കോവഡ് അനന്തര കേരളത്തിന് മുന്നില്‍ വന്‍തോതിലുള്ള വികസന സാധ്യതകളുണ്ടെന്നും ഇത് തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ മുന്നോട്ടുവരണമെന്നും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍. കോവിഡിന് ശേഷമുള്ള കേരളത്തിന്റെ വികസന സാധ്യതകള്‍ മുന്‍ നിര്‍ത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) എച്ച് ഡി എഫ് സി ബാങ്കും ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി കേരളത്തിന്റെ സമ്പദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതം കാര്‍ഷിക- അനുബന്ധ മേഖലകളിലും ഉല്‍പാദന മേഖലയിലും മത്സ്യബന്ധനം, ഗതാഗതം, ടൂറിസം, ആരോഗ്യം, വ്യാപാരം, ഹോട്ടല്‍ വ്യവസായം തുടങ്ങിയ മേഖലകളിലും വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഒത്തൊരുമ കോവഡ് അനന്തര കേരളത്തിന്റെ പുരോഗതിക്ക് കരുത്ത് കരുത്ത് പകരും.
കേരളം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. കേരളത്തിന്റെ ആളോഹരി ഉപഭോഗം ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. എന്നാല്‍ കേരളത്തിന്റെ ഉല്‍പാദന മേഖലക്ക് ഉപഭോഗാവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് നിറവേറ്റാന്‍ സാധിക്കുന്നത്. ഭക്ഷ്യ- കാര്‍ഷികോല്‍പന്ന സംസ്‌കരണ മേഖലയില്‍ കേരളത്തിന് വലിയ സാധ്യതയുണ്ട്. ഇത് പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകും. കേരളത്തിന്റെ തീരമേഖലയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.