Banking & Finance

ചെറുകിടക്കാരന്റെ കുമ്പിള്‍; ശൂന്യമാകുന്ന വരവിന്റെ കോളം

എംഎസ്എംഇ രംഗത്തെ ഈ സൂക്ഷ്മജീവികളുടെ വായ്പകള്‍ മാത്രമല്ല, ജീവിതം തന്നെ പുനഃക്രമീകരിക്കാനുള്ള പദ്ധതികളാണ് വേണ്ടത്

Pixabay

2017-ല്‍ ജിഎസ്റ്റി ഏര്‍പ്പെടുത്തിയതിന് ശേഷം അതിന്റെ സങ്കീര്‍ണ്ണതകളുമായി പൊരുത്തപ്പെടുവാന്‍ എംഎസ്എംഇ (സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) യൂണിറ്റുകള്‍ക്ക് സാവകാശം വേണ്ടിവരുന്നുവെന്നും ആ പരിവര്‍ത്തനകാലത്ത് അവയുടെ വരുമാനത്തില്‍ വന്ന കുറവ് അവയുടെ ദൈനംദിന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു എന്നുമുള്ള തിരിച്ചറിവില്‍ 25 കോടി രൂപ വരെ വായ്പാബാദ്ധ്യതകള്‍ ഉള്ള യൂണിറ്റുകളുടെ വായ്പകളില്‍, സാധാരണനിലയില്‍ അനുവദനീയമായ മൂന്ന് മാസത്തിന് പകരം, ആറുമാസം വരെ തിരിച്ചടവ് വീഴ്ചകള്‍ വന്നാലും അവ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ആവില്ല എന്ന് റിസര്‍വ് ബാങ്ക് ഉത്തരവ് പുറപ്പെടുവിക്കുക ഉണ്ടായി.

Advertisement

ഈ ഇളവ് ഘട്ടം ഘട്ടമായി 2019 മെയ് 31 വരെ നീട്ടിക്കൊണ്ടുപോയി. എന്നിരുന്നാലും, എംഎസ്എംഇ യൂണിറ്റുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്ന് മനസ്സിലായതിന്റെ വെളിച്ചത്തില്‍ അത്തരം യൂണിറ്റുകളുടെ വായ്പകള്‍, അവ എന്‍പിഎ ആവാതെ പുനഃക്രമീകരിക്കുവാന്‍ കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് ഉത്തരവായി. ആദ്യം 2019 ഡിസംബര്‍ 31 വരെയുണ്ടായിരുന്ന ഈ പദ്ധതി പിന്നീട്, കോവിഡ് പാശ്ചാത്തലത്തില്‍, രണ്ട് തവണകളിലായി നീട്ടി, ഇപ്പോള്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ആക്കിയിട്ടുണ്ട്.

ഇതുകൂടാതെ, മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള വായ്പാഗഡുക്കള്‍ ആറുമാസം നീട്ടിവയ്ക്കുക, പ്രവര്‍ത്തനമൂലധനവായ്പകളില്‍ ഈ ആറുമാസത്തെ പലിശ, സെപ്റ്റംബര്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് 31 വരെയുള്ള ഏഴ് മാസം കൊണ്ട് അടച്ചുതീര്‍ക്കാനുള്ള സാവകാശം, പ്രാഥമിക സെക്യൂരിറ്റിയായ സ്റ്റോക്ക് മതിയാവാതെ വന്നാല്‍, അതിന് മാര്‍ജിന്‍ ശതമാനം കുറവ് ചെയ്യുക, നിലവിലുള്ള വായ്പയുടെ 20 ശതമാനം അധികവായ്പയായി അനുവദിക്കുക, വായ്പ പുനഃക്രമീകരിക്കുമ്പോള്‍ വേണ്ട അധികവായ്പയ്ക്ക് സംരംഭകന്‍ കൊണ്ടുവരേണ്ട മാര്‍ജിന്‍ അയാളുടെ പേരില്‍ വ്യക്തിഗതവായ്പയായി അനുവദിക്കുക തുടങ്ങി നിരവധി ആശ്വസനടപടികള്‍ എംഎസ്എംഇ യൂണിറ്റുകള്‍ക്കായി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.

നമ്മള്‍ ഇവിടെ മനസ്സിലാക്കേണ്ട ചെറിയൊരു കാര്യമുണ്ട്: എംഎസ്എംഇ എന്നതൊരു വലിയ ഗണമാണ്. അതില്‍ അന്‍പത് കോടി രൂപ മുതല്‍മുടക്കും ഇരുന്നൂറ്റമ്പത് കോടി വാര്‍ഷിക വിറ്റുവരവുമുള്ളവന്‍ മുതല്‍ ഒരു ദിവസം നൂറ് രൂപയ്ക്ക് കടല വില്‍ക്കുന്നവന്‍ വരെയുള്ളവര്‍ വരും. എംഎസ്എംഇ എന്ന നിര്‍വചനത്തിലെ മൂന്ന് വിഭാഗങ്ങളില്‍ ഏറ്റവും താഴെയുള്ള സൂക്ഷ്മവ്യവസായങ്ങള്‍ പോലും അഞ്ച് കോടി വരെ വിറ്റുവരവുള്ളവര്‍ ഉള്‍പ്പെട്ടതാണ്. അതിലെ മുകള്‍ത്തട്ടിലുള്ളവരും ഏറ്റവും താഴെത്തട്ടിലുള്ളവരും ഒരുതരത്തിലും തമ്മില്‍ത്തമ്മില്‍ താരതമ്യം ചെയ്യാപ്പെടാനാവുന്നവരല്ല. അത് നാല് ചക്രങ്ങളേയുള്ളൂ എന്ന കാരണത്താല്‍, ബെന്‍സ് കാറും ദിവ്യാംഗന്‍ നിരങ്ങിനീങ്ങുന്ന ചക്രം പിടിപ്പിച്ച പലകയും തമ്മില്‍ താരതമ്യം ചെയ്യുന്ന പോലെയാവും.

കോവിഡ് ഉയര്‍ത്തിയ ആരോഗ്യപ്രശ്‌നങ്ങളില്‍ ലോകം പകച്ച് നിന്നപ്പോള്‍ അതിനോടൊപ്പം പകച്ചുനിന്നവനാണ് ആ അവസാനം പറഞ്ഞ നിത്യവരുമാനക്കാര്‍ അഥവാ അന്നന്നത്തെ വിയര്‍പ്പുകൊണ്ട് മാത്രം അന്നന്നത്തെ അപ്പം നിര്‍മ്മിക്കുന്നവര്‍. ഒരു പകല്‍ അവസാനിച്ച് രാവേറെ ചെല്ലുന്നതിന് മുന്‍പ്, തന്റെ ഉപജീവനമാര്‍ഗ്ഗം പിറ്റേന്ന് മുതല്‍ ‘പൂട്ടിത്താഴ്ത്തി’ എന്ന വാര്‍ത്ത അവന്റെ ചങ്കില്‍ വെള്ളിടിയും കുമ്പിളില്‍ മണ്ണുമാണ് വീഴ്ത്തിയത്. അതില്‍, മുറുക്കാന്‍കടക്കാരന്‍, പെട്ടിസര്‍ബ്ബത്ത്കാരന്‍, ലോട്ടറിടിക്കറ്റുകാരന്‍, ‘പെടയ്ക്കണ മീനു’മായി വരുന്ന എം80 മൂസ്സ എന്നിവര്‍ തുടങ്ങി, ഓട്ടോറിക്ഷക്കാരന്‍, ടാക്‌സിക്കാരന്‍, പലവ്യഞ്ജനക്കടക്കാരന്‍, ചായക്കടക്കാരന്‍ മുതലായവര്‍ വരെ ഉള്‍പ്പെടുന്നു.

ഇവരെല്ലാം ‘എംഎസ്എംഇ’ എന്ന ഗണത്തിന്റെ പുറമ്പോക്കില്‍ മാത്രം താമസിക്കുന്നവര്‍ ആണ്. മുകളില്‍ പറഞ്ഞ ആശ്വസനടപടികള്‍ പലതും നടപടിക്രമങ്ങളുടെ പടിക്കെട്ടില്‍ തട്ടി അവരില്‍ എത്തുവാന്‍ പ്രയാസപ്പെടുന്നു. ജീവിതത്തിന് തന്നെ ബാക്കിപത്രമില്ലാത്തവന്‍ കച്ചവടത്തിന് പ്രത്യേകമായി ഒരു ബാലന്‍സ്ഷീറ്റ് വരച്ചെടുത്തിട്ടുണ്ടാവില്ല. ഉണ്ടെങ്കില്‍ത്തന്നെ അതില്‍ നീക്കിബാക്കിയായി കുറച്ചധികം മനഃപ്രയാസമേ കാണൂ. ആശ്വസനടപടികള്‍ അവന്റെ സമീപത്ത് എത്തിയാല്‍ തന്നെ, അത് വായ്പയില്‍ മാത്രമാണ് പ്രതിഫലിക്കുന്നത്. വായ്പക്കാരന്റെ വീട്ടിലെ അടുപ്പിലല്ല.

വിമാനസര്‍വീസ് തലകുത്തിവീണാല്‍ ഓട്ടോക്കാരന്റെ വീട്ടിലും പട്ടിണി വരും. വിവിധ വ്യവസായങ്ങള്‍ അത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു

ഒരു ഉദാഹരണമായി ഓട്ടോറിക്ഷക്കാരനെ എടുക്കാം. രാജ്യത്ത് വിമാനസര്‍വീസ് നിര്‍ത്തിയാല്‍ അത് വിമാനമുതലാളിയെ മാത്രമല്ല ബാധിക്കുന്നത്. എയര്‍ലൈന്‍സിലെ ജീവനക്കാര്‍, വിമാനത്താവളത്തിലെ തൂപ്പുകാര്‍ അടക്കമുള്ള ജീവനക്കാര്‍, അവിടത്തെ റസ്റ്ററന്റുകള്‍, മറ്റ് കടകള്‍, അവയിലെ ജീവനക്കാര്‍ എന്നിവരെല്ലാം നേരിട്ട് വരുമാനനഷ്ടം നേരിടുന്നവര്‍ ആണ്. അവരുടെ വരുമാനനഷ്ടം വീണ്ടും അവരെ മാത്രമല്ല ബാധിക്കുന്നത്. അവര്‍ കച്ചവടം നല്‍കിയിരുന്ന എല്ലാവരെയും ബാധിക്കുന്നു. അതിലൊരാളാണ് മുന്‍പ് പറഞ്ഞ എം80 മൂസ്സ; വീട്ടില്‍ മത്സ്യം വാങ്ങുന്നത് നിര്‍ത്തിയാല്‍ കടലമ്മ കനിഞ്ഞത് തിരികെ എറിഞ്ഞുനല്‍കാനേ പറ്റൂ. അരയത്തിപ്പെണ്ണ് ഇന്ന് തപസ്സിരിക്കുന്നത് പൂട്ടുകള്‍ അഴിഞ്ഞ് ആളുകള്‍ മത്സ്യം വാങ്ങുന്ന കാലം വരുവാനാണ്. കഴിഞ്ഞില്ല; വിമാനയാത്രക്കാരും വിമാന/താവളജീവനക്കാരും വീട്ടില്‍ നിന്നിറങ്ങി എയര്‍പോര്‍ട്ടില്‍ എത്തുന്നത് വരെയും തുടര്‍ന്ന് വിമാനമിറങ്ങി/താവളമിറങ്ങി ലക്ഷ്യത്തിലെത്തുന്നത് വരെയും നിരവധി സേവന-വിപണനസൗകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതില്‍ ഒരാളാണ് നമ്മുടെ ഓട്ടോക്കാരന്‍.

അതായത്, വിമാനസര്‍വീസ് തലകുത്തിവീണാല്‍ ഓട്ടോക്കാരന്റെ വീട്ടിലും പട്ടിണി വരും. വിവിധ വ്യവസായങ്ങള്‍ അത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

വരുമാനം നിലച്ചതിനോടൊപ്പം ചെലവ് കൂടുകയും ചെയ്തു. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ് ആണ്. അതിനവര്‍ക്ക് കമ്പ്യൂട്ടര്‍ വേണം, മൊബീല്‍ വേണം. ഒരേ സമയം ഒന്നിലധികം പേര്‍ വിദ്യാഭ്യാസം ചെയ്യുന്ന വീടുകളില്‍ അത്രയും എണ്ണം കമ്പ്യൂട്ടറുകള്‍ വേണ്ടിവരുന്നു. ഇന്റര്‍നെറ്റ് ചെലവേറുന്നു. വീട്ടിനകത്ത് അടച്ചിടപ്പെട്ടവന്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു, മൊബീലിലെ കാഴ്ചകള്‍ കാണുവാന്‍ കൂടുതല്‍ ഡാറ്റാചാര്‍ജ്ജ്; എന്നിങ്ങനെ പോകുന്നു, ചെലവിന്റെ വഴികള്‍. അവന്‍ എഴുതിയുണ്ടാക്കുന്ന പ്രോഫിറ്റ് ആന്‍ഡ് ലോസ് എക്കൗണ്ടില്‍ വരവിന്റെ കോളം ശൂന്യമായിരിക്കും.

നൂണ്ടും ഇഴഞ്ഞും കടക്കാന്‍ ശ്രമിക്കുന്ന പുനര്‍ജ്ജനിത്തുരങ്കത്തിന്റെ മറ്റേ അറ്റത്ത് നിന്ന് ഒരു വെളിച്ചത്തിന്റെ നേരിയ കിരണം പോലും കാണുന്നില്ല, പുറത്തേക്കിറങ്ങാനുള്ള ദ്വാരം അടുത്തെത്തി എന്ന് പ്രതീക്ഷിക്കുവാന്‍. പടിപ്പുരകളിലെ കവടികള്‍ക്ക് ശക്തിക്ഷയം.

കവി പാടിയ ആടിമേഘം പുലപ്പേടി വേഷം കളഞ്ഞ് ആവണിപൂവുകള്‍ അവന് നേരെ നീളുന്നില്ല, ഇക്കൊല്ലം. കാവ്യഭാവനകളിലെങ്കിലും കര്‍ക്കിടകക്കരിവാവില്‍ തെളിവുറ്റ ചിങ്ങപ്പുലരിയെ സ്വപ്നം കാണുവാന്‍ അകക്കണ്ണുണ്ടായിരുന്ന അവന്, ഇന്ന്, കാളും വിശപ്പില്‍ നല്ലോണമുണ്ണുന്ന നാളുകള്‍ സ്വപ്നം പോലുമല്ലാതായിരിക്കുന്നു. വലിയ ചെറുകിടക്കാരന്റെ വായ്പകള്‍ പുനഃക്രമീകരിച്ച് അവനെ രക്ഷപ്പെടുത്താം. എന്നാല്‍ എംഎസ്എംഇ രംഗത്തെ ഈ സൂക്ഷ്മജീവികളുടെ വായ്പകള്‍ മാത്രമല്ല, ജീവിതം തന്നെ പുനഃക്രമീകരിക്കാനുള്ള പദ്ധതികളാണ് വേണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top