കോവിഡ് പ്രതിസന്ധിയിലാക്കിയ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് സര്‍ക്കാരുകളുടെയും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് സംസ്ഥാന വ്യവസായ വാണിജ്യ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്. എം എസ് എം ഇകളുടെ ശാക്തീകരണ പദ്ധതി സംബന്ധിച്ച് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെറുകിയ വ്യവസായ മേഖലക്കായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ മുന്നേറ്റം നടത്താന്‍ എം എസ് എം ഇകള്‍ സജ്ജമാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ കേരളത്തില്‍ ഒരു വ്യവസായ സ്ഥാപനവും വളര്‍ച്ച നേടാന്‍ കഴിയില്ലെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും ഉല്‍പന്ന വൈവിധ്യവല്‍ക്കരണവും നടപ്പാക്കിക്കൊണ്ട് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ സാധിക്കുമെന്നും ഇതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളും നടത്തിവരുന്നതെന്നും എം എസ് എം ഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എം പളനിവേല്‍ പറഞ്ഞു.
കോവിഡ് കാലത്ത് ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് സ്പേസ് (ജെം) പോര്‍ട്ടല്‍ ഉപയോഗപ്പൈടുത്തി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സാധ്യത കേരളത്തിലെ എം എസ് എം ഇകള്‍ പ്രയോജനപ്പെടുത്തണമെന്ന് ജെം പോര്‍ട്ടലിന്റെ കേരളത്തിലെ ബിസിനസ് ഫെസിലിറ്റേറ്ററായ മനീഷ് മോഹന്‍ അഭ്യര്‍ഥിച്ചു. ജെം പോര്‍ട്ടലില്‍ 1.13 എം എസ് എം ഇകള്‍ രജിസ്റ്റര്‍ ചെയ്ത് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ളത് ആയിരം എം എസ് ഇം ഇകള്‍ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുകിട സരംഭകര്‍ക്ക് വര്‍ക്ക് ഓര്‍ഡറനുസരിച്ച് മുന്‍കൂറായി പേമെന്റ് ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനമായ ‘ട്രെഡ്സ്’ ഇ ഡിസ്‌കൗണ്ടിംഗ് പോര്‍ട്ടലിന്റെ സാധ്യതകള്‍ റിസീവബിള്‍സ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് സി എഫ് ഒ കൈലാഷ്‌കുമാര്‍ വറോഡിയ വിവരിച്ചു. എം എസ് എം ഇകള്‍ക്കുള്ള വായ്പാ പദ്ധതികളെക്കുറിച്ച് എസ് ബി ഐ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ്, സിഡ്ബി ജനറല്‍ മാനേജര്‍ ചിത്രാ കാര്‍ത്തിക് അലൈ എന്നിവര്‍ വിശദീകരിച്ചു. ഓപ്പണ്‍ നിയോബാങ്ക് കോ ഫൗണ്ടര്‍ ഡീന ജേക്കബ്, ഫിക്കി കോ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി, കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡണ്ട് എം ഖാലിദ്, ഫിക്കി കേരള ഹെഡ് സാവിയോ മാത്യു എന്നിവരും സംസാരിച്ചു.