നല്ല ബിസിനസ് ആശയം കൈവശമുള്ളത്‌കൊണ്ട് മാത്രം ഒരു വ്യക്തി മികച്ച സംരംഭകനാകില്ല. നല്ലൊരു സംരംഭകനാകണമെങ്കില്‍ ബിസിനസ് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം.
പലപ്പോഴും ലോണ്‍ എടുത്തും മറ്റും തുടങ്ങുന്ന ബിസിനസുകള്‍ പാതി വഴിയില്‍ നിന്നുപോകുന്നതായി കാണാറുണ്ട്. ഇതിനുള്ള പ്രധാനകാരണം ബിസിനസ് നടത്തിപ്പിലെ അമിത ചെലവുകളാണ്. അതിനാല്‍ സംരംഭം വിജയിക്കണമെങ്കില്‍ തുടക്കം മുതല്‍ക്ക് ഇത്തരം ചെലവുകള്‍ക്ക് നാം തടയിടണം.

കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷമായി സംസ്ഥാനത്ത് ശരവേഗത്തിലാണ് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴുന്നത്. കൃത്യമായ പ്ലാനിംഗ്, ആശയം എന്നിവയുടെ പിന്തുണയോടെ ആരംഭിച്ച പല സ്ഥാപനങ്ങളും വിജയത്തില്‍ എത്തുംമുമ്പ് തന്നെ പാതിവഴിയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു.
എന്തുകൊണ്ട് ഈ ബിസിനസുകള്‍ പരാജയപ്പെടുന്നു എന്നന്വേഷിച്ചാല്‍ വ്യക്തമാകുന്ന കാര്യം സാമ്പത്തികമായ ഭദ്രതക്കുറവാണ് എന്നതാണ്. ബിസിനസിന്റെ തുടക്കത്തില്‍ നിക്ഷേപമുണ്ട് എന്നതിനാല്‍ തന്നെ ചെലവഴിക്കുന്ന തുകക്ക് വ്യക്തമായൊരു കണക്കുണ്ടാകില്ല. സാവധാനം ഈ അധികച്ചെലവ് ഒരു ബാധ്യതയായി മാറുന്നു.

ചെലവിനൊത്ത വരുമാനം ഇല്ലാത്ത അവസ്ഥ വരുമ്പോള്‍ സ്ഥാപനം നിര്‍ത്തി മറ്റെന്തെങ്കിലും വരുമാനമുള്ള തൊഴില്‍ തേടാന്‍ യുവാക്കള്‍ നിര്‍ബന്ധിതരാകുന്നു. ഇത് കേരളത്തിലെ മാത്രം കാര്യമല്ല. ആഗോളതലത്തില്‍ത്തന്നെ അമിതചെലവ് ബിസിനസിലെ വില്ലനായി മാറുകയാണ്. നോക്കിയ, കൊഡാക്, വൂള്‍വര്‍ത്ത്, ബിഎച്ച്എസ്, എച്ച്എംവി തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകള്‍ അടച്ചു പൂട്ടുകയോ പൂട്ടാനൊരുങ്ങുകയോ ചെയ്യുന്നത് ഇതിനുള്ള ഉദാഹരണമാണ്.
അതിനാല്‍ എത്രയും വേഗത്തില്‍ ചെലവ് ചുരുക്കല്‍ നടപ്പാക്കുക എന്നതാണ് ഉചിതം. ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നതിനായി പല ആഗോള കമ്പനികളും അവരവരുടേതായ പോളിസികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും പിന്തുടരുകയോ, സ്വന്തമായി വികസിപ്പിച്ചെടുത്ത പദ്ധതികള്‍ നടപ്പാക്കുകയോ ചെയ്യാം. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോളതലത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ പിന്തുടരുന്ന ചില പദ്ധതികള്‍ നോക്കാം…
ചെലവുകളെ തരംതിരിക്കുക
ചെലവ് ചുരുക്കണമെങ്കില്‍ ആദ്യം ആ ചെലവ് ആവശ്യമോ അനാവശ്യമോ എന്ന് മനസിലാക്കണം. അതിനായി വരവ് ചെലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. ഒരു സ്ഥാപനത്തിന്റെ വരുമാനത്തില്‍ നിന്നുള്ള ചെലവും അതില്‍ നിന്നുണ്ടാകുന്ന പ്രയോജനങ്ങളും തമ്മില്‍ തട്ടിച്ചുനോക്കി ചെലവുകള്‍ ഒഴിച്ചുകൂടാനാകാത്തത്, കാര്യക്ഷമമല്ലാത്തത്, മൂല്യവര്‍ധനയുണ്ടാക്കാത്തവ, ഒഴിവാക്കേണ്ടത് എന്നിങ്ങനെ പലതായി തിരിക്കണം. അതിനുശേഷം ഒഴിവാക്കേണ്ട കാര്യങ്ങളെ ഒഴിവാക്കണം.

ഉദാഹരണമായി പറഞ്ഞാല്‍ ഒരു സ്ഥാപനത്തികത്ത് ഒരു തൊഴിലാളി കൂടുതല്‍ സമയം നിന്ന് ജോലി ചെയ്താല്‍ ഒറ്റനോട്ടത്തില്‍ ലാഭമുണ്ടാകും എന്ന് തോന്നും. എന്നാല്‍ ആ തൊഴിലാളിക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി ചെലവഴിക്കുന്ന വൈദ്യുതിബില്‍ മാത്രം മതി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ലാഭമോ നഷ്ടമോ എന്നുറപ്പിക്കാന്‍. അതിനാല്‍ ഓരോ ചെലവ് എഴുതി റെക്കോര്‍ഡ് ആയി സൂക്ഷിക്കുക. ശമ്പളം, അസംസ്‌കൃത വസ്തുക്കളുടെ വില, എനര്‍ജി കോസ്റ്റ് തുടങ്ങിയവ കാലാനുസൃതമായി കൂടും. ചെലവ് വരുമാനത്തേക്കാള്‍ കൂടുമ്പോള്‍ ലാഭം അപ്രത്യക്ഷമാകും. അതിനാല്‍ ഈ അവസ്ഥ ഒഴിവാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക.

ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കുക
വരുമാനം എത്ര വര്‍ധിച്ചാലും ചെലവ് ഒരു നിശ്ചിത പരിധിയില്‍ ഒതുങ്ങണം എന്നുറപ്പിക്കുക. ഇതില്‍ ഉല്‍പ്പാദനച്ചെലവ്, ശമ്പളം, ബോണസ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തണം. ചെലവ് ചുരുക്കല്‍ രണ്ട് രീതിയിലുണ്ട്. വളരെ പ്രകടമായ അമിതച്ചെലവുകള്‍ ഒഴിവാക്കിയും തുകയുടെ ഭൂരിഭാഗവും വിനിയോഗിക്കേണ്ടി വരുന്ന ചെലവുകള്‍ നിയന്ത്രിച്ചും ചെലവ് കുറയ്ക്കാം. ഇതില്‍ ഏത് മോഡലാണ് തന്റെ സ്ഥാപനത്തിന് അനിവാര്യമെന്ന് ഉറപ്പിക്കുക.

ആവശ്യമെങ്കില്‍ ബിസിനസ് മോഡലിലോ ഉല്‍പ്പന്നത്തിന്റെയോ സ്ഥാപനത്തിന്റെയോ ഘടനയില്‍ തന്നെ മാറ്റം വരുത്തിക്കൊണ്ട് ചെലവ് നിയന്ത്രണമാകാം. മാത്രമല്ല, വേസ്റ്റേജ് കുറയ്ക്കാന്‍ ആദ്യം എത്രശതമാനം വരെ വേസ്റ്റേജ് അനുവദനീയമാണ് എന്ന് നിശ്ചയിക്കുക. അതില്‍ ഉറച്ചുനില്‍ക്കുക. ചെലവ് നിയന്ത്രണ മാര്‍ഗരേഖയ്ക്ക് രൂപം നല്‍കുക എന്നതും പ്രധാനമാണ്. ഉപഭോഗം കുറയ്ക്കുക/ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര സമീപനമാന് ഈ മേഖലയില്‍ ആവശ്യം.
ബ്രേക്ക് ഇവന്‍ പിരീഡില്‍ ഉറച്ചു നില്‍ക്കുക
സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, വിജയിക്കുന്നതിനായി ഒരു കട്ട് ഓഫ് പിരീഡ് നിര്‍ബന്ധമാണ്. അത് തുടക്കം മുതല്‍ക്ക് ഉറപ്പിക്കുക. കൃത്യമായ കാലങ്ങളില്‍ ബിസിനസിന്റെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തിയ പഠനം നടത്തി അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹോട്ടല്‍, സിനിമ, ടെക്സ്റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ്, ട്രാവല്‍, ടൂറിസം, വൈറ്റ് ഗുഡ്സ്, കോണ്‍ഫറന്‍സ്, പബ്ലിഷിംഗ്, ഹൗസ് ബോട്ട്സ്, സര്‍വീസ് ഔട്ട്ലെറ്റ്സ് തുടങ്ങി ഒട്ടുമിക്ക ബിസിനസ് മേഖലകളും നഷ്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

ഇത് മനസിലാക്കി അതിനനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക. കറന്‍സി പിന്‍വലിക്കല്‍, സാമ്പത്തികമാന്ദ്യം തുടങ്ങി ബിസിനസ് വളര്‍ച്ചയെ പിന്നോട്ട് വലിക്കുന്ന സന്ദര്‍ഭങ്ങളെ വിലയിരുത്തുക. തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കണം എന്നുറപ്പിക്കുക. ബിസിനസില്‍ നിന്നും ശ്രദ്ധ തിരിഞ്ഞു പോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം താല്‍പര്യം കുറയുമ്പോള്‍ ബ്രേക്ക് ഇവന്‍ പോയിന്റിലേക്കെത്താന്‍ കഴിയാതെ വരും.
മള്‍ട്ടി ടാസ്‌കിംഗ് പ്രയോജനപ്പെടുത്താം
എങ്ങനെ ചെലവ് ചുരുക്കാം എന്ന് ചിന്തിക്കുന്ന സംരംഭകരെല്ലാം ഒരേ പോലെ കയ്യടിക്കുന്ന കാര്യമാണ് മള്‍ട്ടി ടാസ്‌കിംഗ്. സമാന സ്വഭാവമുള്ള തൊഴില്‍ ചെയ്യുന്നതിനായി ഒരേ വ്യക്തിയെ തന്നെ വിനിയോഗിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മാത്രമല്ല, പല പ്രവൃത്തികള്‍ യോജിപ്പിച്ചുകൊണ്ടും (Combining) ഒരേസമയം പല പ്രവൃത്തികള്‍ (Multitasking) ചെയ്തുകൊണ്ടും സംരംഭത്തിനകത്ത് നേട്ടമുണ്ടാക്കാന്‍ സാധിക്കും. മള്‍ട്ടി ടാസ്‌കിംഗ് സ്‌കില്ലുള്ള തൊഴിലാളികളെയാണ് ഇന്ന് സ്ഥാപനങ്ങള്‍ ആഗ്രഹിക്കുന്നതും.

സമയലാഭം, ശമ്പളലാഭം, ഇന്ധനലാഭം തുടങ്ങി നിരവധി നേട്ടങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. മാനുഫാക്ച്ചറിംഗ് സ്ഥാപനങ്ങളുടെ കാര്യമെടുത്താല്‍ ഒരേ സമയം ഒരു പാട് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതും ലാഭകരമാണ്. പല ഉല്‍പ്പന്നങ്ങള്‍ ഒരേസമയം നിര്‍മിക്കുമ്പോള്‍ ആവറേജ് കോസ്റ്റില്‍ ചെലവുചുരുക്കല്‍ സാധ്യമാകുന്നു. ഒപ്പം പാഴ്ചെലവ് കുറയ്ക്കുക എന്നതും ഏറെ ശ്രദ്ധേയമാണ്. പ്രതിഫലം കിട്ടാത്ത ഏതു പ്രവൃത്തിയും പാഴ്ചെലവാണ്. കമ്പനിക്ക് ലാഭകരമല്ലാത്ത ഒരു തൊഴിലാളിയെ സ്ഥാപനത്തിനകത്ത് നിലനിര്‍ത്തുന്നത് ഇത്തരത്തില്‍ പാഴ്ചെലവാണ്.
ശരിയായ ആശയവിനിമയം
ശരിയായ ആശയവിനിമയത്തിന്റെ അഭാവമാണ് പല സ്ഥാപനങ്ങളുടെയും തകര്‍ച്ചക്ക് കാരണം. അതിനാല്‍ സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ
പോളിസികളും തൊഴിലാളികളുമായി ചര്‍ച്ച ചെയ്യുക. ചെലവ് ചുരുക്കലാണ് അനിവാര്യമെങ്കില്‍ അക്കാര്യവും തുറന്നു പറയുക. ഒരു സ്ഥാപനം വിജയത്തിലെത്തണമെങ്കില്‍, ജീവനക്കാരുടെ പിന്തുണ അത്യാവശ്യമാണ് എന്ന് മനസിലാക്കുക. സ്ഥാപനത്തെ വിജയത്തിലേക്ക് നയിക്കുന്നതില്‍ ഓരോ തൊഴിലാളികളുടെയും പങ്കെന്താണെന്ന് വ്യക്തമായും കൃത്യമായും അവരെ ധരിപ്പിക്കുക. സ്ഥാപനത്തിനകത്ത് ഗ്രൂപ്പിസം, രാഷ്ട്രീയം എന്നിവ വളരാന്‍ അനുവദിക്കരുത്.

എല്ലാ പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിന്റെ അപ്പുറത്താണ് അതിന്റെ പ്രാധാന്യം. സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക. ജീവനക്കാരില്‍ നിന്നും ആശയങ്ങള്‍ സ്വീകരിക്കുകയും, നടപ്പാക്കുകയും ചെയ്യുക. നേട്ടങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുക. അവരുടെ ദിനചര്യയുമായി ബന്ധപ്പെട്ടതായതിനാല്‍ ചെലവുചുരുക്കാനുള്ള മികച്ച വഴികള്‍ അവര്‍ക്കു നിര്‍ദേശിക്കാനാകും.
സ്ഥാപനത്തിന്റെ വളര്‍ച്ചയെ മുന്‍നിര്‍ത്തി മികച്ച ആശയങ്ങള്‍ പങ്കുവയ്ക്കുന്നവരെ കൂടെ നിര്‍ത്തുക. സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ പറയുന്നത് മാത്രമാണ് എക്കാലത്തും ശരിയായ കാര്യങ്ങള്‍ എന്ന്ചി ന്തിക്കാതിരിക്കുക.ആശയവിനിമയത്തിനായി ചെലവ് കുറഞ്ഞ സ്‌കൈപ്പ്, വാട്ട്സ്ആപ്പ്, ഇമെയ്ല്‍ പോലുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിതമായ ടൂളുകള്‍ ഉപയോഗിക്കുക.

ആവശ്യത്തിലധികം തൊഴിലാളികള്‍
സ്ഥാപനത്തിന്റെ നടത്തിപ്പിന് അനിവാര്യമായ തൊഴിലാളികളുടെ എണ്ണത്തെപ്പറ്റി ഒരു ധാരണയുണ്ടായിരിക്കണം. അനാവശ്യമായ തൊഴിലാളികളെ കമ്പനിയില്‍ നിന്നും ഒഴിവാക്കിയാല്‍ തന്നെ വലിയൊരു ബാധ്യതയൊഴിയും. എന്നാല്‍ ഇതിനു തയ്യാറാകുക എന്നതാണ് പ്രധാനം. മാത്രാമല്ല, സ്ഥാപനത്തിനകത്തെ എല്ലാ വിഭവങ്ങളും കൃത്യതയോടെ വിനിയോഗിക്കാനുള്ള മനസ്സ് കാണിക്കുകയും വേണം.
വിഭവങ്ങള്‍ പങ്കിടല്‍, വാങ്ങലിനു പകരം ലീസിനെടുക്കല്‍, ഔട്ട്സോഴ്സിംഗ്, പ്രകടനത്തിന് അനുസരിച്ചുള്ള വേതനം തുടങ്ങിയവ കൃത്യമായി നടപ്പാക്കണം. സ്ഥാപനത്തിലേക്ക് വാഹനങ്ങള്‍ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ലോണുകള്‍ എടുത്ത് വാഹനം വാങ്ങാതെ ലീസിനെടുക്കുകയോ സബ് കോണ്‍ട്രാക്റ്റ് എടുക്കുകയോ ചെയ്താല്‍ ചെലവുകുറയ്ക്കാം. സ്ഥാപനത്തിനകത്ത് ഓര്‍ഡര്‍ നടപ്പിലാക്കാനുള്ള കാലതാമസം കുറയ്ക്കുക.

ഇന്‍വോയ്സുകള്‍ വേഗത്തില്‍ നല്‍കുക. നിങ്ങളുടെ ബിസിനസ് കണ്‍സ്ട്രക്ഷന്‍ മേഖലയോ ഹോട്ടലോ ഏതുമാകട്ടെ ഓര്‍ഡറുകള്‍ കൃത്യമായി നടപ്പാക്കുന്നത് അമിതചെലവ് കുറയ്ക്കും. അതുപോലെ തന്നെ പ്രധാനമാണ് അനാവശ്യമായ യാത്രകള്‍, ചര്‍ച്ചകള്‍ എന്നിവ കുറക്കുക എന്നതും. ഇത് സമയലാഭവും ഇന്ധനലാഭവുമുണ്ടാക്കും. സൂര്യപ്രകാശം, ഉയരം, കാറ്റ്, മഴവെള്ളം, തണല്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങളെല്ലാം പരമാവധി ഉപയോഗപ്പെടുത്തുക. സ്വാഭാവിക പ്രകാശം മുറികള്‍ക്കുള്ളില്‍ ആവശ്യത്തിനുണ്ടെങ്കില്‍ പകല്‍ ലൈറ്റ് ഇടുന്നതുമൂലമുള്ള കറന്റ് ചാര്‍ജ് കുറയ്ക്കാം.
ഇടക്കിടക്ക് പുരോഗതി വിലയിരുത്തുക
പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത് കൊണ്ട് മാത്രം കാര്യമായില്ല. അത് കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പിക്കുകയും വേണം. ഇതിനായി ചെലവ് ചുരുക്കല്‍ പദ്ധതിയിലൂടെ ലക്ഷ്യമിട്ടതും യാഥാര്‍ത്ഥ്യമായതും തമ്മില്‍ താരതമ്യം ചെയ്യണം.
ഇത് കൃത്യമായ ഇടവേളകളില്‍ത്തന്നെ നടത്താന്‍ ശ്രമിക്കണം. പദ്ധതികള്‍ ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ പ്രസ്തുത പദ്ധതികളുമായി മുന്നോട്ട് പോകാം. അല്ല എങ്കില്‍ പദ്ധതിനടത്തിപ്പില്‍ നേരിട്ട വൈഷമ്യങ്ങള്‍
പരിശോധിച്ച് മനസിലാക്കണം. മാനദണ്ഡങ്ങളില്‍ പിഴവുകളുണ്ടെങ്കില്‍ അവ തിരുത്തുകയും ചെയ്യണം.
