കാലം മാറി കഥ മാറി, കല്യാണം എന്ന് കേള്‍ക്കുമ്പോള്‍ ഒരുകാലത്ത് നമ്മുടെ മനസ്സിലേക്ക് കയറിവന്നിരുന്നത് കതിര്‍മണ്ഡപവും നാദസ്വരവും സദ്യയും ഒക്കെയാണ്. എന്നാല്‍ ഇന്ന് വിവാഹ ആഘോഷമെന്ന് പറഞ്ഞാല്‍ അത് ഫോട്ടോഗ്രാഫിയും വീഡിയോഗ്രഫിയുമാണ്. സിനിമയെ വെല്ലുന്ന രീതിയിലാണ് വിവാഹത്തിന്റെ വീഡിയോഗ്രഫി നടക്കുന്നത്. തകര്‍ത്തഭിനയിക്കുന്നതില്‍ വധൂ വരന്മാര്‍ പരസ്പരം മത്സരിക്കുന്നു.
വിവാഹം ഒരൊറ്റ ദിവസം കൊണ്ട് തീര്‍ന്നാലും വിവാഹത്തിന്റെ വീഡിയോ ഷൂട്ട് തീരുന്നത് ആഴ്ചകള്‍ എടുത്താണ്. ജീവിതത്തിലെ നിര്‍ണായകമായ ദിവസത്തെ കാമറക്കണ്ണിലേക്ക് ഒപ്പിയെടുക്കുന്നതിന് ഡ്രോണ്‍ സംവിധാനത്തോടെ വീഡിയോ സംഘം എത്തുമ്പോള്‍ ലക്ഷങ്ങളാണ് ഇതിനായി ദമ്പതിമാര്‍ ചെലവാക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഉണ്ടായ മാറ്റങ്ങളെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് ചിന്തിച്ചു നോക്കണം. ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയുന്ന വസ്ത്രധാരണരീതിയിലോ, ആഭരണങ്ങളുടെ ഫാഷനിലോ, മേക്കപ്പിലെ ട്രെന്‍ഡിലോ ഒന്നുമല്ല യഥാര്‍ത്ഥ മാറ്റം വന്നിരിക്കുന്നത്. വിവാഹ ഫോട്ടോഗ്രഫിയിലും വീഡിയോഗ്രാഫിയിലുമാണ് വമ്പിച്ച രീതിയിലുള്ള മാറ്റങ്ങള്‍ വന്നിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ഒരു വിവാഹം നടക്കുമ്പോള്‍ വധു പള്ളിയിലേക്കോ, കതിര്‍മണ്ഡപത്തിലേക്കോ ഇറങ്ങുന്നതിനു തൊട്ടു മുന്‍പായിരിക്കും കാമറയും തൂക്കി വീഡിയോഗ്രാഫര്‍ വരുന്നത്. തുടര്‍ന്ന്, വധു നടക്കുന്നതും മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുന്നതും കാറില്‍ കയറി വിവാഹസ്ഥലത്തേക്ക് എത്തുന്നതുമൊക്കെയായ രംഗങ്ങള്‍ ഇടവിടാതെ കാമറയില്‍ പകര്‍ത്തും. ഇതിനിടയില്‍ വധുവിനരികയില്‍ എത്തുന്ന ഒരൊറ്റ ബന്ധുപോലും കാമറയില്‍ നിന്നും വിട്ടുപോകാതെ ശ്രദ്ധിക്കും.
വിവാഹം കഴിഞ്ഞു ഭക്ഷണത്തിന്റെ നേരമായാലോ ? അതും ഇടതടവില്ലാതെ കാമറയില്‍ പകര്‍ത്തും. പ്രത്യേകിച്ച് വധൂവരന്മാരുടെ ദൃശ്യങ്ങള്‍. അതുകഴിഞ്ഞുള്ള സമയം വധൂവരന്മാര്‍ ഒരുമിച്ചുള്ള ചില ഷോട്ടുകള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. ശേഷം, കാറില്‍ കയറി വധു വരന്റെ വീട്ടിലേക്ക് യാത്രയാകുന്നതോടെ കണ്ണിമ ചിമ്മാതെ കാമറ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഒടുവില്‍ എഡിററിംഗും മിക്‌സിംഗും കഴിഞ്ഞു വീഡിയോ കയ്യില്‍ കിട്ടുമ്പോള്‍ രണ്ട് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം കാണും.
മാത്രമല്ല, വധുവരന്മാരെ ആദ്യമായി കാണുന്ന കാമറ മാന്‍, കാമറയെ അഭിമുഖീകരിക്കാന്‍ മടിയുള്ള വധുവോ വരനോ, അങ്ങനെ വീഡിയോ കാണുമ്പോള്‍ അതില്‍ ചിരിക്കാനും ഒപ്പം നിരാശപ്പെടാനുമുള്ള സംഗതികള്‍ നിരവധി. പതിനായിരം മുതല്‍ പതിനയ്യായിരം രൂപ വരെ ഈടാക്കി പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്തിരുന്ന അത്തരം വിവാഹ വീഡിയോകളില്‍ നിന്നും ഏറെ മാറി ഇന്നത്തെ വിവാഹ വീഡിയോകള്‍.
ഇന്നത്തെ വിവാഹങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണം തന്നെ വ്യത്യസ്തവും ഓര്‍മയില്‍ എന്നും താങ്ങി നില്‍ക്കുന്ന രീതിയിലുള്ളതുമായ വീഡിയോകളാണ്. പണ്ടത്തെപ്പോലെ രണ്ടും മൂന്നും മണിക്കൂര്‍ നീളുന്ന ഒന്നല്ല ഇത്. മൂന്നോ നാലോ മിനുട്ടില്‍ വീഡിയോ തീരും. ക്രിയാത്മകമായി നിര്‍മിക്കപ്പെടുന്ന ഇത്തരം വീഡിയോകള്‍ക്കാണ് ഇപ്പോള്‍ ആരാധകര്‍ ഏറെയും.
ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ആഘോഷമാണ് വിവാഹം അത് എന്നെന്നും ഓര്മിക്കപ്പെടുന്ന രീതിയില്‍ കാമറയില്‍ പതിപ്പിക്കാനാണ് ഇന്നത്തെ വധൂ വരന്മാര്‍ ആഗ്ഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ കാമറയ്ക്ക് മുന്നില്‍ എത്രവേണമെങ്കിലും ആടാനും പാടാനും അവര്‍ തയ്യാറാണ്. റീടേക്ക് എടുത്ത് അല്‍പം കഷ്ടപ്പെട്ടാലും ലക്ഷങ്ങള്‍ ആണ് വരുമാനമെന്നതിനാല്‍ വീഡിയോഗ്രാഫര്‍മാര്‍ക്കും ന്യൂജെന്‍ കല്യാണ വീഡിയോകളോട് തന്നെയാണ് പ്രിയം.
റിയലാണ്, റിയലിസ്റ്റിക്കാണ് അതാണ് താല്‍പര്യം
ഇന്നത്തെ തലമുറക്ക് കല്യാണദിനത്തിലെ വീഡിയോ റിയാലാസ്റ്റിക്ക് ആയി ചെയ്യാനാണ് താല്‍പര്യം. മേക്കപ്പ് ചെയ്ത് ഒരുങ്ങിയിറങ്ങിയ വധുവിന്റെയും വരന്റെയും ഒപ്പം വീട്ടുകാരും കൂട്ടുകാരും നിരന്നു നിന്ന് ചിരിക്കുന്ന രീതിയിലുള്ള ഫോട്ടോകള്‍ക്കും വീഡിയോ പോസുകള്‍ക്കുമൊന്നും ഇപ്പോള്‍ ആവശ്യക്കാരില്ല. കാര്യങ്ങളെ റിയല്‍ ആയി അവതരിപ്പിക്കുന്ന രീതിയോടാണ് കൂടുതല്‍ താല്‍പര്യം.
എടുത്തു പറയേണ്ട മറ്റൊരു കാര്യം കാമറമാന്റെ ഇഷ്ടത്തിനൊത്തല്ല ഷൂട്ടിംഗ് എന്നതാണ്. വിവാഹം നിശ്ചയിച്ച് തീയതി ഉറപ്പിച്ചാല്‍, വധൂ വരന്മാരും കാമറ ടീമും തമ്മില്‍ കാണും. പിന്നീട് തങ്ങളുടെ വിവാഹ വീഡിയോ എങ്ങനെ വേണമെന്ന് ഇവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇന്‍ഡോര്‍, ഔട്ട് ഡോര്‍ വീഡിയോ എങ്ങനെ വേണം, തീം എന്തായിരിക്കണം, വിവാഹ വീഡിയോയുടെ മൊത്തത്തിലുള്ള മൂഡ് എങ്ങനെയായിരിക്കണം, തുടങ്ങി എല്ലാവിധ കാര്യങ്ങളും ഇവര്‍ ചര്‍ച്ച ചെയ്യും.
അടുത്ത ഘട്ടം, വധൂ വരന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യപ്രകാരമുള്ള തീം വികസിപ്പിച്ചെടുക്കുക എന്നതാണ്. ഒരു സിനിമ സംവിധായകന്റെ നൈപുണ്യത്തോടെ ഈ കടമ്പ വീഡിയോഗ്രഫി ടീം ചാടിക്കടക്കുന്നു. തങ്ങളുടെ ആശയം രണ്ടാത്തെ കൂടിക്കാഴ്ചയില്‍ പങ്കുവയ്ക്കുന്നു. റൊമാന്റിക് തീമില്‍ വേണോ, ട്രഡീഷണല്‍ രീതി വേണോ, അതോ അടിപൊളി ആഘോഷമായി വേണോ എന്നെല്ലാം തീരുമാനിക്കുന്നത് ഈ ഘട്ടത്തിലാണ്.
തീം തീരുമാനിച്ചശേഷം, കാമറയില്‍ തിളങ്ങുന്നതിനു ഉതകുന്ന രീതിയിലുള്ള വസ്ത്രങ്ങളും അവയുടെ നിറവും വീഡിയോഗ്രഫി ടീം നിര്‍ദേശിക്കും. ഈ നിര്‍ദേശം അനുസരിച്ചാണ് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. വീട്ടുകാര്‍ക്കും വീഡിയോയില്‍ റോളുകള്‍ ഉണ്ട് എന്നതിനാല്‍ അവരെയും ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച. ആശയ രൂപീകരണം, ഷൂട്ട്, എഡിറ്റിംഗ്, ലൊക്കേഷന്‍ കാണല്‍ തുടങ്ങി എല്ലാം ചേര്‍ത്താണ് ചാര്‍ജ് ഈടാക്കുന്നത്.
ഏത് താരം കാമറയാണ് ഉപയോഗിക്കുന്നത്. ഏതെല്ലാം ആംഗിളില്‍ പ്രവര്‍ത്തിപ്പിക്കും, എത്ര ക്യാമറകളുണ്ടാകും, വീഡിയോയുടെ സ്‌റ്റൈല്‍ എങ്ങനെയായിരിക്കണം തുടങ്ങി വധൂവരന്മാര്‍ക്ക് അവശ്യം സാങ്കേതിക പരിജ്ഞാനവും വീഡിയോ ടീം നല്‍കുന്നു.പണ്ടത്തെപ്പോലെ വിവാഹദിവസം മാത്രമല്ല വീഡിയോ ഷൂട്ട് നടക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഷൂട്ട് നടത്തും. ബീച്ച്, പഴയ തറവാടുകള്‍, ഹരിതാഭ നിറഞ്ഞ ഇടങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ഷൂട്ടിനായി തെരഞ്ഞെടുക്കുന്നു. പേരെ വെഡ്ഡിംഗ് ഷൂട്ട് എന്നാണ് ഇതറിയപ്പെടുന്നത്. ഇത് കൂടാതെ വിവാഹ ദിവസവും വിവാഹം കഴിഞ്ഞും ഷൂട്ട് ഉണ്ട്. പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് എന്നാണ് അതറിയപ്പെടുന്നത്.
”മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആളുകള്‍ക്ക് വെഡ്ഡിംഗ് വീഡിയോഗ്രാഫിയോടു താല്‍പര്യം വര്‍ധിച്ചു വരികയാണ്. ഫോട്ടോഗ്രാഫിയില്‍ കാന്‍ഡിഡ് ആവശ്യപ്പെടുന്നത് പോലെ വീഡിയോഗ്രാഫിയില്‍ റിയലിസ്റ്റിക്ക് വീഡിയോകള്‍ക്കാണ് താല്‍പര്യം.ഒരു മാറ്റത്തിന് സിനിമ ഡയലോഗുകള്‍ ചേര്‍ത്തും ട്രോള്‍ രീതിയിലുമൊക്കെ വീഡിയോകള്‍ ചെയ്യുന്നവരുണ്ട്.
ചിലര്‍ വീഡിയോയിലൂടെ തങ്ങളുടെ പ്രണയകഥ പറയുന്നു, വേറെ ചിലര്‍ സമൂഹത്തിന് ഒരു സന്ദേശം നല്‍കുന്നു. എങ്ങനെയായാലും മൂന്നോ നാലോ ദിവസത്തെ ഷൂട്ട് ഉണ്ടായിരിക്കും. ഷോര്‍ട്ട്ഫിലിം ആണോ എന്ന് തോന്നിപ്പിക്കുന്ന വിവാഹ വീഡിയോകള്‍ വരെയുണ്ട്. അഞ്ചു മിനിട്ടാണ് ശരാശരി ദൈര്‍ഘ്യം. സമയം കൂടും തോറും ചാര്ജും കൂടും. ആളുകള്‍ക്ക് ഇപ്പോള്‍ ഷോര്‍ട്ട് ആന്‍ഡ് സിംപിള്‍ എന്ന ആശയത്തോടാണ് താല്‍പര്യം” കഴിഞ്ഞ നാല് വര്‍ഷമായി ന്യൂജെന്‍ വെഡ്ഡിംഗ് വീഡിയോഗ്രഫി രംഗത്തുള്ള പ്രവീണ്‍ പറയുന്നു.
സേവ് ദ ഡേറ്റ് നിര്‍ബന്ധം
കല്യാണക്കുറിയടിക്കാനും ക്ഷണിക്കാനായി വീടുകള്‍ കയറിയിറങ്ങാനുമൊക്കെ ആര്‍ക്കാണ് സമയമുള്ളത് ? ഇപ്പോള്‍ ഡിജിറ്റല്‍ മീഡിയയുടെ കാലമല്ലേ ? വിവാഹത്തിന്റെ തീയതി എല്ലാവരെയും ഓര്‍മപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ ഒരു സേവ് ദി ഡേറ്റ് വീഡിയോ ചെയ്യതാല്‍ സംഗതി എളുപ്പം. ഇതിനും വ്യത്യസ്തമായ തീമുകള്‍ ഉണ്ട്. മാട്രിമണി സൈറ്റ് നോക്കി പെണ്ണിനെ കണ്ടെത്തുന്നത് തുടങ്ങി, ടെലിഷോപ്പിംഗ് രീതിയില്‍ വരെ സേവ് ദി ഡേറ്റ് വീഡിയോകള്‍ ചെയ്തിരിക്കുന്നു.
യൂട്യൂബില്‍ ഒന്ന് നോക്കിയാല്‍ കാണം ഇത്തരത്തില്‍ ആയിരക്കണക്കിന് വീഡിയോകള്‍.പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയും സിനിമാപ്പാട്ടിന്റെ പശ്ചാത്തലത്തിലുമൊക്കെ ഇത്തരം വീഡിയോകള്‍ ചെയ്യുന്നു. ഇന്നത്തെ വിവാഹങ്ങളിലെ അവിഭാജ്യഘടകമാണ് സേവ് ദി ഡേറ്റ്. കല്യാണത്തിനു മുന്‍പ് ഷൂട്ട് ചെയ്യുന്ന, അഞ്ചു മിനിറ്റൊക്കെ നീളുന്ന ‘സേവ് ദി ഡേറ്റ്’ വീഡിയോകള്‍ പലതും യു ട്യൂബിലും ഫെയ്‌സ്ബുക്കിലും ഹിറ്റാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് പങ്കു വയ്ക്കുക കൂടി ചെയ്യുന്നതോടെ ഇന്നത്തെ ന്യൂജെന്‍ ദമ്പതികളില്‍ പലരും സെലിബ്രിറ്റികളുമായി മാറിക്കഴിഞ്ഞു.
യഥാര്‍ത്ഥ വീഡിയോക്ക് മുന്‍പ് ഒരു ടീസര്‍
യഥാര്‍ത്ഥ വെഡ്ഡിംഗ് വീഡിയോ റിലീസ് ചെയ്യുന്നതിന് മുന്‍പായി ഒരു ടീസര്‍ ഇറക്കുക എന്നൊരു പതിവ് കൂടിയുണ്ട്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ ഇറങ്ങുന്നതിനു മുന്‍പായി ട്രെയ്‌ലര്‍ ഇറങ്ങുന്നത് പോലെ തന്നെ. വിവാഹദിനത്തിലെ പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ ഹൈലൈറ്റ് ടീസര്‍ ചെയ്യുന്നത്. ഇനി ഇപ്പോള്‍ ദൈര്‍ഘ്യം കൂടുതലുളള വീഡിയോ കാണാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഈ വിവാഹ ടീസര്‍ കാണാം.
ഏറ്റവും മികച്ച ദൃശ്യങ്ങള്‍, മനോഹരമായ മുഹൂര്‍ത്തങ്ങള്‍, വരനും വധുവും തമ്മില്‍ കൈമാറുന്ന നോട്ടങ്ങള്‍, പ്രധാനപ്പെട്ട ചടങ്ങുകള്‍ എന്നിവ ഉള്‍പ്പെടുത്തി രണ്ടോ മൂന്നോ മിനുട്ടില്‍ ടീസര്‍ ഒരുക്കുന്നു. പ്ലേ വിവാഹവീഡിയോകളുടെയും പ്രധാന ആകര്‍ഷണം ഇത് തന്നെയാണ്. ഇത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്‌സാപ്പിലോ ഫേസ്ബുക്ക് മെസഞ്ചറിലോ അയച്ചുകൊടുക്കാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും വേണ്ടിയുള്ളതാണ്.
വ്യത്യസ്തം ഈ ഔട്ട്‌ഡോര്‍ ഷൂട്ട്
വിവാഹ വീഡിയോ ചെയ്യുന്ന അതെ തീമിന്റെ തുടര്‍ച്ചയായിരിക്കും ഔട്ട് ഡോര്‍ ഷൂട്ട്. പഴയ തറവാടുകള്‍, കല്‍പ്പടവുകള്‍ ഉള്ള കോവിലകങ്ങള്‍ , ഇല്ലങ്ങള്‍ തുടങ്ങി മലയാളിയുടെ നൊസ്റ്റാള്‍ജിയ തൊട്ടുണര്‍ത്തുന്ന രീതിയിലുള്ള സ്ഥലങ്ങളിലായിരിക്കും ഇത്തരം ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍. ബീച്ചുകള്‍, കെട്ടുവള്ളങ്ങള്‍ എന്നിവയും ഔട്ട് ഡോര്‍ വീഡിയോകള്‍ക്കായി തെരഞ്ഞെടുക്കുന്നു. പാചകം, വാചകം തുടങ്ങി വധൂവരന്മാരുടെ ഒരു ദിവസം മുഴുവന്‍ പ്രണയാര്‍ദ്രമായി തന്നെ വീഡിയോയില്‍ പകര്‍ത്തുന്നു.
ഇതിനുള്ള ചെലവുകള്‍ ഒന്നും വീഡിയോഗ്രഫി ടീമിന് നല്‍കുന്ന തുകയില്‍ ഉള്‍പ്പെടില്ല. ഓരോ ഷൂട്ടിന് മുന്‍പാണ് മേക്കപ്പ്, തെരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ വാടക, യാത്രാച്ചെലവുകള്‍ തുടങ്ങിയവയെല്ലാം തന്നെ ദമ്പതിമാര്‍ വഹിക്കണം. ഫോട്ടോഗ്രാഫിയില്‍ കാന്‍ഡിഡ് രീതിയോടാണ് താല്‍പര്യം. സ്വാഭാവികമായ ചിരിയും ഭാവവും കിട്ടുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ദമ്പതികള്‍ക്കു വേണ്ടത്.
വിവാഹ വീഡിയോക്ക് പിന്നിലെ സാമ്പത്തിക കണക്കുകള്‍
സംഭവം ഇത്തരത്തില്‍ വ്യത്യസ്തമായി ഷൂട്ട് ചെയ്തു വരുമ്പോള്‍ വിവാഹ വീഡിയോ ഗംഭീരമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അതിനായി ചെലവിടുന്ന തുകയിലാണ് കാര്യം. പത്തു വര്‍ഷം മുന്‍പ് വരെ പരമാവധി 20000 രൂപ കയ്യിലുണ്ടെങ്കില്‍ അത്യാവശ്യം നല്ലരീതിയില്‍ വീഡിയോഗ്രഫി അക്കാലത്തെ ട്രെന്റിന് അനുസരിച്ചു ചെയ്യാം.
എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. 60000 രൂപ മുതല്‍ക്കാണ് വീഡിയോഗ്രഫിയും ഫോട്ടോഗ്രാഫിയും കൂടിയുള്ള പാക്കേജ് ആരംഭിക്കുന്നത്. പണ്ട് സാധാരണ കാമറകള്‍ മാത്രം ഉപയോഗിച്ചിരുന്നപ്പോള്‍ ഇന്ന് ഡ്രോണുകളാണ് പല ഷോട്ടുകള്‍ക്കും സഹായിയാകുന്നത്. അപ്പോള്‍ ചെലവ് വര്‍ധിക്കും. വീഡിയോഗ്രാഫി ടീമില്‍ തന്നെ അഞ്ചോ ആരോ ആളുകള്‍ ഉണ്ടായിരിക്കും.
തുടര്‍ച്ചയായ ചര്‍ച്ചകള്‍, ആശയ രൂപീകരണം, ലൊക്കേഷന്‍ കണ്ടെത്തല്‍ തുടങ്ങി മൂന്നോ നാലോ ദിവസത്തെ അധ്വാനത്തിന്റെ ഫലമാണ് വിവാഹ വീഡിയോ എന്നതിനാല്‍ അതിനൊത്തുള്ള തുക തന്നെ ഈടാക്കുന്നുണ്ട് വീഡിയോഗ്രാഫര്‍മാര്‍. ഉപയോഗിക്കുന്ന കാമറയുടെ എണ്ണവും ഒരു വിഷയമാണ്. വിവാഹവീഡിയോഗ്രാഫിയില്‍ മാത്രം സ്‌പെഷ്യലൈസ്സ് ചെയ്യുന്ന നിരവധിപ്പേര്‍ സ്വന്തം സ്ഥാപനം ആരംഭിച്ചു കഴിഞ്ഞു.
മനുഷ്യര്‍ ഉള്ള കാലം വരെ വിവാഹങ്ങളും ഉണ്ടാകുമെന്നതിനാല്‍ ഈ രംഗത്ത് നിക്ഷേപം നടത്താന്‍ ആര്‍ക്കും ഒരു മടിയുമില്ല. മൂന്ന് മുതല്‍ മൂന്നര ലക്ഷം രൂപ വരെ വീഡിയോക്കായി ചെലവാക്കിയവരുമുണ്ട്. വിവാഹത്തെക്കാള്‍ കേമമാകണം വിവാഹ വീഡിയോ എന്ന രീതിയാണ് പലര്‍ക്കും. ആ അച്ഛക്കൊത്ത് നീങ്ങുമ്പോള്‍ വിവാഹവീഡിയോഗ്രഫി മേഖലയില്‍ പണക്കിലുക്കം വര്‍ധിക്കുന്നു.