പ്രതീക്ഷയുണര്‍ത്തി കയറ്റുമതി മേഖലയില്‍ വളര്‍ച്ചയുടെ സൂചന. നവംബര്‍ ആദ്യവാരത്തില്‍ രാജ്യത്തെ കയറ്റുമതി 22.47 ശതമാനം വര്‍ധിച്ച് 67.75 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഫാര്‍മസ്യൂട്ടിക്കല്‍സ്, വിലപിടിപ്പുള്ള കല്ലുകള്‍, ആഭരണങ്ങള്‍, എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയാണ് കയറ്റുമതി മേഖലയ്ക്ക് ഗുണം ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ആദ്യവാരം 5.51 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
അതേസമയം ഇറക്കുമതിയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.64 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ 9.30 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് രാജ്യത്ത് നടന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 8.19 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെട്രോളിയം ഒഴികെയുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ ഈ ആഴ്ച 23.37 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചത്തെ വ്യാപാരക്കമ്മി 2.55 ബില്യണ്‍ ഡോളറാണ്.
ഫാര്‍മസ്യൂട്ടിക്കല്‍സ്, വിലപിടിപ്പുള്ള കല്ലുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ യഥാക്രമം 32 ശതമാനം,88.8 ശതമാനം വര്‍ധന രേഖപ്പെടുത്തി. എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും 16.7 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. പെട്രോളിയം, സമുദ്രോല്‍പ്പന്നങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തി. അമേരിക്ക, ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ യഥാക്രമം 53.91 ശതമാനം, 176.2 ശതമാനം, 90.76 ശതമാനം വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ സെപ്റ്റംബറില്‍ കയറ്റുമതി മേഖലയില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വളര്‍ച്ച ഉണ്ടായെങ്കിലും ഒക്ടോബറില്‍ കയറ്റുമതി 5.4 ശതമാനം ഇടിഞ്ഞ് 24.82 ബില്യണ്‍ ഡോളറിന്റേതായി കുറഞ്ഞു.