News

രാഹുലിന്റെ വോട്ട് ചോരി കുമിളയോ; യഥാര്‍ത്ഥ വസ്തുതകള്‍ എന്ത്?

രാഷ്ട്രീയം കൂടുതല്‍ പക്വവും ക്രിയാത്മകവുമായി മാറുകയാണ് വേണ്ടത്

വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം…അല്ല ഉണ്ട്. എന്നാല്‍ അതിനെ കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിന് ശ്രമിക്കാതെ, വോട്ട് ചോരിയെന്ന ആരോപണങ്ങളുമായി വരുമ്പോള്‍ അപഹസിക്കപ്പെടുന്നത് ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളാണ്. അതിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത് ഒരിക്കലും ക്രിയാത്മക രാഷ്ട്രീയത്തിന്റെ ഭാഗമല്ല.

കുറച്ചുകാലത്തിന് ശേഷം രാഹുല്‍ ഗാന്ധി വീണ്ടും പ്രത്യക്ഷപ്പെട്ട് കുറേയേറെ ആരോപണങ്ങള്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ചൊരിഞ്ഞതാണ് ഇപ്പോഴും പലയിടങ്ങളിലും പ്രധാന സംസാരവിഷയം.

രാഷ്ട്രീയത്തില്‍ നേട്ടം കൊയ്യാന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രവൃത്തികളാണ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് നടത്തുന്നതെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇതൊരു തന്ത്രമാണോ? അതോ അതില്‍ എന്തെങ്കിലും വസ്തുതകളുണ്ടോ? രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ പ്രവര്‍ത്തനങ്ങളെങ്കില്‍ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍പ്പിക്കുന്ന പ്രവൃത്തികള്‍ രാഹുലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ശരിയല്ലെന്ന് നിഷ്പക്ഷര്‍ പോലും അഭിപ്രായപ്പെടുന്നു. ഇനി അതല്ല, പറയുന്നതില്‍ വസ്തുതയുണ്ടെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി ഇതിനെ നിയമപരമായി നേരിടുന്നില്ലെന്നാണ് ഉയരുന്ന മറു ചോദ്യം.

മഹേവപുരയിലും ആലന്ദിലും മാത്രമല്ല, സംസ്ഥാനത്തുടനീളവും ദേശീയ തലത്തില്‍ പോലും മുഴുവന്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും വോട്ടുചോരിയാണെന്ന ആക്ഷേപങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുയരുന്നുണ്ട്. ഇത്തരം പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുജന വിശ്വാസം ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്നതാണെന്നാണ് ബിജെപിയുടെ അവകാശവാദങ്ങള്‍.

എന്തായാലും രാഹുല്‍ ഗാന്ധിയുടെ ചില ആരോപണങ്ങള്‍ നമുക്കൊന്ന് നോക്കാം. 220ഓളം തവണ ഒരു സ്ത്രീയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്നതാണ് ആരോപണങ്ങളിലൊന്ന്. രാഹുല്‍ പരാമര്‍ശിക്കുന്ന ഇക്കാര്യം മുലാന നിയമസഭാ മണ്ഡലത്തിലാണ്. എന്നാല്‍ ശ്രദ്ധേയമായ കാര്യം ഇവിടെ കോണ്‍ഗ്രസാണ് വിജയിച്ചതെന്നതാണ്. ഹരിയാനയിലെ ധക്കോല ഗ്രാമത്തിലെ ഈ മണ്ഡലത്തില്‍ 2019 മുതല്‍ 2024 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസ് കാര്യമായ വോട്ട് വര്‍ധന നേടിയിട്ടുണ്ട്.

വോട്ടിംഗ് പ്രക്രിയയുമായി അത്ര പരിചിതമല്ലാത്ത യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഒരിക്കലും ഉണ്ടാകരുത്

ഹരിയാനയിലെ എക്‌സിറ്റ് പോളുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വസ്തുതയുണ്ടെന്ന് പറയാനാകില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് അനുസരിച്ചും അല്ലാതെയും ഇതിന് മുമ്പ് എത്രയോ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നിട്ടുണ്ട്. 2014, 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിക്കളയുകയാണുണ്ടായത്.

2014, 2019 വര്‍ഷങ്ങളിലൊന്നും പല എക്‌സിറ്റ് പോളുകളും ബിജെപിക്ക് വമ്പന്‍ വിജയമൊന്നും പ്രവചിച്ചിരുന്നില്ല എന്നതും ഓര്‍ക്കണം. മറ്റൊരു ആരോപണം കോണ്‍ഗ്രസ് ബാലറ്റ് പേപ്പറില്‍ മുന്നിട്ടുനിന്നിട്ടും തോറ്റു എന്നതാണ്. ഹരിയാനയിലെ ബാലറ്റ് പേപ്പറുകള്‍ മൊത്തം വോട്ടിന്റെ .57 ശതമാനം മാത്രമാണ്. രാഹുല്‍ ഗാന്ധിയുടെ യുക്തി അനുസരിച്ചാണെങ്കില്‍ 99.43 ശതമാനം വോട്ടര്‍മാരുടെ അഭിപ്രായത്തേക്കാള്‍ .57 ശതമാനത്തിന്റെ തീരുമാനമാണോ മുഖ്യം. ഇവിഎമ്മിലൂടെ തങ്ങളുടെ അവകാശം വിനിയോഗിച്ചവരാണ് അവര്‍.

സമാനമായ സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. 2015ലെ ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പെടുക്കാം. ബാലറ്റ് പേപ്പര്‍ എണ്ണുമ്പോള്‍ ബിജെപിയും എന്‍ഡിഎയും ആയിരുന്നു മുന്നിട്ടുനിന്നത്. എന്നാല്‍ അന്തിമഫലം വന്നമ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാമുന്നണിയാണ് ജയിച്ചത്.

മൊത്തം വോട്ട് ഷെയറിന്റെ കാര്യത്തിലാണ് മറ്റൊരു ആരോപണം. ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള മൊത്തം വോട്ട് വിഹിതത്തിലെ വ്യത്യാസം 1.18 ലക്ഷം വോട്ടുകളാണ്. മൊത്തത്തില്‍ 22, 779 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ നഷ്ടമായെന്നും പറയുന്നു. ഇത് തട്ടിപ്പാണെന്നാണ് ആരോപണം.

എന്നാല്‍ നേരിയ തോതിലുള്ള വോട്ടിന്റെ വിജയങ്ങള്‍ എല്ലാ തരെഞ്ഞെടുപ്പുകളിലുമുണ്ടാകും. ഏറ്റവും നേര്‍ത്ത ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച ഹരിയാനയിലെ പത്ത് മണ്ഡലങ്ങള്‍ എടുത്ത് പരിശോധിക്കുക. ഇതില്‍ ആറ് സീറ്റിലും ജയിച്ചത് കോണ്‍ഗ്രസാണ്. ബിജെപി മൂന്ന് സീറ്റുകളില്‍ മാത്രമാണ് ജയിച്ചത്.

ഇനി മറ്റൊരു കണക്ക് നോക്കാം. 2018ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം ബിജെപിക്ക് ആയിരുന്നു, 41 ശതമാനത്തോളം. കോണ്‍ഗ്രസിനാകട്ടെ 40.9 ശതമാനവും. പ്രധാനപ്പെട്ട ചില മണ്ഡലങ്ങളില്‍ വളരെ നേര്‍ത്ത മാര്‍ജിനിലാണ് ബിജെപി പരാജയപ്പെട്ടത്. പ്രധാനപ്പെട്ട ഏഴ് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായത് 1000 വോട്ടിന് താഴെയുള്ള ഭൂരിപക്ഷത്തിലാണ്. എന്നിട്ടും കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് അവിടെ അധികാരത്തിലേറിയത്.

വോട്ടര്‍ പട്ടികയിലെ ഓരോ തെറ്റും വോട്ട് മോഷണവുമായി ബന്ധപ്പെട്ടുത്തി ആരോപണമുന്നയിക്കാനാണ് രാഹുല്‍ ഗന്ധി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓരോ പോളിംഗ് ബൂത്തിലും പാര്‍ട്ടി ഏജന്റുമാരുണ്ടാകുമെന്ന കാര്യം അദ്ദേഹം മറക്കുകയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതി പോലും ഫയല്‍ ചെയ്തിട്ടുമില്ല.

ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ മോഷ്ടിച്ചുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. അതായത് എട്ട് വോട്ടര്‍മാരില്‍ ഒരാള്‍ വ്യാജമോ പകര്‍പ്പോ ആണ്. ഇതില്‍ എത്രമാത്രം വസ്തുതയുണ്ട് എന്നതാണ് പ്രധാനം. 2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ണ്ണ സുതാര്യതയോടെയാണ് നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്നു. ഓഗസ്റ്റ് 2 ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് പട്ടികകള്‍ പങ്കിട്ടു, 4.16 ലക്ഷത്തിലധികം അവകാശവാദങ്ങളും എതിര്‍പ്പുകളും പരിശോധിച്ച് ഓഗസ്റ്റ് 27 ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. എന്നാല്‍ പൊരുത്തക്കേടുകള്‍ തിരിച്ചറിയാന്‍ ഉത്തരവാദിത്തമുള്ള കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ (ബിഎല്‍എ) ഒരു ആശങ്കയും ഉന്നയിച്ചില്ല. സെപ്റ്റംബര്‍ 16 ന് അന്തിമ വോട്ടര്‍ പട്ടിക വീണ്ടും എല്ലാ സ്ഥാനാര്‍ത്ഥികളുമായും പങ്കിട്ടു. ഏകദേശം 87,000 പോളിംഗ് ഏജന്റുമാര്‍ 20,000 പോളിംഗ് സ്റ്റേഷനുകള്‍ നിരീക്ഷിച്ചു, വോട്ടെണ്ണല്‍ സമയത്ത് അഞ്ച് പരാതികള്‍ മാത്രമേ ലഭിച്ചുള്ളൂ, കോണ്‍ഗ്രസില്‍ നിന്ന് ഒന്നും ലഭിച്ചില്ല എന്നാണ് ഔദ്യോഗിക വിവരങ്ങള്‍.

അതിനാല്‍തന്നെ യുവാക്കളില്‍ പ്രതിഷേധത്തിന്റെ വിത്ത് ജനിപ്പിച്ച് തെരുവുകളിലേക്ക് ഇറക്കുകയെന്നതാണ് ഈ ആരോപണങ്ങളുടെ ലക്ഷ്യമെന്ന വിമര്‍ശനങ്ങളെ മുഴുവന്‍ കേള്‍ക്കാതിരുന്നതില്‍ യുക്തിയില്ല.

വോട്ടിംഗ് പ്രക്രിയയുമായി അത്ര പരിചിതമല്ലാത്ത യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഒരിക്കലും ഉണ്ടാകരുത്. അങ്ങനെ വന്നാല്‍ അത് രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും ബാധിക്കുന്ന തരത്തിലേക്ക് മാറും. രാഷ്ട്രീയം കൂടുതല്‍ പക്വവും ക്രിയാത്മകവുമായി മാറുകയാണ് വേണ്ടത്.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top