ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 105.97 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 15.85 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് 768.56 ശതമാനം വര്‍ധനയുമായി മികച്ച മുന്നേറ്റമാണ് കൈവരിച്ചത്. പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ 106 കോടി രൂപയില്‍ നിന്ന് ഇത്തവണ 225 കോടി രൂപയായും വര്‍ധിച്ചു. 113.05 ശതമാനമാണ് വര്‍ധന. 444 കോടി രൂപയായിരുന്ന മൊത്ത വരുമാനം 66.35 ശതമാനം വര്‍ധിച്ച് 738 കോടി രൂപയിലെത്തി.

അറ്റ പലിശ വരുമാനം 101.45 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി 449 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 223 കോടി രൂപയായിരുന്നു. മറ്റിനങ്ങളിലുള്ള വരുമാനം 27.74 ശതമാനം വര്‍ധിച്ച് 48.01 കോടി രൂപയിലുമെത്തി. 20.31 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. മൊത്ത നിഷ്‌ക്രിയ ആസ്തി 10.39 ശതമാനത്തില്‍ നിന്ന് 6.16 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 5.84 ശതമാനത്തില്‍ നിന്ന് 3.78 ശതമാനമായും ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്തി.
