Inspiration

വിജയമന്ത്രത്തിന്റെ ചുരുളഴിയുന്നു

”പുതിയ അറിവുകള്‍ പറക്കാന്‍ മറ്റൊരാകാശത്തെ സൃഷ്ട്ടിക്കും”

സംരംഭകന്റെ യാത്ര

Advertisement

അദ്ധ്യായം 4


രാഹുല്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുമ്പോള്‍ മനു അവിടെ കാത്തുനിന്നിരുന്നു. അവര്‍ ഒരുമിച്ച് എഞ്ചിനീയറിംഗ് പഠിച്ചതാണ്. പഠനം കഴിഞ്ഞപ്പോള്‍ മനു ബാംഗ്ലൂരില്‍ പപ്പക്കൊപ്പം ബിസിനസില്‍ കൂടി.

അതിരാവിലെ പുറപ്പെട്ടതാണ്, അഞ്ചരയുടെ ഫ്‌ളൈറ്റായിരുന്നു. ഇപ്പോള്‍ എഴുമണിയാകുന്നതേയുള്ളൂ. ബാംഗ്ലൂര്‍ സിറ്റിയില്‍ തന്നെയാണ് മനുവിന്റെ താമസം. മനുവും ഭാര്യയും രണ്ടു കുട്ടികളും പപ്പയും മമ്മിയും ഒരുമിച്ചു തന്നെ. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ മനുവിന്റെ വീട്ടില്‍ പോയിട്ടുണ്ട്. കല്യാണത്തിനും പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ അപരിചിതത്വത്തിന്റെ പ്രശ്‌നമില്ല.

കഴിഞ്ഞൊരു ദിവസം തികച്ചും അപ്രതീക്ഷിതമായാണ് രാഹുലിനെത്തേടി മനുവിന്റെ വിളിയെത്തിയത്. ”നീ ഫ്രീയാണെങ്കില്‍ ബാംഗ്ലൂര്‍ വരെ ഒന്നു വരണം. ഫാക്ടറിയില്‍ ഒരു സോഫ്റ്റ്വെയര്‍ പ്രശ്‌നമുണ്ട്. നിന്റെ എക്‌സ്‌പേര്‍ട്ട് ഏരിയ ആണ്. അതുകൊണ്ടാണ് നിന്നെത്തന്നെ വിളിച്ചത്. നീ വന്നൊന്നു നോക്കണം.”

ജോലിവിട്ടിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ബിസിനസിനായുള്ള തിരച്ചില്‍ തുടരുന്നു. അതിനിടയിലാണ് മനുവിന്റെ അഭ്യര്‍ത്ഥന.

”രാഹുല്‍ പോയിട്ട് വരൂ. മനുവിന്റെ ബിസിനസൊക്കെ കാണാം. അത് വലിയൊരു എക്്‌സ്പീരിയന്‍സ് തന്നെയാവും. പിന്നീട് നമുക്കത് ഗുണം ചെയ്താലോ?.” മീരയുടെ വാക്കുകള്‍ രാഹുലിനെ ബാംഗ്ലൂര്‍ക്ക് പോകാം എന്ന തീരുമാനത്തിലെത്തിച്ചു.

മനുവിന്റെ വീട്ടിലെത്തി കുളിച്ച് ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ച് ഇറങ്ങിയപ്പോള്‍ സമയം പത്തുമണിയോടടുത്തിരുന്നു. മനുവിന്റെ പപ്പ നേരത്തേയിറങ്ങി. പീന്യ ഇന്‍ഡസ്ട്ട്രിയല്‍ ഏരിയയിലാണ് ഫാക്ടറി. സിറ്റിയില്‍ നിന്നും പതിനാല് കിലോമീറ്ററോളം യാത്രയുണ്ട്. യാത്രക്കിടയില്‍ മനു സോഫ്റ്റ്വെയര്‍ പ്രശ്‌നങ്ങളൊക്കെ രാഹുലുമായി ചര്‍ച്ച ചെയ്തു.

ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് രാഹുലിന് ഒരു അത്ഭുതമായിരുന്നു. ഇന്നുവരെ അത്തരമൊരിടം രാഹുല്‍ കണ്ടിരുന്നില്ല. ഏകദേശം 40 സ്‌ക്വയര്‍ കിലോമീറ്റര്‍ പരന്നുകിടക്കുന്ന വിശാലമായ ലോകം. ഗാര്‍മെന്റ്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രോണിക്‌സ് അങ്ങിനെ ഇല്ലാത്ത വ്യവസായങ്ങളൊന്നുമില്ല. വ്യവസായം എന്ന് പറയുന്നതിന്റെ ആഴവും വ്യാപ്തിയും രാഹുല്‍ തിരിച്ചറിഞ്ഞത് അത് കണ്ടപ്പോഴായിരുന്നു.

മനുവിന്റെ പപ്പക്ക് ഓട്ടോമൊബൈല്‍ പാര്‍ട്‌സ് നിര്‍മ്മിക്കുന്ന വ്യവസായമാണ്. മുപ്പത് വര്‍ഷം മുന്‍പ് ഒരു ചെറുകിട വ്യവസായം പോലെ തുടങ്ങിയതായിരുന്നു. ഇന്നത് വളര്‍ന്ന് ഇന്ത്യയിലെ വന്‍കിട ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് പാര്‍ട്‌സുകള്‍ നിര്‍മ്മിച്ചു നല്കുന്നു. മനുവിന്റെ പപ്പ വളരെ പരിശ്രമശാലിയായ ഒരു വ്യക്തിയാണ്. അദ്ദേഹം സൃഷ്ട്ടിച്ചെടുത്ത സാമ്രാജ്യം രാഹുലിനെ അമ്പരപ്പിച്ചു.

പപ്പയും മനുവും കൂടി രാഹുലിനെ ഫാക്ടറി മുഴുവന്‍ ചുറ്റിനടന്നു കാണിച്ചു കൊടുത്തു. യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളും ക്വാളിറ്റി പരിശോധനയും പാക്കിങ്ങുമൊക്കെ രാഹുലിന് പുതിയ കാഴ്ചകളായിരുന്നു.

”പപ്പ, എന്താണ് ഈ വിജയത്തിനു പിന്നിലുള്ള രഹസ്യം” രാഹുല്‍ അത്ഭുതമടക്കാന്‍ കഴിയാതെ മനുവിന്റെ പപ്പയോട് ചോദിച്ചു.

”വരൂ” പപ്പ രാഹുലിന്റെ കൈപിടിച്ചു മുന്നോട്ടു നടന്നു.

അസ്സംബ്ലി ലൈനിലൂടെ നിരനിരയായി അനുസരണയോടെ നീങ്ങുന്ന ഓട്ടോമൊബൈല്‍ പാര്‍ട്‌സ് നോക്കിക്കൊണ്ട് രാഹുലും മനുവും പപ്പക്കൊപ്പം നീങ്ങി. ജീവനക്കാര്‍ അവരവരുടെ ജോലിയില്‍ വ്യാപൃതരാണ്. യന്ത്രങ്ങളുടെ ശബ്ദം അവര്‍ക്കു പിന്നില്‍ നേര്‍ത്തു നേര്‍ത്തു വന്നു. പിന്നീടത് കേള്‍ക്കാതെയായി. നീണ്ടു നിവര്‍ന്നു കിടക്കുന്ന കെട്ടിടത്തിന്റെ ഒരറ്റത്ത് അവരെത്തി. അവിടെ വിശാലമായ ഒരു മുറിയുടെ മുന്നില്‍ പപ്പ നിന്നു. ധാരാളം പേര്‍ അകത്ത് ജോലികളില്‍ മുഴുകിയിരിക്കുന്നു.

”റിസര്‍ച്ച് ആന്‍ഡ് ഡവലെപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്” രാഹുല്‍ മുറിയുടെ മുന്നിലുള്ള ബോര്‍ഡ് വായിച്ചു.

”ഇതാണ് എന്റെ വിജയത്തിനു പിന്നിലുള്ള രഹസ്യം” പപ്പ രാഹുലിന്റെ മുഖത്തു നോക്കി ചിരിച്ചു.

രാഹുലിന് ഒന്നും മനസിലായില്ല. രാഹുല്‍ പപ്പയുടെ മുഖത്തേക്ക് നോക്കി. അദ്ദേഹം രാഹുലിനെയും മനുവിനെയും കൂട്ടി തന്റെ മുറിയിലെത്തി. കസേരയില്‍ ഇരുന്നതിനു ശേഷം അദ്ദേഹം രാഹുലിനോട് ചോദിച്ചു.

”ബിസിനസ് ചെയ്യുവാനായി നിങ്ങള്‍ക്ക് മൂന്നുതരം ഉത്പന്നങ്ങളെ കണ്ടെത്താം. ഏതൊക്കെയെന്ന് രാഹുലിന് പറയാമോ?”

രാഹുല്‍ ചിന്തിച്ചു നോക്കി. ഇല്ല, ഒരു പിടുത്തവും കിട്ടുന്നില്ല. രാഹുല്‍ നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കി.

”ഒന്നാമത്തേത് ഇപ്പോള്‍ വിപണിയില്‍ നിലവിലുള്ള ഉത്പന്നങ്ങള്‍ തന്നെയാണ്. ബിസിനസ് ചെയ്യാനായി നിങ്ങള്‍ക്കവ അതേപോലെ തിരഞ്ഞെടുക്കാം. വളരെ എളുപ്പമുള്ള ഒരു പണിയാണത്. കാരണം അതുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും നിപുണതകളും അസംസ്‌കൃത വസ്തുക്കളും നിര്‍മ്മാണപ്രക്രിയയുമൊക്കെ വളരെയെളുപ്പം ലഭ്യമാണ്. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളികളൊന്നും കൂടാതെ തന്നെ അത്തരമൊരു ബിസിനസ് തുടങ്ങാന്‍ സാധിക്കും.” പപ്പ രാഹുലിന്റെ കണ്ണുകളിലേക്ക് നോക്കി.

രാഹുല്‍ മെല്ലെ തലയാട്ടി.

”എന്നാല്‍ ഇവിടെയൊരു പ്രശ്‌നമുണ്ട്. നിങ്ങള്‍ നേരിടാന്‍ പോകുന്നത് കടുത്ത മത്സരമായിരിക്കും. കാരണം നിങ്ങള്‍ തിരഞ്ഞെടുത്തത് വിപണിയില്‍ ഇപ്പോള്‍ സുലഭമായിട്ടുള്ള ഉത്പന്നമാണ്. നിങ്ങള്‍ മറ്റുള്ളവര്‍ക്കൊപ്പം വിപണി പങ്കിടാന്‍ പോകുകയാണ്. അതിശക്തമായ കിടമത്സരം നിങ്ങളുടെ ലാഭം കുറയ്ക്കും. വിപണിയിലെ ശക്തരായ എതിരാളികളുമായി മത്സരിച്ചു ജയിക്കുക എളുപ്പമല്ല. ഇത് നിങ്ങളുടെ ബിസിനസിന്റെ ജയസാധ്യത കുറയ്ക്കും. തുടര്‍ച്ചയായി ശക്തമായ വെല്ലുവിളികള്‍ നിങ്ങളെ തേടിയെത്തും.”

”പക്ഷേ വലിയൊരു വിപണി അവിടെയില്ലേ? അത് ശരിക്കും ഗുണകരമല്ലേ?” രാഹുല്‍ ചോദിച്ചു.

”നിങ്ങളുടെ ഉത്പന്നത്തിന് എന്ത് പ്രത്വേകത? അത് മറ്റുള്ളവപോലെ തന്നെ. വിപണിയില്‍ സ്ഥാനം പിടിച്ച മറ്റുല്പ്പന്നങ്ങളുമായി മത്സരിക്കുവാന്‍ നിങ്ങളുടെ പോക്കറ്റിന് കനമുണ്ടായിരിക്കണം. മത്സരം സ്വാഭാവികമായി ചെലവ് വര്‍ദ്ധിപ്പിക്കും. എതിരാളികളുടെ ഉത്പന്നങ്ങളുടെ വിലയേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് ഉപഭോക്താക്കളുടെ കയ്യില്‍ നിന്നും വാങ്ങുവാന്‍ കഴിയില്ല. ഇത് നിങ്ങളുടെ ലാഭം കുറയ്ക്കും. നിങ്ങള്‍ ബ്ലീഡ് ചെയ്യും. അവസാനം നിങ്ങള്‍ക്ക് വിപണിയില്‍ പിടിച്ചു നില്ക്കാന്‍ സാധിക്കാതെ വരും.”

രാഹുലിന് രസം പിടിച്ചു. പപ്പ തുടരുകയാണ്.

”രണ്ടാമത്തേത് ഇപ്പോള്‍ വിപണിയില്‍ നിലവിലുള്ള ഉത്പന്നത്തെക്കാള്‍ മികവുറ്റ ഉത്പന്നത്തെ നിങ്ങള്‍ അവതരിപ്പിക്കുക എന്നതാണ്. അതായത് വിപണിയില്‍ ഇപ്പോഴുള്ള ഏതെങ്കിലും ഉത്പന്നം തിരഞ്ഞെടുത്ത് അത് മെച്ചപ്പെടുത്തുക. ഇത് എതിരാളികളുടെ ഉത്പന്നങ്ങളെക്കാള്‍ മികച്ച ഉത്പന്നമായി നിങ്ങളുടെ ഉത്പന്നത്തെ മാറ്റും. എന്തുകൊണ്ട് നിങ്ങളുടെ ഉത്പന്നം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് ഉപഭോക്താക്കളോട് പറയുവാന്‍ സാധിക്കും. ഇത് വിപണി വേഗത്തില്‍ പിടിച്ചെടുക്കുവാന്‍ നിങ്ങള്‍ക്ക് കരുത്തു പകരും.”

”ഒരു Improved Version അല്ലേ.” രാഹുല്‍ ചോദിച്ചു.

”അതേ. അത് വിപണിയില്‍ നിങ്ങള്‍ക്ക് മുന്‍തൂക്കം നല്കും. ഉപഭോക്താക്കള്‍ എന്നും മികച്ചതിനായി ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് മികച്ച ഒരു ഉത്പന്നം നിങ്ങള്‍ നല്കുമ്പോള്‍ അതവര്‍ സ്വീകരിക്കും. നിങ്ങളുടെ നീക്കത്തില്‍ എതിരാളികള്‍ പെട്ടെന്ന് സ്തബ്ധരാകുന്നു. അവര്‍ നിങ്ങളുടെ ഉത്പന്നവുമായി കിടപിടിക്കുന്ന ഉത്പന്നവുമായി എത്തുമ്പോഴേക്കും നിങ്ങള്‍ക്ക് വിപണിയില്‍ ഒരു സ്ഥാനം ലഭിച്ചു കഴിയും.”

”മൂന്നാമത്തേത് തികച്ചും വ്യത്യസ്തമായ ആര്‍ക്കുമില്ലാത്ത പുതിയൊരു ഉത്പന്നത്തെ വിപണിയിലെത്തിക്കുക എന്നതാണ്. സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ ഐ ഫോണ്‍ കൊണ്ടു വന്നതു പോലെ. ഇത് വിപണിയില്‍ കനത്ത ചലനം സൃഷ്ട്ടിക്കും. എതിരാളികളില്ലാത്ത ഒരു വിപണി പെട്ടെന്ന് തുറന്നെടുക്കാം. അവിടെ നിങ്ങളാണ് രാജാവ്. ഒരു Disruptive Innovation നിങ്ങള്‍ കൊണ്ടുവന്നു കഴിഞ്ഞു. നൂതനങ്ങളായ മികച്ച ഉത്പന്നങ്ങള്‍ പെട്ടെന്ന് വിപണിയെ കീഴടക്കും. എന്തിന് എതിരാളികളുമായി യുദ്ധം ചെയ്യണം? മികച്ച ലാഭവും കിട്ടും. പക്ഷേ ഇതത്ര എളുപ്പമായ സംഗതിയുമല്ല.” പപ്പ വര്‍ത്തമാനത്തിന് വിരാമമിട്ടു.

”ഇതില്‍ ഏതായിരുന്നു പപ്പയുടെ വഴി?” രാഹുലിന് ഉദ്വേഗം അടക്കാന്‍ സാധിക്കുന്നില്ല.

”എന്റെ വഴി രണ്ടാമത്തേതായിരുന്നു. മറ്റ് നിര്‍മ്മാതാക്കള്‍ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ മികച്ച പാര്‍ട്‌സ് ഞാന്‍ നിര്‍മ്മിച്ചു നല്കി. പണ്ടൊക്കെ ഒരു അപ്പോയിന്റ്‌മെന്റ് കിട്ടാന്‍ ഞാന്‍ വിഷമിച്ചിട്ടുണ്ട്. ഇന്ന് ആവശ്യക്കാരെന്നെ തേടി വരുന്നു. മേന്മയില്‍ ഒരു വിട്ടുവീഴ്ചയും എന്റെ കമ്പനി ചെയ്യാറില്ല. എന്റെ ഉത്പന്നങ്ങള്‍ ഞാന്‍ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. റിസര്‍ച്ച് ആന്‍ഡ് ഡവലെപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് രാഹുല്‍ കണ്ടില്ലേ. അവരാണ് ഈ വിജയത്തിനു പിന്നില്‍. നിരന്തരം മെച്ചപ്പെടുത്തുന്ന ബിസിനസുകളേ നിലനില്ക്കുകയും വളരുകയും ചെയ്യൂ. വിജയിച്ചു എന്നു കരുതി ആ തണലില്‍ വിശ്രമിച്ചിരുന്നാല്‍ നിങ്ങള്‍ പിന്തള്ളപ്പെടും.”

പപ്പ രാഹുലിനേയും മനുവിനേയും നോക്കി പുഞ്ചിരിച്ചു.

”പുതിയ അറിവുകള്‍ പറക്കാന്‍ മറ്റൊരാകാശത്തെ സൃഷ്ട്ടിക്കും” രാഹുല്‍ ഓര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top