Agri

കാര്‍ഷിക രംഗത്തിന് താങ്ങായി കൃഷികര്‍ണ

കാര്‍ഷിക സംരംഭകര്‍ക്ക് സുസ്ഥിരത കൈവരിക്കാനും ഭക്ഷ്യോല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും സാമ്പത്തിക സുസ്ഥിരതയുള്ള ഗ്രാമങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടി സൊസൈറ്റിയും (SAHS) സസ്റ്റൈനബിള്‍ ഫൗണ്ടേഷനും (SF) സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ കൃഷികര്‍ണ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉത്ഘാടനം ചെയ്തു

കഴിഞ്ഞ 16 വര്‍ഷമായി സാമൂഹിക പ്രസക്തിയുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടി സൊസൈറ്റി (SAHS) കാര്‍ഷിക വൃത്തി, പ്രകൃതി സംരക്ഷണം മുതലായ മേഖലയില്‍ പുരോഗമനപരമായ പദ്ധതികള്‍ തുടര്‍ന്നും നടപ്പിലാക്കുന്നതിന്റെ ഭാഗമായി സസ്റ്റൈനബിള്‍ ഫൗണ്ടേഷനുമായി കൈകോര്‍ത്ത് ഒരു പുതിയ ഉദ്യമത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. കൂടുതല്‍ കാര്‍ഷിക സംരംഭകരെ സൃഷ്ടിച്ച് പഴം പച്ചക്കറി ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സുസ്ഥിരതയും സ്വയം പര്യാപ്തതയും കൈവരിക്കുകയും ഇന്ത്യയുടെ ഗ്രാമങ്ങളില്‍ സാമ്പത്തിക ഭദ്രത ഊട്ടിയുറപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Advertisement


എക്കാലവും കൃഷിക്ക് പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുണ്ട്. കാലാവസ്ഥാ വ്യതിയാനം, മണ്ണിടിച്ചില്‍, വെള്ളത്തിന്റെ ലഭ്യതക്കുറവ് തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് പ്രത്യക്ഷത്തിലും പരോക്ഷത്തിലും കൃഷിയില്‍ വന്ന ഏറ്റക്കുറച്ചിലുകള്‍ കാരണമാകുന്നുണ്ട്. അതിനാല്‍ തന്നെയാണ് ഒട്ടുമിക്ക കാര്‍ഷിക വിദഗ്ധരും ഈ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഊന്നിയൂന്നി പറയുന്നതും. കാര്‍ഷിക രംഗത്ത് സുസ്ഥിരമല്ലാത്ത കൃഷി രീതികള്‍ അവലംബിക്കുകയാണെങ്കില്‍ അത് പല രീതിയിലുള്ള ആഘാതങ്ങള്‍ ജീവരാശിയിലും അന്തരീക്ഷത്തിലും ഉണ്ടാക്കും. കാലാവസ്ഥാ വ്യതിയാനവും അതിനോടനുബന്ധിച്ചുണ്ടാകുന്ന ദുരന്തങ്ങളും ഒഴിവാക്കുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന് സുസ്ഥിരമായ രീതിയിലുള്ള ഭക്ഷ്യോത്പാദനമാണ്.


സുസ്ഥിരമായ ഭക്ഷ്യോത്പാദനത്തിലൂടെ മനുഷ്യന്റെയും പ്രകൃതിയുടെയും സുസ്ഥിരമായ നിലനില്‍പ്പ് കൂടിയാണ് യാഥാര്‍ഥ്യമാകുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് തന്നെ ജനസംഖ്യാ വര്‍ധനവിന് അനുസൃതമായി എല്ലാവര്‍ക്കും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ സുസ്ഥിരമായ കാര്‍ഷികവൃത്തിയിലൂടെ കഴിയും. ഈ തത്വത്തില്‍ അധിഷ്ഠിതമായാണ് കൃഷികര്‍ണ എന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ളതും രാസകീടനാശികളോ മറ്റ് മായമോ ചേര്‍ക്കാതെ ഉല്‍പ്പാദിപ്പിച്ചെടുത്തതുമായ പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ഓരോ ജനതയുടെയും ആഹാരത്തിന്റെ ഭാഗമാക്കുക എന്നതാണ് കൃഷികര്‍ണ ലക്ഷ്യമിടുന്നത്.

കാര്‍ഷിക സംരംഭകര്‍ക്കായി കൃഷികര്‍ണ

കൃഷികര്‍ണ സംരംഭകര്‍ക്ക് ധൈര്യസമേതം കൃഷിമേഖലയില്‍ മുതല്‍ മുടക്കാന്‍ വേണ്ട സാഹചര്യം ഒരുക്കി കൊടുക്കുന്നു. സാമ്പ്രദായിക രീതികള്‍ക്ക് പുറമേ, ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് മികച്ച വിളവ് ലഭിക്കാനും ജലം പോലെയുള്ള വിഭവങ്ങളുടെ സമര്‍ത്ഥമായ ഉപയോഗത്തിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കൃഷികര്‍ണ പദ്ധതിയിലൂടെ സാധിക്കുന്നു. കൃഷിയിലും അനുബന്ധ മേഖലയിലും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനും ഈ മേഖലയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും വേണ്ട വിദഗ്‌ധോപദേശങ്ങളും സാങ്കേതിക സഹായങ്ങളും നല്‍കുക എ ന്നത് കൃഷികര്‍ണയുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് മുതല്‍ വിളവെടുപ്പ് വരെയും, വിളകളുടെ പാക്കിംഗ് മുതല്‍ വിപണനം വരെയുമുള്ള പ്രവര്‍ത്തികള്‍ക്ക് മുഴുനീള പിന്തുണ നല്‍കിക്കൊണ്ട് സംരംഭകരുടെ നഷ്ടസാധ്യതകള്‍ കുറയ്ക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കര്‍ഷകര്‍ക്ക് സ്ഥിരതയുള്ള വരുമാനം ഉറപ്പു വരുത്തുന്നതിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനം സാധ്യമാക്കുക എന്ന ഉദ്ദേശ ലക്ഷ്യം കൂടി കൃഷികര്‍ണയ്ക്കുണ്ട്.

സംരംഭകര്‍ക്കുള്ള നേട്ടങ്ങള്‍

 • പരിശീലനം മുതല്‍ വിപണനം വരെയുള്ള സേവനങ്ങള്‍
 • പ്രവര്‍ത്തന സജ്ജമായ ഹൈടെക് യൂണിറ്റുകള്‍
 • കാര്‍ഷിക മേഖലയിലെ വിദഗ്ധരുടെ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
 • വിഷ – രാസവസ്തു വിമുക്ത ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം
 • വിളകള്‍ക്ക് മാന്യമായ വില
 • വിപണനത്തിനും ബ്രാന്‍ഡിങ്ങിനും വേണ്ട പിന്തുണ
 • ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കാനുള്ള അവസരം

നിര്‍വ്വഹണം

സ്ത്രീ സംരംഭകര്‍ക്ക് മുന്‍ഗണന

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ / സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, കാര്‍ഷിക കൂട്ടായ്മകള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് കൃഷികര്‍ണ പദ്ധതി നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ സംസ്ഥാനത്തുടനീളം പരിശീലന കളരികളിലൂടെ കൃഷികര്‍ണയെ കുറിച്ചുള്ള അവബോധം വളര്‍ത്താനും സംരംഭകരെ മുഴുവന്‍ ഒരു പ്ലാറ്റ് ഫോമിലേക്ക് എത്തിക്കാനും ലക്ഷ്യം വെക്കുന്നു.

കൃഷികര്‍ണ പ്രാവര്‍ത്തികമാക്കുന്നത് എങ്ങനെ ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, സൊസൈറ്റികള്‍, എന്‍. ജി. ഓ കള്‍, കാര്‍ഷിക SHG കള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാദേശിക തലത്തില്‍ 5 യൂണിറ്റുകള്‍ ചേര്‍ന്ന ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും, ഇത്തരം നാലോ അഞ്ചോ ഗ്രൂപ്പുകള്‍ ചേര്‍ന്ന ക്ലസ്റ്ററുകള്‍ രൂപീകരിക്കുകയും ചെയ്യുന്നു. ഓരോ ക്ലസ്റ്ററിലും ഒരു കൃഷികര്‍ണ കേന്ദ്രം കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സമാഹാരിക്കുകയും വിവിധ വിപണന കേന്ദ്രങ്ങള്‍ വഴി വില്പന നടത്തുകയും ചെയ്യുന്നു. കൃഷികര്‍ണ കേന്ദ്രങ്ങള്‍ വഴി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും കൂടി ലക്ഷ്യമിടുന്നുണ്ട്.കാര്‍ഷിക വിളകളുടെ ശേഖരണം, സംഭരണം, പാക്കിംഗ്, ലോജിസ്റ്റിക്‌സ്, മൂല്യവര്‍ധനവ് തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക പരിശീലനവും നല്‍കുന്നു.

കൃഷികര്‍ണയും അഗ്രി സ്റ്റാര്‍ട്ടപ്പുകളും

അഗ്രി ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങളാണ് കൃഷികര്‍ണ തുറന്നു നല്‍കുന്നത്. കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികമായ പരിഹാരം കാണുന്നതിനും അതിലൂടെ സംരംഭകരംഗത്ത് മുന്നേറുന്നതിനും ഉതകുന്ന മികച്ച അവസരമാണ് അഗ്രി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ലഭിക്കുന്നത്. കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ മികച്ച കാര്‍ഷിക സാങ്കേതിക വിദ്യകള്‍ വിപണിയിലെത്തിക്കുന്ന സംരംഭങ്ങള്‍ക്ക് തങ്ങളുടെ കണ്ടുപിടുത്തം ജനകീയമാക്കുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്.അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലൂടെ കൃഷിയെ ആകര്‍ഷകമായ ഒരു രംഗമാക്കി മാറ്റുന്നതിനുള്ള അവസരം ഓരോ സ്റ്റാര്‍ട്ടപ്പ് സംരംഭകനും ലഭിക്കുന്നു.

കൃഷികര്‍ണ – CSR തുകയുടെ നിര്‍വഹണത്തിന്

കൃഷികര്‍ണയിലൂടെ വലിയ കമ്പനികള്‍ക്കും ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള വ്യക്തികള്‍ക്കും തങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ നിശ്ചിത ശതമാനം സാമൂഹിക പ്രസക്തിയുള്ള പദ്ധതികളുടെ നടത്തിപ്പിനായി ചെലവാക്കാനുള്ള അവസരം കൂടി നല്കപ്പെടുന്നുണ്ട്. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി കൃഷികര്‍ണ പദ്ധതിയിലൂടെ കൃഷി സംരംഭകത്വ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. വ്യക്തികള്‍ക്കോ കൂട്ടായ്മകള്‍ക്കോ കൃഷിയിലൂടെ മികച്ച വരുമാനം ഉറപ്പ് വരുത്താന്‍ തങ്ങളുടെ സി. എസ്. ആര്‍. തുക നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കമ്പനികള്‍ക്ക് മികച്ച അവസരമാണ് ലഭിക്കുന്നത്.

ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കൃഷികര്‍ണയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, വിശപ്പ് രഹിത ലോകം, കാലാവസ്ഥ സന്തുലനം എന്നിവയില്‍ വ്യക്തമായ പ്രഭാവം സൃഷ്ടിക്കാന്‍ കൂടിയാണ് കൃഷികര്‍ണ നടപ്പിലാക്കുന്നത്. കാര്‍ഷിക മേഖലയില്‍ നിക്ഷേപവും അത് വഴി ഉല്‍പ്പാദനവും വര്ധിപ്പിക്കുക എന്നതാണ് ഇതിനു ഏറ്റവും നല്ല മാര്‍ഗം. കര്‍ഷകരുടെ കൂട്ടായ്മകള്‍ അടിസ്ഥാനമാക്കിയുള്ള സംഘങ്ങളിലൂടെ സുസ്ഥിര കൃഷിരീതികള്‍ നടപ്പിലാക്കി മാതൃകാ ഗ്രാമങ്ങള്‍ വാര്‍ത്തെടുക്കാനും ഇവയെ രാജ്യത്തുടനീളം പകര്‍ത്താനും കൃഷികര്‍ണ ലക്ഷ്യം വെക്കുന്നു.

കൃഷികര്‍ണയും പ്രകൃതിയും

ഇന്ന് പല കാര്‍ഷിക സംരംഭങ്ങളും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് കാലാവസ്ഥാ വ്യതിയാനം. കൃഷികര്‍ണ പ്രകൃതിക്ക് പൂര്‍ണമായും യോജിക്കുന്ന രീതിയിലുള്ള കാര്‍ഷിക സമ്പ്രദായങ്ങള്‍ക്ക് മാത്രമാണ് മുന്‍തൂക്കം നല്‍കുന്നത്. പ്രകൃതിക്ക് ദോഷകരമല്ലാത്ത, സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി ഭക്ഷ്യോത്പാദനം, മൃഗപരിപാലനം എന്നിവ നടപ്പിലാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

സുസ്ഥിര വികസനത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ തന്നെ റീസൈക്ലിംഗ് രീതികള്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നു. കാര്‍ഷിക മാലിന്യങ്ങള്‍, മൃഗപരിപാലനത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ എന്നിവ കൃത്യമായ രീതിയില്‍ സംസ്‌കരിച്ച് ജൈവവളങ്ങള്‍ നിര്‍മിക്കുന്നതിനായുള്ള പരിശീലനം പദ്ധതിയിലൂടെ ലഭിക്കുന്നു. ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നു. മഴവെള്ള സംഭരണത്തിന് പ്രാധാന്യം നല്‍കുകയും മഴവെള്ള സംഭരണികളുടെ നിര്‍മാണത്തിലൂടെ കര്‍ഷകന് ഏറ്റവും മികച്ച ജലസ്രോതസ്സ് പരിചയപ്പെടുത്തുകയും ചെയ്യുന്നു.

ഇതോടൊപ്പം കൃഷികര്‍ണ, മണ്ണില്ലാകൃഷി രീതിക്കും പ്രാധാന്യം നല്‍കുന്നു. 10% വെള്ളം മാത്രമുപയോഗിച്ചാണ് ഈ കൃഷി രീതി പ്രാവര്‍ത്തികമാക്കുന്നത്. ഇതിലൂടെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പച്ചക്കറി കൃഷി ചെയ്‌തെടുക്കാനും കഴിയുന്നു. മാത്രമല്ല കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനും ഇത് സഹായകമാണ്. വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ തീര്‍ത്ത് കൃഷി ചെയ്യാം എന്നതിനാല്‍ കുറഞ്ഞ സ്ഥലത്ത് നിന്ന് തന്നെ കൂടുതല്‍ ഉല്‍പ്പാദനം സാധ്യമാണ് എന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്. മണ്ണില്ലാ കൃഷിക്കായി സൗരോര്‍ജ്ജം വിനിയോഗിക്കുന്നതിലൂടെ ഊര്‍ജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിലും, തേനീച്ചകളുടെ സഹായത്തോടെ ജൈവവൈവിധ്യം സൃഷ്ടിക്കുന്നതിലും കൃഷികര്‍ണ ശ്രദ്ധ ചെലുത്തുന്നു.

അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകള്‍

ബിഗ് ഡാറ്റ : കാര്‍ഷികരംഗത്തും മണ്ണിന്റെ ഫലഭൂയിഷ്ഠി പരിശോധിക്കുന്നതിലും എല്ലാം തന്നെ ഏറെ ശ്രദ്ധ പതിയേണ്ട മേഖലയാണ് ഇത്. ഡ്രോണുകളും മറ്റും ഉപയോഗിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ കൃഷിഭൂമിയില്‍ നിന്നും ഡാറ്റ ശേഖരിക്കുന്നു. കാര്‍ഷികരംഗത്തെ ഡാറ്റ, കാലാവസ്ഥാ സംബന്ധമായ ഡാറ്റ, മണ്ണിനെ സംബന്ധിക്കുന്ന ഡാറ്റ എന്നിവയെല്ലാം തന്നെ ഒരേ പോലെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.

മാര്‍ക്കറ്റ് ലിങ്കേജ് മോഡലുകള്‍ : കൃത്യവും കാര്യക്ഷമവുമായ രീതിയില്‍ വിളവെടുപ്പിന്റെ വിശദാംശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന സാങ്കേതിക വിദ്യ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

ഐഒറ്റി ഫോര്‍ ഫാര്‍മേഴ്സ് : സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ കാര്‍ഷികരീതികള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഹൈ പ്രിസിഷന്‍ ക്രോപ് കണ്‍ട്രോള്‍ , ഓട്ടോമേറ്റഡ് ഫാമിംഗ് സാങ്കേതികത , എന്നിവ കാര്‍ഷിക രംഗത്ത് ഏറെ നിര്‍ണായകമാണ്.അത് പോലെ തന്നെ വിളവെടുപ്പ് , മഴ ,കീടാണു നിയന്ത്രണം, മണ്ണിന്റെ ഫലഭൂയിഷ്ഠി തുടങ്ങിയ കാര്യങ്ങളില്‍ ലഭ്യമാക്കുന്ന സാങ്കേതിക നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകും.

അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ സജ്ജമാകണം ?

 • മണ്ണിലെ ന്യൂടിയന്റ്‌സ്, മൈക്രോ ന്യൂടിയന്റ്‌സ് എന്നിവ ദ്രുത ഗതിയില്‍ പരിശോധിക്കുന്നതിനായി സെന്‍സര്‍ അടിസ്ഥാനമായുള്ള രീതികള്‍ വികസിപ്പിക്കണം
 • ഉല്‍പ്പാദകരെ വിപണിയുമായി ബന്ധിപ്പിക്കുന്നതിനായുള്ള ഇ – മാര്‍ക്കറ്റ് പ്‌ളേസുകള്‍ വികസിപ്പിക്കണം
 • ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, ഉരുളക്കിഴങ്ങ്, സവാള, തക്കാളി മുതലായവയ്ക്കായി ഉല്‍പ്പാദനവേളയില്‍ തന്നെ വില നിര്‍ണയ സാങ്കേതിക വിദ്യ വികസിപ്പിക്കണം
 • വിവിധങ്ങളായ സര്‍ക്കാര്‍ പദ്ധതികള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിനും അത് നടപ്പാക്കുന്നതിനുമായുള്ള നടപടികള്‍
 • മായം ചേര്‍ക്കുന്നത് കണ്ടെത്തുന്നതിനായുള്ള പുതു സാങ്കേതിക വിദ്യകള്‍
 • എത്രത്തോളം വിളവ് ലഭിക്കും എന്ന് മുന്‍കൂട്ടി അറിയുന്നതിനുള്ള സാങ്കേതികവിദ്യകള്‍
 • മൈക്രോ ന്യൂട്രിയന്റ്‌സ്, നല്ലയിനം വിത്തുകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കുക
 • കീട നിയന്ത്രണത്തിനായി കീട നാശിനികളും മറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനായുള്ള സാങ്കേതികതയുടെ വികസനം
 • കാര്‍ഷികോല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകളുടെ വികസനം

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം മുന്‍തൂക്കം നല്‍കിയാണ് ഒരു അഗ്രി സ്റ്റാര്‍ട്ടപ്പ് കൃഷി കര്‍ണയുടെ ഭാഗമായി മാറേണ്ടത്.

അതിനാല്‍ തന്നെ കൃഷി കര്‍ണ എല്ലാ അര്‍ത്ഥത്തിലും സമൂഹത്തില്‍ ആഴ്ന്നിറങ്ങും എന്ന പ്രതീക്ഷയിലാണ് ജനങ്ങളിലേക്ക് എത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8590421224

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top