തൊഴിലിടങ്ങളിലൊന്നാകെ കോവിഡ് പടര്‍ത്തിയ ആശങ്കകള്‍, പുതിയ ആശയങ്ങളിലേക്കുള്ള അവസരങ്ങളാക്കി മാറ്റിയ ചിലരുണ്ട്. അപ്രതീക്ഷിതമായ മാറ്റങ്ങളെ തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങളിലേക്കുള്ള മൂലധനമായി നിക്ഷേപിച്ചവരില്‍ ഏറിയ പങ്കും സ്ത്രീകളാണ്. ഒരു നിമിഷാര്‍ധത്തില്‍ പുറംലോകത്തിനു മേല്‍ കോവിഡുണ്ടാക്കിയ മറ, ഉള്‍ക്കാഴ്ചയോടെയുള്ള പുതിയ തുടക്കങ്ങളിലേക്ക് പലരെയും നയിക്കുകയായിരുന്നു.
അക്കൂട്ടത്തിലൊരാളായ നിഷ പൊന്തത്തിലിന് നമ്മോട് പറയാനുള്ളത് പ്രതികൂല സാഹചര്യങ്ങളെ ചിരകാല സ്വപ്നത്തിന്റെ ചിറകുകളാക്കി മാറ്റിയ ‘ചിനാര്‍ ഗ്ലോബല്‍ അക്കാഡമി’ എന്ന വിദ്യാഭ്യാസ സംരംഭത്തെക്കുറിച്ചാണ്. ആഗ്രഹങ്ങളും കഴിവുകളുമുണ്ടായിട്ടും അവസരങ്ങളില്ലാതെ പോയ ഒരു പറ്റം സ്ത്രീകള്‍ക്ക് ജീവിതോപാധി കൂടി ഒരുക്കുകയാണ് നിഷ തന്റെ സംരംഭത്തിലൂടെ.
അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി നോക്കുന്ന കാലത്ത് സ്വന്തമായി ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നത് ഒരു സ്വപ്നമായി തന്നെ കുറിച്ചിട്ടിരുന്നു നിഷ. എന്നാല്‍ പിന്നീട് തന്റെ സ്വതന്ത്ര ചിന്തകളോടൊപ്പം സഞ്ചരിച്ച് അവര്‍ എത്തിച്ചേര്‍ന്നത് മാധ്യമപ്രവര്‍ത്തനത്തിലാണ്. തെഹല്‍ക്ക, ഡെക്കാണ്‍ ക്രോണിക്കിള്‍ തുടങ്ങിയ ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ട് സമൂഹത്തിന്റെ ചലനാത്മകതയില്‍ തന്റേതായ ദൂരങ്ങള്‍ അടയാളപ്പെടുത്തി വരുമ്പോഴാണ് വിവാഹ ബന്ധത്തിലെ ചില അടഞ്ഞ പാതകള്‍ ജീവിതത്തെ ഒന്നടങ്കം നിശ്ചലമാക്കുന്നത്.
മകളുടെ സന്തോഷത്തിനും സമാധാനതിനും ഉപരി സ്വന്തം അഭിമാനത്തിന് പ്രാധാന്യം കൊടുക്കുന്ന, കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ മകളുടെ ദുരിതങ്ങള്‍ കണ്ടില്ലെന്നടിച്ച വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചു അവരുടെ സഹായമില്ലാതെ വിവാഹമോചനവും തുടര്‍ന്നു നിലനില്‍പ്പിനായുള്ള ശ്രമങ്ങളും. ഉദ്യോഗസ്ഥ ആയിരുന്നിട്ടും സ്വന്തം പേരില്‍ ഒന്നും സമ്പാദിക്കാത്ത പത്തുദിവസം അടുപ്പിച്ചു ഭക്ഷണം കഴിക്കാന്‍ തികയാത്ത ബാങ്ക് ബാലന്‍സുമായി പതിനാലു വര്‍ഷത്തെ വിവാഹജീവിതത്തില്‍ നിന്നും വെറും കയ്യോടെ ഇറങ്ങി നടക്കുമ്പോള്‍ മുന്നോട്ടു നയിച്ചത് ജോലി ചെയ്തു ജീവിക്കാമെന്ന ആത്മവിശ്വാസവും വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കള്‍ നല്‍കിയ മാനസിക പിന്തുണയും മാത്രമായിരുന്നു എന്ന് നിഷ പറയുന്നു.
നിലനില്പിനായുള്ള ഓരോ ശ്രമങ്ങളും ജീവിതത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയപ്പോള്‍, പ്രവാസം ഒരു പുതുവഴിയായി തിരഞ്ഞെടുക്കേണ്ടി വന്നു. നിന്നിടത്ത് നിന്ന് വീണ്ടും തുടങ്ങി, പല വേഗങ്ങളില്‍ സഞ്ചരിച്ച്, ഒടുവില്‍, യു.എ.ഇ. യിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ക്വാലിറ്റി കണ്‍ട്രോളായ് ജോലി ചെയ്തു വരവേയാണ് കോവിഡ് 19 പ്രതിസസന്ധിയായി കടന്ന് വരുന്നതും പലപ്പോഴായി തേച്ചു മിനുക്കപ്പെട്ട ആര്‍ജവം നിഷയ്ക്ക് ഒരുമുതല്‍ക്കൂട്ടാവുന്നതും.
ഒരു ‘ഇന്റര്‍നാഷണല്‍ ഹബ്’ ആയ യു.എ.ഇ. യിലെ സ്ഥിരതാമസവും എപ്പോഴും സ്‌നേഹവും ധൈര്യവും പകര്‍ന്ന് ചേര്‍ത്തുനിര്‍ത്തുന്ന പുതിയ ജീവിതപങ്കാളിയും നിഷയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിന് കാരണമായി മാറുകയായിരുന്നു. താന്‍ അന്നേ വരെ അറിഞ്ഞതും പരിചയിച്ചതുമായ മേഖലകളിലെ അനുഭവസമ്പത്ത് പഠനരംഗത്തെ പുതുരീതികള്‍ ചിട്ടപ്പെടുത്തിയെടുക്കാനായി നിഷ വിനിയോഗിച്ചു.
പതിനഞ്ചോളം സ്ത്രീകള്‍ ജോലി ചെയ്യുന്ന ചിനാര്‍ ഇന്ന് ഇംഗ്ലീഷ് വിദ്യാഭാസരംഗത്തെ ഓരോ വെല്ലുവിളികളും പ്രത്യേകമായി തന്നെ അഭിമുഖീകരിക്കാന്‍ പ്രാപ്തമാണ്. ഒഴുക്കില്ലാത്ത ഇംഗ്‌ളീഷില്‍ വഴിമുട്ടിനിന്ന് പോയ തൊഴില്‍ലഭ്യതയും ഉദ്യോഗക്കയറ്റങ്ങളും ‘ചിനാറി’ലൂടെ പലരെയും തേടിയെത്തി. ആവശ്യക്കാരേറുന്ന IELTS, OET, വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും ‘ചിനാര്‍’ വിജയം ഉറപ്പ് നല്‍കുന്ന പ്രതീക്ഷാമുനമ്പാണ്. അത് കൂടാതെ, പി. എസ്.സി, യു.ജി.സി. നെറ്റ് പരീക്ഷകളിലെ ഇംഗ്ലീഷിനും ‘ചിനാര്‍’ പ്രത്യേകം കോഴ്സുകള്‍ ലഭ്യമാക്കുന്നുണ്ട്. ഇതെഴുതുമ്പോള്‍, കോര്‍പ്പറേറ്റ് ട്രെയ്‌നിനിങ് എന്ന അതിവിശാലമായ ലോകത്തേക്ക് കാലെടുത്തു വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് നിഷയും ഒപ്പമുള്ളവരും.
സ്‌കൂള്‍ വിദ്യാര്‍ഥികളെ തന്റെ സംരംഭത്തിന്റെ ഭാഗമാക്കുന്നതിന്റെ ആദ്യ പടിയായി ലളിതവും രസകരവുമായ രീതിയില്‍ ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കാനുതകുന്ന ഒരു വര്‍ക്ഷോപ് സംഘടിപ്പിച്ചു. ഇംഗ്ലീഷ് വ്യാകരണത്തിന്റെ വൈവിധ്യം, പരമ്പരാഗതമായ നിയമാവലികളില്‍ തളച്ചിട്ട് ഏച്ചുകെട്ടി വെക്കാനുള്ളതല്ലെന്നതായിരുന്നു ആദ്യപാഠം. ഒരിക്കലും മറക്കാത്ത വ്യാകരണ പാഠങ്ങള്‍ ഒറ്റത്തവണ കൊണ്ട് സ്വായത്തമാക്കാന്‍ ‘ചിനാറി’ലെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയ നൂതനമായ ശൈലികള്‍ വിപ്ലവകരമായ തുടക്കം തന്നെയെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ പറയുന്നു.
ഭാഷയില്‍ നിന്ന് സര്‍ഗാത്മകതയിലേക്കും സാഹിത്യത്തിലേക്കുമുള്ള കാല്‍വെയ്പ്പാണ് ‘ചിനാര്‍’ ജൂലൈ മാസത്തില്‍ നടത്തിവരുന്ന ‘ക്രിയേറ്റിവ് റൈറ്റിങ് വര്‍ക്ഷോപ്’. ഇന്ത്യയിലെ തന്നെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ അമിത് സെന്‍ ഗുപ്ത നയിക്കുന്ന ഈ പരിശീലന പരിപാടി ഓരോ ചെറിയ ചിന്തകളെയും ഭാവനയുമായി കോര്‍ത്തിണക്കി വാക്കുകളിലൂടെ അവയ്ക്ക് രൂപവും ഭാവവും നല്‍കാന്‍ പ്രചോദകമാകുമെന്ന് നിഷ കരുതുന്നു.
”ജീവിതത്തിന്റെ ജനപ്രിയമായ മാതൃകകളില്‍ ഏതെങ്കിലുമൊന്ന് അനുകരിക്കാന്‍ തയാറാകാത്ത വ്യക്തിത്വമെന്ന നിലയിലാണ് നിഷ നമുക്ക് മുന്നില്‍ വ്യത്യസ്തയാകുന്നത്. തന്റേതായ മാതൃകകള്‍ ഓരോ തവണയും വരയ്ക്കാനും വേണമെങ്കില്‍ മാറ്റിവരയ്ക്കാനും അവര്‍ തയാറായി. ഇന്ന് പലരുടെയും ജീവിതങ്ങ
ളില്‍ മാറ്റത്തിന്റെ മാതൃകയാകാന്‍ ‘ചിനാര്‍ ഗ്ലോബല്‍ അക്കാഡമി’ക്ക് കഴിയുന്നതും അതുകൊണ്ട് തന്നെയാണ്”, എന്നാണ് ചിനാറിന്റ ബിസിനസ്സ് ഡെവലപ്‌മെന്റ്ടീമിനെ നയിക്കുന്ന രേണു ഷേണായി പറയുന്നത്.