ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ അതിഗംഭീര വിജയമാണ് എന്‍ഡിഎ നേടിയത്. 200ലധികം സീറ്റുകള്‍ നേടി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുകയാണ്. എന്നാല്‍ എക്‌സിറ്റ് പോളുകളുടെ സ്വീകാര്യതയ്ക്കുള്ള വലിയ സാധൂകരണം കൂടിയായി ഈ തെരഞ്ഞെടുപ്പ് മാറി എന്നതാണ് ശ്രദ്ധേയം.
മിക്ക എക്‌സിറ്റ് പോളുകളും എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന ട്രെന്‍ഡ് സ്വാംശീകരിച്ചു എന്നതാണ് മനസിലാക്കേണ്ടത്. 167-187 സീറ്റുകളാണ് കാമാഖ്യ അനലറ്റിക്‌സ് എന്‍ഡിഎക്ക് പ്രവചിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്ന എക്‌സിറ്റ് പോള്‍ പ്രവചനമായി ഇത് മാറി.
എന്‍ഡിഎയ്ക്ക് 147-167 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു മെട്രിസിന്റെ പ്രവചനം. അതേസമയം ടുഡേസ് ചാണക്യ പ്രവചിച്ചതാകട്ടെ 148-172 സീറ്റുകള്‍ എന്‍ഡിഎ നേടി ഭരണം നിലനിര്‍ത്തുമെന്നായിരുന്നു. യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രവണത ചൂണ്ടിക്കാട്ടുന്നതായിരുന്നു ഈ എക്‌സിറ്റ് പോള്‍ ഫലങ്ങളും.
മഹാസഖ്യമെന്ന എംജിബിക്ക് കാമാഖ്യ പ്രവചിച്ചത് 5-74 സീറ്റുകളായിരുന്നു. മട്രിസാകട്ടെ 70-90 സീറ്റുകളും ടുഡേസ് ചാണക്യ 65-89 സീറ്റുകളും ഇവര്‍ക്ക് പ്രവചിച്ചു. പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സീറ്റുകളുടെ കാര്യത്തിലും വളരെ ബാലന്‍സ്ഡ് ആയ പ്രവചനമായിരുന്നു എക്‌സിറ്റ് പോളുകളുടേത്.
അതേസമയം ചെറുപാര്‍ട്ടികള്‍ നേടുന്ന സീറ്റുമായി ബന്ധപ്പെട്ട പ്രവചനവും ഏറെക്കുറേ വസ്തുതാപരമായിരുന്നു. ജെഎസ്പി/ജെഎസ് യുപി-ക്ക് 5 സീറ്റുകളാണ് മട്രിസ് പ്രവചിച്ചത്. ആക്‌സിസ് മൈ ഇന്ത്യയാകട്ടെ ഇവര്‍ക്ക് 0-2 സീറ്റുകള്‍ ലഭിക്കുമെന്നും വിലയിരുത്തി.
എന്‍ഡിഎക്ക് 133-159 സീറ്റുകളും എംജിബിക്ക് 75-101 സീറ്റുകളുമാണ് പീപ്പിള്‍സ് പള്‍സ് സര്‍വേ പ്രവചിച്ചത്. ഭാസ്‌കര്‍ എക്‌സിറ്റ് പോളില്‍ ഇത് യഥാക്രമം 145-160, 73-91 എന്നിങ്ങനെയായിരുന്നു.
സാംപ്ലിംഗ് മോഡലുകളിലും ബൂത്ത് കവറേജിലുമെല്ലാം ശ്രദ്ധ നല്‍കിയുള്ളതായിരുന്നു ഇത്തവണത്തെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് നേരത്തെ രംഗത്തെത്തിയതെല്ലാം അപ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. മാത്രമല്ല, ഡാറ്റ അധിഷ്ഠിത സര്‍വേകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഫലസൂചനകള്‍ ശരിയായി ഒപ്പിയെടുക്കുമെന്ന സന്ദേശം കൂടി ഇത് നല്‍കുന്നു.
About The Author

