Banking & Finance

പ്രാഥമിക സഹകരണ സംഘങ്ങളും ബാങ്കിങ് നിയന്ത്രണങ്ങളും

പ്രവര്‍ത്തന രംഗത്തെ വൈവിദ്ധ്യം മൂലവും ഭൂമിശാസ്ത്രപരമായ അസമത്വം മൂലവും സഹകരണ മേഖല സവിശേഷ സ്വഭാവം ആര്‍ജ്ജിക്കുന്നു. അവയില്‍ പലതും ഒരു ശാഖാശൃംഖലയുമില്ലാത്ത യൂണിറ്റ് ബാങ്കുകളാണെങ്കിലും, ചിലത് അസാധാരണമാം വിധം വലുതും ചിലതെല്ലാം ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയും ആണ്

കാര്‍ഷിക മേഖലയ്ക്കുള്ള വായ്പയുടെ ഒഴുക്ക് ഉറപ്പാക്കുക എന്ന പ്രാഥമിക നിയോഗവുമായാണ് ഗ്രാമീണ സഹകരണ വായ്പാ സംവിധാനം ഒരു നൂറ്റാണ്ടോളം കാലമായി ഇന്ത്യയില്‍ നിലകൊള്ളുന്നത്. ഐക്യനാണയ സംഘങ്ങള്‍ ആയി രൂപം കൊണ്ട ഭാരതീയ സഹകരണ പ്രസ്ഥാനം ഇന്ന് ത്രിതല സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികള്‍ (PACS) ഗ്രാമതലത്തിലും, കേന്ദ്ര സഹകരണ ബാങ്കുകള്‍ (ഇഇആ െജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കുകള്‍; കേരളത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രമേ ഇപ്പോള്‍ ജില്ലാ സഹകരണ ബാങ്ക് ഉള്ളൂ) ജില്ലാ തലത്തിലും, സംസ്ഥാന സഹകരണ ബാങ്കുകള്‍ (StCBs) സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്നു. ഇവയ്ക്ക് പുറമേ, വിവിധോദ്ദേശങ്ങള്‍ക്കായും (മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റികള്‍) വിശേ ഷോദ്ദേശങ്ങള്‍ക്കായും (ഉദാ: ക്ഷീര വികസന സഹകരണ സംഘം) രൂപവല്‍ക്കരിക്കപ്പെട്ട സഹകരണ സംഘങ്ങള്‍ വേറെയുമുണ്ട്.

Advertisement

പ്രാഥമിക സംഘങ്ങള്‍ക്ക് മുകളില്‍ സംസ്ഥാന ഫെഡറേഷനുകളും ദേശീയ ഫെഡറേഷനുകളും ഉണ്ടെങ്കിലും ഫെഡറേഷനുകള്‍ക്ക് ഭരണപരമായ അധികാരങ്ങള്‍ പരിമിതമാണ്; മില്‍മ, അമുല്‍ എന്നിവ പോലുള്ള സുശക്തമായ ഫെഡറേഷനുകള്‍ക്ക് കുറച്ചൊക്കെ നയപരമായ ആധിപത്യം നല്‍കാനാവുന്നുണ്ടെങ്കിലും.
പ്രവര്‍ത്തന രംഗത്തെ വൈവിദ്ധ്യം മൂലവും ഭൂമിശാസ്ത്രപരമായ അസമത്വം മൂലവും സഹകരണ മേഖല സവിശേഷ സ്വഭാവം ആര്‍ജ്ജിക്കുന്നു. അവയില്‍ പലതും ഒരു ശാഖാശൃംഖലയുമില്ലാത്ത യൂണിറ്റ് ബാങ്കുകളാണെങ്കിലും, ചിലത് അസാധാരണമാം വിധം വലുതും ചിലതെല്ലാം ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയും ആണ്.

പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികള്‍ ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിന്റെ പരിധിക്ക് പുറത്താണ്, അതിനാല്‍ അവ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ
നിയന്ത്രണത്തിലോ നിരീക്ഷണത്തിലോ വരുന്നില്ല. സംസ്ഥാന / ജില്ലാ സഹകരണ ബാങ്കുകള്‍ ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ സംസ്ഥാന സഹകരണ സംഘങ്ങളുടെ
നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെങ്കിലും ബാങ്കിങ് കാര്യങ്ങള്‍ സംബന്ധിച്ച നിയന്ത്രണാധികാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. അവയില്‍ പരിശോധന നടത്തുവാന്‍ ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിന്റെ സെക്ഷന്‍ 35 പ്രകാരമുള്ള റിസര്‍വ്വ് ബാങ്കിന്റെ അധികാരത്തിനോടൊപ്പം സെക്ഷന്‍ 35 (6) പ്രകാരം നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റിനും (NABARD) വിശേഷാധികാരങ്ങള്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

റിസര്‍വ്വ് ബാങ്ക് അതിന്റെ രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബാങ്കുകളെയാണ് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്ന് പറയുന്നത്. ഈ പട്ടികയില്‍ പെടുത്തിയ പ്രാഥമിക സഹകരണ ബാങ്കുകളെയാണ് (പിസിബികള്‍) അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ (യുസിബി) എന്ന് വിവക്ഷിക്കുന്നത്. അവ നഗര, അര്‍ദ്ധ നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നു. അര്‍ബന്‍ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന മേഖല സംസ്ഥാനത്തിനകത്ത് മാത്രമാണെങ്കില്‍ അവ പ്രാഥമിക സഹകരണസംഘങ്ങളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അതാത് സംസ്ഥാനത്തെ സഹകരണ സംഘ നിയമം പ്രകാരമാണ്.

സംസ്ഥാനത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെങ്കില്‍ അത്തരം സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷന്‍ മള്‍ട്ടി സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ് പ്രകാരമാവണം. റിസര്‍വ്വ് ബാങ്കിന്റെ രണ്ടാം പട്ടികയില്‍ പെടുത്തിയിട്ടുള്ള ബാങ്കുകള്‍ അവയുടെ കാലിക – കാലാവധി ബാദ്ധ്യതകളുടെ നിശ്ചിത ശതമാനം സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എപ്പോള്‍ വേണമെങ്കിലും പണമാക്കി മാറ്റാവുന്ന സെക്യൂരിറ്റി ബോണ്ടുകള്‍) കാഷ് റിസര്‍വ്വ് റേഷ്യോ (റിസര്‍വ്വ് ബാങ്കിലെ അക്കൗണ്ടില്‍ പണമായി) എന്നിവയില്‍ കരുതല്‍ വയ്ക്കണം. ബാക്കിയെ വായ്പകള്‍ക്കായി ഉപയോഗിക്കുവാനാവൂ. ഒരു പ്രതിസന്ധി വന്നാല്‍, ബാങ്കിന് ആവശ്യമായ പണലഭ്യത ഉറപ്പ് വരുത്തുവാനാണിത്.

വാണിജ്യ ബാങ്കുകളുടെയും സഹകരണ അര്‍ബന്‍ ബാങ്കുകളുടെയും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെയും സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുന്നതിനും ബന്ധപ്പെട്ട നിയമനിര്‍മ്മാണവും നിയന്ത്രണ നയവും നടപ്പിലാക്കുന്നതിനും റിസര്‍വ്വ് ബാങ്കിന് ഉത്തരവാദിത്തമുണ്ട്. റെഗുലേറ്ററി റിപ്പോര്‍ട്ടുകളില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാമെങ്കിലും, റിപ്പോര്‍ട്ടിന്റെ കൃത്യത പരിശോധിക്കുന്നതിനും കൂടുതല്‍ മേല്‍നോട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും ബാങ്കുകളില്‍ നേരിട്ട് പോയിട്ടുള്ള പരിശോധനകള്‍ ആവശ്യമാണ്. അതുകൊണ്ടാണ് 1949-ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 35-ആം വകുപ്പ് പ്രകാരം ഏത് ബാങ്കിലും എപ്പോള്‍ വേണമെങ്കിലും പരിശോധന നടത്തുവാനുള്ള അധികാരം റിസര്‍വ്വ് ബാങ്കിന് ലഭ്യമായിട്ടുള്ളത്.

ഇത് റിസര്‍വ്വ് ബാങ്ക് സ്വമേധയാ തീരുമാനിച്ചതാവാം; കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരവുമാവാം. എന്നാലും, മറ്റ് നിമിത്തങ്ങളൊന്നുമില്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കലാണ് 35-ആം വകുപ്പ് പ്രകാരമുള്ള ബാങ്ക് പരിശോധനകള്‍ റിസര്‍വ്വ് ബാങ്ക് നടത്താറുള്ളത്. പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികള്‍, വിവിധോദ്ദേശ സഹകരണ സംഘങ്ങള്‍, വിശേഷോദ്ദേശ സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് ആര്‍ബിഐയുടെ ഇത്തരം പരിശോധനകളോ നിയന്ത്രണങ്ങളോ ബാധകമല്ല. സംസ്ഥാന സഹകരണ വകുപ്പിന്റെ പതിവ് പരിശോധന മാത്രമേയുള്ളൂ.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം, റിസര്‍വ്വ് ബാങ്കില്‍ നിന്ന് ലൈസന്‍സ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ അവയുടെ പേരിന്റെ ഭാഗമായി ‘ബാങ്ക്’ എന്നോ ‘ബാങ്കര്‍’ എന്നോ ‘ബാങ്കിങ്’ എന്നോ ചേര്‍ക്കുവാന്‍ പാടുള്ളൂ. നിയമത്തിന്റെ അന്‍പത്തിയാറാം വകുപ്പില്‍ സഹകരണ ബാങ്കും സഹകരണ സംഘവും തമ്മിലുള്ള വ്യത്യാസം നിര്‍വ്വചിക്കുന്നുണ്ട്. റിസര്‍വ്വ് ബാങ്ക് ലൈസന്‍സ് ഇല്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ‘ബാങ്ക്’ എന്ന് ചേര്‍ക്കുവാന്‍, തന്മൂലം പാടില്ലെന്ന് മാത്രമല്ല, ചേര്‍ത്താല്‍ അത് നിയമലംഘനവും ആവുന്നു. 2017 നവംബര്‍ 29-ലെ ആര്‍ബിഐ പത്രക്കുറിപ്പ് ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നുണ്ട്.

സഹകരണ സംഘങ്ങള്‍ക്ക് അംഗങ്ങള്‍ അല്ലാത്തവരുടെയോ, നാമമാത്ര അംഗങ്ങളുടെയോ, അനുബന്ധ അംഗങ്ങളുടെയോ നിക്ഷേപം സ്വീകരിക്കുവാനും അനുവാദമില്ലാത്തതാണ്. റിസര്‍വ്വ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡിഐസിജിസിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമല്ല. അതായത്, ‘ബാങ്ക്’, ‘ബാങ്കര്‍’, ‘ബാങ്കിങ്’ എന്നിവയിലൊന്ന് നിയമപരമായിത്തന്നെ പേരിന്റെ ഭാഗമല്ലെങ്കില്‍ ആ സ്ഥാപനത്തിലെ നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ ലഭിക്കുന്നില്ല.

പാലാ സെന്‍ട്രല്‍ ബാങ്ക് എന്ന വലിയൊരു വാണിജ്യബാങ്കിന്റെ പതനമാണ് ഡിഐസിജിസി രൂപവല്‍ക്കരിക്കുവാന്‍ വഴിമരുന്നിട്ടത്. അതിന് മുന്‍പും പിന്നീടും കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പല ഷെഡ്യൂള്‍ഡ് ബാങ്കുകളും അന്ത്യകൂദാശ കൈക്കൊണ്ടുവെങ്കിലും, കടുത്ത നിയന്ത്രങ്ങളുടെയും പരിരക്ഷകളുടെയും അഭാവത്തില്‍ പോലും പ്രാഥമിക സഹകരണ സംഘങ്ങള്‍ ജനഹൃദയങ്ങളില്‍ കലാതിവര്‍ത്തികളായി നിലകൊള്ളുന്നത് അവയുടെ അമരക്കാരുടെ നിസ്വാര്‍ത്ഥമായ സാമൂഹ്യ പ്രതിബദ്ധതയും പരസ്പര കൂട്ടുത്തരവാദിത്വവും സ്വയം നിയന്ത്രണവും മൂലമാണ്.

നിരവധി ‘സൊസൈറ്റി ഗോപാലന്‍’മാരുടെ അശ്രാന്ത പരിശ്രമഫലമായാണ് അവ ജന്മം കൊണ്ടതും ആരോഗ്യത്തോടെ ജീവിച്ചുവന്നതും. അവരോട് നന്ദികേട് കാണിക്കരുത്. ഗ്രാമത്തിന്റെ വിശുദ്ധിയുടെയും ചൈതന്യത്തിന്റെയും സാക്ഷിപത്രങ്ങളായി കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സഹകരണ സംഘങ്ങളുടെ നിലനില്‍പ്പിന് കോട്ടം വരുത്തുവാന്‍ ആരെയും അനുവദിച്ചുകൂടാ.

(പ്രമുഖ വാണിജ്യ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ലേഖകന്‍. വിശകലനങ്ങളും അഭിപ്രായങ്ങളും വ്യക്തിപരം)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top