Opinion

ചൈന എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?

പതിനഞ്ചിലധികം രാജ്യങ്ങളുമായി ഒരേസമയം അതിര്‍ത്തിപ്രശ്‌നങ്ങള്‍ നിലനിര്‍ത്തുന്നവരാണ് ബെയ്ജിംഗ്.

ചൈനീസ് വിരുദ്ധ വികാരങ്ങള്‍ ആഗോളതലത്തില്‍ ശക്തിപ്പെടുന്ന ഇക്കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ അവരുടെ സാഹസങ്ങളെ സ്ഥിരതയോടെ പ്രതിരോധിക്കുക എന്ന നയം നാം തുടരേണ്ടിയിരിക്കുന്നു. പലവിധ തന്ത്രങ്ങള്‍ പയറ്റി സാമ്പത്തിക, ടെക് അധിനിവേശം ശക്തമാക്കാനാണ് ബെയ്ജിംഗ് ഇന്ന് ശ്രമിക്കുന്നത്. ഇത് ഇന്ത്യക്കും ഒപ്പം മറ്റ് ലോകരാജ്യങ്ങള്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നു. ഇന്ത്യയടക്കം കരയിലോ കടലിലോ തങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളുമായും ചൈനക്ക് തര്‍ക്കങ്ങളുണ്ട്. അവരുടെ പ്രഖ്യാപിത രാജ്യ വിപുലീകരണ പ്രവണതകളാണ് എല്ലാ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്കും കാരണമെന്ന് കാണാം. ഇവിടെ ചര്‍ച്ചകള്‍ക്കോ ധാരണകള്‍ക്കോ ചൈന വില കല്‍പ്പിക്കുന്നുമില്ല.

Advertisement

പതിനഞ്ചിലധികം രാജ്യങ്ങളുമായി ഒരേസമയം അതിര്‍ത്തിപ്രശ്‌നങ്ങള്‍ നിലനിര്‍ത്തുന്നവരാണ് ബെയ്ജിംഗ്. റഷ്യന്‍ ഭൂവിഭാഗത്തിനുമേലും അവര്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഏറ്റവും അവസാനം തജിക്കിസ്ഥാനിലെ പാമീര്‍ മലനിരകള്‍ക്കുമേല്‍വരെ ചൈന അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. ഇതുസംബന്ധിച്ച് ചരിത്രകാരനായ ചോ യോ ലുവിന്റെ ലേഖനം പുറത്തുവന്നുകഴിഞ്ഞു. ഈ പ്രദേശത്തിനരികിലായി അവര്‍ ഇന്ന് ഒരു വിമാനത്താവളം നിര്‍മ്മിക്കുകയാണ്.ഏതു നടപടികളില്‍ക്കൂടിയും ബെയ്ജിംഗ് രാജ്യ വിസ്തൃതിക്കായുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അത് സഹായത്തിന്റെ രൂപത്തിലായാലും ഭീഷണിയുടെ സ്വരത്തിലായാലും.

ഇന്ത്യന്‍ സൈറ്റുകളില്‍ ഉണ്ടാകുന്ന 35% സൈബര്‍ ആക്രമണങ്ങള്‍ ചൈനയില്‍നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്

ഇന്ത്യയുടെ വടക്ക് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും അവര്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് ലഡാക്ക് മേഖലയും അരുണാചല്‍പ്രദേശും. ഇപ്പോള്‍ സംഘര്‍ഷത്തിലായ ലഡാക്കിലെ കടന്നുകയറ്റ ശ്രമങ്ങള്‍ക്കായി ബെയ്ജിംഗ് വളരെ മുന്‍കൂട്ടി പദ്ധതികളാവിഷ്‌ക്കരിച്ചിരുന്നു എന്നതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷം കേവലം യാദൃശ്ചികമല്ല. അയല്‍രാജ്യം ചില പ്രദേശങ്ങളില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയുള്ള ആയുധങ്ങള്‍ വിന്യസിച്ചിരുന്നു.

ചൈന എന്തുകൊണ്ട് എതിര്‍ക്കപ്പെടണം എന്നതിന് കാരണങ്ങള്‍ അനവധിയാണ്. ബെയ്ജിംഗുമായി രാഷ്ട്രീയ,സാമ്പത്തിക, വ്യാപാരബന്ധങ്ങളുള്ള രാജ്യങ്ങള്‍ക്കെല്ലാം ഈ ചോദ്യത്തിന് അവരുടേതായ ഉത്തരങ്ങള്‍ നല്‍കാനുണ്ടാകും എന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെയും യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാല്‍വാന്‍, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളിലേക്ക് നുഴഞ്ഞുകയറുന്നതിന് മുമ്പ് ചൈന ധാരാളം തയ്യാറെടുപ്പുകള്‍ നടത്തിയതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടിബറ്റില്‍ 30ടണ്‍ ഭാരമുള്ള ടി -15 ടാങ്കുകള്‍ വിന്യസിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇതിന് മലയോര പ്രദേശങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഹെലികോപ്റ്റര്‍ വഴി ഈ ടാങ്കുകള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനും കഴിയും. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യ ടി-90 ടാങ്കുകള്‍ അതിര്‍ത്തിയിലെത്തിച്ചത്. കൂടാതെ വ്യോമസേനയും ജാഗ്രതയയിലാണ്.

ഇന്ത്യ ഇത്രയും തയ്യാറെടുപ്പുകള്‍ നടത്തിയത് ചൈനയുടെ അപകടകരമായ നീക്കം തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഇന്നും ലഡാക്കിലെ ചില പോസ്റ്റുകളില്‍നിന്നും അവര്‍ പിന്മാറാന്‍ കൂട്ടാക്കാത്തതിന്റെ കാരണവും ചൈനയുടെ അധിനിവേശത്തിന് തക്കംപാര്‍ത്തിരിക്കുന്ന നയത്തിന്റെ ഉദാഹരണം മാത്രമാണ്. ഇവിടെ പാക്കിസ്ഥാനുമായി ചേര്‍ന്ന് ഒരു ദ്വിമുഖ യുദ്ധതന്ത്രം ബെയ്ജിംഗ് ആവിഷ്‌ക്കരിച്ചിരുന്നോ എന്നതും ഇന്ന് പരിശോധിക്കപ്പെടുന്നുണ്ട്.

സാങ്കേതിക വിദ്യാരംഗത്ത് അനിതരസാധാരണമായ വളര്‍ച്ചയാണ് ചൈന കൈവരിച്ചിട്ടുള്ളത്. അതിനെ സൈനികമായി ഉപയോഗിക്കുന്നതിലും അവര്‍ മികവു കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആഗോളതലത്തില്‍ ചൈനീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുതായി ആരോപിക്കപ്പെടുന്നുണ്ട്. അതില്‍ ഹ്വാവെയ് പോലുള്ള കമ്പനികള്‍ രാജ്യ സുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്ന് പറയുന്നു. ഇന്ത്യയിലെ 5 ജി ട്രയലുകളില്‍ നിന്ന് ഈ കമ്പനിയെ ഒഴിവാക്കിയത് ഇക്കാരണത്താലാണ്. നിര്‍ണായകമായ ദേശീയ ശൃംഖലകളില്‍ ചൈനീസ് ടെലികോം ഉപകരണങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളും അടിവരിയിട്ട് ഓര്‍മിപ്പിക്കുന്നു.

Illustration: Jijin MK/Business Day/Media Ink

ഇന്ത്യന്‍ സൈറ്റുകളില്‍ ഉണ്ടാകുന്ന 35% സൈബര്‍ ആക്രമണങ്ങള്‍ ചൈനയില്‍നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആ രാജ്യത്ത് നിര്‍മ്മിച്ച് ആഗോളതലത്തില്‍ ഉപയോഗിക്കപ്പെടുന്ന നിരവധി ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത് അവ ദേശസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നു എന്നതിനാലാണ്. ടിക് ടോക് പോലെയുള്ള ഈ ആപ്പുകളില്‍ പലതും ആഗോളതലത്തില്‍ പ്രിയങ്കരങ്ങളായിരുന്നു. ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് ആപ്പുകള്‍ക്കെതിരെ അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവന്നു. സാമ്പത്തിക രംഗത്തും വിശ്വാസ്യതയിലും ഇന്ത്യയുടെ നടപടി ചൈനക്ക് കനത്ത തിരിച്ചടിയായി മാറി.

മുന്‍പും ചൈനയുടെ സൈബര്‍ ചാരവൃത്തി ചര്‍ച്ചയായിട്ടുണ്ട്. മിക്ക ചൈനീസ് കമ്പനികള്‍ക്കും അവരുടെ സൈന്യവുമായി നേരിട്ട് ബന്ധമുണ്ട് എന്നതിനാലാണ് എതിര്‍പ്പ് ഉയരുന്നത്. ഇതോടൊപ്പം സാങ്കേതിവിദ്യാ മോഷണവും ചൈനക്കെതിരെ തിരിയാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്നവ മോഷ്ടിച്ച് ചൈനയിലെത്തിക്കുന്ന നിലപാട് അവര്‍ ഇന്നും തുടരുന്നു. റഷ്യന്‍ അന്തര്‍വാഹിനിയുടെ നിര്‍മാണ രഹസ്യങ്ങള്‍ മോഷ്ടിച്ചു എന്ന ആരോപണം ഉയര്‍ന്നത് അടുത്തിടെയാണ്. ഇതിനെത്തുടര്‍ന്ന് മോസ്‌കോ ബെയ്ജിംഗിനെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു.

ഹോങ്കോംഗിലെ ജനാധിപത്യവാദികള്‍ക്കെതിരായ അവരുടെ നടപടികളും ആഗോളതലത്തില്‍ പ്രതിഷേധത്തിന് കാരണമാകുന്നു. ഹോങ്കോംഗില്‍ അറസ്റ്റുചെയ്യപ്പെടുന്നവരെ ചൈനയില്‍ വിചാരണ നടത്തുന്നതുമായി ബന്ധപ്പെട്ട് നടപ്പാക്കിയ നിയമത്തിനെതിരെ അവിടെ പ്രക്ഷോഭം ശക്തമാണ്. കോവിഡ് കാലത്തുപോലും അതിന്റെ തീവ്രത കുറഞ്ഞിട്ടില്ല. വലിയ പ്രതിഷേധ റാലികള്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ജനവികാരത്തെ അടിച്ചമര്‍ത്തുക എന്നത് ബെയ്ജിംഗിന് മുന്‍പുതന്നെ ശീലമായിട്ടുണ്ട്.

ടിബറ്റിലുണ്ടായ അധിനിവേശം അതിന്റെ മറ്റൊരു പകര്‍പ്പുതന്നെയാണ്. പുതിയ രൂപത്തില്‍ അത് ഇന്നും അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. ചൈനയിലെ വടക്കു വടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങിലും ജനം നേരിടുന്നത് മറ്റൊന്നുമല്ല. ഇവിടെ തദ്ദേശീയരെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനുതുല്യമായ നരകത്തിലേക്കാണ് അവര്‍ തള്ളിവിട്ടിരിക്കുന്നത്. തയ്‌വാനെതിരായ ഭീഷണികളും ഇതിനോട് ചേര്‍ത്തുവായിക്കാം. തയ്‌വാനെ തങ്ങളുടെ ഒരു പ്രവിശ്യയായി മാത്രമാണ് ചൈന കാണുന്നത്. ലോകരാജ്യങ്ങള്‍ തായ്‌പേയുമായി സ്വതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനെയും ബെയ്ജിംഗ് എതിര്‍ക്കുന്നു. തയ്‌വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് യുദ്ധവിമാനങ്ങള്‍ പറത്തുക എന്നത് ബെയ്ജിംഗിന്റെ സ്ഥിരം നടപടികളിലൊന്നാണ്. അതുവഴി മേഖലയിലെ സംഘര്‍ഷ സാധ്യതകള്‍ അവര്‍ സ്ഥിരമായി നിലനിര്‍ത്തുകയാണ്. കൂടാതെ ഷി ജിന്‍പിംഗിനെ ചൈന ആജീവനാന്ത പ്രസിഡന്റായി തെരഞ്ഞെടുത്തതിലൂടെ അവര്‍ കൂടുതല്‍ ഏകാധിപത്യ പ്രവണതകള്‍ പ്രകടിപ്പിക്കുകയുമാണ്.

ഷിയുടെ വായ്പാ കെണികള്‍

ഷി ജിന്‍പിംഗിന്റെ അഭിമാനമാണ് ബെല്‍റ്റ് റോഡ് പദ്ധതി

ചൈനയുടെ നയങ്ങള്‍ക്കും നടപടികള്‍ക്കും ആഗോള പിന്തുണ നേടാനുള്ള ശ്രമങ്ങളും ഇതിനൊപ്പം അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഷി ജിന്‍പിംഗിന്റെ അഭിമാനമാണ് ബെല്‍റ്റ് റോഡ് പദ്ധതി. അതുവഴി ചെറു രാജ്യങ്ങള്‍ക്ക് വന്‍തുകകള്‍ വായ്പ നല്‍കി ബെയ്ജിംഗ് അവരെ കടക്കെണിയിലാക്കുന്നു. പണം തിരിച്ചടക്കാന്‍ കഴിയാതെ വരുമ്പോള്‍ ആ രാജ്യത്തിന്റെ പ്രദേശങ്ങള്‍ ബെയ്ജിംഗ് നിയന്ത്രണത്തിലാകും. ശ്രീലങ്ക ഇതിനുദാഹരണമാണ്. അവിടുള്ള ഹമ്പന്‍ടോട്ട തുറമുഖം ഇന്ന് കൈകാര്യം ചെയ്യുന്നത് ചൈനയാണ്. മാലദ്വീപുകളും കടക്കെണിയിലായ രാജ്യമാണ്.

പാക്കിസ്ഥാനെ പോലയുള്ള രാജ്യങ്ങള്‍ ഇന്ന് ചൈനയുടെ ഒരു പ്രവിശ്യമാത്രമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇതിന് ഉദാഹരണമുണ്ട്. ഇത് സാമ്പത്തികമാര്‍ഗങ്ങളിലൂടെയുള്ള അധിനിവേശം തന്നെയാണ്. അസ്ഥിരത സൃഷ്ടിച്ച് അതിലൂടെ മേധാവിത്വം നേടിയെടുക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍.

ഇന്ന് ലോകരാജ്യങ്ങള്‍ ചൈനയുടെ വായ്പാ ചതിക്കുഴികളെക്കുറിച്ച് തിരിച്ചറിഞ്ഞുവരികയാണ്. അമേരിക്കക്കൊപ്പം യൂറോപ്പും ഓസ്‌ട്രേലിയയും ബെയ്ജിംഗിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. അവരുടെ പല കമ്പനികളും ഇന്ന് സംശയനിഴലിലാണ്‌. കോവിഡിനുശേഷമുള്ള കാലം ചൈനക്ക് പഴയതുപോലെയാകില്ല എന്ന സൂചനയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ബെയ്ജിംഗിന്റെ വലിയ വിപണികളില്‍ ഒന്ന് ഇന്ത്യയാണ്. ലഡാക്ക് കടന്നുകയറ്റത്തെത്തുടര്‍ന്ന് ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ അവര്‍ക്ക് വലിയ നഷ്ടം വരുത്തുന്നവയാണ്. ഒപ്പം തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ച് ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്നു നടക്കുന്നു. ആപ്പിള്‍ പോലുള്ള വന്‍കിട കമ്പനികള്‍ ക്രമേണ ചൈനയിലെ നിര്‍മാണ യൂണിറ്റുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയാണ്.

കോവിഡ് മഹാമാരിയുടെ തുടക്കം ചൈനയിലാണ് എന്നതും അവരെ സംശയമുനയില്‍ നിര്‍ത്തുന്നു. അവര്‍ കൃത്രിമമായി സൃഷ്ടിച്ച വൈറസുകള്‍ ചോര്‍ന്നതാണെന്ന വാദവും ശക്തമാണ്.കാരണം വുഹാനിലെ ലാബില്‍ അവ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ ആഗോളതലത്തില്‍ ചൈനയോടുള്ള എതിര്‍പ്പ് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അവരുടെ അടക്കാനാകാത്ത അധിനിവേശമോഹങ്ങള്‍ക്കെതിരെ സഖ്യവും രൂപീകരിക്കപ്പെടുകയാണ്.

ചൈന എന്തുകൊണ്ട് എതിര്‍ക്കപ്പെടണം എന്നതിന് കാരണങ്ങള്‍ അനവധിയാണ്. ബെയ്ജിംഗുമായി രാഷ്ട്രീയ,സാമ്പത്തിക, വ്യാപാരബന്ധങ്ങളുള്ള രാജ്യങ്ങള്‍ക്കെല്ലാം ഈ ചോദ്യത്തിന് അവരുടേതായ ഉത്തരങ്ങള്‍ നല്‍കാനുണ്ടാകും എന്നതാണ് യാഥാര്‍ത്ഥ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top