കൊവിഡ് കാലത്തെ നേരിടുന്നതിനുള്ള നൂതനാശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുന്ന ‘ഇനോവേഷന്‍സ് അണ്‍ലോക്ഡ്’ എന്ന വിര്‍ച്വല്‍ സ്റ്റുഡന്‍റ്സ് ഇനോവേറ്റേഴ്സ് മീറ്റ് ജൂലായ് 25 ശനിയാഴ്ച നടക്കും.
ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാനവസരമുണ്ട്. തങ്ങളുടെ നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം, കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും, അജ്ഞതകളും തെറ്റിദ്ധാരണകളും മാറ്റാനുമുള്ള അവസരവും ഇതിലൂടെ ലഭിക്കും. സാങ്കേതികവിദ്യാ മേഖലയിലെ പ്രമുഖര്‍ വിദ്യാര്‍ത്ഥികളുമായി ഈ പരിപാടിയില്‍ സംവദിക്കും.
‘ഇനോവേഷന്‍സ് അണ്‍ലോക്ഡ്’ ല്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മൂന്നു മാസത്തെ പ്രി-ഇന്‍കുബേഷന്‍ സംവിധാനം നല്‍കും. പ്രമുഖ കോര്‍പറേറ്റ് വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണിത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംരംഭകരെ വാര്‍ത്തെടുക്കുക എന്നതാണ് ഇതിലൂടെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നത്.
പ്രതിസന്ധികാലത്ത് സമൂഹത്തിനുപകരിക്കുന്ന സാങ്കേതികവിദ്യകള്‍ വെളിച്ചത്തു കൊണ്ടുവരുന്നതും സംരംഭകരും നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നവരും പാലിക്കേണ്ട കരുതല്‍, അച്ചടക്കം മുതലായവ ചര്‍ച്ച ചെയ്യുന്നതും ഈ പരിപാടിയുടെ ഭാഗമാണ്.
വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. രാജശ്രീ എംഎസ്, എന്നിവര്‍ പങ്കെടുക്കും.
വാധ്വാനി ഫൗണ്ടേഷന്‍, ടിസിഎസ് ഡിസ്ക് എന്നിവരാണ് നൂതനാശയങ്ങളുമായി ബന്ധപ്പെട്ട മാസ്റ്റര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് പരിപാടി.
