Branding

സുഗന്ധവ്യഞ്ജന, സമുദ്രവിഭവ, പച്ചക്കറി മേഖലകളില്‍ അമുല്‍ മോഡലുമായി ഫാംഫെഡ്

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം നവ്യാ നായര്‍ വിപണനോദ്ഘാടനം നിര്‍വഹിച്ചു

2008ല്‍ കോഴിക്കോട് ആസ്ഥാനമായി കാര്‍ഷികരംഗത്ത് പ്രവര്‍ത്തനമാരംഭിച്ച സഹകരണ സംരംഭമായ സതേണ്‍ ഗ്രീന്‍ ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നുള്ള ബ്രാന്‍ഡായ ഫാംഫെഡ് അഗ്രഹാരം സാമ്പാര്‍പൊടി, സാമ്പാര്‍പൊടി, ചിക്കന്‍ മസാല, മീറ്റ് മസാല, ഫിഷ് മസാല, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ബജ്ജി മസാല എന്നീ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം നവ്യാ നായര്‍ വിപണനോദ്ഘാടനം നിര്‍വഹിച്ചു.

Advertisement


പാലക്കാട് കോഴിപ്പാറയിലെ കിന്‍ഫ്രാ മെഗാഫുഡ് പാര്‍ക്കില്‍ ഫാംഫെഡിന്റെ ആധുനിക സൗകര്യങ്ങളുള്ള പുതിയ നിര്‍മാണ യൂണിറ്റിലാണ് ഉല്‍പ്പാദനം. പ്രൊഡക്റ്റ് മിക്‌സിംഗിലും പാക്കിംഗിലും ഉപയോഗിക്കുന്ന അതിനൂതന മെഷീനറികളാണ് കിന്‍ഫ്രാ മെഗാഫുഡ് പാര്‍ക്കിലെ യൂണിറ്റില്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ചെയര്‍മാന്‍ രാജേഷ് ചന്ദ്രശേഖരന്‍ പിള്ള പറഞ്ഞു. കഴിഞ്ഞ 3 മാസമായി നടന്ന പരീക്ഷണ ഉല്‍പ്പാദനം വിജയകരമായതിനെത്തുടര്‍ന്നാണ് പൂര്‍ണതോതിലുള്ള ഉല്‍പ്പാദനത്തിനും വിപണനത്തിനും തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കേരളത്തിലാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാവുക. വൈകാതെ തമിഴ്‌നാട്ടിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. പ്രതിദിനം ആറ് ടണ്‍ ഉല്‍പാദന ശേഷിയുള്ളതാണ് ഫാക്ടറി. ഫാക്ടറിയിലും വിപണനരംഗത്തുമായി മൊത്തം 300 ലധികം പേര്‍ക്ക് തൊഴില്‍ നല്‍കി കഴിഞ്ഞെന്നും ചെയര്‍മാന്‍ പറഞ്ഞു.

പാലക്കാട്, തൃശൂര്‍, ചാലക്കുടി, അങ്കമാലി, ഗുരുവായൂര്‍, എറണാകുളം, തൊടുപുഴ, പാല, തിരുവല്ല, കോഴിക്കോട് എന്നിവിടങ്ങളില്‍ തുറന്നു കഴിഞ്ഞ ബിസിനസ് സെന്ററുകളും ജില്ലാ അടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുളള സ്റ്റോക്ക് പോയിന്റുകളും കേന്ദ്രീകരിച്ച് ഫാംഫെഡ് നേരിട്ടു തന്നെയാണ് വിതരണം നടത്തുക. ഇങ്ങനെ നേരിട്ട് വിപണനം നടത്തുന്നതിലൂടെ കര്‍ഷകര്‍ക്ക് ശരിയായ വില നല്‍കുവാനും ഇടനിലക്കാരെടുക്കുന്ന ലാഭം ഒഴിവാക്കി പരമാവധി താഴ്ന്ന വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നമെത്തിക്കാനാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു. അടുത്ത 5 വര്‍ഷത്തിനുളളില്‍ മൂല്യവര്‍ധിത ഫാംഫെഡ് ഉല്‍പ്പന്നങ്ങളില്‍ നിന്നു മാത്രം 600 കോടി രൂപയുടെ വിറ്റുവരവ് നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ പറഞ്ഞു.

2025ഓടെ രാജ്യത്തെ ബ്രാന്‍ഡഡ് സുഗന്ധവ്യഞ്ജന വിപണി 50,000 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ ദക്ഷിണേന്ത്യയിലെ വിഹിതത്തിന്റെ ചെറിയൊരു ശതമാനം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച വളര്‍ച്ച സാധ്യമാക്കാമെന്നാണ് സതേണ്‍ ഗ്രീന്‍ ഫാമിംഗ് സൊസൈറ്റി സാരഥികള്‍ കരുതുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ മന്ത്രാലയത്തിന്റെ ഭാഗമായ സഹകരണവകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നതിനാല്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ത്തന്നെ കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
ഫാംഫെഡ് വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് എം.ഡി അഖിന്‍ ഫ്രാന്‍സിസ് പറഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൃഷിയോഗ്യമായ ഭൂലഭ്യതയുള്ള നാടാണ് ഇന്ത്യയെന്നും സുഗന്ധവ്യഞ്ജനങ്ങള്‍, പാല്‍, ചായ, പയറുവര്‍ഗങ്ങള്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളതെന്നുമുള്ള അനുകൂല അന്തരീക്ഷമാണ് ഇത്തരം സംരംഭങ്ങളുടെ വിജയസാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതെന്നും എം.ഡി പറഞ്ഞു. ‘കൃഷിയിലാണ് ഫോക്കസ്’. നമ്മുടെ ഭീമന്‍ ജനസംഖ്യയ്ക്ക് ആനുപാതികമായ വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കൃഷിക്ക് മാത്രമേ കഴിയൂ. ഇപ്പോള്‍ത്തന്നെ നമ്മുടെ 65% ജനങ്ങളുടേയും പ്രാഥമിക ഉപജീവനമാര്‍ഗം കൂടിയാണ് കൃഷി. ഈ പശ്ചാത്തലത്തിലാണ് കാര്‍ഷിക, സംസ്‌കരണ, വിപണന മേഖലകളിലേയ്ക്കുള്ള വന്‍കുതിപ്പിന് സതേണ്‍ ഗ്രീന്‍ ഫാമിംഗ് സൊസൈറ്റി തയ്യാറെടുക്കുന്നത്.


ഇന്ത്യയിലെ കര്‍ഷകരില്‍ 85% പേരും ചെറുകിട കര്‍ഷകരാണെന്നതാണ് ഈ മേഖലയിലെ സഹകരണ സംരംഭങ്ങളുടെ അനിവാര്യതയിലേയ്ക്ക് വിരല്‍ചൂണ്ടുന്നത്. ഇതു കണക്കിലെടുത്താണ് സഹകരണമാതൃകയിലുള്ള പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്നത്. വരും ദിനങ്ങളില്‍ 1000ത്തിലധികം ഏക്കറില്‍ സുഗന്ധ വ്യഞ്ജന കൃഷി വ്യാപിപ്പിക്കാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്ന് വൈസ് ചെയര്‍മാന്‍ അനൂപ് തോമസ് പറഞ്ഞു. ഇതില്‍ 500 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കിക്കഴിഞ്ഞു. ലോകപ്രസിദ്ധമായ ഇടുക്കിയിലെ കാര്‍ഡമം ഹില്‍സിന്റെ ഭാഗമായ കുമളി പ്രദേശത്ത് 300 ലധികം ഏക്കറില്‍ ആരംഭിച്ചു കഴിഞ്ഞ ഏലം കൃഷിയാണ് ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ 5 ഏക്കര്‍ സ്ഥലത്ത് റെഡ് ലേഡി പപ്പായയും കൃഷിയിറക്കിയിട്ടുണ്ട്.

കൊച്ചി നഗരത്തോട് ചേര്‍ന്ന വല്ലാര്‍പാടത്താണ് പതിനാറേക്കര്‍ സ്ഥലത്തെ മത്സ്യക്കൃഷി. വിവിധ സീസണുകളില്‍ ഈ പ്രദേശത്ത് വന്‍ ഡിമാന്‍ഡുള്ള വിവിധയിനം മത്സ്യങ്ങളാണ് കൃഷി ചെയ്യുത്.
കുമളി, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ ഫാം ടൂറിസം സൗകര്യങ്ങള്‍ വികസിപ്പിച്ച് അഗ്രി ടൂറിസം രംഗത്തേയ്ക്കും പ്രവേശിക്കാന്‍ ഫാംഫെഡ് പദ്ധതിയിട്ടിട്ടുണ്ട്.


ജീവനക്കാരെ സൊസൈറ്റിയുടെ അംഗങ്ങളാക്കുന്ന മാതൃകയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷ്യസംസ്‌ക്കരണ രംഗത്തെ സ്വയം പര്യാപ്തതയും ശുദ്ധമായ ഉല്‍പ്പന്നങ്ങളും ഉറപ്പുവരുത്തുക മാത്രമല്ല ഓരോ തൊഴിലാളിയ്ക്കും സ്ഥാപന ഉടമസ്ഥത കൂടി നല്‍കുന്ന ഭാവിയുടെ മാതൃകയാണ് ഫാംഫെഡ് വിഭാവനം ചെയ്യുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top