ടോക്യോ കമ്പനിക്കുള്ളിലെ ഭരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലെ നാല് ഡയറക്ടര്‍മാര്‍ ബോര്‍ഡില്‍ നിന്നും പുറത്തുപോകുമെന്ന് ജാപ്പനീസ് നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്. വിഷന്‍ ഫണ്ട് മേധാവി രാജീവ് മിശ്ര, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാര്‍സെലോ ക്ലൗര്‍, ചീഫ് സ്ട്രാറ്റെജി ഓഫീസര്‍ കാറ്റ്‌സുനോറി സാഗോ, സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രതിനിധി യാസിര്‍ ഒ അല്‍-റുമയ്യാന്‍ എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്തുപോകുന്നത്. ഈ മാറ്റങ്ങള്‍ നിലവില്‍ വരുന്നതോടെ ബോര്‍ഡംഗങ്ങളുടെ എണ്ണം ഒമ്പതായി ചുരുങ്ങും.
മാനേജ്‌മെന്റിനെയും പ്രവര്‍ത്തനവിഭാഗത്തെയും വേര്‍തിരിക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് സ്ഥാപകന്‍ മസയോഷി സണ്‍ വ്യക്തമാക്കി.