Success Story

പാറ്റ്‌നയിലെ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’

ഇന്ന് ബീഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഖഡ്, കശ്മീര്‍ എന്നിവിടങ്ങളില്‍ സ്വയംഭൂ പദ്ധതിയിലൂടെ ആകാംഷ പ്രകാശം പരത്തുന്നു

പഠന ശേഷം ഒരു ജോലി, മികച്ച വരുമാനം എന്ന സ്ഥിരം രീതിയില്‍ നിന്നും വ്യതിചലിച്ച്, താന്‍ പഠിച്ച വിഷയത്തോട് നൂറു ശതമാനം നീതി പുലര്‍ത്തിയ പാറ്റ്‌ന സ്വദേശി ആകാംഷ സിംഗ് ഉയര്‍ത്തിയിരിക്കുന്നത് ഒരു ഗ്രാമത്തിന്റെ തന്നെ ജീവിതനിലവാരമാണ്. സാമൂഹ്യസംരംഭകത്വത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആകാന്‍ഷ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി മധ്യപ്രദേശിലെത്തിയപ്പോഴാണ് വൈദ്യുതി ഇല്ലായ്മമൂലം കഷ്ട്ടപ്പെടുന്ന നിരവധി കര്‍ഷക ഗ്രാമങ്ങള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നത്.

Advertisement

സമൂഹത്തിന്റെ മുന്നിരയില്‍പ്പെടാതെ കിടക്കുന്ന ഈ ജനങ്ങളുടെ ഉന്നമത്തിനായി എന്തെങ്കിലും ചെയ്യണം എന്ന തീരുമാനത്തിലെത്തിയ ആകാംഷ സ്വയംഭൂ എന്ന എന്‍ജിഒ സ്ഥാപിച്ചുകൊണ്ട് ബയോവൈദ്യുതി ഉല്‍പ്പാദനത്തിലൂടെ ഇത്തരം ഗ്രാമങ്ങളില്‍ പാചകവാതകവും വൈദ്യുതിയും എത്തിച്ചു നല്‍കി. ഇന്ന് ബീഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഖഡ്, കശ്മീര്‍ എന്നിവിടങ്ങളില്‍ സ്വയംഭൂ പദ്ധതിയിലൂടെ ആകാംഷ പ്രകാശം പരത്തുന്നു.

2014 ല്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും സാമൂഹ്യ സംരംഭകത്വത്തില്‍ ബിരുദാനന്തരബിരുദം നേടിയ ബിഹാര്‍ , പാറ്റ്‌ന സ്വദേശി ആകാംഷ സിംഗിന്റെ ഏറ്റവും വലിയ ആഗ്രഹം സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ സംരംഭകത്വം എന്ന ആശയത്തെ പ്രചരിപ്പിക്കണം എന്നതായിരുന്നു. എന്നാല്‍ ആകാംഷക്കായി വിധി കാത്തു വച്ചിരുന്നതാകട്ടെ മറ്റൊരു ചുമതലയുമായിരുന്നു.

പഠനം പൂര്‍ത്തിയാക്കിയ ശേഷം ഏറെ പ്രതീക്ഷകളോടെയാണ് ആകാംഷ ഇന്റേണ്‍ഷിപ്പിനായി മധ്യപ്രദേശിലെ ജാബുവ എന്ന ഗ്രാമത്തിലെത്തിയത്. നൂറു ശതമാനം കര്‍ഷക ഗ്രാമമായിരുന്നു ജാബുവ. ജാബുവയിലെ ജനങ്ങളെ കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും മൂല്യവര്‍ധിത വസ്തുക്കളുടെ നിര്‍മാണവും വിപണവുമെല്ലാം പരിശീലിപ്പിക്കുകയായിരുന്നു ആകാംഷയുടെ ലക്ഷ്യം.

സാമൂഹികമായും സാമ്പത്തികമായും ഏറെ അസമത്വങ്ങള്‍ ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്നും വിദ്യാഭ്യാസപരമായി ഇനിയും മുന്‍പന്തിയിലേക്ക് വരാത്ത ഗ്രാമീണ ജനത വികസനത്തിനായി സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പല പദ്ധതികളുടെയും ഗുണഭോക്താക്കളാകുന്നില്ല എന്നുമുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ആകാംഷ തന്റെ ദൗത്യം ഏറ്റെടുത്തത്.

എന്നാല്‍ നഗരത്തിന്റെ എല്ലാവിധ സുഖസൗകര്യങ്ങളിലും വളര്‍ന്ന ആകാംഷക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു ജാബുവയില്‍ ഉണ്ടായിരുന്നത്. ഗ്രാമത്തിലെ ഒരു വീട്ടിലും വൈദ്യുതി ഉണ്ടായിരുന്നില്ല എന്നതായിരുന്നു ആദ്യം ഞെട്ടലുണ്ടാക്കിയ കാര്യം. തുടര്‍ന്ന് ഗ്രാമത്തിലെ ജീവിതരീതികള്‍ കൂടുതലായി അറിഞ്ഞു വന്നപ്പോള്‍ ആകാംഷക്ക് മറ്റൊന്നുകൂടി മനസിലായി , പാചക വാതകസൗകര്യമില്ലാത്ത ഗ്രാമത്തില്‍ ആളുകള്‍ ഇപ്പോഴും ചാണകവറളി കത്തിച്ചാണ് പാചകം ചെയ്യുന്നത്.

ചാണകം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക നേരിട്ട് ശ്വസിച്ചാണ് ഗ്രാമത്തിലെ സ്ത്രീകള്‍ പാചകം ചെയ്യുന്നത്. ഇത് അവര്‍ക്ക് പലവിധ ശാരീരിക വൈഷമ്യങ്ങളും ഉണ്ടാക്കുന്നുണ്ടായിരുന്നു. ഗ്രാമീണവനിതകളില്‍ നല്ലൊരു ശതമാനം ആസ്ത്മ രോഗത്തിന് അടിമകളായിരുന്നു. സൂര്യപ്രകാശം പോകും മുന്‍പ് വൈകിട്ടത്തേക്കുള്ള ഭക്ഷണം പാചകം ചെയ്യേണ്ടതായി വന്നിരുന്നു ഇവര്‍ക്ക്. രാത്രി ഈ ഭക്ഷണം കഴിക്കേണ്ട സമയമാകുമ്പോഴേക്കും അത് തണുത്തിട്ടുണ്ടാകും. ഗ്രാമവാസികള്‍ എല്ലാവരും തന്നെ ഇത്തരത്തില്‍ തണുത്ത ഭക്ഷണമാണ് ദിവസേന കഴിച്ചിരുന്നത്. തണുപ്പ് കാലത്തും ഇത് തന്നെ അവസ്ഥ. ഏത് വിധേനയും ജാബുവ ഗ്രമാറ്റത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആകാംഷ ഉറപ്പിച്ചു.

ഇതിന്റെ ഭാഗമായി ഗ്രാമത്തിനു വൈദ്യുതി പാചക വാതകം എന്നിവ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പദ്ധതികളെപ്പറ്റി ആകാംഷ അന്വേഷിച്ചു. പതിവ് പോലെ സംസ്ഥാന സര്‍ക്കാരിന് കീഴിലും കേന്ദ്ര സര്‍ക്കാരിന് കീഴിലും പദ്ധതികള്‍ ധാരാളം ഉണ്ടായിരുന്നു എങ്കിലും പദ്ധതികളെക്കുറിച്ചോ എങ്ങനെ അപേക്ഷിക്കണം എന്നത് സംബന്ധിച്ചോ ഗ്രാമവാസികള്‍ക്ക് വ്യക്തമായ അറിവില്ലായിരുന്നു. സര്‍ക്കാര്‍ സംബന്ധമായ നടപടികള്‍ക്കായി ഇടനിലക്കാരെയാണ് ഗ്രാമവാസികള്‍ ആശ്രയിച്ചിരുന്നത്.

ഇവരാകട്ടെ വലിയതുക കമ്മീഷന്‍ ഇനത്തില്‍ ഈടാക്കുകയും ചെയ്തിരുന്നു. മൊബീല്‍ ചാര്‍ജ് ചെയ്യുന്നതിനും കൃഷിയിടത്തിലെ ആവശ്യങ്ങള്‍ക്കുമായി വൈദ്യുതി ലഭിക്കുന്നതിന് കൃഷിഭൂമി പാട്ടത്തിന് നല്‍കുന്ന വ്യക്തികളെയാണ് കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. ഇവരാകട്ടെ മൊബീല്‍ ചാര്‍ജ് ചെയ്യുന്നതിന് ഒരുതവണത്തേക് മാത്രം ഈടാക്കിയിരുന്നത് അഞ്ചു രൂപയാണ്. കൃഷിക്കായി വെള്ളം പമ്പ ചെയ്യുന്നതിന് വൈദ്യുതി നല്‍കുന്നതിനും 150 രൂപയോളം ഈടാക്കിയിരുന്നു.

മണ്ണില്‍ പണിയെടുത്ത് കിട്ടുന്ന വരുമാനത്തില്‍ നിന്നും വേണമായിരുന്നു ഈ തുകയെല്ലാം നല്‍കാന്‍. എന്നാല്‍ കാലങ്ങളായി രാസവളപ്രയോഗം നടത്തിയതിനെ തുടര്‍ന്ന് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല, കീടനാശി പ്രയോഗത്തിന്റെ വിപത്ത് കര്‍ഷകരും കുടുംബാംഗങ്ങളും അനുഭവിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ പദ്ധതിയുമായി ഇവരെ ബന്ധിപ്പിക്കണമെങ്കില്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കണം. എന്നാല്‍ അതിനായുള്ള ശ്രമങ്ങള്‍ക്കൊന്നും തന്നെ ഗ്രാമീണരായ കര്‍ഷകര്‍ പിന്തുണനല്‍കിയിരുന്നില്ല.പിന്നെ എന്ത് ചെയ്യാമെന്നായി ആകാംഷയുടെ ചിന്ത.

ബയോഗ്യാസ് പ്ലാന്റും ബയോ വൈദ്യുതിയും

തന്റെ ആവശ്യം ബീഹാറിലെ തന്റെ സുഹൃത്തുമായി പങ്കുവച്ചപ്പോഴാണ് ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിച്ച് അതിലൂടെ പാചകവാതകവും വെളിച്ചവും എത്തിക്കാം എന്ന ആശയം ലഭിക്കുന്നത്. പാറ്റ്‌നയില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന സുഹൃത്ത് ആവശ്യമായ സഹായം ചെയ്യാം എന്ന ഉറപ്പ് നല്‍കിയപ്പോള്‍ ആ വഴിക്ക് ഒന്ന് ശ്രമിക്കാം എന്നായി ആകാംഷ.

മധ്യപ്രദേശിലെ ജാബുവ ഗ്രാമത്തിനു തുല്യമായ അവസ്ഥയിലുള്ള ഗ്രാമങ്ങള്‍ തന്റെ സംസ്ഥാനമായ ബീഹാറിലും ഉണ്ടെന്നു മനസിലാക്കിയ ആകാംഷ, താന്‍ ആഗ്രഹിച്ച രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തന്റെ സംസ്ഥാനത്ത് നിന്ന് തന്നെ തുടങ്ങാം എന്ന് കരുതി. ഇതിന്റെ ഭാഗമായി സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന നൂറിലേറെ ദളിത് കുടുംബങ്ങളുള്ള, വെളിച്ചം ഇനിയും കടന്നു ചെല്ലാത്ത സമസ്തിപൂര്‍ എന്ന ഗ്രാമത്തെ ആകാംഷ തെരെഞ്ഞെടുത്തു.

തുടര്‍ന്ന് ബയോ ഗ്യാസ് പ്ലാന്റുകള്‍ വന്നാല്‍ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ പറ്റി ക്‌ളാസുകളെടുത്തു. പ്രതിമാസം 60 രൂപ ചെലവാക്കിയായി, ഗ്രാമത്തിലെ മുഴുവന്‍ കുടുംബത്തിനും ആവശ്യസമയത്ത് വൈദ്യുതിയും പാചകവാതകവും ലഭ്യമാക്കാനാകും എന്ന് ആകാംഷ പറഞ്ഞിട്ടും അതുള്‍ക്കൊള്ളാന്‍ ജന്നാണ് തയ്യാറായില്ല. വൈദ്യുതി ബില്ലായി പ്രതിമാസം വലിയൊരു തുക നല്‍കേണ്ടി വരുമോ എന്ന ഭയമായിരുന്നു ഗ്രാമീണര്‍ക്ക്.

സ്വയംഭൂ ഇന്നവേറ്റിവ് സൊല്യൂഷന്‍സ്

താന്‍ വിചാരിച്ചതുപോലെ പദ്ധതികള്‍ പ്രവര്‍ത്തികമാകണം എങ്കില്‍ ഒരു പ്രസ്ഥാനത്തിന്റെ പിന്തുണ ആവശ്യമാണ് എന്ന് മനസിലാക്കിയാണ് സുഹൃത്തായ അഷുതോഷ് കുമാറുമായി ചേര്‍ന്ന് സ്വയംഭൂ ഇന്നവേറ്റിവ് സൊല്യൂഷന്‍സ് എന്ന എന്‍ജിഒക്ക് ആകാംഷ രൂപം നല്‍കിയത്. തുടര്‍ന്ന് ധാരാളം ആളുകള്‍ എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി എത്തി. ബയോഗ്യാസ് പ്ലാന്റ് യാഥാര്‍ഥ്യമാക്കുന്നതിനായി ഇവര്‍ തുടര്‍ച്ചയായി ക്‌ളാസുകള്‍ നടത്തി.

ചാണകവറളി കത്തിച്ച് ഗ്രാമത്തിലെ വനിതകളെ രോഗികളാക്കി മാറ്റേണ്ടതില്ല എന്നും പശുക്കളുടെ ചാണകവും മറ്റ് ജൈവ അവശിഷ്ടങ്ങളും പ്ലാന്റിലേക്ക് ഇട്ട് അതില്‍ നിന്നും പാചകത്തിനാവശ്യമായ ഗ്യാസും വൈദ്യുതിയും നേടാനാകുമെന്നു മാതൃക സഹിതം വിവരിച്ചപ്പോള്‍ ഗ്രാമവാസികള്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങി. എന്നാല്‍ ഈ നിലയിലേക്ക് എത്തുന്നതിനായി നാലഞ്ച് മാസറ്റത്തെ സമയമെടുത്തു. പാചകവാതകത്തിന്റെയും വൈദ്യുതിയുടെയും ഉല്‍പ്പാദനത്തിന് ശേഷം ബാക്കി വരുന്ന സ്ലറി കൃഷിയിടങ്ങളില്‍ വളമായി ഉപയോഗിക്കാം എന്നത് കൂടി കേട്ടതോടെ കമ്യുണിറ്റി തലത്തില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കാന്‍ ഗ്രാമവാസികള്‍ തയ്യാറായി.

ഇതിന്റെ ഭാഗമായി സ്വയംഭൂവിന്റെ നേതൃത്വത്തില്‍ സമസ്തിപൂരില്‍ പ്ലാന്റിന്റെ നിര്‍മാണം ആരംഭിച്ചു. സിംഗപ്പൂര്‍ ആസ്ഥാനമായ ടിബിഎസ് ബാങ്കാണ് ഇതിനാവശ്യമായ ഫണ്ടിന്റെ ഒരു ഭാഗം നല്‍കിയത്. പ്രതിമാസം 60 രൂപ ഓരോ ഉപഭോക്താവില്‍ നിന്നും ഈടാക്കിക്കൊണ്ടാണ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ തുക മൂലധനത്തിലേക്ക് വകയിരുത്തും. രണ്ടു പ്ലാന്റുകളാണ് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരു പ്ലാന്റില്‍ നിന്നും ഗ്രാമത്തിലെ വീടുകളിലേക്കും കൃഷിക്കും ആവശ്യമായ വൈദ്യുതിയുടെ ഉല്‍പ്പാദനം നടക്കുന്നു. രാവിലെയും വൈകിട്ടും നാല് മണിക്കൂര്‍ നേരമാണ് വൈദ്യുതി ലഭ്യമാകുക. രണ്ടാമത്തെ പ്ലാന്റില്‍ നിന്നും രണ്ടു മണിക്കൂര്‍ നേരത്തേക്ക് പാചകവാതകം ലഭിക്കുന്നു. രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ എന്ന കണക്കിലാണ് പാചകവാതകം ലഭിക്കുന്നത്. കമ്യുണിറ്റി തലത്തില്‍ സ്വയംഭൂ വിഭാവനം ചെയ്ത പദ്ധതി വിജയം കണ്ടതോടെ നിരവധിയാളുകള്‍ സ്വന്തം വീട്ടിലേക്ക് മാത്രമായി വ്യക്തിഗത പ്ലാന്റുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

മാത്രമല്ല, പ്ലാന്റില്‍ അവശേഷിക്കുന്ന സ്ലറി കൃഷിയിടത്തില്‍ വളമായി പ്രയോഗിക്കാന്‍ തുടങ്ങിയതോടെ വിളവും വര്‍ധിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ ഗ്രാമവാസികളുടെ ജീവിതം മറ്റൊരു തലത്തിലേക്ക് ഉയരുകയിരുന്നു. വൈദ്യുതിയും പാചകവാതകവും വന്നതോടെ, ചാണകവറളി കത്തിച്ച് രോഗികളാകുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. മികച്ച വിളവ് ലഭിച്ചതോടെ വരുമാനവും വര്‍ധിച്ചു.

ബിഹാറില്‍ തന്റെ പദ്ധതി വിജയം കണ്ടതോടെ, ഇത്തരത്തില്‍ വ്യത്യസ്തമായി ചിന്തികാകന്‍ തന്നെ പ്രേരിപ്പിച്ച മധ്യപ്രദേശിലെ ജാബുവ ഗ്രാമത്തിലും മറ്റു ഗ്രാമങ്ങളിലും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ആകാംഷയും സംഘവും. ബിഹാറിനും മധ്യപ്രദേശിനും പുറമെ, ഛത്തീസ്ഗഡ്, കശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമങ്ങളിലും ബയോഗ്യാസ് പ്ലാന്റ് മുഖാന്തിരം വൈദ്യുതിയും ഗ്യാസും എത്തിക്കാനുള്ള ശ്രമത്തിലാണ് സ്വയംഭൂ ഇന്നവേറ്റേവ് സൊല്യൂഷന്‍സ്. തങ്ങളുടെ കൈവശം ഇപ്പോള്‍ ഒരു വിജയ മാതൃക ഉള്ളതിനാല്‍ മറ്റു ഗ്രാമവാസികളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നത് മുന്‍പത്തെ അത്ര ശ്രമകരമല്ലെന്ന് ആകാംഷ സിംഗ് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top