Startups & Innovation

പ്രശ്‌നത്തില്‍ നിന്നും ആശയത്തിലേക്ക്

വെറുതെ ഒരു ആശയം ഉരുത്തിരിഞ്ഞു വന്നാല്‍ പോര. ആ ആശയത്തിന് ഉപഭോക്താവിന്റെ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയുന്ന ആന്തരികശക്തി കൂടി ഉണ്ടായിരിക്കണം

Illustration: Rajesh Manimala

അദ്ധ്യായം 3

Advertisement

മലയാളത്തിലെ ആദ്യത്തെ സംരംഭകത്വ നോവലെറ്റാണ് സംരംഭകന്റെ യാത്ര

”വീടിന്റെ ചുമരുകള്‍ ഞാന്‍ നല്ല നിറങ്ങള്‍ നല്‍കി ഭംഗിയാക്കിയിരിക്കുകയാണ്. എങ്കിലും അവിടെ എന്തോ അപൂര്‍ണ്ണത എനിക്കനുഭവപ്പെടുന്നുണ്ട്. ചുമരുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അവ വിരസങ്ങളായിരിക്കുന്നു. ആ വിരസത എന്നെ വേട്ടയാടുന്നു. ചുമരുകളിലേക്ക് നോക്കുമ്പോള്‍ അതിന്റെ നഗ്‌നത എന്നെ മടുപ്പിക്കുന്നു. ഇവിടെ ചുമരുകളുടെ വിരസത, ഒന്നുമില്ലാതുള്ള അതിന്റെ കാത്തുനില്‍പ്പ് എന്റെ പ്രശ്‌നമാകുന്നു. ചിലപ്പോള്‍ ചില അലങ്കാര വസ്തുക്കള്‍ ഈ വിരസതയെ, മടുപ്പിനെ തുടച്ചു നീക്കാം. അപ്പോള്‍ ഞാന്‍ ചുമരുകള്‍ അലങ്കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. ഒരു ചിത്രത്തിന് ചുമരിനെ ജീവസുറ്റതാക്കാന്‍ കഴിയും. അത് കാ
ഴ്ചക്കാരനില്‍ ഉളവാക്കുന്ന മടുപ്പിനെ ഇല്ലാതെയാക്കും. ആ ചിത്രം എന്റെ പ്രശ്‌നത്തിന്റെ പരിഹാരമാകുന്നു. അങ്ങിനെ മീര വരച്ച ചിത്രം എനിക്ക് ആവശ്യമാകുകയാണ്. ചിത്രകാരിയായ മീരക്ക് അത് വ്യവഹാരത്തിനുള്ള ഒരു സന്ദര്‍ഭമാകുന്നു. അത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് ഏത് ബിസിനസും ഉപഭോക്താ
വിന്റെ പ്രശ്‌നത്തിനുള്ള പരിഹാരം തന്നെയാണ്.”

നിയാസിക്ക പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഒരു മഴ പെയ്തു തോര്‍ന്നത് പോലെ രാഹുലിനും മീരക്കും തോന്നി.
എത്ര മനോഹരമായ, ലളിതമായ വിശദീകരണം. ഓരോ ഉത്പന്നവും സേവനവും ഉപഭോക്താവിന്റെ പ്രശ്‌നങ്ങളുടെ പരിഹാരമാണെന്ന നിയാസിക്കയുടെ വാക്കുകളുടെ കാതല്‍ അവര്‍ക്ക് ബോധ്യപ്പെട്ടു തുടങ്ങി. താന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ജീവനുണ്ടെന്ന് പെട്ടെന്ന് മീരക്ക് തോന്നി. ചിത്രം വരച്ചു വില്‍ക്കുന്ന ചിത്രകാരനും ബിസിനസുകാരന്‍ തന്നെ.

ബിസിനസിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന, അതിനെക്കുറിച്ച് ഗൗരവപൂര്‍വ്വം പഠിക്കാത്ത വ്യക്തികള്‍ എന്ന നിലയില്‍ ഒരു അദ്ധ്യാപകന്റെ മുന്നിലിരിക്കുന്ന കൊച്ചു കുട്ടികളായി അവര്‍ മാറി. ബിസിനസ് കേട്ട് പഠിക്കേണ്ടതല്ലെന്നും ചെയ്ത് പഠിക്കേണ്ട ഒന്നാണെന്നും അവര്‍ വിചാരിച്ചിരുന്നു. എന്നാലിപ്പോള്‍ ബിസിനസിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിക്കേïതിന്റെ ആവശ്യകത അവര്‍ക്ക് മുന്നില്‍ വെളിപ്പെടുകയാണ്.

നിയാസിക്കയെ കാണാനെടുത്ത തീരുമാനം ഏതായാലും നന്നായി.
”ഇതിന്റെ മറ്റൊരു തലം കൂടി നമുക്ക് നോക്കാം.” നിയാസിക്ക തുടരുകയാണ്. രാഹുലും മീരയും അറിവിന്റെ ഗുഹയിലൂടെ നിയാസിക്കയുടെ ഒപ്പം സഞ്ചരിച്ചു തുടങ്ങി.
”മീര സ്വന്തമായി ചിത്രത്തിനാവശ്യമുള്ള സാമഗ്രികളൊക്കെ വാങ്ങിച്ച് ചിത്രം വരച്ച് എനിക്കത് വില്‍ക്കുന്നു എന്ന് കരുതുക. ഇപ്പോള്‍ ആ ചിത്രം ഒരു ഉത്പന്നമാണ് മീര ഒരു ഉത്പാദകയും. എന്നാല്‍ ചിത്രത്തിനാവശ്യമായ സാമഗ്രികളെല്ലാം ഞാന്‍ വാങ്ങിക്കുകയും മീര എനിക്കായി ചിത്രം വരച്ചു നല്കുകയും അതിനായി പ്രതിഫലം വാങ്ങുകയും ചെയ്യുമ്പോള്‍ മീര ഒരു സേവന ദാതാവായി മാറുകയാണ്. ഒരേ കാര്യം രണ്ടു രീതിയില്‍ നടപ്പിലാക്കപ്പെടുമ്പോള്‍ വരുന്ന മാറ്റം ഇവിടെ കാണാം.”
”ഉത്പാദനവും സേവനവുംതങ്ങളുടേതായ രൂപത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അല്ലേ?” രാഹുല്‍ ചോദിച്ചു.

നിയാസിക്കയുടെ ഫോണ്‍ ശബ്ദിച്ചു. അതെടുത്ത് മ്യൂട്ട് ബട്ടണ്‍ അമര്‍ത്തിയശേഷം നിയാസിക്ക രാഹുലിന്റെ ചോദ്യത്തിലേക്ക് ശ്രദ്ധ തിരിച്ചു.
”തീര്‍ച്ചയായും. ഉത്പാദനം മൂര്‍ത്തമായ ഒരു വസ്തുവിനെ സൃഷ്ട്ടിക്കലാണ്. ആ വസ്തുവിനെ നമുക്ക് കാണാം. തൊടാം. ഉപഭോക്താവിന് അത് വില്‍ക്കുമ്പോള്‍ ഉടമസ്ഥാവകാശം കൂടി അതിനോടൊപ്പം കൈമാറ്റം ചെയ്യപ്പെടുന്നു. സേവനം എന്നത് ഉപഭോക്താവിന് സ്വയം ചെയ്യുവാന്‍ കഴിയാത്ത കാര്യങ്ങള്‍ മറ്റൊരാള്‍ ചെയ്ത് നല്‍കലാണ്. അത് അമൂര്‍ത്തമായ ഒന്നാണ്. ഉത്പന്നം ദൃശ്യവും സേവനം അദൃശ്യവുമാണ്.”

എങ്ങിനെയാണ് ഈ മനുഷ്യനില്‍ നിന്നും ഇങ്ങനെ വാക്കുകള്‍ പ്രവഹിക്കുന്നത്. രാഹുല്‍ അത്ഭുതത്തോടെ നിയാസിക്കയെ നോക്കി.
നിയാസിക്ക തുടരുകയാണ്.
”എന്നാല്‍ ഒരു കാര്യം നാം മനസിലാക്കേണ്ടത് ഉത്പന്നവും യഥാര്‍ത്ഥത്തില്‍ സേവനം തന്നെയാണ് ഉപഭോക്താവിന് നല്കുന്നത്. ഉത്പന്നം നല്‍കുന്ന സേവനത്തിനായാണ് ഉപഭോക്താവ് ഉത്പന്നത്തെ ആശ്രയിക്കുന്നത്.”

”അതെങ്ങിനെയാണ് ഉത്പന്നം സേവനം നല്‍കുന്നത്. ഞാന്‍ വാങ്ങിക്കുന്നത് ഉത്പന്നമല്ലേ? സേവനമല്ലല്ലോ?” മീരയുടെ ചോദ്യം കേട്ട നിയാസിക്ക തല കുലുക്കി.
”കുറേക്കൂടി സൂക്ഷ്്മ തലത്തില്‍ നാമിതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഉപഭോക്താവിന്റെ പ്രശ്‌നത്തിന്റെ പരിഹാരമാണ് ബിസിനസെന്ന് നാം കണ്ടുകഴിഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത് എപ്പോഴും സേവനങ്ങള്‍ കൊണ്ട് മാത്രമാണ്. ഒന്നുകില്‍ ആ സേവനം വ്യക്തികള്‍ നല്‍കും അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ നല്‍കും. അത്രയേ വ്യത്യാസമുള്ളൂ. മീര വാഷിംഗ് മെഷീന്‍ വാങ്ങിയത് ഇവിടെ നിന്നല്ലേ? എന്തിനാണ് അത് വാങ്ങിയത്?”
”തുണികള്‍ അലക്കുവാന്‍.”

”അതായത് തുണികള്‍ അലക്കുവാന്‍ ഒരു ജോലിക്കാരിക്ക് കഴിയും. ജോലിക്കാരി ചെയ്ത് നല്‍കുമ്പോള്‍ അത് അവര്‍ നല്‍കുന്ന സേവനമാകും. ജോലിക്കാരിക്ക് പകരം വാഷിംഗ് മെഷീന്‍ അത് ചെയ്തു നല്‍കുന്നതും സേവനമല്ലേ? തുണി കഴുകുക എന്ന ഉദ്ദേശ്യമാണ് വാഷിംഗ് മെഷീന്‍ വാങ്ങിച്ചതിന് കാരണം. ആ സേവനത്തിനായാണ് ആ ഉത്പന്നത്തെ മീര ഉപയോഗിക്കുന്നത്. അപ്പോള്‍ ഉത്പന്നം നല്‍കുന്നതും സേവനം തന്നെയല്ലേ?”
”മീര, വീട്ടിലുള്ള ഓരോ ഉത്പന്നവും നിരീക്ഷിക്കൂ. സേവനം നല്‍കാത്ത ഏത് ഉത്പന്നമുണ്ട്? ഓരോ ഉത്പന്നവും നാം വാങ്ങുമ്പോള്‍ അതില്‍ നിന്നും നാം പ്രതീക്ഷിക്കുന്ന ഒരു സേവനമുണ്ട്. കേടായ ഒരു ഫ്രിഡ്ജ് മീര ഉപയോഗിക്കാത്തത് എന്താണ്? അത് സേവനം നല്‍കുന്നത് നിര്‍ത്തിയിരിക്കുന്നു. ആ ഉത്പന്നം അവിടെതന്നെയുണ്ട്. നമുക്കത് കാണാം, തൊടാം. അത് മൂര്‍ത്തമാണ്. പക്ഷേ അതുകൊï് മാത്രം കാര്യമില്ല. അത് പ്രവര്‍ത്തനക്ഷമമാണെങ്കിലേ മീരക്കതുകൊï് ഗുണമുള്ളൂ. അല്ലെങ്കില്‍ വെറുതെ അത് സ്ഥലം മിനക്കെടുത്തും. അപ്പോള്‍ ആ ഉത്പന്നം നല്‍കുന്ന സേവനമല്ലേ മുഖ്യം?”

”അപ്പോള്‍ എല്ലാം സേവനം തന്നെ അല്ലേ?” മീരക്ക് തലയില്‍ വെളിച്ചം വീണു തുടങ്ങി.
”എന്തിന് സംശയിക്കണം. ചെയ്യുന്ന പ്രവൃത്തിയനുസരിച്ച് ബിസിനസിനെ വേര്‍തിരിക്കാമെങ്കിലും എല്ലാ ബിസിനസിന്റെയും ഉദ്ദേശ്യലക്ഷ്യം സേവനം തന്നെയാണ്. ചിലവ വ്യക്തികളിലൂടെ നേരിട്ട് സേവനം നല്‍കുമ്പോള്‍ മറ്റുള്ളവ ഉത്പന്നങ്ങളിലൂടെ സേവനം നല്‍കുന്നു. സേവനം നല്‍കാത്ത ഒരു ഉത്പന്നത്തിനെയും വിപണി സ്വീകരിക്കുന്നില്ല. അതുകൊണ്ട് നാം ഉത്പാദിപ്പിക്കുന്ന അല്ലെങ്കില്‍ നല്‍കുന്ന സേവനത്തിന്റെ ഉപയോഗയോഗ്യത (Utility) യാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം.”
രാഹുല്‍ തല ചരിച്ച് മീരയെ നോക്കി. അവള്‍ സാകൂതം നിയാസിക്ക പറയുന്നത് ശ്രദ്ധിക്കുകയാണ്. ശ്രദ്ധ വ്യതിചലിക്കുന്നതേയില്ല.

”ഇവിടെയാണ് നാം ഏറെ ശ്രദ്ധിക്കേണ്ടത്. പ്രശ്‌നത്തിന് പരിഹാരമായി ഒരു ആശയം ഉരുത്തിരിഞ്ഞു വരുമ്പോള്‍ അതിനെ ഒരു ബിസിനസാക്കി മാറ്റാന്‍ ഏറ്റവും വേണ്ട യോഗ്യത ആ ആശയത്തില്‍ നിന്നും ഉടലെടുക്കുന്ന ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ ഉപയോഗക്ഷമതയാണ്. ഉപഭോക്താവിന്റെ പ്രശ്‌നത്തിന് പരിഹാരമാകുവാന്‍ ഈ ഉത്പന്നം നല്‍കുന്ന സേവനത്തിനാകുമോ? എന്ന ചോദ്യം സംരംഭകന്റെ മനസില്‍ ഉണരണം.”
”അപ്പോള്‍ വെറുതെ ഒരു ആശയം ഉരുത്തിരിഞ്ഞു വന്നാല്‍ പോര. ആ ആശയത്തിന് ഉപഭോക്താവിന്റെ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയുന്ന ആന്തരികശക്തി കൂടി ഉണ്ടായിരിക്കണം.”
നിയാസിക്ക പറഞ്ഞു നിര്‍ത്തി.

രാഹുല്‍ ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു. ഈ കൂടിക്കാഴ്ച തങ്ങളെ ഏത് തലത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്. മനസിന്റെ ചില്ലു ജാലകങ്ങള്‍ തുറക്കുന്നു. അറിവിന്റെ ചെറുകാറ്റ് കടന്നു വരുന്നു. പഠനം തുടങ്ങിയിട്ടേയുള്ളൂ എന്ന തോന്നല്‍ ശക്തമാകുന്നു.
നിയാസിക്കയോട് യാത്ര പറഞ്ഞ് മടങ്ങുമ്പോള്‍ രാത്രി നന്നേ കനത്തിരുന്നു.
”ഒരു ചുവടുവയ്പിലൂടെയാണ് ആയിരം മൈലുകളുള്ള യാത്ര ആരംഭിക്കുന്നത്”
പ്രശസ്തമായ ആ ചൈനീസ് പഴമൊഴി രാഹുലിന്റെ മനസിലേക്ക് കടന്നു വന്നു.
തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലുടനീളം അവര്‍ രണ്ടുപേരും നിശ്ബ്ധരായിരുന്നു.

(തുടരും)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top