്ഥാനമില്ല. എപ്പോഴും മനസ് പോസിറ്റിവ് ആയി സൂക്ഷിക്കണം. അനുകൂലവും പ്രതികൂലവുമായ നിരവധി സാഹചര്യങ്ങളിലൂടെ ബിസിനസ് കടന്നു പോയേക്കാം.
അപ്പോഴെല്ലാം തന്നെ സമചിത്തതയാര്‍ന്ന സമീപനമാണ് ആവശ്യം. പോസിറ്റിവ് ആയ ഒരു മാനസികാവസ്ഥ കൈവരിക്കുന്നതിനായി അത്തരത്തിലുള്ള പുസ്തകങ്ങള്‍ വായിക്കുകയും പോസിറ്റിവ് വ്യക്തികളോട് കൂട്ടുകൂടുകയും ചെയ്യുക. മൈന്‍ഡ് പവര്‍ ട്രൈനിംഗ്, മോട്ടിവേഷണല്‍ സ്പീച്ച് എന്നിവ ഇക്കാര്യത്തില്‍ സഹായകമാകും.
കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് നെറ്റ്വര്‍ക്ക്
ഒരു സംരംഭകയുടെ വിജയത്തിലെ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന രണ്ട് കാര്യങ്ങളാണ് കമ്മ്യൂണിക്കേഷന്‍, നെറ്റ്വര്‍ക്ക് എന്നിവ. സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ പഠിക്കുന്നതിനോടൊപ്പം മികച്ച അവസരങ്ങള്‍ കണ്ടെത്തുക, ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട ആളുകളുമായി തുറന്ന ബന്ധങ്ങള്‍ സ്ഥാപിക്കുക, കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുക തുടങ്ങിയവ മികച്ച ഗുണം ചെയ്യും. തനിക്ക് സമാനമായി ബിസിനസ് രംഗത്ത് വ്യാപൃതരായ മറ്റ് വനിതകളില്‍ നിന്നും ലഭിക്കുന്ന പ്രചോദനം ഇക്കാര്യത്തില്‍ ഏറെ ഗുണം ചെയ്യും.
ഇത്തരത്തിലുള്ള ചര്‍ച്ചകളില്‍ നിന്നുമാണ് എപ്പോഴും മികച്ച ആശയങ്ങള്‍ ഉരുത്തിരിയുന്നത്. അതിനാല്‍ ബിസിനസ് പാര്‍ട്ടികള്‍, സെമിനാറുകള്‍, കോണ്‍ക്ലേവുകള്‍ തുടങ്ങി മറ്റുള്ളവരുമായി സംസാരിക്കുന്നതിനും ഇടപെടുന്നതിനുമുള്ള അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കാതിരിക്കുക.
കുടുംബത്തിന്റെ പിന്തുണ
ഒരു വനിതാ സംരംഭകയുടെ വിജയത്തിന് പിന്നിലെ പ്രധാന ചാലകശക്തിയാണ് കുടുംബത്തിന്റെ പിന്തുണ. ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി യാത്രകള്‍ ചെയ്യുക, മീറ്റിങ് നടത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ വീട്ടിലെ കാര്യങ്ങളില്‍ നിന്നും മക്കളില്‍ നിന്നുമെല്ലാം അകലം പാലിക്കേണ്ടതായി വരാറുണ്ട്. ഈ സമയത്ത് കുടുംബത്തില്‍ നിന്നും ലഭിക്കുന്ന മാനസികമായ പിന്തുണയാണ് ഒരു വനിതാ സംരംഭകയുടെ വിജയത്തിനു മുതല്‍ക്കൂട്ടാകുന്നത്.
ബിഗ് പ്ലാന്‍സ്
ആണ്‍പെണ്‍ വ്യത്യസമില്ലാതെ എല്ലാ സംരംഭകരും പരീക്ഷിച്ചു വിജയിക്കുന്ന ഒരു കാര്യമാണിത്. ചെറിയ വിജയം നേടുമ്പോള്‍ അവിടെ വച്ച് യാത്ര മതിയാകാതെ, കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുക. മലയോളം ആഗ്രഹിച്ചാല്‍ മാത്രമേ കുന്നോളം ലഭിക്കൂ എന്ന പോലെ എപ്പോഴും വിശാലമായ ഒരു സ്വപ്നം മനസ്സില്‍ സൂക്ഷിക്കുക. ആ സ്വപ്നത്തിന്റെ ചിറകില്‍ കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കുക
തൊഴിലാളികള്‍ എന്ന കരുത്ത്
ഒരു സ്ഥാപനത്തിന്റെ എക്കാലത്തെയും വിജയത്തിന് പിന്നില്‍ കരുത്തരായ തൊഴിലാളികളാണ് ഉള്ളത്. അതിനാല്‍ തൊഴില്‍ പ്രശ്നങ്ങള്‍ ഇല്ലാത്തതും എന്നാല്‍ മികച്ച പിന്തുണ ലഭിക്കുന്നതുമായ ഒരു തൊഴില്‍ അന്തരീക്ഷം കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുക. പൊളിറ്റിക്സ് കമ്പനിക്ക് പുറത്ത് എന്ന സമീപനം തുടക്കത്തിലേ ആവാം. തൊഴിലാളി പ്രശ്നങ്ങളില്‍ നേരിട്ടെത്തി പരിഹാരം നല്‍കുന്ന ഒരു വ്യക്തിക്ക് മികച്ച പിന്തുണ ലഭിക്കും. ആ തിരിച്ചറിവില്‍ നിന്നുകൊണ്ട് വേണം വിജയം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍.