Health

അസ്തമയമില്ലാത്ത സൂര്യ തേജസ്…

കേരളത്തെ ആയുര്‍വേദത്തിലൂടെ ലോകം തിരിച്ചറിയുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ പികെ വാര്യരെന്ന ശ്രേഷ്ഠന്റെ വൈഭവം ഒന്നുമാത്രമാണ്. ആയൂര്‍വേദത്തിന്റെ കര്‍മ്മവഴികളില്‍ കാഴ്ചവെച്ച സമര്‍പ്പണവും ദീര്‍ഘവീക്ഷണവും ആയുര്‍വേദ ചികിത്സാ രംഗത്തെ ഭീഷ്മാചാര്യനായി അദ്ദേഹത്തെ മാറ്റുന്നു. 100 ആം വയസില്‍ പികെ വാര്യര്‍ വിട പറയുമ്പോള്‍ ലോകത്തിനായി അദ്ദേഹം ബാക്കിവയ്ക്കുന്നത് ആയുര്‍വേദ സംസ്‌കൃതിയുടെ അനന്ത സാധ്യതകളാണ്

2021 ജൂലൈ 10, പികെ വാര്യര്‍ എന്ന ആയുര്‍വേദകുലപതി വിടവാങ്ങിയ ഈ ദിനം കേരള ചരിത്രത്തിലെ, വൈദ്യശാസ്ത്ര രംഗത്തെ കറുത്ത അധ്യായങ്ങളിലൊന്നാണ്. ആയുര്‍വേദത്തിന്റെ പെരുമ ആകാശത്തോളം ഉയര്‍ത്തിയ ഭീഷ്മാചാര്യന്‍ എന്ന് വേണം കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ആയിരുന്ന പികെ വാര്യരെ വിശേഷിപ്പിക്കുവാന്‍. ആയുര്‍വേദ ചികിത്സാ രംഗത്ത് പകരം വയ്ക്കാനില്ലാത്ത സംഭാവനകളിലൂടെ ശ്രദ്ധേയനായ പികെ വാര്യര്‍ ആയുര്‍വേദ ചികിത്സയുടെ ഉന്നമനത്തിനായി പിറന്നുവീണ വ്യതിയാണെന്നു പറാഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തി കാണില്ല.

Advertisement

പികെ വാര്യര്‍

ആയുര്‍വേദത്തിന്റെ ശാസ്ത്രീയതയാണ് പി കെ വാര്യര്‍ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവര്‍ ഏറ്റെടുത്തില്ലെങ്കില്‍ ആയുര്‍വേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല എന്ന് പറയുന്നിടത്താണ് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൂടുതല്‍ ജനകീയമാകുന്നത്. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുര്‍വേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താ
ഴേതലത്തില്‍ വരെയെത്തിച്ചു. ആ പാരമ്പര്യം അതെ പാടി നിലനിര്‍ത്തുകയാണ് അദ്ദേഹത്തിന് കീഴിലുണ്ടായിരുന്ന കോട്ടക്കല്‍ ആര്യവൈദ്യശാലയും. പാരമ്പര്യത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നവീനതയെ ഉള്‍ക്കൊണ്ടു എന്നതാണ് വാര്യരുടെ ചികിത്സാ രീതികളുടെ മറ്റൊരു പ്രത്യേകത.

1921ല്‍ തലപ്പണത്ത് ശ്രീധരന്‍ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ആറു മക്കളില്‍ ഇളയവനായാണ് പന്നിയമ്പള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ.വാര്യരുടെ ജനനം. സംഭവബഹുലമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയ അദ്ദേഹം ആദ്യം ഒരു എഞ്ചിനിയര്‍ ആവണമെന്നാണ് ആഗ്രഹിച്ചത്. എങ്കിലും കുടുംബ പാരമ്പര്യം അദ്ദേഹത്തെ വൈദ്യരംഗത്തേക്ക് നയിച്ചു. എന്നാല്‍ പിന്നീട് അതിലദ്ദേഹം അങ്ങേയറ്റം സന്തോഷിക്കുകയും ചെയ്തു.

വലിയമ്മാവന്‍ വൈദ്യരത്‌നം പി.എസ്.വാര്യരില്‍ നിന്നു തുടങ്ങിയതാണ് ആയുര്‍വേദ പഠനം. എന്നാല്‍ ഇടക്ക് രാഷ്ട്രീയത്തിന്റെ വഴിയേ പോയി. 1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരാവേശത്തില്‍ പഠനമുപേക്ഷിച്ചു. പിന്നീട് അദ്ദേഹം ആയുര്‍വേദത്തിന്റെ വഴിയേയുള്ള യാത്ര പുനരാരംഭിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് വിശ്വാസ്യതയുടെ ബ്രാന്റ് വാല്യു നല്‍കിയത് പികെ വാര്യരുടെ കഠിനാധ്വാനമായിരുന്നു. ”വലുതായി തുടങ്ങിയിട്ടു ചെറുതായിക്കൂടാ, ചെറുതായി തുടങ്ങിയിട്ടു വലുതാവാം”എന്ന തന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര.

മികച്ച ഭരണാധികാരി

ആയുര്‍വേദത്തില്‍ ജനിച്ച്, ആയുര്‍വേദത്തില്‍ വളര്‍ന്ന വ്യക്തി എന്നതിലുപരിയായി തന്റെ ഭരണപാടവം കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.1947ല്‍ ‘അടുക്കള’ എന്നു പേരുള്ള ആര്യവൈദ്യശാലാ ഫാക്ടറിയുടെ മാനേജരായാണ് പി.കെ.വാര്യര്‍ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഡിഎ ഉള്‍പ്പെടെ 112.50 രൂപയായിരുന്നു മാസ ശമ്പളം. മാനേജിങ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠന്‍ പി.എം.വാരിയര്‍ വിമാന അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് 1953ല്‍ പി.കെ.വാരിയര്‍ക്ക് ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുക്കേണ്ടി വന്നു. അതൊരു തുടക്കം മാത്രമായിരുന്നു.

വികസനത്തിന്റെ പുതിയ നാഴികക്കല്ലുകള്‍ പിന്നിടുന്ന കോട്ടക്കലിനെയാണ് പിന്നീട് കണ്ടത്. അലോപ്പതി രംഗത്ത് കര്‍ണാടകയിലെ മണിപ്പാലിന് മലബാ
റില്‍നിന്നുള്ള ആയുര്‍വേദ മറുപടിയായി കോട്ടയ്ക്കലിനെ വളര്‍ത്തിയെടുക്കുകയായിരുന്നു അദ്ദേഹം. ആ പ്രയത്നം തുടര്‍വര്‍ഷങ്ങളില്‍ ലക്ഷ്യം കണ്ടു. ആയുര്‍വേദ രംഗത്ത് ഗവേഷണത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ടായിരുന്നു അദ്ദേഹം കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ വളര്‍ച്ച വിഭാവനം ചെയ്തത്. ലോകത്തിന്റെ ആരോഗ്യഭൂപടത്തില്‍ ഇന്ന് ഏറ്റവുമധികം ആളുകള്‍ തിരയുന്ന പേരായി കോട്ടയ്ക്കല്‍ മാറിയത് അദ്ദേഹത്തിന്റെ മാത്രം മികവാണ്.

മതനിരപേക്ഷവും പുരോഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങള്‍ക്ക് വില കല്‍പ്പിച്ചു. ഈ ആതുര സേവകന്‍ കേരളത്തിലെ ആയുര്‍വേദ രംഗത്തെ കുലപതിയാണ് എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തി ഇല്ലാത്തത് അതിനാലാണ്. വൈദ്യരത്‌നം പി എസ് വാര്യര്‍ തുടങ്ങിവെച്ച ആര്യ വൈദ്യശാലയെ 68 വര്‍ഷം പി കെ വാര്യര്‍ നയിച്ചു. 1999 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആയുര്‍വേദം ഒരു ചികിത്സാരീതി മാത്രമല്ല. അതില്‍ ജീവിതത്തിന്റെ പ്രകാശമുണ്ടെന്നു വിശ്വസിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

പകരം വയ്ക്കാനാവാത്ത വൈദ്യമഹിമ

ഏഴു പതിറ്റാണ്ടിലേറെക്കാലമായി ആയുര്‍വേദരംഗത്ത് പ്രവര്‍ത്തിച്ച പി.കെ.വാരിയരുടെ പേര് കണ്ണൂര്‍ ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം ഔഷധസസ്യത്തിനു നല്‍കിയിട്ടുണ്ട്. അത് അദ്ദേഹത്തോടുള്ള ആദരവിന്റെ പ്രതിഫലനമാണ്. ജിംനോസ്റ്റാക്കിയം വാരിയറാനം (Gymnostachyum warrieranum) എന്ന പേരിലുള്ള ഈ ചെടി ഇപ്പോള്‍ ആര്യവൈദ്യശാലയിലെ ഔഷധസസ്യവിഭാഗത്തില്‍ പരിപാലിക്കപ്പെടുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്കു കീഴിലുള്ള ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ ഡോ. പ്രഭുകുമാറിന്റെയും ഡോ. ഇന്ദിരാ ബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ സസ്യത്തെ കണ്ടെത്തിയത്. പികെ വാര്യര്‍ എന്ന അതികായന്റെ ജീവിതകഥ ആയുര്‍വേദത്തിനു ആയുസ്സുള്ള കാലത്തോളം നിലനില്‍ക്കും. അദ്ദേഹം ജനമനസുകളില്‍ ചിരഞ്ജീവിയായി ജീവിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top