മാര്‍ച്ച് 8, അന്താരാഷ്ട വനിതാദിനം. കേവലം ഒരു ദിവസത്തെ അടയാളപ്പെടുത്തല്‍ കൊണ്ട് മാത്രം തിരിച്ചറിയപ്പെടേണ്ടതല്ല ഈ ദിവസം. ഓരോ വനിതകളുടെയും മുന്നോട്ടുള്ള യാത്രയ്ക്കുള്ള ഊര്‍ജ്ജവും ആര്‍ജ്ജവവുമാണ് വനിതാദിനം. വനിതാദിനം ഒരു തുടക്കം മാത്രമാണ്. വനിതകള്‍ തങ്ങള്‍ക്കായി നടത്തിയ ചില ചെറുത്ത് നില്‍പ്പിന്റെയും വിജയത്തിന്റെയും ഓര്‍മപ്പെടുത്തല്‍.ഇവിടെയാണ് എന്താണ് യഥാര്‍ത്ഥത്തില്‍ വനിതാദിനം എന്ന ചോദ്യം പ്രസക്തമാകുന്നത്.യഥാര്‍ത്ഥത്തില്‍ വനിതകളുടെ നേതൃത്വത്തില്‍ നടന്ന ഒരു തൊഴില്‍ സമരമായിരുന്നു അത്. അമേരിക്കയില്‍ അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യ വനിതാദിനാചരണം നടന്നത്. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ വനിതകളുടെ ഓര്‍മയ്ക്കായിട്ടായിരുന്നു വനിതാദിനാചരണം.
1910 ല്‍, കോപ്പന്‍ഹേഗനില്‍ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സമ്മേളനത്തില്‍ വനിതാദിനം സാര്‍വ്വദേശീയമായി ആചരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിന്‍ ആണ് ഇതിനു മുന്‍കൈ എടുത്തത്. 17 രാജ്യങ്ങളില്‍ നിന്നുള്ള വനിത പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ മുന്നോട്ട് വെക്കപ്പെട്ട ഈ ആശയത്തിന് അപ്പോള്‍ തന്നെ അംഗീകാരം ലഭിച്ചു. ഇതേ തുടര്‍ന്ന് 1911 മാര്‍ച്ച് എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാംഘട്ടമായി പോലും കണക്കാക്കപ്പെടുന്നത് 1917 മാര്‍ച്ച് എട്ടിന് റഷ്യയില്‍ നടത്തിയ വനിതാദിനപ്രകടനമാണ്.അതിനാല്‍ തന്നെ വനിതാദിനം ഒരു ഓര്‍മപ്പെടുത്തലാണ്, വ
നിതാ ശാക്തീകരണത്തിന്റെ, നേതൃത്വത്തിന്റെ, സ്വതന്ത്ര ചിന്തയുടെ ഓര്‍മപ്പെടുത്തല്‍.
അന്താരാഷ്ട വനിതാദിനം ആഘോഷിക്കപ്പെടുമ്പോള്‍ വനിതകള്‍ക്ക് മുന്നില്‍ തുറക്കുന്നത് സംരംഭകരംഗത്തും അല്ലാതെയുമായി അനേകമനേകം അവസരങ്ങള്‍ കൂടിയാണ്.വനിതാ സംരംഭകര്‍ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്ന് ലണ്ടനില്‍ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ലോകരാജ്യങ്ങള്‍ സ്വന്തം കരിയര്‍ തെരെഞ്ഞെടുക്കുന്നതിനും സംരംഭകരംഗത്ത് കൂടുതല്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി നിരവധി അവസരങ്ങളാണ് ആവിഷ്‌കരിക്കുന്നത്.
വനിതാ സംരംഭകത്വത്തില്‍ ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ കേരള സംസ്ഥാന തലത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്. കുടുംബശ്രീ, എം.എസ്.എം.ഇ.- ഡി.സി, സി.ഐ.ഐ. എന്നിവയോടു ചേര്‍ന്ന് വനിതാ സംരംഭകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും എന്ന പ്രതീക്ഷയോടെയാണ് മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ലഭിക്കുന്ന ഈ പിന്തുണ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് അനിവാര്യമായ ഘടകം. ഇത്തരത്തില്‍ വിവിധങ്ങളായ വനിതാ ശാക്തീകരണ സംഘടനകള്‍ക്ക് കീഴില്‍ ചെറുതും വലുതുമായി അനേകം സംരംഭകത്വ വികസന പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ഇത്തരം അവസരങ്ങള്‍ പരിചയപ്പെടുത്തുക, കൂടുതല്‍ വനിതാ സംരംഭകരേയും അതിലൂടെ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ബിസിനസ് ഡേ മാസിക പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ ഉയരങ്ങള്‍ സ്വപ്നം കാണുക, അവിടേക്ക് എത്താന്‍ പരിശ്രമിക്കുക തുടങ്ങിയ ചിന്തകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി, ബിസിനസ് വനിതാ സാരഥ്യം ഉറപ്പാക്കി, സധൈര്യം മുന്നോട്ട്…
