ഗ്രാമീണ വിപണികള്‍ക്ക് ഊന്നല്‍ നല്‍കിയും വായ്പകള്‍ വൈവിധ്യവല്‍ക്കരിച്ചും രാജ്യത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന ബാങ്കെന്ന പേര് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മൈക്രോ-പണമിടപാട് സ്ഥാപനമായ ബന്ധന്‍ ബാങ്ക്. വൈവിധ്യവല്‍ക്കരണത്തിലൂടെ ആസ്തികളില്‍ നാല് ശതമാനം സാമ്പത്തിക നേട്ടമാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. സ്വര്‍ണം, വാഹനം, ഭവനം തുടങ്ങി റിസ്‌ക് കുറഞ്ഞ മേഖലകളില്‍ കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാനാണ് ബാങ്കിന്റെ പദ്ധതി.
വായ്പകള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഇപ്പോഴുള്ളതെന്ന് ബന്ധന്‍ ബാങ്ക് സ്ഥാപകനും സിഇഒയുമായ ചന്ദ്ര ശേഖര്‍ ഘോഷ് പറഞ്ഞു. ഗ്രാമീണ ഇന്ത്യയ്ക്ക് വായ്പാ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നും ജീവിതശൈലികളില്‍ മാറ്റമുണ്ടാകുന്ന ഇക്കാലത്ത് അവര്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ ഉണ്ടാകുമെന്നും ഘോഷ് പറഞ്ഞു. വായ്പകളിലെ തിരിച്ചടവ് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സാധാരണനിലയിലേക്ക് തിരിച്ചെത്തുമെന്നാണ് താന്‍ കരുതുന്നതെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു. വായ്പാ തിരിച്ചടവുകള്‍ മെച്ചപ്പെടുമെങ്കിലും കൊറോണ വൈറസ് പ്രതിസന്ധി മൂലം ബാങ്കിന്റെ വായ്പാവളര്‍ച്ച ഈ വര്‍ഷം 20 ശതമാനമായി കുറയുമെന്നും ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ശരാശരി 30 ശതമാനത്തിലധികം വായ്പാ വളര്‍ച്ചയാണ് ബന്ധന്‍ ബാങ്ക് സ്വന്തമാക്കിയിരുന്നത്.
ബ്ലാക്ക്‌റോക്ക്, സിംഗപ്പൂരിലെ ജിഐസി എന്നിവരടക്കമുള്ള നിക്ഷേപകരില്‍ നിന്നും 1.4 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കഴിഞ്ഞ ആഗസ്റ്റില്‍ ബന്ധന്‍ ബാങ്ക് സ്വന്തമാക്കിയത്. ചായക്കടക്കാര്‍, പച്ചക്കറിക്കടക്കാര്‍, നെയ്ത്തുകാര്‍, കരകൗശല നിര്‍മാതാക്കള്‍ തുടങ്ങി ചെറുകിട വ്യവസായികള്‍ക്ക് വായ്പാസഹായമൊരുക്കിക്കൊണ്ട് 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബന്ധന്‍ ബാങ്കിന് 2015ലാണ് ബാങ്കിംഗ് ലൈസന്‍സ് ലഭിച്ചത്.