Opinion

യുഎസില്‍ അധികാരം ബൈഡനിലേക്കെത്തുമ്പോള്‍; ഇന്ത്യയുടെ പ്രതീക്ഷകളും പ്രതിസന്ധികളും

ട്രംപിനുശേഷം അധികാരമേറ്റെടുക്കുന്ന ബൈഡനുമേല്‍ പ്രതീക്ഷകളുടെ അമിതഭാരമാണ് ഉള്ളത്. ഇന്ത്യ-യുഎസ് ബന്ധം എത്തരത്തിലാകുമെന്നതാണ് നയതന്ത്രവിദഗ്ധര്‍ ഉറ്റുനോക്കുന്നത്.മികച്ച വിപണിയായ ഇന്ത്യയെ അവഗണിക്കുക യുഎസിനും ബുദ്ധിമുട്ടാകും

അടുത്തമാസം അമേരിക്കയില്‍ നടക്കുന്ന ഭരണമാറ്റം ഇന്ത്യയെ എങ്ങനെയാകും സ്വാധീനിക്കുക എന്ന വിഷയം ഇന്ന് ചൂടേറിയ ചര്‍ച്ചക്ക്‌ വഴിതുറന്നിരിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ വലിയ തോല്‍വിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് ഡെമോക്രാറ്റായ ജോ ബൈഡന്‍ വിജയം പിടിച്ചെടുത്തത്. മുന്‍പ് ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലയളവില്‍ വൈസ് പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ യുഎസ് ജനതക്ക് പരിചിതമുഖം തന്നെയായിരുന്നു ബൈഡന്റേത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ യുഎസ് ജനതക്ക് അന്നേ മതിപ്പുതോന്നിയിരിക്കണം. കൂടാതെ അദ്ദേഹത്തിന്റെ നിലപാടുകള്‍ മനുഷ്യപക്ഷത്തുനിന്നുകൊണ്ടുള്ളതായിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ ബൈഡന്റെ സ്വാധീനം വര്‍ധിപ്പിച്ചു. എങ്കിലും എഴുതിത്തള്ളാനാവുമായിരുന്ന എതിരാളി ആയിരുന്നില്ല ട്രംപ്. പക്ഷേ കോവിഡ് കാലത്തെ ട്രംപിന്റെ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും യുഎസില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നതോടെ ബൈഡന് വ്യക്തമായ മുന്‍തൂക്കം ലഭിക്കുകയായിരുന്നു. പിന്നീട് ട്രംപിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും എതിരാളിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിന് മാത്രമാണ് സഹായിച്ചത്. മിക്ക അഭിപ്രായ സര്‍വേകളും ബൈഡന് അനുകൂലവുമായിരുന്നു. ട്രംപിനുശേഷം അധികാരമേറ്റെടുക്കുന്ന ബൈഡനുമേല്‍ പ്രതീക്ഷകളുടെ അമിതഭാരമാണ് ഉള്ളത്.

Advertisement

പുതിയ പ്രസിഡന്റ് അധികാരമേറ്റെടുക്കുമ്പോള്‍ ട്രംപിന്റെ മിക്കനയങ്ങളും പൊളിച്ചെഴുതപ്പെടും എന്നത്് പകല്‍പോലെ വ്യക്തമാണ്. ട്രംപ് ഏറെ മുന്‍തൂക്കം നല്‍കിയിരുന്ന അമേരിക്ക ഫസ്റ്റ് എന്ന നിലപാട്് തുടക്കത്തില്‍ തന്നെ പുനഃപരിശോധിക്കപ്പെടാനാണ് സാധ്യത. ഇക്കാര്യത്തില്‍ മറ്റ് ലോകരാജ്യങ്ങള്‍ക്കും ഏറെ താല്‍പ്പര്യമുണ്ട്. എന്നാല്‍ ജനുവരിയില്‍ അധികാരക്കസേരയിലെത്തുന്ന ബൈഡന് തുടക്കത്തില്‍ നേരിടേണ്ട വെല്ലുവിളി മറ്റേതു ലോക രാജ്യങ്ങളെയും പോലെ ജനതയെ കോവിഡില്‍ നിന്നും മുക്തരാക്കുക എന്നതാണ്. കോവിഡിനെതിരായ ഒരു വാക്‌സിന്‍ അമേരിക്കയില്‍ വികസിപ്പിച്ചുകഴിഞ്ഞു, ഈ വാക്‌സിന് ബ്രിട്ടീഷ് സര്‍ക്കാരും അംഗീകാരം നല്‍കിയിട്ടുണ്ട്. 94ശതമാനം കൃത്യത അവകാശപ്പെടുന്നതാണ് ഈ മരുന്ന്. അതിനാല്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതുസംബന്ധിച്ചും അതിന്റെ വിതരണം സംബന്ധിച്ചും ബൈഡന് മികച്ച പ്രവര്‍ത്തനം നടത്തേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിക്കുന്നതിന് വിദഗ്ധരുടെ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും പിഴവുണ്ടായാലും അതിനെ മറികടക്കേണ്ടതായിട്ടുണ്ട്. അതിനുള്ള ഗൃഹപാഠങ്ങള്‍ ഇപ്പോള്‍ തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്നുവേണം മനസിലാക്കാന്‍.

ഇതിനൊപ്പംതന്നെയാണ് സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകകേണ്ടത്. ഇത് പരിശോധിക്കുമ്പോഴാണ് റിപ്പബ്ലിക്കന്‍ ഭരണത്തിലെ നയങ്ങളുടെ പൊളിച്ചെഴുത്ത്് ഉണ്ടാകുക. സ്വാഭാവികമായും വ്യാപാരരംഗത്തെ പരിപോഷിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകും. മുന്‍പ് ദിവസങ്ങളുടെയും മണിക്കൂറുകളുടെയും വ്യത്യാസത്തില്‍ തനിക്കു യോജിച്ച രീതിയില്‍ യുഎസ് നയങ്ങളെ ട്രംപ് വ്യാഖ്യാനിച്ചിരുന്നു. ഇക്കാരണത്താല്‍ പല ഉദ്യോഗസ്ഥ മേധാവികളും മുന്നറിയിപ്പില്ലാതെ മാറ്റപ്പെട്ടിരുന്നു. മറ്റ് പലരും ട്രംപിനെതിരെ പരസ്യനിലപാടുമായി രംഗത്തുവരികയും ചെയ്തു. അനാവശ്യമായി നിരവധി വിവാദങ്ങളില്‍ ട്രംപ് അകപ്പെടുകയും ചെയ്തു. ഒരു പ്രശ്‌നപരിഹാരത്തിനേക്കാള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിലാണ് അദ്ദേഹം കഴിവുതെളിയിച്ചത് എന്ന ആരോപണവും എതിരാളികളുയര്‍ത്തിയിരുന്നു.

ഇന്ത്യയെ അവഗണിക്കാനാകില്ല

നിലവിലുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുഎസ് പിന്തുണ ആവശ്യമാണ്. മികച്ച ഒരു വിപണിയായ ഇന്ത്യയെ അവഗണിക്കുക യുഎസിനും ബുദ്ധിമുട്ടാകും. ബിജെപി ഭരണകാലത്ത്് ഇന്ത്യ റഷ്യന്‍ ചേരിയില്‍നിന്ന്് ക്രമേണ മാറി അമേരിക്കയുമായി കൂടുതല്‍ അടുത്തിരുന്നു. ഇത് നിരവധി കരാറുകള്‍ യുഎസിന് ലഭിക്കാന്‍ കാരണമായി. പ്രത്യേകിച്ചും പ്രതിരോധ രംഗത്ത്. എങ്കിലും ഇന്ത്യയുടെ ഭൂരിപക്ഷം ആയുധവും ഇന്നും റഷ്യന്‍ നിര്‍മ്മിതമാണ്. ഫ്രാന്‍സും ഇസ്രയേലും കൂടുതല്‍ ചുവടുറപ്പിക്കുന്ന രംഗത്തേക്കാണ് യുഎസിന്റെ കടന്നുവരവ്. മുന്‍പും ഇന്ത്യക്ക് അമേരിക്കന്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രതിരോധരംഗത്ത് ഇത്രയും ശക്തമായ ഒരു സഹകരണം രൂപപ്പെട്ടിരുന്നില്ല. ഇന്ന്് നിരവധി കരാറുകളും സാങ്കേതിക രംഗത്തെ സഹകരണവും വിവരകൈമാറ്റവുമെല്ലാമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു നാറ്റോ സഖ്യരാഷ്ട്ര പദവി ലഭിച്ചതുപോലെയാണ് ഇതിനെ ഇന്ത്യ കരുതുന്നത്. ചൈനയുടെ യുഎസിന് പ്രത്യക്ഷ വെല്ലുവിളി ആയിക്കഴിഞ്ഞു എന്ന തിരിച്ചറിവും ആണ് ഇതിനുകാരണം. പാക്കിസ്ഥാനുമായുള്ള മുന്‍പുണ്ടായിരുന്ന യുഎസിന്റെ സഹകരണം ഒരു തികഞ്ഞ പരാജയമാകുകയും ഇസ്ലാമബാദ് ബെയ്ജിംഗിന്റെ കൂടെ ചേക്കേറുകയും ചെയ്തതിനാല്‍ ശക്തരായ ഇന്ത്യയെ കൂട്ടുപിടിക്കുക എന്നത് അമേരിക്ക തിരിച്ചറിഞ്ഞ മികച്ച ഓപ്ഷനാണ്. ഇതിന് നാളെ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. എങ്കിലും ചൈന ലോക പോലീസാകന്‍ ശ്രമിക്കുന്ന കാലത്തോളം അവരുടെ പ്രഖ്യാപിത ശത്രു അമേരിക്ക തന്നെ ആയിരിക്കും.

ഇന്ന് കൊറോണ വൈറസിന്റെ വ്യാപനത്തോടെ ആഗോളതലത്തില്‍ വലിയ എതിര്‍പ്പ്് ചൈന നേരിടുന്നുണ്ട്. ഇക്കാരണത്താല്‍ അവരുടെ വിശ്വാസ്യത തകര്‍ന്നിട്ടുണ്ട്. സാങ്കേതികവിദ്യാരംഗത്ത് ചൈനക്കേറ്റ തിരിച്ചടി കനത്തതായിരുന്നു. 5ജി രംഗത്ത് സഹകരണത്തിനായി നിരവധി രാജ്യങ്ങളാണ് ബെയ്ജിംഗുമായി കരാറൊപ്പിട്ടിരുന്നത്. മിക്കരാജ്യങ്ങളും ഇന്ന് കൊറോണാ വ്യാപനത്തിനുപിന്നില്‍ ചൈനയാണെന്ന് ആരോപണം മുന്‍നിര്‍ത്തി കരാറില്‍നിന്നും പിന്മാറി. കൂടാതെ അവര്‍ ഈ സാങ്കേതികവിദ്യയും ഉപകരണങ്ങളും ചാരവൃത്തിക്കായി ഉപയോഗിക്കുന്നു എന്ന ആരോപണവും ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഒരു പരിധിക്കപ്പുറത്തേക്ക് ഷി ജിന്‍പിംഗിനെയോ കമ്യൂണിസ്റ്റു പാര്‍ട്ടിയെയോ നിയുക്ത പ്രസിഡന്റ് ബൈഡന്‍ പിന്തുണയ്ക്കുമെന്ന്് കരതുകവയ്യ. എങ്കിലും ട്രംപിന്റെ നയത്തില്‍നിന്നും വ്യതിയാനമുണ്ടാകുമെന്നുറപ്പാണ്. ഇവിടെയാണ് ചൈന പ്രതീക്ഷ പുലര്‍ത്തുന്നതും. ഈ തിരിച്ചറിവാകും ബൈഡനെ സ്വാഗതം ചെയ്യാന്‍ ചൈനയെ പ്രേരിപ്പിച്ചത്.

ഡൊണാള്‍ഡ് ട്രംപ് ഓവല്‍ ഓഫീസില്‍ നിന്ന് പുറത്തുകടക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ അവസരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമായി മികച്ച ബന്ധം തുടരേണ്ടതുണ്ട്. ചൈനയെ മറികടന്നാണ് യുഎസ് ഒന്നാമതെത്തിയത്. ഇപ്പോള്‍ ഇന്തോ-ചൈന ബന്ധം മുന്‍പെന്നത്തേക്കാളും വഷളായിരിക്കുന്നു. ഈ അവസരത്തില്‍ യുഎസ് പിന്നോക്കം പോയാല്‍ അത് ഇന്ത്യക്ക് തിരിച്ചടിയാകും. അതിനാല്‍ മികച്ച ബന്ധം തുടര്‍ന്നുപോകുന്നതിനുള്ള വഴികളാണ് ഇന്ന് ഭരണനേതൃത്വം ന്യൂഡെല്‍ഹിയില്‍ തയ്യാറാക്കുന്നത്. വ്യാപാര കമ്മി വീണ്ടും തുലനം ചെയ്യുന്നതിനായി ട്രംപ് സ്വീകരിച്ച അമേരിക്ക ഫസ്റ്റ് നയത്തില്‍ നിന്ന് ബൈഡന്റെ ലോകവീക്ഷണം വ്യത്യസ്തമായിരിക്കും എന്നത് ഇന്ത്യക്കും പ്രതീക്ഷ നല്‍കുന്നു. വ്യാപാരക്കമ്മി വിഷയത്തില്‍ ട്രംപ് അടിച്ചേല്‍പ്പിച്ചിരുന്ന വര്‍ധിച്ച നികുതി വിഷയങ്ങളില്‍ പുതിയ ഭരണാധികാരി എന്തുനിലപാടെടുക്കും എന്നതും കാത്തിരുന്നു കാണേണ്ടതാണ്. തൊഴിലില്ലായ്മ വിഷയത്തില്‍ ബൈഡന്‍ നയം സ്വീകരിക്കേണ്ടതുണ്ട്. ഒപ്പം തന്നെ പിന്തുണയ്ക്കുന്ന തൊഴിലാളി സമൂഹത്തെക്കുറിച്ചും അദ്ദേഹം ചിന്തിക്കേണ്ടതുണ്ട്. കൂടാതെ ട്രംപിന്റെ ഭരണത്തിനിടയില്‍ പ്രതികാരമനോഭാവത്തോടെ അദ്ദേഹം പല ലോക പ്ലാറ്റുഫോമുകളില്‍നിന്നും കരാറുകളില്‍ നിന്നും പിന്‍മാറിയിരുന്നു. ഇത് ബൈഡന്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഉദാഹരണത്തിന് ചൈനയുമായി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ യുഎസ് ലോകാരോഗ്യ സംഘടനയില്‍നിന്നും പിന്‍മാറിയിരുന്നു. കൊറോണസംബന്ധിച്ച വിവരങ്ങള്‍ യഥാസമയം ലോകത്തിനു നല്‍കിയില്ല എന്നതാണ് ട്രംപ് ആരോപിച്ചകുറ്റം. ഇതുപോലെ പാരീസ് കാലാവസ്ഥാ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയിരുന്നു. എന്നാല്‍ ബൈഡന്റെ കാഴ്ചപ്പാട് യുഎസ് ലോകശക്തിയാണ് എന്നതാണ്. അതിനാല്‍ എല്ലാ പ്ലാറ്റുഫോമുകളിലും അമേരിക്കന്‍ സാന്നിധ്യം ഉണ്ടാകണമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ട്രംപിന്റെ കാലത്ത് നിര്‍ജീവമായ ട്രാന്‍സ് പസഫിക് പങ്കാളിത്ത കരാര്‍ (ടിടിപി) പുതിയ പ്രസിഡന്റ് വീണ്ടും കൊണ്ടുവരാന്‍ സാധ്യത ഏറെയാണ്. ഇതില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതുസംബന്ധിച്ച് ചര്‍ത്തകളും നടന്നേക്കാമെന്നാണ് കരുതപ്പെടുന്നത്. ഇൗ കരാര്‍ ചൈനയെ ഒഴിവാക്കിയാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ യുഎസിന്റെ ഉല്‍പാദനത്തിനും ജോലിക്കും കുറവുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് ട്രംപ് ഈ കരാറില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.ഇതോടെ ടിടിപി ഫലത്തില്‍ നിര്‍ജീവമായി. കരാറില്‍നിന്നും യുഎസിന്റെ പുറത്തുകടക്കല്‍ ചൈനക്കാണ് ഗുണകരമായത്.ഒരാഴ്ച മുന്‍പ് ഒരു പ്രാദേശിക സമഗ്ര സാമ്പത്തികകരാറില്‍ (റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ്) ചൈനയും മറ്റ് 14 ഏഷ്യ-പസഫിക് രാജ്യങ്ങളും ഒപ്പിട്ടു. ഇവിടെ ഫലത്തില്‍ യുഎസ് നിഷ്പ്രഭമായിരുന്നു. ഈ കരാര്‍ പ്രകാരം ഓസ്‌ട്രേലിയ,ചൈന, ജപ്പാന്‍ ,ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്് എന്നീരാജ്യങ്ങളുമായി ആസിയാന്‍ രാജ്യങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യും. ഇന്ത്യ ഈ കരാറില്‍ നിന്ന് പിന്മാറിയിരുന്നു. എങ്കിലും ഇന്ത്യക്കായി ഒരു സ്ഥാനം നീക്കിവെച്ചശേഷമാണ് ഈ രാജ്യങ്ങളുടെ യോഗം പിരിഞ്ഞത്. ഈ രാജ്യങ്ങള്‍ ആഗോള ജനസംഖ്യയുടെ 30ശതമാനം ഉള്‍ക്കൊള്ളുന്നവയാണ്. ഈ കരാര്‍കൊണ്ട് ഏറ്റവും വലിയ നേട്ടം ഉണ്ടാകുന്നത് ചൈനക്കുമാത്രമാണ് എന്നതാണ് ഇതിന്റെ പോരായ്മയായി വരാന്‍ പോകുന്നത്. ഇക്കാരണത്താലാണ് ഇന്ത്യ ഇതില്‍നിന്നു പിന്‍മാറിയതും. ആഭ്യന്തര ഉല്‍പ്പാദകരെ സംരക്ഷിക്കുന്നതിനായായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുകയായിരുന്നു. കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യ പിന്‍മാറിയിരുന്നു. എന്നാല്‍ ട്രാന്‍സ്-പസഫിക് പങ്കാളിത്തത്തില്‍ യുഎസിനും ഇന്ത്യയ്ക്കും തന്ത്രപരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. അധികാരമേല്‍ക്കുമ്പോള്‍ താന്‍ വീണ്ടും കരാറില്‍ ചേരുമോ എന്ന് ബൈഡന്‍ പറഞ്ഞിട്ടില്ല. എങ്കിലും ഇന്തോ-പസഫിക്കിലുടനീളം ചൈന വിരുദ്ധ സാമ്പത്തിക സഖ്യമായിഇത് വളര്‍ത്തിക്കൊണ്ടുവരാമെന്നാണ് ഏവരുടെയും പ്രതീക്ഷ.

ഇതോടൊപ്പംതന്നെ ഇന്ത്യക്ക് ആശങ്ക ഉണ്ടാക്കാവുന്ന ചില വസ്തുതകളും ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടാകാം. അതില്‍ ചിലത് പരിശോധിച്ചുനോക്കാം, ആദ്യമായി കശ്മീര്‍ വിഷയത്തില്‍ ബൈഡനും കമലാഹാരിസിനും ഉള്ള നിലപാടുകളില്‍ വ്യത്യാസമുണ്ടാകുന്നുണ്ടോ എന്നത് പ്രധാനമാണ്. നിലവില്‍ അവരുടെ നയങ്ങള്‍ ഇന്ത്യയുടെ നയവുമായി ചേര്‍ന്നുപോകുന്നതല്ല. ഇതിനുമുന്‍പ് നടത്തിയ പ്രസ്താവനകള്‍ പാക്കിസ്ഥാനാണ് സന്തോഷം നല്‍കിയത്. ഇന്ത്യയുടെകശ്മീര്‍ നയത്തെ കമലാഹാരിസ് പരസ്യമായി എതിര്‍ത്തിട്ടുണ്ട്. ബൈഡന്റേതും വിഭിന്നമായ അഭിപ്രായമായിരുന്നില്ല. അതിനാല്‍ഇക്കാര്യത്തില്‍ ഇന്ത്യ കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കും. പ്രത്യേകിച്ചും ആര്‍ട്ടിക്കില്‍ 370 അസാധുവാക്കിയതിനെ കമല എതിര്‍ത്തിരുന്നു. കശ്മീരില്‍ അന്താരാഷ്ട്ര ഇടപെടലിനുള്ള ആവശ്യത്തെ മുന്‍പ് അവര്‍ പിന്തുണച്ചിരുന്നു.സിഎഎ നിയമത്തിനെതിരായ നിലപാടായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. ചുരുക്കത്തില്‍ ഇന്ത്യയുടെ ദേശീയ താല്‍പ്പര്യത്തിനെതിരായി സംസാരിച്ചിട്ടുള്ളവരാണ് ഇന്ന് യുഎസില്‍ അധികാരത്തിലേക്ക്് എത്താനിരിക്കുന്നത്. ചൈനയുടെ ഇന്ത്യനതിര്‍ത്തി ലംഘനവുമായി ബന്ധപ്പെട്ട് ഈ നേതാക്കള്‍ മൗനം പാലിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുമായി യുഎസ് മികച്ച ബന്ധം പുലര്‍ത്തുമെന്ന് ബൈഡന്‍ പറഞ്ഞപ്പോള്‍ ഒരിടത്തും അദ്ദേഹം ചൈനയുടെ അതിക്രമത്തെപ്പറ്റി സംസാരിച്ചിട്ടില്ല എന്നതും പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഏഷ്യയില്‍ ബൈഡനുകീഴില്‍ ചൈനക്കും പാക്കിസ്ഥാനും അനുകൂലമായ ഒരുമാറ്റം ഉണ്ടാകുമെന്ന്് പ്രചരിപ്പിക്കുന്ന തിരക്കലാണ് എന്നും കാണാം. ന്യൂനപക്ഷ അവകാശങ്ങളക്കുറിച്ചും ഇനി കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നുവരാം. എന്നാല്‍ ചൈനയിലെ സിന്‍ജിയാംഗ്് പ്രവിശ്യയിലെയും ടിബറ്റിലെയും അടിച്ചമര്‍ത്തലുകളും ബലൂചിസ്ഥാനില്‍ പാക് പട്ടാളം നടത്തുന്ന അതിക്രമങ്ങളെപ്പറ്റിയും പുതിയ യുഎസ് ഭരണകൂടത്തിന്റെ നിലപാടുകള്‍ ഇനിയും ശ്രദ്ധിക്കപ്പെടേണ്ടതായിട്ടുണ്ട്.

ചുരുക്കത്തില്‍ ട്രംപിനുശേഷം ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ എത്തുമ്പോള്‍ ഇന്ത്യക്ക് അനുകൂലവും പ്രതികൂലവുമായ നിരവധി ഘടകങ്ങള്‍ ഉണ്ട്. അത് അനുകൂലമാക്കിനിര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണ്. അവരുടെയല്ല. എങ്കിലും പുതിയകാലത്തില്‍ ഇന്ത്യയെ ഒഴിവാക്കി യുഎസ് മുന്നോട്ടുപോകാനുള്ള സാധ്യത കുറവാണെന്നതാണ് പ്രതീക്ഷ നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top