ഓണ്‍ലൈന്‍ മത്സ്യ – മാംസ വിപണന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി എത്തിയ ഫ്രഷ് ടു ഹോം കോവിഡ് തരംഗത്തില്‍ ലാഭക്കണക്കുകള്‍കൊണ്ട് ശ്രദ്ധേയമാകുന്നു. കൊറോണക്കാലത്ത് ഇന്ത്യയില്‍ 30 ശതമാനവും ദുബായില്‍ 80 ശതമാനവും വളര്‍ച്ചയാണ് ഫ്രഷ് ടു ഹോം നേടിയത്. കഴിഞ്ഞ വര്‍ഷം 650 കോടി രൂപയായിരുന്ന ടേണോവര്‍ 2021 ല്‍ 1,500 കോടി രൂപയിലേക്ക് ഉയര്‍ത്താനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. മഹാമാരിയുടെ രണ്ടാം സീസണിലും തൊഴിലാളികള്‍ക്ക് 25 ശതമാനം ബോണസും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ച സ്ഥാപനത്തിന്റെ സാരഥികള്‍ ഈ വിജയത്തിന് പിന്നിലെ സമാനതകളില്ലാത്ത മുന്നൊരുക്കവും അഡ്മിനിസ്‌ട്രേഷന്‍ മികവും പങ്കുവയ്ക്കുന്നു.
2019 നവംബര്‍ മാസത്തില്‍ ലോകത്താദ്യമായി കൊറോണ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആരും കരുതിയിരുന്നില്ല, ലോകത്തെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു മഹാമാരിയായി ഈ വൈറസ് പടര്‍ന്നു പിടിക്കുമെന്ന്. ലോകം മുഴുവന്‍ നാല് ചുവരുകള്‍ക്കുള്ളിലേക്ക് ഒതുങ്ങിയതും തിരക്കേറിയ റോഡുകള്‍ ആളനക്കമില്ലാതെ നിശ്ചലമായതും വളരെ പെട്ടന്നായിരുന്നു.
രണ്ടാം വര്‍ഷത്തിലും കൊറോണ അതിന്റെ എല്ലാ ശക്തിയോടും കൂടി വ്യാപിക്കുകയാണ്. കൊറോണ മൂലം തൊഴില്‍ നഷ്ടപ്പെട്ട വ്യക്തികളുടെ, അടച്ചു പൂട്ടപ്പെട്ട സംരംഭങ്ങളുടെ എണ്ണം ആയിരങ്ങളിലും ലക്ഷങ്ങളിലും അവസാനിക്കുന്നില്ല. ഈ അവസ്ഥയിലാണ് കേരളത്തില്‍ നിന്നുള്ള, മലയാളി സംരംഭമായ ഫ്രഷ് ടു ഹോം പ്രസക്തിയാര്‍ജിക്കുന്നത്. ഓണ്‍ലൈന്‍ മത്സ്യ- മാംസ വിപണന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി എത്തിയ ഫ്രഷ് ടു ഹോം കഴിഞ്ഞ കൊറോണ സീസണിലും ഇക്കുറിയും പങ്കുവയ്ക്കുന്നത് ലാഭക്കണക്കുകള്‍ മാത്രമാണ്.
ഏകദേശം 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ കൊറോണ സീസണില്‍ ഇന്ത്യയിലും യുഎഇയിലും വിതരണ ശൃംഖലകളുള്ള ഫ്രഷ് ടു ഹോം സ്വന്തമാക്കിയത്. കൊറോണ രണ്ടാം സീസണിലും ഈ നേട്ടം അതേപടി നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഫ്രഷ് ടു ഹോം എന്ന രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ മത്സ്യ വില്‍പന പ്‌ളാറ്റ്ഫോമിനെ വ്യത്യസ്തമാക്കുന്നത്. ബിസിനസിലെ സുതാര്യത, ടീം സ്പിരിറ്റിന്റെ വിജയം, തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ നേടിയ ഈ വിജയത്തിന്റെ ഫോര്‍മുല പങ്കുവയ്ക്കുകയാണ് ഫ്രഷ് ടു ഹോം സ്ഥാപകരായ മാത്യു ജോസഫും ഷാന്‍ കടവിലുംകടലില്‍ നിന്നും പിടിച്ചെടുക്കുന്ന മത്സ്യങ്ങള്‍ യാതൊരുവിധ പ്രിസര്‍വേറ്റിവുകളും ചേര്‍ക്കാതെ തീര്‍ത്തും ഫ്രഷ് ആയി ജനങ്ങളിലേക്കെത്തിച്ചുകൊണ്ടായിരുന്നു മാത്യു ജോസഫ്, ഷാന്‍ കടവില്‍ കൂട്ടുകെട്ടില്‍ ഫ്രഷ് ടു ഹോമിന്റെ തുടക്കം.
സീ ടു ഹോം എന്ന പേരില്‍ മാത്യു ജോസഫ് ആരംഭിച്ച ഓണ്‍ലൈന്‍ മല്‍സ്യ വിപണ സ്ഥാപനത്തിലേക്ക് നിക്ഷേപകനായി ഷാന്‍ കടവില്‍ എത്തിയതോടെ സ്ഥാപനം മുഖം മിനുക്കി, പുതിയ പേരില്‍ ഫ്രഷ് ടു ഹോമായി വിപണിയില്‍ സജീവമായി. 2015 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തിന്റെ ഓരോ ഘട്ട യാത്രയും സംരംഭകത്വത്തിന്റെ എല്ലാ പ്രതിസന്ധികളും അഡ്മിനിസ്‌ട്രേഷന്‍ മികവ്‌കൊണ്ട് മറികടന്നായിരുന്നു. അതിനാല്‍ തന്നെയാണ് മത്സ്യങ്ങള്‍ മാത്രം വില്‍പനയ്ക്കായി എത്തിച്ചേരുന്ന സ്ഥാപനം ഉപഭോക്താക്കളുടെ താല്‍പര്യം മനസിലാക്കി മത്സ്യത്തിന് പുറമെ ചിക്കന്‍, മട്ടന്‍, തുടങ്ങിയ മാംസ വിഭവങ്ങളും വില്‍പനയ്ക്കായി എത്തിച്ചത്.
പത്തോളം ഇന്ത്യന്‍ നഗരങ്ങളിലും യുഎഇയിലുമായി ബിസിനസ് ശൃംഖലയുള്ള ഒരു സ്ഥാപനമായി വളര്‍ന്നു വികസിക്കാന്‍ ഫ്രഷ് റ്റു ഹോമിന് അധികം കാത്തിരിക്കേണ്ടി വന്നില്ല.കടലില്‍ നിന്നും ലഭിക്കുന്ന മത്സ്യം കഴിഞ്ഞാല്‍ പിന്നെ ഫ്രഷ് മത്സ്യം ഉള്ളത് ഫ്രഷ് ടു ഹോമിലാണ് എന്ന നിലയിലേക്ക് സ്ഥാപനം വളര്‍ന്നത് വിതരണശൃംഖലയിലെ ഓരോ ചുവടും കറയുറ്റതാക്കി മുന്നേറിയതിന്റെ ഫലമാണ്.
അതിനാല്‍ തന്നെ ഈ വിജയം കൊറോണക്കാലത്തും നിലനിര്‍ത്താന്‍ സ്ഥാപനത്തിന് കഴിഞ്ഞു. കോവിഡിന്റെ പേരില്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനും ശമ്പളം തടഞ്ഞുവയ്ക്കാനുമെല്ലാം എംഎന്‍സികള്‍ അടക്കമുള്ള കമ്പനികള്‍ മത്സരിച്ചപ്പോള്‍ സ്ഥാപനത്തിലെ എല്ലാ തൊഴിലാളികള്‍ക്കും ശമ്പളവര്‍ധനവും ബോണസും നല്‍കിയ മാത്യു ജോസഫ്, ഷാന്‍ കടവില്‍ എന്നിവര്‍ മഹാമാരിക്കാലത്തെ സംരംഭകത്വത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു.
കൃത്യമായ പ്ലാനിംഗ്
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏതൊരു ബിസിനസ് മേഖലയേയും പോലെ ഫ്രഷ് ടു ഹോമിനും ചില പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നു ഉറപ്പായിരുന്നു. അതിനാല്‍ തുടക്കത്തിലേ സജ്ജരായിരിക്കാന്‍ സ്ഥാപനം ശ്രദ്ധിച്ചു. ദുബായ്, ബെംഗളൂരു, കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ നെറ്റ്വര്‍ക്ക് ഉള്ളതിനാല്‍ ലോക്ക്ഡൗണ്‍ ആദ്യ സീസണില്‍ ഘട്ടം ഘട്ടമായാണ് സ്ഥാപനത്തെ ബാധിച്ചത്. ആദ്യം ദുബൈയില്‍ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ ബിസിനസിനെ കാര്യമായി ബാധിച്ചു. അതോടെ നിലനില്‍പ്പിനായി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചു.
ലോക്ക്ഡൗണ്‍ ആദ്യഘട്ടം പിന്‍വലിക്കുകയും ഓണ്‍ലൈന്‍ സര്‍വീസുകള്‍ വ്യാപകമാവുകയും ചെയ്തതോടെ സ്ഥാപനം കൊറോണയെ അതിജീവിക്കുന്നതിനായുള്ള ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ ഓഫറുകളല്ല, സുരക്ഷയാണ് ജനങ്ങള്‍ക്ക് നല്‍കേണ്ടത് എന്ന ഉറപ്പില്‍ കോണ്‍ടാക്റ്റ്‌ലെസ്സ് ഡെലിവറി എന്ന രീതി നടപ്പിലാക്കി. ഉപഭോക്താവുമായി യാതൊരുവിധത്തിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഓണ്‍ലൈന്‍ പേയ്‌മെന്റ് സിസ്റ്റം ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു കോണ്ടാക്റ്റ്ലെസ്സ് ഡെലിവറി നടപ്പിലാക്കിയത്.
കോണ്‍ടാക്റ്റ്‌ലെസ്സ് ഡെലിവറി ആദ്യം നടപ്പിലാക്കിയത് ദുബായിയില്‍ ആയിരുന്നു. അവിടെ നിന്നും ലഭിച്ച പോസിറ്റിവ് പ്രതികരണങ്ങള്‍ കണ്ടിട്ടാണ് പിന്നീട് ഇന്ത്യയിലേക്കും കോണ്‍ടാക്റ്റ്‌ലെസ്സ് ഡെലിവറി വ്യാപിപ്പിച്ചത്. ഓണ്‍ലൈന്‍ ഡെലിവറി ആളുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട് എങ്കിലും ഡെലിവറി ബോയ്‌സ് എത്രയിടങ്ങളില്‍ സഞ്ചരിക്കുന്നതാണ് എന്ന ചിന്ത ഉപഭോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കും എന്ന് തോന്നിയതിനെ തുടര്‍ന്നാണ് കോണ്‍ടാക്റ്റ് ലെസ്സ് ഡെലിവറി നടപ്പിലാക്കിയത്.
ഇത് പ്രകാരം ഡെലിവറി ബോയ്‌സ് ഒരു വീട്ടിലെത്തിയാല്‍ മുട്ടുകൈ കൊണ്ട് ബെല്‍ അടിക്കും അതിനു ശേഷം ഉല്‍പ്പന്നം വീട്ടുപടിക്കല്‍ വച്ചിട്ട് കുറഞ്ഞത് രണ്ട് മീറ്റര്‍ ദൂരത്തേക്ക് നീങ്ങി നില്‍ക്കും. ഉപഭോക്താക്കള്‍ വന്നു സാധനനാണ് എടുത്തുകൊണ്ട് പോയി എന്നുറപ്പായാല്‍ മാത്രമേ ഡെലിവറി ബോ
യ്‌സ് പോരുകയുള്ളൂ. വളരെ മികച്ച രീതിയിലുള്ള ഉപഭോക്തൃ പിന്തുണയാണ് ഈ പദ്ധതിക്ക് ലഭിച്ചത്. മാത്രമല്ല, സാനിട്ടറിസര്‍, മാസ്‌ക്, ഗ്ലോവ്‌സ് എന്നിവ നല്‍കി ഡെലിവറി ബോയ്‌സിന്റെ സുരക്ഷയും സ്ഥാപനം ഉറപ്പുവരുത്തി.
കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ സീസണില്‍ നടപ്പിലാക്കിയ ഈ സിസ്റ്റം ഈ കൊറോണക്കാലത്തും തുടരാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. ഇത് മൂലം കോവിഡ് ഭീതി കൂടാതെ വില്‍പന നടത്തുവാന്‍ സാധിച്ചു. അതിനാല്‍ തന്നെ ഉപഭോക്താക്കളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുകയും ചെയ്തു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, ഡബിള്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്ക്കൊപ്പം ഡെലിവറി ബോയിയുടെ ആരോഗ്യസ്ഥിതി കൂടി ഉറപ്പുവരുത്തിയ ശേഷമാണ് ഡെലിവറി നടത്തുന്നത്.
പൂര്‍ണമായും ഓണ്‍ലൈന്‍ പേയ്മെന്റ്
കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ ക്യാഷ് ട്രാന്‍സാക്ഷന്‍സ് പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തു. ഇത് പ്രാവര്‍ത്തികമാക്കുക എന്നത് തുടക്കത്തില്‍ അത്ര എളുപ്പം ആയിരുന്നില്ല. ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനം ആളാണെങ്കിലും 35 ശതമാനത്തോളം വരുന്ന ഉപഭോക്താക്കള്‍ കാഷ് ഓണ്‍ ഡെലിവറി സ്‌കീം ആളാണ് എടുത്തിരുന്നത്. എന്നാല്‍ കറന്‍സികള്‍ മുഖേന വൈറസ് പകരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഈ സ്‌കീം പൂര്‍ണമായും ഒഴിവാക്കി.
ഒരു തിരിച്ചടി പ്രതീക്ഷിച്ചു എങ്കിലും നൂറു ശതമാനം ഉപഭോക്താക്കളും ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി സ്ഥാപനത്തിന്റെ വിശ്വസ്തരായ ഉപഭോക്താക്കളാല്‍ തുടര്‍ന്നു. അതോടെ ബിസിനസ് ക്‌ളോസ് ചെയ്യുമ്പോള്‍ ക്യാഷ് എണ്ണി തിട്ടപ്പെടുത്തുക, ബാങ്കില്‍ ഇടുക, ഏജന്റിന് പണം നല്‍കുക തുടങ്ങിയ രീതികള്‍ ഒഴിവാക്കാന്‍ സാധിച്ചു. ഇത്തരത്തില്‍ കിട്ടിയ ലാഭം തൊഴിലാളികള്‍ക്ക് തന്നെ വീതിച്ചു നല്‍കാനായി. ആദ്യ കൊറോണ സീസണില്‍ ബോണസും ശമ്പള വര്‍ധനവും മറ്റുമായി തൊഴിലാളികളെ പിന്തുണയ്ക്കാന്‍ സ്ഥാപനത്തെ സഹായിച്ചതില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് മുഖാന്തിരം ഉണ്ടായ ലാഭത്തിനും ഒരു സ്ഥാനമുണ്ട്.
ചെറു വള്ളങ്ങളുമായി ബന്ധം
ലോക്ക്ഡൗണ്‍ ആയതിന്റെ പേരില്‍ ആദ്യ ഒന്ന് രണ്ട് ദിവസം മാത്രമേ സ്റ്റോക്ക് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായുള്ളൂ. ശേഷം സ്റ്റോക്ക് വാങ്ങിക്കും എന്ന് നൂറു ശതമാനം ഉറപ്പുള്ളതിനാല്‍ ചെറുവള്ളങ്ങള്‍ മീന്‍ പിടിക്കാനിറങ്ങി. അതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്റ്റോക്കിന് യാതൊരു കുറവുമുണ്ടായില്ല. കൊറോണക്കാലത്ത് ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനങ്ങള്‍ പിടിച്ചു നില്‍ക്കും എന്ന് ഉറപ്പുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഞങ്ങള്‍ വ്യത്യസ്തങ്ങളായ പ്ലാനുകള്‍ അവതരിപ്പിച്ചതും തൊഴിലാളികളെ ഒപ്പം നിര്‍ത്തിയതും. ആദ്യത്തെ കൊറോണക്കാലം ഇത്തരത്തില്‍ മറികടന്നപ്പോള്‍ രണ്ടാം കൊറോണക്കാലത്തിന് വേണ്ടി ഇതിലും വിപുലമായ ചില കാര്യങ്ങളാണ് സ്ഥാപനം ഒരുക്കിയത്. കൊറോണയുടെ രണ്ടാം വരവും ഒപ്പം ട്രോളിങ് നിരോധനവും മുന്‍കൂട്ടിക്കണ്ടാണ് സ്ഥാപനം ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തിയത്.
ട്രോളിങ് നിരോധനത്തെ നേരിടാന്‍ മത്സ്യകൃഷി
കഴിഞ്ഞ കോവിഡ് കാലത്ത് ട്രോിങ് നിരോധനം കൂടി വന്നതോടെ മത്സ്യ ലഭ്യത കുറഞ്ഞു. അപ്പോള്‍ ചെറുവള്ളങ്ങളെയാണ് കൂടുതലായി ആശ്രയിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ചെറുകിട മത്സ്യകര്‍ഷകരുമായി മീന്‍ പിടുത്തക്കാരുമായുമെല്ലാം കരാറുണ്ടെങ്കിലും അത്തരത്തില്‍ കിട്ടുന്ന മല്‍സ്യം വാണിജ്യാവശ്യത്തിനു തികയാത്ത അവസ്ഥയായിരുന്നു. അന്ന് എടുത്ത തീരുമാനമായിരുന്നു മത്സ്യലഭ്യത ഉറപ്പാക്കാന്‍ മത്സ്യകൃഷി നടത്തുക എന്നത്.
ആ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായി ആലപ്പുഴ ജില്ലയില്‍ 40 ഏക്കറോളം നിലം പാട്ടത്തിനെടുത്ത് മത്സ്യകൃഷി തുടങ്ങി. അതിനാല്‍ തന്നെ, കോവിഡ് രണ്ടാം തരംഗവും ട്രോളിങ് നിരോധനവും ഒന്നിച്ചെത്തുമ്പോളും ഫ്രഷ് ടു ഹോം മത്സ്യ വിപണമേഖലയില്‍ സജീവമാണ്. നാടന്‍ മത്സ്യങ്ങളാണ് ഇത്തരത്തില്‍ കൃഷി ചെയ്യുന്നവയില്‍ അധികവും. കേരളത്തില്‍ ഇത്തരം മത്സ്യങ്ങള്‍ക്ക് നല്ല വിപണിയുമുണ്ട്. മത്സ്യകൃഷി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഉദ്ദേശത്തിലാണ് മാത്യു ജോസഫും ഷാന്‍ കടവിലും.
ടീം സ്പിരിറ്റ് നിലനിര്‍ത്തി
കൊറോണ സമയം വ്യക്തികള്‍ക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ നിരവധി പ്രശ്‌നങ്ങളെ സമ്മാനിക്കുന്ന കാലമാണ്. ഇത് മനസിലാക്കി തൊഴിലാളികള്‍ക്കിടയില്‍ ടീം സ്പിരിറ്റ് വളര്‍ത്തുന്നതിനും സ്ഥാപനത്തിന്റെ ആത്യന്തികമായ വളര്‍ച്ചയ്ക്കുള്ള കാരണം തൊഴിലാളികളാണെന്ന സത്യം ഊട്ടി ഉറപ്പിക്കുന്നതിനുമായുള്ള നടപടികള്‍ സ്വീകരിക്കുകയും അതിനനുസൃതമായ തൊഴില്‍ നയങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ജോലി നഷ്ടപ്പെടില്ല എന്ന ഉറപ്പായിരുന്നു തൊഴിലാളികളെ സ്ഥാപനത്തോട് ചേര്‍ത്തു നിര്‍ത്തിയ പ്രധാന ഘടകം. ആ വാക്ക് പൂര്‍ണമായും പാലിക്കാനും സ്ഥാപനത്തിന് കഴിഞ്ഞു. കൊറോണക്കാലത്ത് പുതിയ ആളുകള്‍ക്ക് ജോലി നല്‍കിയതല്ലാതെ, ആരെയും ജോലിയില്‍ നിന്നും പിരിച്ചു വിട്ടില്ല.
ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ്
സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും നിശ്ചിത ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് നടത്തിലും സ്ഥാപനത്തിനകത്ത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കിയും കോവിഡ് വ്യാപനം തടയാനും ഫ്രഷ് ടു ഹോം ശ്രദ്ധിച്ചു. കൊറോണയെ അതിജീവിക്കണം എന്ന വാശിയില്‍ തന്നെയാണ് കൃത്യമായ ശരീരതാപനില നോക്കി രേഖപ്പെടുത്തി ഓരോ വ്യക്തിയെയും സ്ഥാപനത്തിലേക്ക് ജോലിക്കായി കടത്തി വിടുന്നത്. ഇത് ഏറ്റവും കൃത്യതയോടെ ചെയ്യുന്നതിനാല്‍ സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ 8 ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്കെ നാളിതുവരെ കോവിഡ് ഭീതി നേരിടേണ്ടതായി വന്നിട്ടുള്ളൂ. കോവിഡ് ബാധിച്ച തൊഴിലാളികള്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരിഗണന എല്ലാ അര്‍ത്ഥത്തിലും സ്ഥാപനം ഉറപ്പാക്കിയിരുന്നു.
ഫ്രഷ് ടു ഹോം നാള്‍വഴി….
രാജ്യത്തെ ആദ്യത്തെ മത്സ്യ ഓണ്‍ലൈന്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പാണ് ഫ്രഷ് ടു ഹോം. മലയാളികളായ മാത്യു ജോസഫും ഷാന്‍ കടവിലും ചേര്‍ന്നാണ് ഫ്രഷ് ടു ഹോമിന് തുടക്കമിട്ടത്. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി മേഖലയില്‍ ശ്രദ്ധേയനായ മാത്യു ജോസഫ് ആരംഭിച്ച സീ ടു ഹോം എന്ന ഓണ്‍ലൈന്‍ മത്സ്യ ഡെലിവറി സ്ഥാപനത്തിലേക്ക് നിക്ഷേപകനായി പ്രമുഖ ഗെയിമിങ് കമ്പനിയുടെ ഇന്ത്യയിലെ മേധാവിയായ ഷാന്‍ കടവില്‍ എത്തിയതോടെ ഫ്രഷ് ടു ഹോം എന്ന പേരിലേക്ക് സ്ഥാപനം പുനര്‍നിര്‍വചിക്കപ്പെട്ടു.കടല്‍ മത്സ്യങ്ങള്‍, ചിക്കന്‍, മട്ടന്‍, റെഡി ടു കുക്ക് വിഭവങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ ഹോം ഡെലിവറി ചെയ്യുന്നത്. ചിലയിടങ്ങളില്‍ പച്ചക്കറിയും എത്തിച്ചു നല്‍കുന്നുണ്ട്.
ഇന്‍വെസ്റ്റ് കോര്‍പ്പ്, റയീദ് വെഞ്ച്വേഴ്സ്, മിഡില്‍ ഈസ്റ്റ് ഓയില്‍ ആന്റ് ഗ്രെയിന്‍സ് എന്നിവയെല്ലാം ഫ്രഷ് ടു ഹോമില്‍ നിക്ഷേപം നടത്തുന്ന പ്രമുഖരാണ്. അമേരിക്കന്‍ ഗവണ്‍മന്റില്‍ നിന്നും മറ്റ് രണ്ട് രാജ്യങ്ങളില്‍ നിന്നുമായി 121 മില്യണ്‍ ഡോളര്‍ യുഎസ് നിക്ഷേപം സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. യുണികോണ്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ പട്ടികയില്‍ ഇടം നേടുക എന്നതാണ് ഫ്രഷ് ടു ഹോം ലക്ഷ്യമിടുന്നത്. ഇന്ത്യക്ക് പുറത്തും ഒന്ത്യയിലെ മുപ്പതോളം നഗരങ്ങളിലുമാണ് നിലവില്‍ ഫ്രഷ് ടു ഹോം സേവനങ്ങള്‍ ലഭിക്കുന്നത്. മുംബൈ, ദില്ലി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂണെ തുടങ്ങിയ വന്‍ നഗരങ്ങളിലും സാന്നിധ്യമൊരുക്കുന്നുണ്ട്. കേരളത്തിലെ 21 രണ്ടാം നിര നഗരങ്ങളിലും ഇന്ന് വിതരണമുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് യുഎഇയില്‍ ആണ് ഫ്രഷ് ടു ഹോമിന് സാന്നിധ്യമുള്ളത്. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യപിപ്പിക്കാന്‍ പദ്ധതിയുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി ഫ്രഷ് ടു ഹോമും ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമായ എഫ്ടിഎച്ച് ഡെയ്‌ലിയും ചേര്‍ന്ന് നേരിട്ടും അല്ലാതെയുമായി 17,000 ആളുകള്‍ക്ക് ഇന്ന് തൊഴില്‍ നല്‍കുന്നു. എല്ലാ നഗരങ്ങളിലും കട്ടിംഗ് പ്ലാന്റുകളും രാജ്യമൊട്ടാകെ 162 ഹബ്ബുകളും ഫ്രഷ് ടു ഹോമിനുണ്ട്.
കൊറോണക്കാലത്ത് ഇന്ത്യയില്‍ 30 ശതമാനവും ദുബായില്‍ 80 ശതമാനവും വളര്‍ച്ചയാണ് ഫ്രഷ് ടു ഹോം നേടിയത്. 2021 ല്‍ വലിയ കുതിച്ചു ചാട്ടത്തിനാണ് തയാറെടുക്കുന്നത്. സൗദിയിലേക്ക് നീങ്ങുന്നതിനൊപ്പം ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്കെത്തും. കഴിഞ്ഞ വര്‍ഷം 650 കോടി രൂപയായിരുന്നു ടേണോവര്‍. ഓരോ വര്‍ഷവും ഇരട്ടിക്കുന്ന ടേണോവര്‍ 2021 ല്‍ 1,500 കോടി രൂപയിലേക്ക് ഉയര്‍ത്താനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.