News

അല്ല, യഥാര്‍ത്ഥത്തില്‍ എന്താണീ സ്റ്റാര്‍ട്ട് അപ്പ്?

നാളെ പടര്‍ന്ന് പന്തലിച്ച് രാജ്യം മുഴുവനോ പറ്റുമെങ്കില്‍ ലോകം മുഴുവനോ നിറഞ്ഞ് വലുതാവുന്ന ഒരു വന്‍വൃക്ഷത്തിന്റെ വിത്ത് ഇന്ന് മുളപ്പിച്ചെടുക്കുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ സ്റ്റാര്‍ട്ട് ആപ്പ് എന്ന് ലോകം വിവക്ഷിക്കുന്നത്

സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ നിയമപരമായി ഏറ്റവുമൊടുവില്‍ നിര്‍വചിച്ചിട്ടുള്ളത് 2019 ഫെബ്രുവരി 19ന് ഇറങ്ങിയ ഭാരതസര്‍ക്കാര്‍ ഗസറ്റിലാണ്. കേന്ദ്ര വ്യാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള ആഭ്യന്തര വ്യാപാര-വ്യവസായ അഭിവൃദ്ധി വകുപ്പ് ആണ് (ഡിപ്പാര്‍ട്ടമെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റെര്‍ണല്‍ ട്രേഡ് – ഡിപിഐഐടി) സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ സംബന്ധിക്കുന്ന ഈ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഇതനുസരിച്ച്, താഴെ പറയുന്ന നാല് നിബന്ധനകള്‍ക്കുള്ളില്‍ വരുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ പാര്‍ട്ണര്‍ഷിപ് സ്ഥാപനമോ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പോ (എല്‍എല്‍പി) ആണ് സ്റ്റാര്‍ട്ട്അപ് സംരംഭം ആയി ഗവണ്‍മെന്റ് അംഗീകരിക്കുന്നത്:

Advertisement

ഒന്ന്. ബന്ധപ്പെട്ട നിയമപ്രകാരം സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് നിലവില്‍ വന്നിട്ട് പത്ത് വര്‍ഷക്കാലമാണ് സ്റ്റാര്‍ട്ട്അപ് പദവി ലഭിക്കുക. രണ്ട്. രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഒരു വര്‍ഷം പോലും മൊത്തം വിറ്റുവരവ് / വരുമാനം നൂറ് കോടി രൂപയില്‍ അധികരിക്കരുത്. മൂന്ന്. ഉത്പന്നത്തിലോ പ്രക്രിയയിലോ സേവനത്തിലോ പുതിയ രീതികള്‍ അല്ലെങ്കില്‍ പുതിയ മികവുകള്‍ അല്ലെങ്കില്‍ പുതിയ വികാസപരിണാമം എന്നിവ വരുത്തുന്നത് സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളില്‍ ഉണ്ടാവുകയോ, അല്ലെങ്കില്‍ സ്ഥാപനത്തിന്റെ കച്ചവട മാതൃക വലിയ തോതിലുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനോ അതിവേഗതയിലുള്ള സമ്പത്ത് സൃഷ്ടിക്കുവാനോ അന്തര്‍ലീനശക്തി ഉള്ളതാവുകയോ വേണം. നാല്. നിലവിലുള്ള ഏതെങ്കിലും സ്ഥാപനം പുനരുദ്ധരിച്ചതോ അതില്‍ നിന്ന് പിരിഞ്ഞ് പോന്നതോ ആവരുത് നിര്‍ദ്ദിഷ്ട സ്ഥാപനം.

സാധാരണ ഗതിയില്‍ നവീന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബിസിനസ് ആരംഭിക്കുന്നതിനെ ആണ് സ്റ്റാര്‍ട്ട് അപ് എന്നതുകൊണ്ട് നാം മനസ്സിലാകുന്നത്. എന്നാല്‍, പാരമ്പര്യരീതികളെ മാറ്റിമറിക്കുന്ന ബിസിനസ് മോഡലുകള്‍ എല്ലാം സ്റ്റാര്‍ട്ട് അപ്പ് നിര്‍വചനത്തില്‍ വരും. പക്ഷേ, അതിലധികം സാംഗത്യം സംരംഭത്തിന്റെ ശാശ്വത ലക്ഷ്യമാണ്. നാളെ പടര്‍ന്ന് പന്തലിച്ച് രാജ്യം മുഴുവനോ പറ്റുമെങ്കില്‍ ലോകം മുഴുവനോ നിറഞ്ഞ് വലുതാവുന്ന ഒരു വന്‍വൃക്ഷത്തിന്റെ വിത്ത് ഇന്ന് മുളപ്പിച്ച് എടുക്കുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ സ്റ്റാര്‍ട്ട് ആപ്പ് എന്ന് ലോകം വിവക്ഷിക്കുന്നത്. അതായത്, ഒരു സ്റ്റാര്‍ട്ട് അപ് സംരംഭകന്റെ സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ ഉണ്ടാവരുത്; അത് അപാരമഹാസമുദ്രത്തിനും അനന്തവിഹായസ്സിനും അപ്പുറം പടര്‍ന്നെത്തണം. ആ സ്വപ്നത്തിന്റെ വിത്താണ് നടുന്നതും വെള്ളമൊഴിച്ചും വളമിട്ടും വളര്‍ത്തി വലുതാക്കുന്നതും. എങ്കിലേ, വലിയ തോതിലുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും അതിവേഗതയിലുള്ള സമ്പത്ത് സൃഷ്ടിക്കുവാനും പാകത്തിന് തായ്ത്തടി വളരൂ.

അംഗീകാരം

അര്‍ഹമായ ഒരു സംരംഭത്തിന് സ്റ്റാര്‍ട്ട് അപ് എന്ന അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ആദ്യത്തേത് ഡിപിഐഐടിയുടെ പോര്‍ട്ടലോ മൊബീല്‍ ആപ്പോ ഉപയോഗിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക എന്നതാണ്. അപേക്ഷയോടൊപ്പം സംരംഭത്തിന്റെ സ്ഥാപന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഉത്പന്നത്തിലോ പ്രക്രിയയിലോ സേവനത്തിലോ വരുന്ന പുതിയ രീതികള്‍, പുതിയ മികവുകള്‍, പുതിയ വികാസപരിണാമം എന്നിവ വിശദീകരിക്കുന്നതും സ്ഥാപനത്തിന്റെ കച്ചവട മാതൃക എങ്ങനെയാണ് വലിയ തോതിലുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനോ അതിവേഗതയിലുള്ള സമ്പത്ത് സൃഷ്ടിക്കുവാനോ ഉതകുന്നത് എന്ന് സംക്ഷിപ്തമായി പറയുന്നതുമായ ഒരു കൃത്യമായ പദ്ധതിരേഖയും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷയിലും പദ്ധതിരേഖയിലും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പഠിച്ച് ഡിപിഐഐടി സംരംഭത്തെ സ്റ്റാര്‍ട്ട് അപ് ആയി അംഗീകരിക്കുകയോ അപേക്ഷ തള്ളുകയോ ചെയ്യുന്നു.

ആദായനികുതി ഇളവുകള്‍

കമ്പനിയോ എല്‍എല്‍പിയോ ആയി 2016 ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക്, അവയുടെ വാര്‍ഷിക വിറ്റുവരവ് 25 കോടിയോ അതില്‍ താഴെയോ ആണെങ്കില്‍, ആദായനികുതി നിയമത്തിലെ 80-IAC വകുപ്പ് പ്രകാരം ആദ്യ ഏഴ് വര്‍ഷങ്ങളില്‍, സംരംഭം തിരഞ്ഞെടുക്കുന്ന തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ ലഭിക്കുന്ന ലാഭം പൂര്‍ണ്ണമായും ആദായനികുതി മുക്തമാണ്. (2021 ഏപ്രില്‍ ഒന്ന് മുതല്‍ ഇത് 100 കോടി വിറ്റുവരവും ആദ്യത്തെ പത്ത് വര്‍ഷങ്ങളിലെ മൂന്ന് വര്‍ഷവും എന്ന ഭേദഗതി നിലവില്‍ വരും). എന്നാല്‍ നികുതിഇളവ് സ്വയമേവ കിട്ടുന്നതല്ല; ആദ്യം പറഞ്ഞ വിജ്ഞാപനത്തോടൊപ്പം മാതൃക നല്‍കിയിട്ടുള്ള ഫാറം-1 ല്‍, അതില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. ഡിപിഐഐടി ജോയിന്റ് സെക്രട്ടറി, ജൈവസാങ്കേതിക വകുപ്പ് പ്രതിനിധി, ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രതിനിധി എന്നിവരുള്‍പ്പെടുന്ന ഒരു സമിതി ഈ അപേക്ഷ പരിശോധിച്ച് തീരുമാനം എടുക്കുന്നു. തീരുമാനം അനുകൂലമാണെങ്കില്‍ സംരംഭത്തിന് നികുതി ഇളവ് അനുവദിക്കുന്ന 80-IAC(4)(ii)(c) സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതുപയോഗിച്ചാണ് ആദായനികുതി ഇളവ് നേടേണ്ടത്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഇന്ത്യയില്‍ ഇതിന് മുന്‍പ് ഉപയോഗിച്ചിട്ടുള്ള യന്ത്രങ്ങളോ യന്ത്രഭാഗങ്ങളോ പുനരുപയോഗം ചെയ്യുകയാണെങ്കില്‍ നികുതിയിളവ് ലഭിക്കുകയില്ല എന്നതാണ്.

സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നവരുടെ ഏറ്റവും വലിയ മൂലധനം നൂതനാശയങ്ങളുടെ വിളഭൂമി ആയ അവരുടെ തലച്ചോറ് (ഇന്നോവേറ്റീവ് ബ്രെയിന്‍) ആയിരിക്കും. മിക്കപ്പോഴും സാമ്പത്തിക കരുത്തേകാന്‍ മാലാഖ നിക്ഷേപകരുടെ (ഏഞ്ചല്‍ ഇന്‍വെസ്റ്റെര്‍സ്) സഹായം കൂടിയേ തീരൂ. അവര്‍ മാലാഖമാര്‍ ആയതുകൊണ്ടുതന്നെ, ഓഹരിയുടെ അറ്റമൂല്യത്തിനെ (അറ്റമൂല്യം=ആകെ സ്വത്തുക്കള്‍ മൈനസ് ആകെ ബാദ്ധ്യതകള്‍) പറ്റി കണക്ക് കൂട്ടാതെ ആയിരിക്കും മുതല്‍മുടക്ക് നടത്തുക. ഓഹരിയുടെ മുഖവിലയില്‍ കൂടുതല്‍ ഉള്ള ന്യായവിലയിലധികം നിക്ഷേപകന്‍ അതിന് പ്രീമിയം നല്‍കുകയാണെങ്കില്‍, ആ അധികതുകയ്ക്ക്, കമ്പനി, ആദായനികുതി നിയമത്തിലെ 56(2)(viib) വകുപ്പ് പ്രകാരം നികുതി (ഏഞ്ചല്‍ ടാക്‌സ്) നല്‍കേണ്ടതുണ്ട്. ഇതേ വകുപ്പിന്റെ വിശദീകരണം (i)ഉം (ii)ഉം പ്രകാരം, സ്റ്റാര്‍ട്ട് അപ് സംരംഭത്തിന്റെ സാധാരണ ബിസിനസ്സിന്റെ ഭാഗമല്ലാതെ ഭൂമി, കെട്ടിടം, വാഹനം, മറ്റുള്ളവര്‍ക്ക് വായ്പ, മൂലധന / ഓഹരി / ബോണ്ട് / ഡിബഞ്ചര്‍ നിക്ഷേപം, അമൂല്യലോഹങ്ങള്‍ അല്ലെങ്കില്‍ കല്ലുകള്‍ / ആഭരണം തുടങ്ങിയവയില്‍ നിക്ഷേപിക്കുവാന്‍ അല്ലാതെ ലഭിക്കുന്ന 25 കോടി രൂപ വരെയുള്ള ഓഹരിനിക്ഷേപങ്ങളെ (മുഖവിലയും പ്രീമിയവും അടക്കം) 2019 ഫെബ്രുവരി 19 മുതല്‍ ഏഞ്ചല്‍ ടാക്‌സില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഇരുപത്തഞ്ച് കോടി രൂപ എന്ന പരിധി കണക്ക് കൂട്ടുവാന്‍ എന്‍ആര്‍ഐ / വെഞ്ച്വര്‍ കാപിറ്റല്‍ (Alternative Investment Funds- Category-I registered with SEBI) എന്നിവരുടെ നിക്ഷേപങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. നൂറ് കോടിയെങ്കിലും അറ്റമൂല്യമോ ഇരുന്നൂറ്റമ്പത് കോടിയെങ്കിലും വിറ്റുവരവോ ഉള്ള, ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് ട്രേഡിങ് നടക്കുന്ന കമ്പനികളുടെ സ്റ്റാര്‍ട്ട് ആപ്പില്‍ നടത്തുന്ന നിക്ഷേപവും സ്റ്റാര്‍ട്ടപ്പിന്റെ 25 കോടി രൂപ പരിധിയില്‍ വരുന്നില്ല. സ്റ്റാര്‍ട്ട് അപ് സംരംഭമായി ഡിപിഐഐടി അംഗീകരിച്ചിട്ടുള്ള കമ്പനികള്‍ക്കേ ആദായ ഇളവുകള്‍ ലഭിക്കുകയുള്ളൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആദായനികുതിയിളവിന് ഫാറം 2 മാതൃകയിലുള്ള ഒരു സത്യപ്രസ്താവന സംരംഭം നല്‍കേണ്ടതുണ്ട്. ഇത് ഡിപിഐഐടിയ്ക്ക് ആണ് നല്‍കുക. അവര്‍ അത് പ്രത്യക്ഷ നികുതി ബോര്‍ഡിന് നല്‍കും, അവരാണ് ഇളവ് അനുവദിക്കേണ്ടത്.

സ്റ്റാര്‍ട്ട് അപ് സംരംഭം നല്‍കിയ അപേക്ഷകളിലോ പ്രസ്താവനകളിലോ വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കില്‍ ആദായനികുതിയിളവ് ശുപാര്‍ശ ചെയ്യുന്ന ഡിപിഐഐടി സമിതിയ്ക്ക് അത് പിന്‍വലിക്കുവാന്‍ അധികാരമുണ്ട്. അങ്ങനെ അംഗീകാരം പിന്‍വലിക്കപ്പെടുകയാണെങ്കില്‍ അങ്ങനെയൊരു ഇളവ് ഒരിക്കലും നല്‍കിയിട്ടില്ല എന്ന് കണക്കാക്കി പ്രാരംഭകാലം മുതലുള്ള നികുതി ഈടാക്കും. അതുപോലെ, ഓഹരി സമാഹരിച്ച ശേഷം ഏഴ് വര്‍ഷത്തിനുള്ളില്‍ ഭൂമി, കെട്ടിടം, വാഹനം ഇത്യാദി മുകളില്‍ പ്രത്യേകം വിരോധിച്ചിട്ടുള്ള ഇടപാടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ മാലഖാനിക്ഷേപനികുതിയിലെ ഒഴിവ് മുന്‍കൂര്‍ പ്രാബല്യത്തോടെ റദ്ദാക്കപ്പെടും. അതിനാല്‍ അംഗീകാരത്തിനുള്ള അപേക്ഷ മുതല്‍ എല്ലാ രേഖകളിലും സത്യമായതും കൃത്യമായതും ആയ വിവരങ്ങള്‍ മാത്രം നല്‍കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

സ്റ്റാര്‍ട്ടപ്പ് സംരംഭം രജിസ്റ്റര്‍ ചെയ്ത ശേഷം ആദ്യത്തെ ഏഴ് വര്‍ഷക്കാലഘട്ടത്തിലെ ലാഭനഷ്ടങ്ങള്‍ പരസ്പരം വെട്ടിക്കിഴിച്ച് (ക്യാരി ഫോര്‍വേര്‍ഡ്) നികുതി നല്‍കിയാല്‍ മതി. ഇതിന് ഉള്ള ഒരു നിബന്ധന, ഏതേത് വര്‍ഷങ്ങളില്‍ ആണോ നഷ്ടം വന്നത്, ആ വര്‍ഷങ്ങളിലെ അവസാനദിവസം ആരെല്ലാം വോട്ടവകാശമുള്ള ഓഹരിയുടമകള്‍ ആയിരുന്നുവോ, അവര്‍ ലാഭം കിട്ടുന്ന വര്‍ഷങ്ങളിലെ അവസാനദിവസങ്ങളിലും സംരംഭത്തിന്റെ ഓഹരിയുടമകള്‍ ആയിരുന്നിരിക്കണം എന്നതാണ്.

കാപിറ്റല്‍ ഗെയ്ന്‍ ടാക്‌സ്

മൂലധനസ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭം സ്റ്റാര്‍ട്ട് അപ്പുകളുടെ ഫണ്ടിങ്ങിനായി ഉഴിഞ്ഞുവയ്ക്കപ്പെട്ട ഫണ്ടുകളുടെ യൂണിറ്റുകളില്‍ നിക്ഷേപിച്ചാല്‍ അന്‍പത് ലക്ഷം രൂപ വരെയുള്ള തുക ദീര്‍ഘകാല കാപിറ്റല്‍ ഗെയ്ന്‍ വരുമാന നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഇതിന് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍-കാലാവധി ഉണ്ട്. ആ കാലാവധിയ്ക്കുള്ളില്‍ പിന്‍വലിച്ചാല്‍ ആ വര്‍ഷം മുതല്‍ ഇളവ് നഷ്ടപ്പെടും.

ക്യാഷ്ഫ്‌ളോ സ്റ്റേറ്റ്മെന്റ്

കമ്പനി നിയമത്തിലെ 2(40) വകുപ്പ് പ്രകാരം തയ്യാറാക്കേണ്ട വാര്‍ഷിക സാമ്പത്തിക പത്രികകളുടെ പട്ടികയില്‍ നിന്ന് ഡിപിഐഐടി അംഗീകാരമുള്ള സ്റ്റാര്‍ട്ട് അപ് യൂണിറ്റുകളെ ക്യാഷ്ഫ്‌ളോ സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍

കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതിയുടെ ഓരോ അംശത്തിന്റെയും വികസനത്തില്‍, ആസൂത്രണത്തില്‍ വലിയ പങ്ക് വഹിക്കുന്ന ചലനാത്മകമായ സര്‍ക്കാര്‍ സംവിധാനമാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്, അവര്‍ അഭിമുഖീരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിമിതികളുടെ പുറത്ത് ബഹുദൂരം സഞ്ചരിച്ച് നവം നവങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം കണ്ടെത്തുവാന്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ, മൂലധന സമാഹരണത്തിന് വേണ്ട സംവിധാനങ്ങളും മിഷന്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കുന്നു്. സ്റ്റാര്‍ട്ട് ആപ്പ് സംരംഭങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ അനുവദിക്കുന്ന വിവിധങ്ങളായ ഗ്രാന്റുകള്‍ക്ക് സംവിധാനമൊരുക്കുന്നതില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് വലിയ പങ്കുണ്ട്. ആശയഗ്രാന്റ് (രണ്ട് ലക്ഷം – പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്ക് – നടപ്പിലാക്കുവാന്‍ ആവുന്ന ആശയങ്ങള്‍ പ്രോട്ടോടൈപ്പില്‍ നിന്ന് അടിസ്ഥാന ഉല്‍പന്നമായി രൂപപ്പെടുത്തുന്നതിന്), ഉല്പാദനഗ്രാന്റ് (ഏഴ് ലക്ഷം – അടിസ്ഥാന ഉത്പന്നം വ്യാവസായിക ഉത്പന്നമായി പരിണമിപ്പിക്കുവാന്‍), സ്‌കെയില്‍ അപ്പ് ഗ്രാന്റ് (12 ലക്ഷം – ഉല്പാദനത്തോത് വര്‍ദ്ധിപ്പിക്കുവാന്‍), പഠന-ഗവേഷണ ഗ്രാന്റ് (30 ലക്ഷം – ആഴത്തിലുള്ള സാങ്കേതിക വിദ്യ വ്യാവസായിക ഉല്പന്നമാക്കി മാറ്റുവാന്‍ വേണ്ട ഗവേഷണങ്ങള്‍ക്ക്) എന്നിവയെല്ലാം കേരള സര്‍ക്കാര്‍ സ്റ്റാര്‍ട്ട് ആപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി നല്‍കുന്നതാണ്. ഇവയുടെ ഏകോപനം കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നിര്‍വഹിക്കുന്നു.

സെബിയുടെ അംഗീകാരമുള്ള വെന്‍ച്വര്‍ കാപിറ്റല്‍ ഫണ്ടുകളുമായി സഹകരിച്ച്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ സ്റ്റാര്‍ട്ട് ആപ്പ് യൂണിറ്റുകളുടെ പ്രാഥമിക മൂലധനത്തിനായി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇരുപത്തഞ്ച് ലക്ഷം മുതല്‍ രണ്ട് കോടി രൂപവരെയാണ് മൂലധനനിക്ഷേപം ലഭിക്കുക. ഉല്പാദന വികസനം, പരീക്ഷണങ്ങളും ടെസ്റ്റിങ്ങും, വിപണി പരീക്ഷണം, മാര്‍ഗ്ഗനിര്‍ദ്ദേശലഭ്യത, വൈദഗ്ധ്യസമ്പാദനം, മനുഷ്യവിഭവശേഷിവികാസം എന്നിവയ്ക്ക് വേണ്ടി സംരംഭത്തിന്റെ പ്രാരംഭകാലത്ത് ബീജമൂലധനമായി കേരളസര്‍ക്കാറും സ്റ്റാര്‍ട്ട് അപ് മിഷനും ചേര്‍ന്ന് ‘പ്രാഥമിക കാല ബീജമൂലധന സഹായ നിധി’ രൂപവത്കരിച്ചിട്ടുണ്ട്. സ്വകാര്യ നിക്ഷേപത്തിന്റെ സാദ്ധ്യതകള്‍ മുഴുവനും ഉപയോഗപ്പെടുത്തി വര്‍ദ്ധിച്ച തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുവാനായി നവസംരംഭങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായതും ആയ നവീന ആശയങ്ങളില്‍ ഊന്നിയ സ്ഥാപനങ്ങളുടെ രൂപീകരണവും വികസനവും ഉറപ്പാക്കുക എന്ന ഉദ്ദേശ്യലക്ഷ്യങ്ങളോടെ സ്റ്റാര്‍ട്ട് അപ് യൂണിറ്റുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുവാനായി കേരള സര്‍ക്കാര്‍ അവതരിപ്പിച്ചതാണ് പ്രാഥമിക കാല ബീജമൂലധന സഹായ നിധി. വെറും 6% പലിശനിരക്കില്‍ ഒരു വര്‍ഷത്തെ അവധിയും മൂന്ന് വര്‍ഷത്തെ തിരിച്ചടവ് കാലവുമുള്ള സോഫ്റ്റ് ലോണ്‍ ആയിട്ടാണ് സഹായധനം ലഭിക്കുക. പരമാവധി തുക 15 ലക്ഷം രൂപ. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സീഡ് സപ്പോര്‍ട്ടിന് പ്രത്യേകം അപേക്ഷിക്കണം.

ആഭ്യന്തര / അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ പ്രകാരം തങ്ങള്‍ വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ പേറ്റന്റ് രജിസ്റ്റര്‍ ചെയ്യുവാന്‍ വരുന്ന ചെലവില്‍ ഇന്ത്യന്‍ പേറ്റന്റിന് രണ്ട് ലക്ഷം രൂപ വരെയും വിദേശ പേറ്റന്റിന് പത്ത് ലക്ഷം രൂപ വരെയും സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ വകവെച്ച് നല്‍കുന്നു. മുന്‍കൂര്‍ പണം ലഭിക്കുകയില്ല. തുക ചെലവാക്കി പേറ്റന്റ് സ്വന്തമായ ശേഷം http://dcmsme.gov.in/schemes/IPRDetail.html എന്ന ലിങ്കില്‍ ആവശ്യമായ രേഖകളോട് കൂടി അപേക്ഷിച്ചാല്‍ സാധാരണ ഗതിയില്‍ 20 ദിവസത്തിനകം തുക ലഭിക്കും.

ഫണ്ടിങ്ങിന് പുറമെ ഇന്‍കുബേഷന്‍ മുതല്‍ അടിസ്ഥാനസൗകര്യവും സേവനപങ്കാളിത്തവും തുടങ്ങി ഒരു സ്റ്റാര്‍ട്ട് അപ്പിന്റെ ജനനത്തിന്റെയും വളര്‍ച്ചയുടെയും വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ സാങ്കേതിക – സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്ന ഒരു ബൃഹത്തായ സേവനശൃംഘല ഒരുക്കിയിട്ടുണ്ട് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍. വിശദവിവരങ്ങള്‍ക്ക് https://startupmission.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സിഡ്ബി

അഖിലേന്ത്യാ തലത്തില്‍ സിഡ്ബി ആണ് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം മൊത്തം 10,000 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ട് ആണ്. സെബി അംഗീകാരമുള്ള ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണ് സിഡ്ബി ചെയ്യുന്നത്. ഇവ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളില്‍ വെഞ്ച്വര്‍ കാപിറ്റല്‍ രൂപത്തില്‍ മുതല്‍ മുടക്കുന്നു. ഫണ്ട് ഓഫ് ഫണ്ടിന് പുറമെ, നിരവധി സ്റ്റാര്‍ട്ടപ്പ് സൗഹൃദ സാമ്പത്തിക-സാമ്പത്തികേതര പദ്ധതികള്‍ സിഡ്ബിയില്‍ ലഭ്യമാണ്.

വായ്പകള്‍

സാധാരണ ബാങ്ക് വായ്പകള്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്കും ലഭ്യമാണ്. എന്നാല്‍, സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ റിസ്‌ക് പ്രൊഫൈല്‍ വളരെ വലുതും അതിസംവേദനശീലമുള്ളതുമാണ്. ആയതിനാല്‍, വായ്പയെക്കാളേറെ മൂലധനസംഘാടനം ആയിരിക്കും അഭിലഷണീയം.

(പ്രമുഖ ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ബാങ്കിങ്, സാമ്പത്തിക, സാമൂഹ്യ, വിദേശകാര്യ നിരീക്ഷകനുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top