കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ വിപണിയിലിറക്കി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ആന്റി കോവിഡ് മാറ്റ് ( സാനി മാറ്റ് ) ഷോറൂം കൊച്ചിയില്‍ തുറന്നു.
എറണാകുളം കലൂര്‍ – കടവന്ത്ര റോഡില്‍ , കലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് എതിര്‍വശം, ശങ്കുരിക്കല്‍ ബില്‍ഡിംഗില്‍ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍വ്വഹിച്ചു. ജി. സി. ഡി. എ. ചെയര്‍മാന്‍ വി. സലീം , കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. കെ. ദേവകുമാര്‍ , മാനേജിംഗ് ഡയറക്ടര്‍ ജി. ശ്രീകുമാര്‍ , ജനറല്‍ മാനേജര്‍ എന്‍. സുനുരാജ് ,കൊച്ചിന്‍ സര്‍ജിക്കല്‍ സപ്ലൈയേര്‍സ് മാനേജിങ് ഡയറക്ടര്‍ ജോണ്‍സന്‍ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു .
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്പന കേന്ദ്രങ്ങള്‍ തുറക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് കൊച്ചിയില്‍ ഷോറൂം തുടങ്ങിയതെന്ന് ചെയര്‍മാന്‍ പറഞ്ഞു . ആദ്യഘട്ടത്തില്‍ 20 – ഉം പിന്നീട് 80 ഉം ഷോറൂമുകളും ആരംഭിക്കുന്നതിനുമാണ് കോര്‍പ്പറേഷന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിന്‍ സര്‍ജിക്കല്‍ സപ്ലൈയേര്‍സ് ആണ് ആന്റി കോവിഡ് മാറ്റുകളുടെ വിതരണക്കാര്‍.
പാദരക്ഷകളിലൂടെയും കാല്‍പാദങ്ങളിലൂടെയും ഉണ്ടാകുന്ന വൈറസ് വ്യാപനം തടയുന്നതിന് സാനി മാറ്റ് ഉപകരിക്കുമെന്ന് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നാഷണല്‍ കയര്‍ റീസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് , ശ്രീ ചിത്തിരതിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളില്‍ നടത്തിയ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ഈ മാറ്റ് വിപണിയില്‍ എത്തിയിട്ടുള്ളത്. പ്രത്യേകം രൂപകല്‍പന ചെയ്ത പ്ലാസ്റ്റിക്ക് / റബ്ബര്‍ ട്രേയില്‍ വെറ്റ് മാറ്റായി ഉപയോഗിക്കുന്ന കയര്‍ മാറ്റ് നിക്ഷേപിക്കുന്നു. തുടന്ന് മാറ്റ് വച്ചിരിക്കുന്ന ട്രേയില്‍ അണുനാശക ദ്രാവകം ഒഴിച്ച് വച്ച ശേഷം ഇത് പ്രവേശന കവാടത്തില്‍ വയക്കുക . അണുനാശക ദ്രാവകം നിറച്ച ട്രേയിലെ മാറ്റില്‍ ചവിട്ടിയ ശേഷം അതിനു സമീപം ഇട്ടിരിക്കുന്ന മാറ്റില്‍ പാദങ്ങള്‍ തുടച്ച് വൃത്തിയാക്കിയാല്‍ കാലിലൂടെയുള്ള രോഗ വ്യാപനം തടയാനാകും.
