Success Story

ഫാഷനും പാഷനും ഒത്ത് ചേര്‍ന്ന ടെക്സ്രാ

മനോഹരമായി വസ്ത്രം ധരിക്കാനും ട്രെന്‍ഡിനനുസരിച്ച് ജീവിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വണ്‍സ്റ്റോപ്പ് സൊല്യൂഷനായാണ് കൊച്ചി ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ടെക്സ്രാ ട്രെന്‍ഡ്സ് ഡിസൈനര്‍ ബുട്ടീക്ക് എത്തുന്നത്

ഏതൊരു വ്യക്തിയേയും ജീവിതത്തില്‍ വിജയിപ്പിക്കുന്നത് പാഷനാണ്. പാഷന്‍ എന്ന് പറയുമ്പോള്‍ അത് ജീവിതത്തോടും പ്രവര്‍ത്തനമേഖലയോടുമുള്ള സമീപനം തന്നെ. പോസിറ്റിവ് ആയ സമീപനങ്ങളാണ് ഏതൊരു വ്യക്തിയേയും മികച്ച സംരംഭകയാക്കി മാറ്റുന്നതും. ഇതെല്ലം ഒത്തു ചേര്‍ന്നപ്പോഴാണ് കൊച്ചി സ്വദേശിനിയായ ടെക്‌സി ജോസഫ് തന്റെ കന്നി സംരംഭത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ചെറുപ്പം മുതല്‍ക്ക് ടെക്‌സിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളില്‍ ഒന്നായിരുന്നു. നന്നായി വസ്ത്രം ധരിക്കുക എന്നത്. ഫാഷന്‍ മാഗസിനുകള്‍ ശ്രദ്ധിക്കുക, അതില്‍ വരുന്ന വസ്ത്രങ്ങളുടെ മാതൃകയില്‍ വസ്ത്രങ്ങള്‍ തയ്പ്പിക്കുക, മറ്റുള്ളവര്‍ക്ക് ചേരുന്ന വസ്ത്രങ്ങള്‍ ഏതാണെന്നും അവയുടെ മോഡല്‍ എങ്ങനെയാകണമെന്നും നിര്‍ദേശിക്കുക തുടങ്ങിയ കാര്യങ്ങളിലായിരുന്നു ചെറുപ്പം മുതല്‍ക്ക് ടെക്സിയുടെ ശ്രദ്ധ.

Advertisement

എന്നാല്‍ ഫാഷന്‍ ഡിസൈനര്‍ ആകുക എന്ന സ്വപ്നം മനസ്സിലിട്ടു സൂക്ഷിക്കാന്‍ മാത്രമേ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ടെക്‌സിക്ക് കഴിഞ്ഞുള്ളു. പഠനശേഷം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്ന ടെക്‌സിക്ക് പക്ഷേ കോര്‍പ്പറേറ്റ് ജോലിയുടെ സ്ട്രെസും തിരക്കുമായി യോജിച്ചു പോകാന്‍ കഴിഞ്ഞില്ല. ഏത് തിരക്കിനിടയിലും സന്തോഷം കണ്ടെത്തിയിരുന്നത് തനിക്ക് ഇഷ്ടപ്പെട്ട മാതൃകയിലുള്ള വസ്ത്രങ്ങള്‍ സ്വയം തായ്ച്ചെടുത്തുകൊണ്ടായിരുന്നു. തുടക്കത്തില്‍ തയ്യലിന്റെ ബാലപാഠങ്ങള്‍ പോലും കൈവശമില്ലാതെയാണ് ടെക്‌സി തനിക്കായി വസ്ത്രങ്ങള്‍ തയ്ക്കാന്‍ തുടങ്ങിയത്. ടെക്സിയുടെ മനസ്സില്‍ കഴിവുള്ള ഒരു ഡിസൈനര്‍ ഉണ്ടായിരുന്നു എന്നത് തന്നെയാണ് ആ ശ്രമങ്ങള്‍ വിജയിക്കുന്നതിനുള്ള പ്രധാന കാരണം.

ടെക്‌സി ജോസഫ്

ഇതിനിടയ്ക്ക് എപ്പോഴൊക്കെയോ കിട്ടുന്ന സമയം കൈമുതലാക്കി സ്റ്റിച്ചിംഗ് രീതികള്‍ വിദഗ്ദരായ ആളുകളില്‍ നിന്നും ടെക്‌സി പഠിച്ചെടുത്തു. ജീവിതവിജയത്തിന് എന്തായാലും ഒരു തൊഴില്‍ അനിവാര്യമാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അത് താന്‍ ഏറെ ആഗ്രഹിക്കുന്ന മേഖലയില്‍ ആയിക്കൂടാ, എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ടെക്‌സി സ്വന്തം സംരംഭം സ്വപ്നം കണ്ടു തുടങ്ങിയത്. ഒടുവില്‍ ആ സ്വപ്നത്തിന്റെ പരിണിതഫലമായാണ് കൊച്ചി നഗരത്തിലെ മുന്‍നിര ഡിസൈനര്‍ ബുട്ടീക്ക് ആയ ടെക്സ്രാ ട്രെന്‍ഡ്സ് വളര്‍ന്നത്.

” തുടക്കത്തില്‍ ഒരു ഡിസൈനര്‍ ബുട്ടീക്ക് എന്ന ആഗ്രഹമൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല. ഇഷ്ടമുള്ള രീതിയില്‍ തൊഴില്‍ ചെയ്യാനും ഡിസൈനിംഗിലെ പാഷനെ പിന്തുടരുന്നതിനും ആയി ഒരു കൊച്ചു തയ്യല്‍ യൂണിറ്റ് എന്നത് മാത്രമായിരുന്നു എന്റെ ആദ്യകാല സ്വപ്നം. എന്നാല്‍ നമ്മുടെ ആഗ്രഹവും അതിനു വേണ്ടിയുള്ള പ്രയത്‌നവും യാഥാര്‍ത്ഥമാണെങ്കില്‍ വിജയം നമ്മെ തേടി വരും എന്നതിനുള്ള ഉദാഹരണമാണ് ടെക്സ്രാ ട്രെന്‍ഡ്സ് എന്ന എന്റെ സ്ഥാപനത്തിന്റെ ഇന്ന് കാണുന്ന വിജയം” ടെക്‌സി ജോസഫ് പറയുന്നു.

2013 ല്‍ തുടക്കം, ഉപഭോക്താക്കള്‍ വളര്‍ത്തിയ സംരംഭം

ഏതൊരു ഡിസൈനര്‍ ബുട്ടീക്കിനെയും പോലെ തന്നെ വളരെ ലളിതമായ ഒരു തുടക്കത്തിന്റെ കഥയാണ് ടെക്സ്രാ ട്രെന്‍ഡ്സ് എന്ന സ്ഥാപനത്തിനും പറയാനുള്ളത്. കൃത്യമായി പറഞ്ഞാല്‍ 2013 ലാണ് ടെക്‌സി പ്രൈവറ്റ് ജോലി വേണ്ടെന്നു വച്ച് സ്വന്തമായൊരു സ്ഥാപനം തുടങ്ങണം എന്ന ചിന്തയിലേക്ക് എത്തുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വസ്ത്രങ്ങള്‍ നിര്‍മാണ രീതിയില്‍ പഠിച്ചെടുത്തു. വിപണിയില്‍ ലഭ്യമായ സ്ഥിരം ഡിസൈനുകളില്‍ നിന്നും വ്യത്യസ്തമായ ഡിസൈനുകളും തയ്യല്‍ രീതികളും പരീക്ഷിച്ചു. ത്രെഡ് വര്‍ക്ക്, സ്റ്റോണ്‍ വര്‍ക്ക് എന്ന് വേണ്ട, വ്യത്യസ്തമായ രീതിയില്‍ വസ്ത്രങ്ങളെ മോഡിപിടിപ്പിക്കുന്നതിനായുള്ള എല്ലാ രീതികളും പരീക്ഷിച്ചു.

കുട്ടികള്‍ക്കായുള്ള ഡിസൈനര്‍ വെയര്‍ വസ്ത്രങ്ങള്‍ക്ക് ടെക്‌സി പ്രാധാന്യം നല്‍കിയതോടെ വിവാഹം, പിറന്നാള്‍ തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ടെക്സിയെ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. അതോടെ പാര്‍ട്ട്‌ടൈം എന്ന രീതിയില്‍ ചെയ്തിരുന്ന ടെക്സിയുടെ സ്റ്റിച്ചിംഗ് യൂണിറ്റ് ഒരു ഫുള്‍ ടൈം സംരംഭം എന്ന നിലയിലേക്ക് വളര്‍ന്നു. 2015 ലാണ് എറണാകുളം നോര്‍ത്ത് ആസ്ഥാനമായി ടെക്സ്രാ ട്രെന്‍ഡ്സ് എന്ന സ്ഥാപനത്തിന്റെ ആദ്യ ഷോപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നത്. കേവലം ഒരു തയ്യല്‍ യൂണിറ്റ് എന്നതില്‍ ഉപരിയായി ഡിസൈനര്‍ യൂണിറ്റ്, ഫാഷന്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ നിലകളിലേക്ക് ടെക്‌സി തന്റെ സംരംഭത്തെ നയിച്ചു. അതോടെ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു.

”പലര്‍ക്കും തങ്ങള്‍ക്ക് ചേരുന്ന നിറത്തിലുള്ള വസ്ത്രമേതാണ്, എന്താണ് തങ്ങളുടെ ബോഡി ടൈപ്പ് തുടങ്ങിയ കാര്യങ്ങളെപ്പറ്റിയൊന്നും വ്യക്തമായ ധാരണയില്ലായിരുന്നു. അതിനാല്‍ തന്നെ എത്ര നല്ല രീതിയില്‍ സ്റ്റിച്ച് ചെയ്ത വസ്ത്രങ്ങള്‍ ലഭിച്ചാലും ചിലര്‍ക്ക് ചേരണമെന്നില്ല. അതിനാലാണ് ഫാഷന്‍ കണ്‍സള്‍ട്ടിംഗ് എന്ന ആശയത്തിന് കൂടി ഇവിടെ പ്രാധാന്യമുണ്ട് എന്ന് ഞാന്‍ മനസിലാക്കിയത്. ഇത് പ്രകാരം വണ്ണം കൂടുതല്‍ ഉള്ളവര്‍ക്കും ഏറെ മെലിഞ്ഞവര്‍ക്കും ഒക്കെ ചേരുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ അവരുടെ കംഫര്‍ട്ട് ലെവലില്‍ നിന്നുകൊണ്ട് പറഞ്ഞുകൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. അതോടെ സ്ഥാപനം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു” ടെക്‌സി പറയുന്നു.

2018 എന്ന ഭാഗ്യ വര്‍ഷം

2018 ടെക്സ്രാ ട്രെന്‍ഡ്സ് എന്ന സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യ വര്‍ഷമാണ്. ഒരു ഡിസൈനര്‍ ബുട്ടീക്ക് എന്ന നിലയിലേക്ക് ബ്രാന്‍ഡ് ചെയ്യപ്പെട്ടതോടെ കൊച്ചിയുടെ ഫാഷന്‍ ഭൂപടത്തില്‍ ടെക്സ്രാ ട്രെന്‍ഡ്സ് ശക്തമായ സാന്നിധ്യമായി മാറി. കൊച്ചി കച്ചേരിപ്പടിക്ക് അടുത്ത പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചതോടെ ടെക്‌സി ഒരു സംരംഭക എന്ന നിലയിലേക്ക് കൂടുതല്‍ പാകപ്പെട്ടു. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ തന്നെയാണ് സ്ഥാപനത്തിന്റെ പ്രത്യേകത. എന്നാല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാരികള്‍, ചുരിദാര്‍ മെറ്റിരിയലുകള്‍ , മറ്റ് ഡ്രസ്സ് മെറ്റിരിയലുകള്‍ എന്നിവയുടെ വില്പനയും ടെക്സ്രാ ട്രെന്‍ഡ്സ് നടത്തി വരുന്നു.

ഉയര്‍ന്ന ഗുണമേ•യുള്ള ഉല്പന്നങ്ങള്‍ മാത്രമാണ് ടെക്‌സി തന്റെ സ്ഥാപനത്തിലൂടെ വില്പനയ്ക്കായി എത്തിക്കുന്നത്. ഇതിന്റെ ഭാഗമായി പലതവണ ഗുണമേ• പരിശോധന നടത്തിയ ശേഷം സൂറത്തില്‍ നിന്നുമാണ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത്. ഉപഭോക്താവിന്റെ സംതൃപ്തിയാണ് തന്റെ സ്ഥാപനത്തിന്റെ വിജയരഹസ്യം എന്നാണ് ടെക്‌സി വിശ്വസിക്കുന്നത്. നിലവില്‍ വിവാഹം, വിവാഹ പാര്‍ട്ടികള്‍, മാമോദിസ, മറ്റ് ആഘോഷങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി വ്യത്യസ്ത ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ ടെക്സ്രാ ട്രെന്‍ഡ്സ് ഡിസൈന്‍ ചെയ്തു നല്‍കുന്നു.

”ഡിസൈനര്‍ ബുട്ടീക്ക് എന്ന് കേള്‍ക്കുമ്പോള്‍ പലരും ഈടാക്കുന്ന വിലയുടെ കാര്യത്തില്‍ ആശങ്കപ്പെടുന്നതായി കണ്ടിട്ടുണ്ട്. ഇത്തരം മുന്‍ധാരണകള്‍ മാറ്റിക്കൊണ്ടാണ് ടെക്സ്രാ ട്രെന്‍ഡ്സ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താവിന്റെ ബഡ്ജറ്റ് മനസിലാക്കി അവര്‍ക്ക് ആവശ്യമായ രീതിയിലുള്ള ഡിസൈന്‍ ആണ് ഞങ്ങള്‍ ചെയ്യുന്നത്. വര്‍ഷങ്ങളായി പല ഉപഭോക്താക്കളും ടെക്സ്രാ ട്രെന്‍ഡ്സ് തന്നെ തേടി വരുന്നതിന്റെ കാരണവും അതാണ്” ടെക്‌സി പറയുന്നു

60 പ്ലസ് ഫാഷന്‍ സ്റ്റോര്‍

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള വസ്ത്രങ്ങളും വസ്ത്രശാലകളും കൊച്ചി നഗരത്തിലും പുറത്തും ധാരാളമായുണ്ട്. എന്നാല്‍ 60 വയസു കഴിഞ്ഞ സ്ത്രീകള്‍ക്ക് മാത്രമായി എക്‌സ്‌ക്ലൂസീവ് ഡിസൈനുകള്‍ ചെയ്യുന്ന ഒരു സ്ഥാപനം നിലവില്‍ ഇല്ല. അത് മനസിലാക്കി 60 വയസുകഴിഞ്ഞ വനിതകള്‍ക്കായുള്ള സാരികള്‍, ചുരിദാറുകള്‍ എന്നിവയ്ക്കായി 60 പ്ലസ് ഫാഷന്‍ സ്റ്റോര്‍ എന്ന ആശയം അവതരിപ്പിക്കുകയാണ് ടെക്‌സി. ടെക്സ്രാ ട്രെന്‍ഡ്സ് എന്ന സ്ഥാപനത്തിന്റെ വരുംകാല പ്രവര്‍ത്തനങ്ങളില്‍ ഒന്നാമത്തേത് ഈ ആശയമായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top