ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റാകുന്നതോടെ സെനറ്റിലും പ്രതിനിധി സഭയിലുമെല്ലാം ചില ആശയസംഘട്ടനങ്ങള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. തങ്ങളുടെ ചില നയങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിന് കീറാമുട്ടിയായി നില്‍ക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ബൈഡന്‍ തയ്യാറായേക്കും. അതേസമയം പുറത്തുപോകുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചില നയങ്ങള്‍ നിലനിര്‍ത്താതിരിക്കാനും ബൈഡന് കഴിയില്ല. എന്തായാലും അമേരിക്കയില്‍ ബൈഡന്‍ യുഗം ആരംഭിക്കുന്നതോടെ ഇന്ത്യയിലും അതിന്റെ അലയൊലികളും ചില മേഖലകളില്‍ ശുഭസൂചനകളും പ്രകടമായി തുടങ്ങും.
ഓഹരിവിപണിയില്‍ ഉണര്‍വ്വ്
അമേരിക്കന്‍ വിപണികളെ പിന്‍പറ്റി ഇന്ത്യയിലെ ഓഹരി വിപണികളിലും ഉണര്‍വ്വ് പ്രകടമാകും. പ്രസിഡന്റ് ആരെന്ന അനിശ്ചിതത്വത്തിന് വിരാമമാകുന്നതും വിപണിക്ക് നേട്ടമാകും.
നിക്ഷേപം
ഇന്ത്യയുമായുള്ള തന്ത്രപ്രധാന സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന അമേരിക്കന്‍ നയം തുടരാന്‍ തന്നെയായിരിക്കും ബൈഡന്‍ ഭരണകൂടം ശ്രമിക്കുക. ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ആരോഗ്യരംഗത്തെ സര്‍ക്കാര്‍ ചിലവിടല്‍ വര്‍ധിച്ചതോടെ ഔഷധ നിര്‍മ്മാണ മേഖല നേട്ടമുണ്ടാക്കും. വിസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെങ്കിലും ബൈഡന്‍ മുന്നോട്ടുവെക്കുന്ന എച്ച്-1ബി വിസ പരിഷ്‌കാരങ്ങള്‍ ഇന്ത്യയിലെ ഐടി കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ്.
വ്യാപാര മേഖലയില്‍ മാറ്റമുണ്ടാകില്ല
പ്രസിഡന്റ് മാറിയാലും അമേരിക്കയുടെ വ്യാപാര നയങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ ഇടയില്ല. മാത്രമല്ല, ട്രംപ് വേണ്ടെന്നുവെച്ച ട്രാന്‍സ്-പസഫിക് പങ്കാളിത്ത കരാറില്‍ പങ്കാളിയാകാന്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായേക്കും.
വിതരണ ശൃംഖലകള്‍ മാറിയേക്കും
വിതരണ ശൃംഖലകള്‍ ചൈനയില്‍ നിന്നും പറിച്ചുനടാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്ക് വേഗത കൂടുന്നതോടെ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകും. ചൈനയിലുള്ള ആശ്രിതത്വം കുറച്ചുകൊണ്ട് ലോകത്തെ റിസ്‌കുകളില്‍ നിന്നും സംരക്ഷിക്കാനുള്ള ശ്രമമായിരിക്കും ബൈഡന്‍ ഭരണകൂടം കാഴ്ചവെക്കുക.
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ ബൈഡന്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു സമീപനമായിരിക്കും എടുക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ഫണ്ടിംഗ്, പുനരുപയോഗ ഊര്‍ജം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് നേട്ടമാകും.
ബൈഡന്റെ ബിസിനസ് പ്ലാന്‍
നികുതി: കോര്‍പ്പറേറ്റ് നികുതി 28 ശതമാനമാക്കും. പ്രധാന വ്യക്തിഗത വരുമാന നികുതികള്‍ 39.6 ശതമാനമാക്കും.
വിസ
ഉന്നത നൈപുണ്യശേഷിയുള്ള തൊഴിലാളികള്‍ക്കുള്ള വിസ ചട്ടങ്ങള്‍ പരിഷ്‌കരിക്കും. ശാസ്ത്രം, സാങ്കേതികം, എന്‍ജിനീയറിംഗ്, ഗണിതശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഡോക്ടറേറ്റ് നേടിയവര്‍ക്ക് കര്‍ശന വിസ വ്യവസ്ഥകള്‍ ഒഴിവാക്കും.
അടിസ്ഥാന സൗകര്യം, പാര്‍പ്പിടം
രണ്ടാം റെയില്‍റോഡ് വിപ്ലവത്തിനായി നിക്ഷേപം നടത്തും. വിമാനത്താവളങ്ങള്‍ ആധുനികവല്‍ക്കരിക്കും. സ്മാര്‍ട്ട്‌സിറ്റികള്‍ പണിയും. റോഡുകളും ഹൈവേകളും നിര്‍മിക്കും, അറ്റകുറ്റപ്പണികള്‍ നടത്തും. ആദ്യമായി വീടുകള്‍ വാങ്ങുന്നവര്‍ക്ക് 15,000 ഡോളര്‍ നികുതിയിളവ്.
വാഹനരംഗം
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടും. വാഹന വ്യവസായം, വിതരണ ശൃംഖകള്‍, അനുബന്ധ അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലയില്‍ പത്ത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
പാപ്പരത്വം
പാപ്പരത്വ നടപടിക്രമങ്ങള്‍ ലളിതമാക്കും.
…………………………..
ഇന്ത്യയുമായുള്ള തന്ത്രപ്രധാന സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന അമേരിക്കന്‍ നയം തുടരാന്‍ തന്നെയായിരിക്കും ബൈഡന്‍ ഭരണകൂടം ശ്രമിക്കുക. ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.