Branding

സ്റ്റോര്‍ഇന്‍; നിക്ഷേപം 2200 കോടി ഇത് പലചരക്ക് കടകളുടെ ന്യൂജെന്‍ മോഡല്‍

ആദ്യമായാണ് കേരളത്തിലെ ഒരു കമ്പനിയെ തേടി ഇത്രയും വലിയ ഒറ്റത്തവണ നിക്ഷേപമെത്തുന്നത്

നാടന്‍ പലചരക്ക് കടകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് അവര്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും തികച്ചും സൗജന്യമായി ചെയ്തുകൊടുക്കുന്ന റാഡോ പോളിന്റെ ‘സ്റ്റോര്‍ഇന്‍’ എന്ന സ്റ്റാര്‍ട്ടപ്പിനെ തേടി 2200 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് എത്തിയിരിക്കുന്നത്. ആദ്യമായാണ് കേരളത്തിലെ ഒരു കമ്പനിയെ തേടി ഇത്രയും വലിയ ഒറ്റത്തവണ നിക്ഷേപമെത്തുന്നത്.

Advertisement

റാഡോ പോള്‍

‘ഞാന്‍ റാഡോ പോള്‍, ഒരു പലചരക്ക് കടക്കാരനാണ്.’ പലചരക്ക് കടകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് അവരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തി ആവശ്യമായ സേവനങ്ങളെല്ലാം പടിക്കല്‍ എത്തിച്ചുകൊടുക്കുന്ന ‘സ്റ്റോര്‍ഇന്‍’ എന്ന സംരംഭത്തിന്റെ സ്ഥാപകന്‍ റാഡോ പോളിനെ കുറിച്ച് തിരയുമ്പോള്‍ യുട്യൂബില്‍ ആദ്യമെത്തുന്ന വീഡിയോയില്‍ അദ്ദേഹം തനിക്ക് തന്നെ ചാര്‍ത്തുന്ന വിശേഷണമാണിത്. സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റുകളുടെയും കടന്നുവരവോടെ നിലനില്‍പ്പ് പരുങ്ങലിലായ പലചരക്ക് കടകള്‍ക്ക് സമൂഹത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് അവയ്ക്ക് താങ്ങൊരുക്കാനും കാലത്തിനൊത്ത് പരിഷ്‌കരിക്കാനും ഇറങ്ങിത്തിരിച്ച സംരംഭകനാണ് ഇദ്ദേഹം. ഇന്ന് കേരളത്തിലെ 600ഓളം പലചരക്ക് കടകള്‍ക്ക് ആവശ്യമായ എല്ലാവിധ സേവനങ്ങളും നല്‍കുന്ന റാഡോപോളിന്റെ സ്റ്റോര്‍ഇന്‍ എന്ന സ്റ്റാര്‍ട്ടപ്പിനെ തേടി 300 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 2200 കോടി രൂപ) വിദേശ നിക്ഷേപമാണ് എത്തിയിരിക്കുന്നത്.

കേരളത്തിലുള്ള ഒരു കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒറ്റത്തവണ നിക്ഷേപമാണിത്. എന്നാല്‍ സ്വപ്നതുല്യമായ ഈ നേട്ടം വലിയ ആഘോഷമാക്കാതെ സ്റ്റോര്‍ ഇന്നിന്റെ സേവനം കൂടുതല്‍ പലചരക്ക് കടകള്‍ക്ക് ലഭ്യമാക്കാനുള്ള ഓട്ടത്തിലാണ് സംരംഭകരംഗത്ത് വളരെ ഉയര്‍ന്ന സ്വപ്നങ്ങള്‍ കാണുന്ന റാഡോ പോള്‍. ലാഭമുണ്ടാക്കുക എന്നതിനേക്കാള്‍ വമ്പന്‍ നിക്ഷേപങ്ങള്‍ക്കൊപ്പം സ്റ്റോര്‍ ഇന്നിന്റെ സേവനങ്ങള്‍ പരിമിതികളില്ലാതെ വലിയൊരു വിഭാഗം ആളുകള്‍ക്ക് നല്‍കാനാകുമെന്നതിന്റെ ത്രില്ലിലാണ് അദ്ദേഹം.

പലചരക്ക് കടകളുടെ പ്രാധാന്യം

ഏതാണ്ട് ഒന്നര ലക്ഷത്തോളം പലചരക്ക് കടകളാണ് കേരളത്തില്‍ ഉള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു ഔദ്യോഗിക കണക്കുകളോ രേഖകളോ ലഭ്യമല്ല. അത്രയ്ക്ക് അസംഘടിതമായ ഒരു മേഖലയാണിതെന്ന് റാഡോ പോള്‍ പറയുന്നു. ഓരോ വാര്‍ഡിലും ഒന്നു മുതല്‍ അഞ്ച് പലചരക്ക് കടകള്‍ വരെ ഉണ്ടാകാം. ഓരോ പലചരക്ക് കടയും അതത് പ്രദേശങ്ങളില്‍ വളരെ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്നവയാണ്. ആ ചുറ്റുപാടില്‍ താമസിക്കുന്ന ആളുകളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു സ്ഥാപനമാണിത്. ആ പ്രദേശത്ത് താമസിക്കുന്ന ആളുകളെ കുറിച്ചുള്ള സര്‍വ്വവിവരങ്ങളും അറിയുന്ന ആളായിരിക്കും അവിടെ പലചരക്ക് കട നടത്തുന്ന ആള്‍. മരണം,കല്യാണം, വീടിന്റെ പാലുകാച്ചല്‍ തുടങ്ങി ആ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ഒരു പക്ഷേ നാം ആദ്യമറിയുന്നത് അവിടങ്ങളിലെ പലചരക്ക് കടകളില്‍ നിന്നാകും. എന്തിന് ഒരു കല്യാണ ആലോചന വരുമ്പോള്‍ പെണ്ണിനെ കുറിച്ചോ ചെക്കനോ കുറിച്ചോ ആദ്യം അന്വേഷിക്കുന്നത് അവിടുത്തെ പലചരക്ക് കടയിലാകും. ഇത്തരത്തില്‍ ഒരു പ്രദേശത്തെയും നോളജ് ഹബ്ബുകളാണ് അവിടുത്തെ പലചരക്ക് കടകളെന്നാണ് റാഡോയുടെ പക്ഷം.

പലചരക്ക് കടകള്‍ പൂട്ടിപ്പോകുന്നത് അപൂര്‍വ്വമാണ്. കടയുടമയ്ക്ക് പലചരക്ക് വ്യവസായം മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയാതെ വരികയോ വരുംതലമുറ ഈ ബിസിനസ് ഏറ്റെടുക്കാന്‍ മടിക്കുമ്പോഴോ ആണ് മിക്ക പലചരക്ക് കടകളും പൂട്ടിപ്പോകുന്നത്. ഈ പലചരക്ക് കടകളെയെല്ലാം ഒരൊറ്റ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവന്ന് ഘട്ടം ഘട്ടമായി പരിഷ്‌കരിച്ച് കാലത്തിനൊത്ത രൂപത്തിലാക്കിയാല്‍ അവയുടെ പ്രതാപം ഒരിക്കലും ഇല്ലാതാകില്ലെന്ന ആശയമാണ് റാഡോ പോളിനെ സ്റ്റോര്‍ഇന്‍ എന്ന സംരംഭത്തിലേക്ക് എത്തിച്ചത്.

എന്താണ് സ്റ്റോര്‍ഇന്‍ ?

പലചരക്ക് കടകളെ ഒരൊറ്റ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരികയെന്നതാണ് സ്റ്റോര്‍ഇന്നിന്റെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയെന്നോണം സ്റ്റോര്‍ഇന്നില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പലചരക്ക് കടകളെയും നിശ്ചിത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കമ്പനി ഇപ്പോള്‍ നടത്തുന്നത്. പലചരക്ക് സാധനങ്ങള്‍ ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ട് സംഭരിച്ച് കുറഞ്ഞ വിലയില്‍ കടകളില്‍ എത്തിച്ച് കൊടുക്കുക, സ്റ്റോറേജ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക, കടല, പയര്‍ തുടങ്ങിയ സാധനങ്ങള്‍ പാക്ക് ചെയ്ത് നല്‍കുക, ജിഎസ്ടി നടപടിക്രമങ്ങള്‍ എളുപ്പമാക്കി കൊടുക്കുന്നതിനായി പലചരക്ക് കടകളെ ഒരു ബില്ലിംഗ് സിസ്റ്റത്തിന് കീഴിലേക്ക് കൊണ്ടുവരിക,ആവശ്യമായ ജിഎസ്ടി സേവനങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ സ്റ്റോര്‍ഇന്‍ ചെയ്യുന്നത്.

ഈ സേവനങ്ങളെല്ലാം തന്നെ തികച്ചും സൗജന്യമാണെന്നാതാണ് പ്രധാനകാര്യം. ഇവ കൂടാതെ ഓരോ പലചരക്ക് കടയ്ക്കും ഇന്‍ഷുറന്‍സ്, പലചരക്ക് കടക്കാരനും കുടുംബത്തിനും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികളും റാഡോ പോളിന്റെ മനസിലുണ്ട്. ഭാവിയില്‍ മറ്റ് കമ്പനികളുമായി ചേര്‍ന്ന് ആഘോഷക്കാലത്തും പള്ളിപ്പെരുന്നാള്‍, ഉത്സവം തുടങ്ങിയ പ്രാദേശിക ആഘോഷ പരിപാടികള്‍ക്കും സ്റ്റോര്‍ഇന്നിന്റെ പലചരക്ക് കടകളില്‍ പ്രത്യേക ഓഫറുകളും സ്‌കീമുകളും ലഭ്യമാക്കാനും സ്റ്റോര്‍ഇന്നിന് സാധിക്കുമെന്ന് റാഡോ പോള്‍ പറയുന്നു.

പലചരക്ക് കടക്കാരനായി തുടക്കം

ഏതൊരു സംരംഭവും തുടങ്ങുന്നതിന് മുമ്പ് കൃത്യമായ, വിശദമായ ഗൃഹപാഠവും തയ്യാറെടുപ്പും വേണമെന്നുള്ളത് മുന്‍ സംരംഭങ്ങള്‍ റാഡോ പോളിന് നല്‍കിയ പാഠമായിരുന്നു. അതിനാല്‍ തന്നെ സ്റ്റോര്‍ഇന്‍ തുടങ്ങുന്നതിന് മുമ്പ് ഒരു വര്‍ഷക്കാലം റാഡോ രണ്ട് പലചരക്ക് കടകള്‍ തുടങ്ങി. പലചരക്ക് കടക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ആവശ്യങ്ങളും മനസിലാക്കുകയായിരുന്നു ലക്ഷ്യം. വീട്ടിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങള്‍ പോലും വാങ്ങാതിരുന്ന റാഡോ പലചരക്ക് കട നടത്തുന്നത് കണ്ട് പലരും അതിശയപ്പെട്ടു. കടകള്‍ നടത്തിനൊപ്പം തന്നെ ഈ ഒരു വര്‍ഷക്കാലം കേരളത്തിന്റെ പലയിടങ്ങളിലുള്ള പലചരക്ക് കടകളുടെ സ്വഭാവമറിയാന്‍ പലചരക്ക് കടക്കാര്‍ക്കൊപ്പം യാത്ര ചെയ്യുകയും വിവിധയിടങ്ങളില്‍ പ്രചാരത്തിലുള്ള ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡുകള്‍ മനസിലാക്കുകയും ചെയ്തു. ഇങ്ങനെ ഈ മേഖലയെ കുറിച്ച് വിശദമായി അറിഞ്ഞ് തന്റെ ആശയത്തില്‍ പൂര്‍ണമായ വിശ്വാസം വന്നതിന് ശേഷമാണ് റാഡോ പോള്‍ സ്റ്റോര്‍ഇന്നിന് തുടക്കമിടുന്നത്.

സംഭരണകേന്ദ്രങ്ങളുടെ അഭാവം വില്ലനായി

നിലവില്‍ 600ഓളം പലചരക്ക് കടകള്‍ക്കാണ് സ്റ്റോര്‍ഇന്നിന്റെ സേവനം ലഭ്യമാകുന്നത്. ഇവയെല്ലാം കൊല്ലം തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ്. പല ജില്ലകളിലായി ഏതാണ്ട് 6800 ഓളം കടകള്‍ സ്റ്റോര്‍ഇന്നില്‍ എന്റോള്‍ ചെയ്തിട്ടുണ്ടെങ്കിലും സംഭരണ കേന്ദ്രങ്ങളുടെ അഭാവം മൂലം അവയ്‌ക്കെല്ലാം സേവനങ്ങള്‍ നല്‍കാന്‍ ഇപ്പോള്‍ സ്റ്റോര്‍ഇന്നിന് കഴിയുന്നില്ല. പല തരത്തിലുള്ള സാധനങ്ങള്‍ സംഭരിക്കുന്നതിന് കൃത്യമായ വെയര്‍ഹൌസുകള്‍ ഇല്ലാത്തത് കേരളത്തിലെ പലചരക്ക് മേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് റാഡോപോള്‍ പറയുന്നു. സംഭരണ കേന്ദ്രങ്ങള്‍ ഇല്ലാതെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന ഘട്ടം വന്നപ്പോള്‍ ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടുന്ന രീതിയിലുള്ള വെയര്‍ഹൌസുകള്‍ സ്ഥാപിക്കാനും മികച്ച വിതരണ സംവിധാനത്തിന് രൂപം നല്‍കാനുമായിരുന്നു പിന്നീട് സ്റ്റോര്‍ഇന്നിന്റെ ശ്രമം. പക്ഷേ അതിന് വലിയൊരു നിക്ഷേപം ആവശ്യമായിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ ഒറ്റത്തവണ നിക്ഷേപം

താന്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു സംവിധാനത്തിന് രൂപം നല്‍കാന്‍ വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണെന്ന് റാഡോ തിരിച്ചറിഞ്ഞ സമയത്ത് തന്നെയാണ് ഇന്ത്യയിലെ വെയര്‍ഹൌസ് മേഖലയില്‍ നിക്ഷേപം നടത്താനുള്ള താല്‍പ്പര്യവുമായി യുകെ ആസ്ഥാനമായുള്ള വിഎച്ച്എല്‍ എന്ന നിക്ഷേപക കൂട്ടായ്മ രംഗത്തെത്തുന്നത്. കൂടുതലായും ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിക്ഷേപം നടത്തുന്ന വിഎച്ച്എല്ലിന്റെ ഇന്ത്യയിലെ ആദ്യ നിക്ഷേപമാണിത്. സ്റ്റോര്‍ മാനേജ്‌മെന്റ് സംരംഭമെന്ന ആശയത്തില്‍ ആകൃഷ്ടരായ വിഎച്ച്എല്‍ സ്റ്റോര്‍ഇന്നില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടുകയായിരുന്നു. ആദ്യഘട്ടത്തില്‍ 300 മില്യണ്‍ യുഎസ് ഡോളറാണ് വിഎച്ച്എല്‍ സ്റ്റോര്‍ഇന്നില്‍ നിക്ഷേപിക്കുക. അടുത്ത മാസത്തോടെ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. പ്രധാനമായും അടിസ്ഥാന സൌകര്യ വികസനത്തിനും ടെക്‌നോളജി അപ്ഗ്രഡേഷനും വേണ്ടിയാണ് സ്റ്റോര്‍ഇന്‍ ഈ നിക്ഷേപം ഉപയോഗപ്പെടുത്തുക. ആധുനികരീതിയിലുള്ള സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക, സീസണലായിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലത്തേക്ക് സംഭരിക്കുന്നതിനുള്ള സൌകര്യങ്ങള്‍ ഉണ്ടാക്കുക അടക്കമുള്ള കാര്യങ്ങളും അടിസ്ഥാന സൌകര്യ വികസന പദ്ധതികളില്‍ പെടുന്നു.

കേരളത്തിലൊട്ടാകെ 40 സംഭരണ കേന്ദ്രങ്ങളും മിനിമാളുകളും

മൂന്ന് വര്‍ഷം കൊണ്ട് കേരളത്തിലൊട്ടാകെ ആധുനിക രീതിയിലുള്ള 40 സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് സ്റ്റോര്‍ഇന്നിന്റെ പദ്ധതി. ഇതിനായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ വിവിധയിടങ്ങളിലായി രണ്ടേക്കര്‍ വീതം ഭൂമിയാണ് സ്റ്റോര്‍ഇന്‍ വാങ്ങുന്നത്. വെയര്‍ഹൌസുകളോട് ചേര്‍ന്ന് ഹോട്ടലുകളെയും കാറ്ററിംഗ് കമ്പനികളെയും ലക്ഷ്യമിട്ടുള്ള ഹോള്‍സെയില്‍ മാര്‍ക്കറ്റും ദൂരയാത്രകള്‍ നടത്തുന്നവര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വാങ്ങാനുമായി മിനിമാളുകളും ആരംഭിക്കാന്‍ സ്റ്റോര്‍ഇന്നിന് പദ്ധതിയുണ്ട്.

ഒരു വെയര്‍ഹൌസില്‍ നിന്നും ചുറ്റുമുള്ള 600ഓളം പലചരക്ക് കടകള്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സാധിക്കുമെന്നാണ് റാഡോ പോളിന്റെ കണക്കുകൂട്ടല്‍. ജൂണോടെ അത്തരത്തിലുള്ള അഞ്ച് വെയര്‍ഹൌസുകള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. ഏതാണ്ട് മൂവായിരത്തോളം പലചരക്ക് കടകളെ സ്റ്റോര്‍ഇന്നിന് കീഴില്‍ കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാനും പദ്ധതി

ഉള്‍നാടന്‍ മേഖലകളില്‍ സാധനങ്ങളുടെ ഡെലിവറി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. മൊബീല്‍ ഫോണോ ലാപ്‌ടോപ്പോ ഡെലിവറി ചെയ്യുന്നത് പോലെ പത്ത് കിലോ അരിയോ പഞ്ചസാരയോ ഗ്രാമപ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കഴിയാറില്ല. ഇവ എത്തിച്ചുകൊടുക്കുന്നതിനുള്ള ചിലവ് കൂടുതലാണെന്നതും അതിലൂടെയുള്ള ലാഭം കുറവാണെന്നതുമാണ് അതിന് തടസ്സം. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സാന്നിധ്യമുള്ള പലചരക്ക് കടകളുമായി ബന്ധിപ്പിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് റാഡോയുടെ അഭിപ്രായം. ഓണ്‍ലൈനായി ഒരു സാധനം ഓര്‍ഡര്‍ ചെയ്താല്‍ അടുത്തുള്ള സ്റ്റോര്‍ഇന്‍ പലചരക്ക് കടയില്‍ നിന്നും അവ ഡെലിവറി ചെയ്യുന്ന തരത്തിലുള്ള ഒരു സംവിധാനമാണ് റാഡോ പദ്ധതിയിടുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പലചരക്ക് കടകള്‍ ഹൈടെക്കാകും

പലചരക്ക് കടക്കാരെ സംബന്ധിച്ചെടുത്തോളം സ്റ്റോര്‍ഇന്‍ അവരുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. കുറഞ്ഞവിലയില്‍ പടിക്കല്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കുമെന്നതിന് പുറമേ കടകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക,ബില്ലിംഗ് സംവിധാനം ഏര്‍പ്പെടുത്തുക, ജിഎസ്ടിയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ നല്‍കുക, ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കുക തുടങ്ങി യാതൊരു ചിലവും ഇല്ലാതെ തന്നെ ഒരു പലചരക്ക് കടയെ ഹൈടെക്കാക്കി മാറ്റിയെടുക്കുന്നതിന് വേണ്ട എല്ലാ സേവനങ്ങളും നല്‍കുന്ന സംരംഭമായിരിക്കും സ്റ്റോര്‍ഇന്‍. സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെയും കടന്നുവരവോടെ നിലനില്‍പ്പ് പരുങ്ങലിലായ പലചരക്ക് കടക്കാരെ സംബന്ധിച്ചെടുത്തോളം സ്റ്റോര്‍ഇന്‍ ഒരു അനുഗ്രഹമാണ്.

എന്നാല്‍ എല്ലാ പലചരക്ക് കടകളെയും സ്റ്റോര്‍ഇന്നിന് കീഴില്‍ കൊണ്ടുവരാന്‍ റാഡോയ്ക്ക് ഉദ്ദേശമില്ല. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും പഴക്കമുള്ള, രണ്ട് മുറിയില്‍ താഴെ മാത്രം വലുപ്പമുള്ള പലചരക്ക് കടകളെയാണ് സ്റ്റോര്‍ഇന്‍ ലക്ഷ്യമിടുന്നത്. പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ആരംഭിച്ചാല്‍ കേരളത്തിലെ 10 ശതമാനം പലചരക്ക് കടകളെ സ്റ്റോര്‍ഇന്‍ എന്ന ബ്രാന്‍ഡിന് കീഴിലേക്ക് എത്തികാനാകുമെന്നാണ് റാഡോയുടെ കണക്കുകൂട്ടല്‍.

പ്രവര്‍ത്തനം അയല്‍സംസ്ഥാനങ്ങളിലേക്കും

നിലവില്‍ കേരളത്തിലുള്ള പലചരക്ക് കടകള്‍ക്ക് മാത്രമാണ് സ്റ്റോര്‍ഇന്‍ സേവനം ലഭിക്കുന്നതെങ്കിലും നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലേക്കും സ്റ്റോര്‍ഇന്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തും. പകര്‍ച്ചവ്യാധി സ്റ്റോര്‍ഇന്നിന്റെ ഭാവി പദ്ധതികളില്‍ ഒരു വര്‍ഷത്തെ കാലതാമസമുണ്ടാക്കിയെങ്കിലും ഇത്തരമൊരു സംരംഭത്തിന്റെ ആവശ്യകത പലചരക്ക് കടക്കാര്‍ക്ക് ബോധ്യപ്പെടാന്‍ പകര്‍ച്ചവ്യാധി നേട്ടമായതായി റാഡോ പറയുന്നു. പൂര്‍ണതോതിലുള്ള പ്രവര്‍ത്തനത്തിന് സജ്ജമാകുന്നതോടെ സ്റ്റോര്‍ മാനേജ്‌മെന്റിന് ഒരു കമ്പനി,ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റും മാളുകളുടെ മേല്‍നോട്ടത്തിനുമായി ഒരു കമ്പനി, ഉല്‍പ്പന്നങ്ങളുടെ സംഭരണ ചുമതലയുള്ള മറ്റൊരു കമ്പനി എന്നിങ്ങനെ സ്റ്റോര്‍ഇന്‍ മൂന്ന് കമ്പനികളായി മാറും . ഇതിന് നേതൃത്വം നല്‍കുന്നതിനായി പ്രഗത്ഭരായ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം റാഡോയ്ക്ക് കീഴില്‍ തയ്യാറെടുക്കുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരം ആസ്ഥാനമായും ദക്ഷിണേന്ത്യയില്‍ ചെന്നൈ ആസ്ഥാനമായും ആകും സ്റ്റോര്‍ഇന്‍ പ്രവര്‍ത്തിക്കുക.

സമാനതകളില്ലാത്ത ആശയം

സ്റ്റോര്‍ഇന്‍ പൂര്‍ണമായും ഒരു സ്റ്റോര്‍ മാനേജ്‌മെന്റ് കമ്പനിയാണ്. ഇതിന്റെ കീഴിലുള്ള പലചരക്ക് കടകള്‍ അഥവാ സ്റ്റോറുകള്‍ക്ക് ആവശ്യമായ സേവനങ്ങളെല്ലാം നല്‍കി അവയെ മാനേജ് ചെയ്യുക മാത്രമാണ് സ്റ്റോര്‍ഇന്നിന്റെ ജോലി. ഈ കടകളില്‍ സ്റ്റോര്‍ഇന്നിന് യാതൊരു ഉടമസ്ഥാവകാശവും ഉണ്ടായിരിക്കില്ല
അതുപോലെ സ്വന്തമായൊരു ഉല്‍പ്പന്നം പുറത്തിറക്കാനോ ഇ-കൊമോഴ്‌സിലേക്ക് ചുവടുവെക്കാനോ സ്റ്റോര്‍ഇന്നിന് പദ്ധതികളില്ല. അസംഘടിതമായി നിലകൊള്ളുന്ന പലചരക്ക് കടകളുടെ ഒരു ശൃംഖല രൂപീകരിച്ച്, ബ്രാന്‍ഡഡ് കടകളാക്കി പരിഷ്‌കരിച്ച് അവയുടെ നിലനില്‍പ്പിന് കളമൊരുക്കുന്ന ഒരു സിസ്റ്റത്തിന് രൂപം നല്‍കുകയാണ് സ്റ്റോര്‍ഇന്നിന്റെ ലക്ഷ്യം.. ഇത്തരമൊരു ആശയം കേരളത്തില്‍ മാത്രമല്ല രാജ്യത്ത് തന്നെ പുതിയതാണ്. അതുകൊണ്ട് തന്നെ നിക്ഷേപം വന്നപ്പോള്‍ സ്റ്റോര്‍ഇന്നിനെ ഏത് വിഭാഗത്തില്‍ പെടുത്തണമെന്ന സംശയം പോലും ഉണ്ടായിരുന്നതായി റാഡോ പറയുന്നു.

മറ്റെവിടെയും ഇതുവരെ കേള്‍ക്കാത്ത ഈ പുതിയ ആശയത്തെ പണത്തിന് വേണ്ടി മറ്റാര്‍ക്കെങ്കിലും കൈമാറാന്‍ റാഡോ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ താന്‍ രൂപം നല്‍കിയ ഈ സിസ്റ്റത്തിന്റെ നിയന്ത്രണം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിക്ഷേപങ്ങളോട് മുഖം തിരിക്കാനാണ് ഈ സംരംഭകന്റെ തീരുമാനം. സ്ഥാപകന് പൂര്‍ണ സ്വാതന്ത്ര്യമില്ലെങ്കില്‍ ഒരു സംരംഭത്തിന് അതിന്റെ ലക്ഷ്യങ്ങളിലേക്ക് എത്താനാകില്ലെന്ന കാഴ്ചപ്പാട് മൂലമാണിത്.

അനുഭവങ്ങളിലൂടെ പാകപ്പെട്ട സംരംഭകന്‍

പെരിന്തല്‍മണ്ണ സ്വദേശിയായ റാഡോ പോളിന്റെ ആദ്യ സംരംഭമല്ല സ്റ്റോര്‍ഇന്‍. ഫാര്‍മസിയില്‍ ബിരുദം കഴിഞ്ഞ് ആ മേഖലയില്‍ കുറച്ച് കാലം ജോലി ചെയ്ത് പിന്നീട് കുറച്ച് കാലം പ്രവാസിയായി കഴിച്ചുകൂട്ടിയതിന് ശേഷമാണ് റാഡോ സംരംഭക ജീവിതത്തിലേക്ക് എത്തുന്നത്. പല ജോലികള്‍ ചെയ്യേണ്ടി വന്നെങ്കിലും ബിസിനസാണ് തന്റെ വഴിയെന്ന് നേരത്തെ റാഡോയ്ക്ക് മനസിലായിരുന്നു. അങ്ങനെയാണ് മെഡിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് ആരംഭിക്കുന്നത്. പിന്നീട് ഡയാലിസിസ് രോഗികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് അടുത്ത് അറിഞ്ഞപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്ന് ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനായിരുന്നു റാഡോയുടെ ശ്രമം. എന്നാല്‍ ആ സംരംഭം പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല. മാത്രമല്ല വലിയൊരു കടബാധ്യതയില്‍ അകടപ്പെടുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ആ നാളുകള്‍ എങ്ങനെ മറികടന്നുവെന്ന് ഇപ്പോഴും താന്‍ അതിശയപ്പെടാറുണ്ടെന്ന് റാഡോ പറയുന്നു. ആ സംരംഭങ്ങളിലൂടെ ലഭിച്ച പാഠങ്ങള്‍ മുതല്‍ക്കൂട്ടാക്കിയാണ് റാഡോ സ്റ്റോര്‍ഇന്‍ എന്ന ആശയത്തിന് ജ•ം നല്‍കുന്നത്.

പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒളിച്ചോടുകയല്ല, അവയെ അഭിമുഖീകരിക്കുകയാണ് വേണ്ടതെന്ന പാഠമാണ് റാഡോ തന്റെ സംരംഭക ജീവിതത്തിലൂടെ പഠിച്ച പ്രധാന പാഠം. ഏതൊരു പ്രശ്‌നത്തിനൊപ്പവും ഒരു പരിഹാരമാര്‍ഗവും ഉണ്ടായിരിക്കും. അവ കണ്ടെത്തുന്നതിലാണ് ഒരു സംരംഭത്തിന്റെ വിജയം. ഒരു സംരംഭകനെ സംബന്ധിച്ചെടുത്തോളം നമ്മുടെ ബലഹീനതകള്‍ തിരിച്ചറിയുക പ്രധാനകാര്യമാണ്. മാത്രമല്ല ഒരു സംരംഭം തുടങ്ങുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളെ കുറിച്ചും നാം മുന്‍കൂട്ടി ചിന്തിച്ചിരിക്കണം. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച് വളരെ സാധാരണ ജീവിതം നയിക്കുന്ന തനിക്ക് ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാന്‍ പറ്റുമെങ്കില്‍ മറ്റുള്ളവര്‍ക്കും അതിന് കഴിയുമെന്ന് റാഡോ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top