ലോകത്തിലെ അപൂര്‍വ ദ്വീപിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ. ഏറ്റവും ഒറ്റപ്പെട്ട മനുഷ്യവാസമുള്ള ദ്വീപായ ട്രിസ്റ്റന്‍ ഡ കുനയുടെ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. നാസയുടെ ലാന്‍ഡ്സാറ്റ് 9 എന്ന ഉപഗ്രഹമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
യുഎസിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് 2021ലാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ദ്വീപിന്റെ ആകാശദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്. ട്രിസ്റ്റന്‍ ഡ കുനയെ കൂടാതെ മനുഷ്യവാസമില്ലാത്ത ഗൗ ഐലന്‍ഡ്, നൈറ്റിന്‍ഗേല്‍ ഐലന്‍ഡ് തുടങ്ങിയ ദ്വീപുകളുടെ ചിത്രങ്ങളും ഉപഗ്രഹം പകര്‍ത്തിയിട്ടുണ്ട്.
243 മനുഷ്യര്‍
മനുഷ്യരേക്കാള്‍ കൂടുതല്‍ കടല്‍പക്ഷികള്‍ ചേക്കേറുന്ന ദ്വീപാണിത്. കടുംപച്ചനിറത്തില്‍ കടല്‍സസ്യങ്ങള്‍ ആവരണം തീര്‍ക്കുന്ന ദ്വീപില്‍ എയര്‍പോര്‍ട്ടും എയര്‍ഫീല്‍ഡുമൊന്നുമില്ല. ഇങ്ങോട്ടേക്ക് എത്തിച്ചേരാനുള്ള ഏകമാര്‍ഗം കപ്പല്‍യാത്രയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് കപ്പല്‍ കയറേണ്ടത്, ഏഴ് ദിവസം കഴിഞ്ഞാല്‍ ദ്വീപിലെത്താം.
പോര്‍ച്ചുഗീസ് നാവികന്‍ ട്രിസ്റ്റോ ഡ കുന കണ്ടെത്തിയ ദ്വീപായതിനാലാണ് ആ പേര് വന്നത്. 1506ലാണ് അദ്ദേഹം ദ്വീപ് കണ്ടെത്തുന്നത്. ബ്രിട്ടന്റെ അധീനതയിലുള്ള ദ്വീപില്‍ ആകെ ജീവിക്കുന്നത് 239 പേര്‍ മാത്രമാണ്.