പശ്ചിമേഷ്യയിലെ പടപ്പുറപ്പാടുകള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മേഖലയില്‍ സമാധാനത്തിന് ഭീഷണിയായി നിലനില്‍ക്കുന്നത് പ്രധാനമായും അറബ്-ഇസ്രയേല്‍ സംഘര്‍ഷമാണ്. ഇരുകൂട്ടരും തങ്ങളുടെ നിലപാടുകളില്‍നിന്ന് വ്യതിചലിക്കാന്‍ മുന്‍പ് തയ്യാറായിരുന്നില്ല. ഈ അവസ്ഥ മുതലെടുത്ത് വന്‍കിട രാജ്യങ്ങള്‍ തങ്ങളുടെ പ്രധാന ആയുധവിപണികളില്‍ ഒന്നായി മേഖലയെ വളര്‍ത്തിയെടുക്കുകയും ചെയ്തു.
ഇസ്രയേലിന് നില്‍നില്‍പ്പിനായി പ്രതിരോധ മേഖല ശക്തിപ്പെടുത്തേണ്ടിവന്നു, തുടര്‍ന്ന് അവരും ഇന്ന് ആഗോള ആയുധക്കമ്പോളത്തിലെ വില്‍പ്പനക്കാരായി മാറി. മറുവശത്ത് അറബ് രാജ്യങ്ങള്‍ എല്ലാം ആയുധങ്ങള്‍ക്കായി പ്രധാനമായും പടിഞ്ഞാറന്‍ രാജ്യങ്ങളെ ആശ്രയിച്ചു വരികയും ചെയ്തു. മേഖലയിലെ ആയുധ വിപണനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അമേരിക്കതന്നെയാണ്.
പരസ്പരം ചേര്‍ന്നുകിടക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ പരമ്പരാഗത ശത്രുക്കളായി തുടരുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്ന ചിന്ത ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമാകുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന കരാറിലെത്താന്‍ കാരണമെന്നാണ്
പൊതുവെയുള്ള വിലയിരുത്തല്‍. ഏറ്റവും വലുതും ശക്തവുമായ അറബ് ഗള്‍ഫ് രാഷ്ട്രം അടുത്തതായിരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.
സൗദി അറേബ്യ ഒരു കാലത്തും ഇസ്രയേലിനെ അംഗീകരിച്ചിരുന്നില്ല. ജറുസലേമുമായി അവര്‍ക്ക് നയതന്ത്ര ബന്ധവുമില്ല. പലസ്തീനെ പിന്തുണയ്ക്കുന്ന സൗദി എല്ലാകാലത്തും ഇസ്രയേലിന് കനത്ത എതിരാളിതന്നെ ആയിരുന്നു. എന്നാല്‍ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തിയതോടെ പല നയങ്ങളിലും പ്രകടമായ മാറ്റം കണ്ടുതുടങ്ങി.
ഇസ്രയേലുമായുള്ള ശത്രുത കാലാന്തരത്തിലും കൊണ്ടുനടക്കേണ്ടതില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത് എന്ന് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. അതിന്റെ പൂര്‍ത്തീകരണമാകാം ഇപ്പോള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ മേഖലയില്‍ പൂര്‍ണ സമാധാനം എത്തിക്കുന്നതിന് അപര്യാപ്തമാണ്. കാരണം ഇറാന്റെ നിലപാടുകള്‍ ഇസ്രയേലിന് എതിരാണ്. ടെഹ്‌റാന്റെ കാര്യത്തില്‍ ഇസ്രയേല്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകുകയുമില്ല.
ഈ സാഹചര്യത്തില്‍ ഒരു ഭിന്നതയ്ക്കുള്ള അവസരം അവിടെ തുറന്നുകിടക്കുന്നുണ്ട്. മറ്റ് അറബ് രാജ്യങ്ങളുടെ തീരുമാനവും സര്‍വോപരി സൗദിയുടെ നിലപാടും ഇവിടെ പ്രസക്തമാകും.
ഇസ്രയേല്‍, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ കരാര്‍ ഒപ്പുവച്ച് മണിക്കൂറുകള്‍ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയും ഈ നിലപാടുകള്‍ പിന്തുടരുമെന്ന് വിശ്വസിക്കുന്നതായി പറഞ്ഞിരുന്നു. തക്കസമയത്ത് റിയാദിന്റെ പ്രതികരണമുണ്ടാകും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
പശ്ചിമേഷ്യയില്‍ സമാധാനം പുലരണമെന്നുള്ള അമിത ആഗ്രഹമൊന്നും ട്രംപിന് ഉണ്ടാകാന്‍ വഴിയില്ല. എന്നാല്‍ സമാധാന നോബല്‍ സമ്മാനത്തില്‍ കണ്ണുംനട്ടുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് ഇത്തരത്തിലുള്ള കരാറുകള്‍ ഉപകാരപ്രദമാകും. മുന്‍പ് ഇന്ത്യാ-പാക് സംഘര്‍ഷ സമയത്തും കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് ട്രംപ് പലതവണ പറഞ്ഞത് ഇതെല്ലാം മുന്നില്‍ക്കണ്ടുമാത്രമാണ്.
ലോകത്തിലെ ഏറ്റവും അപകടകരമായ അതിര്‍ത്തി തര്‍ക്കവിഷയങ്ങളിലൊന്നാണ് ഇന്ത്യയും പാക്കിസ്ഥാനുമായി നിലനില്‍ക്കുന്നത്. ഒരു പക്ഷേ ഒരാണവയുദ്ധത്തിലേക്കുവരെ നയിച്ചേക്കാവുന്ന സംഘര്‍ഷത്തില്‍ ഒരു താല്‍ക്കാലിക സമാധാനമെങ്കിലും സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അത് തനിക്കൊരു നേട്ടമാകുമെന്ന് ട്രംപ് കരുതിയിരുന്നു. എന്നാല്‍ ഉഭയകക്ഷി പ്രശ്‌നത്തില്‍ മൂന്നാമതൊരാള്‍ എത്തുന്നത് ഇന്ത്യ തള്ളിയതോടെ യുഎസ് പ്രസിഡന്റിന്റെ നീക്കം പാഴായി.
ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ ഇടപെടാനുള്ള യുഎസ് ശ്രമവും പാഴായി. തുടര്‍ന്നണ് പശ്ചിമേഷ്യ ട്രംപിന്റെ ട്രംപ് കാര്‍ഡാകുന്നത്. എങ്കിലും ഇതിനുള്ള നീക്കങ്ങള്‍ മുന്‍പുതന്നെ ആരംഭിച്ചിരുന്നു. ഇക്കാരണത്താലാണ് കൂട്ടത്തില്‍ പ്രശ്‌നക്കാരനായ ഇറാനെതിരെ യുഎസ് ഉപരോധം വര്‍ധിപ്പിക്കുന്നതെന്നും പറയപ്പെടുന്നു.
നിലവില്‍ ഇസ്രയേലുമായി അടുത്ത ബന്ധം പുലര്‍ത്താത്ത നിരവധി രാജ്യങ്ങള്‍ ജറുസലേമുമായി കൈകോര്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദിന്റെ മേധാവി യോസി കോഹന്‍ കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്. ഇസ്രയേലിലെ ഒരു വാര്‍ത്താ ചാനല്‍ സംപ്രേഷണം ചെയ്ത കോഹന്റെ അഭിമുഖത്തില്‍ ഈ കൂടിക്കാഴ്ച സംബന്ധിച്ച് ചോദ്യങ്ങളുണ്ടായെങ്കിലും അദ്ദേഹം അത് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയ്യാറായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി അടുപ്പമുള്ള കോഹന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് രഹസ്യമായി നിരന്തരം യാത്ര ചെയ്യുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുമുണ്ട്. യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുമായി നടന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങിന് നെതന്യാഹുവിനൊപ്പം വന്ന ചുരുക്കം ഇസ്രയേല്‍ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു യോസി കോഹന്‍. സമീപ ഭാവിയില്‍ സൗദിയും ഇസ്രയേലുമായി സമാധാന, സഹകരണ കരാറിലെത്തുമെന്നാണ് കോഹന്റെ വിലയിരുത്തല്‍. യുഎഇ, ബഹ്‌റൈന്‍, ഇസ്രയേല്‍ കരാര്‍ ഒപ്പിട്ടത് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ്ഹൗസിലായിരുന്നു. ഇതും നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനാകുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ ജറുസലേമുമായി പ്രത്യക്ഷമായി കരാറിലെത്തുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ സൗദിക്ക് പരിഗണിക്കേണ്ടതായി വരും. തുര്‍ക്കി, പാക്കിസ്ഥാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടക്കുകയോ അവഗണിക്കുകയോ വേണം. ഒപ്പം അറബ് ലോകത്തെ പ്രധാനി എന്നനിലയില്‍ സൗദിക്ക് ആഭ്യന്തരമായോ അല്ലാതെയോ ഉണ്ടാകാവുന്ന ഭീഷണികള്‍ കണക്കിലെടുക്കണം.ഇപ്പോഴും ഭീകരരുടെ സാന്നിധ്യം ഉള്ള നാടുതന്നെയാണ് സൗദി അറേബ്യ. സൗദിയിലെ രാഷ്ട്രീയം അവരുടെ ചെറിയ അയല്‍രാജ്യങ്ങളിലുള്ളതിനേളേക്കാള്‍ വളരെ സങ്കീര്‍ണ്ണമാണ്. ഭൂമിശാസ്ത്രപരമായി വളരെ വലിയ രാജ്യമാണ്.
പ്രധാനമായും ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ച് അവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും കാലാനുസൃതമായി പല മാറ്റങ്ങളും അവിടെ സംഭവിച്ചു കഴിഞ്ഞു. ലോകത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍നിന്ന്് ഒഴിഞ്ഞുനിന്നാല്‍ പിന്നീട് ഒറ്റപ്പെടുകയും പിന്നിലാകുകയും ചെയ്യുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാകാലത്തും സംഘര്‍ഷത്തില്‍ കഴിയുകയും എന്നാല്‍ വന്‍കിട വികസിത രാജ്യങ്ങളെ പിന്നിലാക്കുകയും ചെയ്ത ഇസ്രയേലിന്റെ കുതിപ്പ് അറബ് രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ജലസേചനം, പച്ചക്കറി, പഴം തുടങ്ങി പ്രതിരോധ വ്യവസായത്തില്‍വരെ ഇസ്രയേല്‍ കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിന് മാതൃകയാണ്.
അന്ധമായ ശത്രുതവഴി ജറുസലേമിനെ ഒന്നും ചെയ്യാനാവില്ല എന്നും അവര്‍ക്ക് ബോധ്യമായിട്ടുണ്ട്. കൂടാതെ അമേരിക്കയുടെ ഏറ്റവും അടുത്ത രാജ്യമാണ് ഇസ്രയേല്‍. മറിച്ച് മേഖലയില്‍ സമാധാനത്തിന് വഴിതുറന്നാല്‍ ലോകോത്തരമായ ഇസ്രയേല്‍ സാങ്കേതികവിദ്യകള്‍ സ്വന്തമാക്കാനാകും. സംയുക്തമായി നിരവധി പദ്ധതികളാവിഷ്‌ക്കരിക്കാന്‍ സാധിക്കും. രണ്ടുകൂട്ടര്‍ക്കും ലാഭമുണ്ടാകുന്ന കാര്യമാണ്. ഇവിടെ ആരും പരാജയപ്പെടില്ല. ഒരു വിന്‍-വിന്‍ സിദ്ധാന്തം. അപ്പോള്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സഹകരിക്കുന്നതാകും മെച്ചപ്പെട്ടത് എന്ന ചിന്ത അറബ് മേഖലയില്‍ ഇന്ന് ഉണ്ടായിട്ടുണ്ട്.
സൗദി അറേബ്യയുമായി സമാധാനം സ്ഥാപിക്കാനായാല്‍ അത് ഇസ്രയേലിന് ഒരു വലിയ നയതന്ത്ര സമ്മാനമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യവും അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയും സൗദിയാണ്. കൂടാതെ മികച്ച സൈന്യവുമുണ്ട്. എന്നാല്‍ യുഎഇ സഞ്ചരിച്ച വഴിയേ സൗദി സഞ്ചരിക്കില്ലെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
യുഎഇയെ സംബന്ധിച്ചിടത്തോളം അവരുടെ താല്‍പ്പര്യങ്ങള്‍ക്കുമാത്രമാണ് മുന്‍ഗണന നല്‍കിയത്. പലസ്തീനോട് അവര്‍ക്കു സഹതാപമുണ്ടെങ്കിലും അവര്‍ക്കുമുമ്പുതന്നെ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. യുഎഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഇസ്രയേലുമായി കൂടുതല്‍ അടുക്കുന്നുവെന്നത് രഹസ്യമല്ല. നിരവധി ഇസ്രയേലി ഉദ്യോഗസ്ഥരും ബിസിനസുകാരും അത്‌ലറ്റുകളും ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെ സുരക്ഷാ, രഹസ്യാന്വേഷണ മേഖലകളില്‍ സ്ഥിരമായ സഹകരണം മുമ്പുതന്നെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വരുംകാല നീക്കങ്ങള്‍ക്ക് കാരണമാകണമെന്നില്ല.
ഇസ്രയേലിന്റെ മികവും ട്രംപിന്റെ ഉറപ്പും ഉണ്ടായിട്ടും മുസ്ലീം ലോകത്ത് സൗദി തങ്ങളുടെ നിലപാട് അപകടപ്പെടുത്തുന്ന ഒന്നും ചെയ്തിരുന്നില്ല. അവിടുത്തെ പൊതുജനാഭിപ്രായം എന്താണെന്ന് സര്‍ക്കാരിന് അറിയേണ്ടതുണ്ട്. എന്നാല്‍ മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിതി അങ്ങനെയല്ല. കൂടാതെ ഇസ്ലാമിക ലോകത്തെ തങ്ങളുടെ നേതൃത്വത്തിനെതിരെ സൗദി അറേബ്യ മത്സരം നേരിടുന്നുണ്ട്. ഈ ഘട്ടത്തില്‍ ജറുസലേമുമായി കൈകോര്‍ത്താല്‍ അത് ചൂതാട്ടത്തിനു തുല്യമാകും. ഈ അവസരം തുര്‍ക്കിയും മറ്റും നന്നായി ഉപയോഗിക്കുകയും ചെയ്യും.
ഈ മേഖലയിലുണ്ടാകുന്ന സമാധാന നീക്കങ്ങള്‍ എല്ലാം ഇന്ത്യ സശ്രദ്ധം വിലയിരുത്തി വരികയുമാണ്
ഇറാനും അവസരം കാത്തുകഴിയുകയാണ്. നാല് പതിറ്റാണ്ടിലേറെ മുമ്പ് ഈജിപ്ത് ഇസ്രയേലുമായി ആദ്യത്തെ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചപ്പോള്‍ അവര്‍ അറബ് ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്ന് അവരുടെ ആസ്ഥാനം കെയ്‌റോയില്‍ നിന്ന് ടുണീസിലേക്ക് മാറ്റി. പത്ത് വര്‍ഷത്തിന് ശേഷം, 1989 ല്‍ ഈജിപ്ത് ലീഗില്‍ തിരിച്ചെത്തിയശേഷമാണ് ലീഗിന്റെ ആസ്ഥാനം കെയ്‌റോയിലേക്ക് തിരിച്ചത്തിയത്. മുസ്ലീം ലോകത്തെ സ്വാധീനമുള്ള പുരോഹിതന്‍മാരില്‍ ഒരാള്‍ ജൂതന്മാര്‍ക്കെതിരായ അമിതമായ വികാരങ്ങള്‍ ഒഴിവാക്കേണ്ടതിനെക്കുറിച്ച് തന്റെ ഒരു പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി ഉപയോഗിച്ച മാര്‍ഗമായിരിക്കാം ഇതെന്ന്് കരുതപ്പെടുന്നു. ഇസ്ലാം മതം സ്വീകരിക്കാന്‍ യഹൂദന്മാരെ പ്രേരിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ”അവരോട് നന്നായി പെരുമാറുക”എന്നതാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രയേലുമായുള്ള ബന്ധത്തെ പരോക്ഷമായി ന്യായീകരിക്കാന്‍ ശ്രമിച്ചതിന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിട്ടു.ഈ സാഹചര്യങ്ങള്‍ സൗദി വിലയിരുത്തേണ്ടതുണ്ട്.
ഇസ്രയേലി പാസഞ്ചര്‍ വിമാനങ്ങളെ തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുന്നതുപോലെയുള്ള പ്രതീകാത്മക നടപടികള്‍ സൗദി അറേബ്യ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.സൗദി അറേബ്യയ്ക്ക് ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ സാമ്പത്തിക സ്ഥിരതയും ശക്തിയും ആവശ്യമാണ്, കാരണം ലോകം എണ്ണയില്‍ നിന്ന് പുതിയ ഊര്‍ജ്ജത്തിലേക്ക് മാറുകയാണ്. കൂടാതെ ഇറാനെ നേരിടാന്‍ വാഷിംഗ്ടണിന്റെ സഖ്യകക്ഷിയായ ഇസ്രയേലുമായി സഖ്യത്തിലേര്‍പ്പെടുന്നതിലൂടെ സ്വയം ശക്തിപ്പെടുത്താന്‍ റിയാദ് ആഗ്രഹിക്കുന്നുമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലെത്തിയതിനുശേഷമാകും ഈ നടപടികള്‍ എന്നും വിലയിരുത്തുന്നവരുണ്ട്.
ട്രംപ് യുഎസില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും സൗദിയില്‍ അധികാരക്കൈമാറ്റം സംഭവിക്കുകയും ചെയ്താല്‍ ഉടമ്പടികള്‍ പൂര്‍ണതോതില്‍ യാഥാര്‍ത്ഥ്യമായേക്കും. ഇന്ത്യയും വളരെ പ്രതീക്ഷയോടെയാണ് മേഖലയിലെ സമാധാന നീക്കങ്ങളെ നോക്കിക്കാണുന്നത്. കാരണം ഇസ്രയേലുമായും ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യ ഒരുപോലെ ബന്ധം പുലര്‍ത്തിപ്പോരുന്നുണ്ട്. ഈ മേഖലയിലുണ്ടാകുന്ന സമാധാന നീക്കങ്ങള്‍ എല്ലാം ഇന്ത്യ സശ്രദ്ധം വിലയിരുത്തി വരികയുമാണ്.