ബിസിനസ്സ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ഓരോരുത്തരും, ‘അറബിക്കഥ’യിലെ സഖാവ് കരുണന്‍ ക്യൂബാ മുകുന്ദനെ പറ്റി പറഞ്ഞത് പോലെ, ‘പണവും പൊന്നും വാരിക്കൂട്ടുക’യാണെന്നാണ് സ്വയം പോലും വിശ്വസിക്കുന്നത്. അതിനുള്ള തത്രപ്പാടില്‍ കച്ചവടത്തിരക്കുകളിലും വീട്ടുകാര്യങ്ങളിലും തന്റെ സവിശേഷ ശ്രദ്ധ പതിയേണ്ട മറ്റ് നൂറായിരം കൂട്ടങ്ങളിലുമായി, ഒന്നില്‍ നിന്ന് ഒന്നിലേക്ക് വൃഥാ പാറിപ്പറക്കുന്ന സംരംഭകന്‍ കൃത്യാന്തരബാഹുല്യത്തിനിടയില്‍ മറന്ന് പോകുന്ന ഒന്നുണ്ട്: ജീവിതം. മജ്ജയും മാംസവും വികാരങ്ങളുമുള്ള, ഉള്ളില്‍ ജീവന്റെ തുടിപ്പ് ജീവശാസ്ത്രപരമായെങ്കിലും പുറത്ത് കേള്‍ക്കുന്ന, ഒരു ജീവി എന്ന നിലയില്‍ തനിക്ക് വേണ്ടി മാത്രമുള്ള ഒരല്പം സമയം കണ്ടെത്തുന്നതിന് അവന്‍ നല്‍കുന്ന മുന്‍ഗണന പരമാവധി പിന്‍ഗണന ആണ്. ചെയ്യാനുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുകയാണെങ്കില്‍ അതിന്റെ നീളം കാസറഗോഡ് മുതല്‍ കന്യാകുമാരി വരെയായാലും തീരില്ല. പിന്നെ, ഒരു സമാധാനം, അങ്ങനെയൊരു ലിസ്റ്റ് ഉണ്ടാക്കുവാന്‍ പോലുമുള്ള സമയം കിട്ടുകയില്ല എന്നതാണ്.
ജീവിതം ആസ്വദിക്കുന്നത് വളരെ ചെലവുള്ള ഒരു കാര്യമായി നമ്മള്‍ മനസ്സിലാക്കുന്നു എന്നതാണ് സത്യം. പിശക് പറ്റിയത് അവിടെ മാത്രമല്ല. എല്ലാം മറന്നുകൊണ്ടുള്ള ജീവന്റെ ഉ•ത്തനൃത്തം ആടേണ്ടത്, ശരാശരി മലയാളി മനസ്സിലാക്കി വച്ചിരിക്കുന്നത് പോലെ, വീരഭദ്രസേവ കൊണ്ടല്ല. സ്വയം ചിന്തിക്കുവാനും അറിയാനും ഉള്ള കഴിവാണ് ലഹരിവസ്തുക്കള്‍ – കുപ്പിയായാലും ഭക്തിയായാലും – ഇല്ലാതാക്കുന്നത്. മറിച്ച്, സ്വയം അറിഞ്ഞും സ്‌നേഹിക്കുന്നവരെ ചേര്‍ത്തുപിടിച്ചുമാണ് ജീവിതം ആസ്വദിക്കേണ്ടത്. അല്ലെങ്കില്‍, പിന്നീടൊരിക്കല്‍, ആരവങ്ങള്‍ നിലയ്ക്കുമ്പോള്‍, നഷ്ടബോധം തോന്നും.
ജീവിക്കാന്‍ മറന്ന് പോകുന്നത് പോലും അറിയാതെ സംഭവിക്കുന്നതല്ല, ഒരു പദ്ധതിയുടെ ഭാഗമായി സംഭവിപ്പിക്കുന്നതാണോ എന്നൊരാള്‍ സംശയിച്ചാല്‍, തെറ്റ് പറയാനാവില്ല. ആഗോളപകര്‍ച്ചവ്യാധി തന്റെ ഹൃദയദളത്തെ, ശ്വാസകോശാറകളെ വിഷംതീണ്ടി പടരുമ്പോഴും അന്തമില്ലാത്ത ജീവിതമോഹം സംരംഭകനെ പ്രേരിപ്പിച്ചത് ഓരോ ചില്ലിക്കാശും പെറുക്കിയടുക്കി സ്വരുക്കൂട്ടുന്നതിനാണ്. ഇതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന്, ഈ കാലവും കടന്ന് പോകും എന്ന പ്രതീക്ഷ. രണ്ട്, കോവിഡോത്തര ലോകം പണ്ടത്തെപ്പോലെത്തന്നെ തിരക്കുള്ളതും പിശുക്കുള്ളതും ആയിരിക്കും എന്ന വിചാരം. രണ്ടും നൂറ് പൂര്‍ണ്ണമായി ശരിയായിക്കൊള്ളണമെന്നില്ല. വര്‍ഷശ്രേണിയെ ക്രിസ്തുവിന് മുന്‍പ്, ക്രിസ്തുവിന് ശേഷം എന്ന് വിഭജിക്കുന്നത് പോലെ, കോവിഡ്-പൂര്‍വ്വ, കോവിഡീയ, കോവിഡോത്തര എന്നിങ്ങനെ കാലഘട്ടങ്ങളെ വേറെവേറെ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. കാരണം, അവയ്ക്ക് മൂന്നിനും ഐകരൂപ്യങ്ങള്‍ കുറവാണ്.
ഇപ്പോള്‍ കോവിഡീയ കാലഘട്ടമാണ്. കോവിഡ്-പൂര്‍വ്വ കാലഘട്ടത്തില്‍ നമ്മുടെ കാര്യങ്ങള്‍ നടത്തിയെടുക്കുവാന്‍ വളരെ അത്യാവശ്യം എന്ന് നമ്മള്‍ കരുതിയിരുന്ന പലതും യാതൊരു ആവശ്യവും ഇല്ലാത്തതായിരുന്നുവെന്ന് കോവിഡീയ കാലഘട്ടം നമുക്ക് പറഞ്ഞുതന്നു. ഉദാഹരണത്തിന്, രാജ്യത്ത് പലയിടത്തായി വിന്യസിച്ചിട്ടുള്ള ഡീലര്‍മാരെ കാണുവാന്‍ ദേശാടനം ചെയ്ത് പരിക്ഷീണിതനായിരുന്ന സംരംഭകന്‍ തന്റെ സമയത്തില്‍ നല്ലൊരു ഭാഗം അതിനായിട്ടായിരുന്നു ചെലവാക്കിയിരുന്നത്. പിന്നെ, ഉല്പാദനശാല, അസംസ്‌കൃത വസ്തുക്കള്‍ മുതല്‍ പലതിന്റെയും ഏകോപനം, കണക്ക്, നികുതി, റിട്ടേണ്‍ ഫയലിങ്, ബാലന്‍സ്ഷീറ്റ്…അങ്ങനെയങ്ങനെ അസംഖ്യം കാര്യങ്ങള്‍ വേറെ. കുട്ടികള്‍ ഉണരുന്നതിന് മുന്‍പ് വീട്ടില്‍ നിന്നിറങ്ങിയാല്‍ അവര്‍ ഉറങ്ങിക്കഴിഞ്ഞേ വീട്ടില്‍ എത്തൂ. പാതിരാത്രിയില്‍ വന്നുകയറിയാല്‍ ഉടനെ ‘മിസ്റ്റര്‍ ബട്‌ലറി’ലെ തിരുപ്പതി ചെട്ടിയാരെപ്പോലെ എന്തെങ്കിലും അകത്താക്കി ഉച്ഛിംഘനാരംഭം (കൂര്‍ക്കം! ഒന്ന് ഡീസന്റാക്കി പറഞ്ഞതാണ്). പലദിവസങ്ങളിലും രാത്രി വീട്ടില്‍ എത്താന്‍ പറ്റാറുമില്ല. പിന്നീടെപ്പോഴെങ്കിലും ഒരുനാള്‍ അവരെ കാണുമ്പോള്‍ ഹോര്‍ലിക്‌സ് അമ്മയെപ്പോലെ ‘നീയെപ്പോഴാ ഇത്രയും വലുതായത്’ എന്ന് അത്ഭുതം കൂറുന്നു. ഇത് വായിക്കുന്ന ഓരോ സംരംഭകനും(യും) ഒന്ന് പിന്‍തിരിഞ്ഞ് ഓര്‍ത്തുനോക്കൂ: മധുവിധുകാലത്തിന് ശേഷം കോവിഡ്-പൂര്‍വ്വകാലത്ത് നിങ്ങള്‍ എപ്പോഴാണ് ഒടുവില്‍ ഇണയുടെ മടിയില്‍ തലവച്ച് കിടന്നത്? കോവിഡീയ കാലഘട്ടം നിങ്ങള്‍ക്ക് അതിന് മാത്രമല്ല, ഒരുപാട് ആഹ്‌ളാദനിമിഷങ്ങള്‍ക്ക് അവസരമൊരുക്കി. അടച്ചിടല്‍ കാലത്ത് പോലും നിങ്ങള്‍ അതേ ഡീലര്‍മാരുമായി മുഖദാവില്‍ (മുഖം കണ്ട്) സംസാരിച്ചിട്ടുണ്ട്. പക്ഷേ, അതിന് വേണ്ടി നിങ്ങള്‍ പണമോ സമയമോ സ്വകാര്യതകളോ വിനിയോഗിച്ചിട്ടില്ല. ഓണ്‍ലൈന്‍ മീറ്റിങ് പ്ലാറ്റ്ഫോമുകള്‍ രണ്ട് ദശാബ്ദമായിട്ടെങ്കിലും നിലവിലുണ്ട്. അത് നമ്മള്‍ ഉപയോഗപ്പെടുത്തിയില്ലെന്ന് മാത്രം. ഓഫിസ് ചലിപ്പിക്കുവാന്‍ എല്ലാവരും രാവിലെ അവിടെ ഫാള്‍ ഇന്‍ ആവേണ്ട ആവശ്യമില്ലെന്ന് – അഥവാ – ഓഫീസ് തന്നെ ആവശ്യമില്ലെന്ന് പഠിപ്പിച്ചത് കോവിഡ് ആണ്. എത്രമാത്രം പണവും അദ്ധ്വാനവും സമയവുമാണ് ഓഫീസ് നിലനിര്‍ത്തുവാനും നടത്തുവാനും യാത്രയ്ക്കുമായി ചെലവാക്കിയിരുന്നത്. ഇപ്പോള്‍ ആ പാഴ്‌ചെലവുകള്‍ ലാഭിക്കുന്നു. ആ മിച്ചം സമയവും പണവും സ്വന്തം ജീവിതം എന്നേക്കും ഓര്‍മ്മിക്കത്തക്ക മധുരമുള്ളതാക്കാന്‍ സംരംഭകന്‍ കോവിഡോത്തര കാലഘട്ടത്തിലും പിശുക്ക് കാണിക്കരുത്.
ഒന്ന് മനസിലാക്കുക. നിങ്ങളുടെ ഇടം നിങ്ങളുടേത് മാത്രമാവണം. അവിടെ അതിക്രമിച്ച് കയറുന്നവരോട് ‘വേണ്ട!’ എന്ന് പറയുന്നതില്‍ യാതൊരുവിധ ഔചിത്യക്കുറവുമില്ല. അതിരുകള്‍ മറ്റുള്ളവരെ പുറത്ത് നിര്‍ത്തുവാന്‍ മാത്രമല്ല, നിങ്ങള്‍ പുറത്ത് പോകാതിരിക്കുവാനും കൂടിയാണ്. ആ ഇടത്തിനകത്ത് ആര് എവിടെവരെ വരണം എന്ന് തീരുമാനിക്കുവാനും നടപ്പിലാക്കുവാനും ഉള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് ഔദ്ധത്യമല്ല, മറ്റുള്ളവരോട് അവരവരുടെ ഔചിത്യബോധം ഓര്‍മ്മിപ്പിക്കുക മാത്രമാണ്.
അതിരുകള്‍ വരയ്ക്കുന്നത് സ്വന്തമായി ജീവിക്കുന്ന ജീവിതത്തിന് ചുറ്റുമാണ്. രണ്ടര പതിറ്റാണ്ട് മുന്‍പ്, സമപ്രായക്കാരിയായ പ്രശസ്തയായൊരു ഐഎഎസ് ഉദ്യോഗസ്ഥയെ ഒരു ഞായറാഴ്ച സംഘടിപ്പിക്കപ്പെട്ട പൊതുപരിപാടിയിലേയ്ക്ക് ഉത്ഘാടകയായി ക്ഷണിച്ചപ്പോള്‍ ‘ഞായറാഴ്ചകള്‍ എന്റേത് മാത്രമാണ്’ എന്ന് സ്‌നേഹപൂര്‍വ്വം പറഞ്ഞ ആ സ്വാതന്ത്ര്യബോധമാണ് ഓരോ ബിസിനസുകാരനും വേണമെന്ന് ഞാന്‍ പറയുന്നത്.
ഒരു ദിവസത്തില്‍ ഒരു തവണയെങ്കിലും നിങ്ങളെ ഹൃദയാത്മനാ സന്തുഷ്ടനാ(യാ)ക്കുന്ന, എത്ര ചെറുതാണെങ്കിലും, ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കണം. അത് കായികാഭ്യാസമാവാം, വായനയാവാം, എഴുത്താവാം, പാചകമാവാം, കോമഡി സീന്‍ കാണുന്നതാവാം, എന്തുമാവാം (ആന്റിസോഷ്യല്‍ മീഡിയയിലേയ്ക്ക് കണ്ണുകള്‍ ആഴ്ത്തി വിഷാദരോഗം വരുത്തിവയ്ക്കുന്നതൊഴികെ!). പത്ത് തവണ പറ്റുമെങ്കില്‍ അത്രയും തവണ, അത്രയും പ്രവര്‍ത്തികള്‍. അവയെല്ലാം നമ്മുടെ സ്വന്തം ഇടമാണ്, ലോകമാണ്, അവിടെയാണ് നമ്മള്‍ ജീവിക്കുന്നത്.
സ്ഥിരം ദിനചര്യകള്‍ വലിയ മടുപ്പുണ്ടാക്കുന്നില്ലേ? വര്‍ക്-ഫ്രം-ഹോം ആരംഭിച്ചപ്പോള്‍ ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു. ങ്ഹാ, ഇത് നല്ല രസമുള്ള പരിപാടിയാണല്ലോ. ഏത് സമയത്തും ജോലി ചെയ്യാം, ചെയ്യാതിരിക്കാം. ടിവിയിലെ ‘വെള്ളിമൂങ്ങ’യൊക്കെ കണ്ട് ആസ്വദിച്ച് പണിയെടുക്കാം. ഭാര്യയും കുട്ടികളുമായി കിന്നാരം പറയാം. വീട്ടില്‍ നിന്ന് പുറത്തിറങ്ങണ്ട. ഇ-പേപ്പറില്‍ ആരംഭിക്കുന്ന ദിവസം ആമസോണും സ്വിഗ്ഗിയും ബിഗ്ബാസ്‌കറ്റും മക്‌ഡൊണാള്‍ഡ്‌സും പ്രാക്‌റ്റോയും മെഡ്ലൈഫും വഴി നെറ്റ്ഫ്‌ലിക്‌സില്‍ ഹരിവരാസനം പാടി നടയടയ്ക്കുന്നു. എന്നാല്‍, പോകെപ്പോകെ പുറംലോകം ഒരു പ്രഹേളികയായി. അപ്പോള്‍ വീട്-ഓഫീസ് – ഓഫീസ്-വീട് എന്ന നിലയിലേയ്ക്ക് മാറി. പണ്ടും അങ്ങനെത്തന്നെയായിരുന്നു ദിനചര്യ. എന്നാല്‍ ഇന്നില്ലാത്ത ഒന്ന് അന്നുണ്ടായിരുന്നു: മടുക്കുമ്പോള്‍ രണ്ട് ദിവസം ലീവെടുത്ത് ഒരു അലക്ഷ്യയാത്ര ചെയ്യാനുള്ള അവസരം. അതിന്നില്ല. ഇപ്പോള്‍ നടക്കുമ്പോള്‍ കിതയ്ക്കുന്നു. കണ്ണുകള്‍ക്ക് ദൂരക്കാഴ്ച്ച കിട്ടുന്നില്ല (മനസ്സിനാവണം ആദ്യം അത് നഷ്ടപ്പെട്ടത്). പലതും മറന്ന് പോയിരിക്കുന്നു. അഞ്ഞൂറിലധികം വിമാനയാത്ര നടത്തിയിട്ടുള്ള അനുഭവജ്ഞാനം മാഞ്ഞുപോയിരിക്കുന്നു. വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോള്‍ ഹൃദയമിടിപ്പ് കൂടി. എല്ലായിടത്തും കന്നിയാത്രക്കാരന്റേത് പോലുള്ള തപ്പലും സംഭ്രമവും. പത്ത് മാസത്തെ പ്യൂപ്പജീവിതം സമ്മാനിച്ച അക്ഷരത്തെറ്റുകള്‍. കോവിഡോത്തരകാലത്തെ ഇത്തരം ജീവിതഭാഷാപചയങ്ങള്‍ തിരുത്തിയെഴുതുവാന്‍ ദിനചര്യകള്‍ ഇടയ്ക്കിടെ ഭഞ്ജിക്കേണ്ടതുണ്ട്. ഇന്നലത്തെ ദിവസമാവരുത് ഇന്ന്. രണ്ടുമല്ല, നാളെ. നിത്യാനുഷ്ഠാനങ്ങള്‍ ദിവസവും മാറണം. ദിവസവും കച്ചവടസ്ഥലത്തേയ്ക്ക് പോകുന്നുണ്ടെങ്കില്‍ ഓരോ ദിവസവും പല പല വഴികള്‍ പരീക്ഷിക്കാം. ജീവിതത്തിന്റെ പച്ചത്തുടിപ്പുകള്‍ പുറത്താണ്. അതാസ്വദിച്ച് ഹൃദയത്തിനകത്ത് കുളിരുപകരുന്ന ഒരു പച്ചത്തുരുത്തായി ആവാഹിച്ചെടുക്കുവാന്‍ ശ്രമിക്കണം.
സൗഹൃദസന്ദര്‍ശനങ്ങള്‍ ഇല്ലാതായിരിക്കുന്ന കാലത്ത് ഇഷ്ടപ്പെട്ടവരുമായി, കടപ്പെട്ടിരിക്കുന്നവരുമായി മറ്റ് മാദ്ധ്യമങ്ങളിലൂടെ സംവദിക്കുക. ടെലിഫോണ്‍ തീര്‍ച്ചയായും ഒരു ശക്തമായ മീഡിയമാണ്. ഓരോരോ ആവശ്യങ്ങള്‍ക്ക് ഫോണ്‍ ചെയ്യുന്നതിനേക്കാള്‍ മധുരമുണ്ടാവും യാതൊരുദ്ദേശ്യവും ഇല്ലാതെയുള്ള വിളികള്‍ക്ക്. ടെക്സ്റ്റ് മെസേജുകള്‍ക്ക് അതിന് പകരം നില്‍ക്കുവാന്‍ ആവില്ല. വോയ്സ് മെസ്സേജ് ഒരു ചെറിയ അളവില്‍ മുന്നില്‍ നില്‍ക്കും ടെക്സ്റ്റിനേക്കാള്‍. എന്നാല്‍, ഇതിനൊരു മറുവശവുമുണ്ട്. നമ്മള്‍ സ്‌നേഹിക്കുന്നവര്‍ അതുപോലെ പ്രതികരിക്കുന്നില്ലെങ്കില്‍ കടുത്ത വിഷാദം തോന്നാം. ‘ഇനി എന്നെ വിളിക്കാത്തവരെ ഞാനും വിളിക്കില്ല’ എന്നുറപ്പിക്കുവാന്‍ എളുപ്പമാണ്. പക്ഷേ, അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. അതിനാല്‍, സംവാദനശീലമുള്ളവരുമായി മാത്രം മതി ഈ പരീക്ഷണം. മനശ്ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്, കത്തെഴുത്ത് പോലെ ആത്മബന്ധം വിളക്കിച്ചേര്‍ക്കുന്ന ഒന്നും ഇന്നുമില്ല എന്നാണ്. ഇടയ്‌ക്കൊരു രണ്ടുവരി കടലാസില്‍ കുറിച്ച് (ഇ-മെയില്‍ അല്ല. ഇത്രയും അരസികത്വം നിറഞ്ഞ ഒരേര്‍പ്പാടില്ല) ഒരു ബാല്യകാലസുഹൃത്തിന് പഴയകാലത്തെപ്പോലെ ഇന്ത്യാപോസ്റ്റില്‍ അയച്ചുനോക്കൂ. അതിനൊരു മറുപടി കിട്ടുന്നത് പോലെ മറ്റൊരു സ്‌ട്രെസ് റിലീവിങ് ഏജന്റ് വേറെ ഇല്ല.
കോവിഡ്-പൂര്‍വ്വ കാലഘട്ടത്തില്‍ ഒരു സംരംഭകനും സ്വന്തം ജീവിതം ജീവിച്ചിട്ടില്ല എന്ന് വീട്ടിലും നാട്ടിലും ജോലിസ്ഥലത്തുമുള്ള പരിചയങ്ങള്‍ വച്ച് എനിക്ക് പറയാനാവും. കോവിഡീയ കാലഘട്ടത്തിലാണ് അതിനുള്ള അവസരം എത്തിയത്. എന്നാല്‍ രോഗ / ഭാവി / സാമ്പത്തിക ഭയാശങ്കകള്‍ അവന്റെ നല്ല ജീവന്‍ കവര്‍ന്നു. ആസ്വാദനത്തിന് പകരം, ആ ദിനങ്ങള്‍ അനുഭവിച്ച് തീര്‍ക്കുകയായിരുന്നു. ആ കാലം കടന്നുപോവുന്നു, പൂര്‍ണ്ണമായും മായാതെയാണെങ്കിലും. കോവിഡോത്തര കാലഘട്ടം സമാഗതമാവാറായി. എന്നാല്‍ കോവിഡ് വരുത്തിയ നവസാധാരണ ശീലങ്ങള്‍ മാറ്റേണ്ടതില്ല, പലതും. അതില്‍ നിന്നാണ് ഇതുവരെ ജീവിക്കാന്‍ മറന്ന് പോയ സംരംഭകന് സ്വന്തം ജീവിതം അനുഭവിച്ചല്ലാതെ, ആസ്വദിച്ച് നുണയാനുള്ള നവാവസരം കരഗതമാവുന്നത്.