2019 ജൂണ്‍ ഏഴിന് റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശ പ്രകാരം, പ്രത്യേകം പറഞ്ഞ് ഒഴിവാക്കിയവയല്ലാതെ മറ്റേതൊരു വായ്പ പുനഃക്രമീകരിച്ചാലും അത് നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ആവും. കോവിഡ്-19 ഉണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതത്തിന്റെ വ്യാപക പ്രസരണം നിമിത്തം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ധനപരമായ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് കമ്പനിവായ്പകളോടൊപ്പം വ്യക്തിഗത വായ്പകളും നിഷ്‌ക്രിയ ആസ്തി ആവാതെ പുനഃക്രമീകരിക്കുവാന്‍ റിസര്‍വ്വ് ബാങ്ക് കഴിഞ്ഞ ഓഗസ്റ്റ് ആറിലെ നിര്‍ദ്ദേശത്തിലൂടെ അനുമതി നല്‍കിയത്. 2018 ജനുവരി നാലിലെ ആര്‍ബിഐ സര്‍ക്കുലര്‍ പ്രകാരം വിദ്യാഭ്യാസ വായ്പ വ്യക്തിഗത വായ്പകളില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അപ്രകാരം, നിഷ്‌ക്രിയ ആസ്തി ആവാതെ പുനഃക്രമീകരിക്കുവാനുള്ള നിബന്ധനകളില്‍ ഒന്ന്, കോവിഡ്-അനുബന്ധ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന വായ്പക്കാര്‍ക്ക് മാത്രമേ ഈ ആനുകൂല്യം നല്‍കാവൂ എന്നതാണ്. അതായത്, കോവിഡ് ഹേതുവായ പ്രശ്‌നങ്ങള്‍ കാരണം വരുമാനക്കുറവോ തൊഴില്‍നഷ്ടമോ വന്നവരുടെ വായ്പകള്‍. വായ്പയില്‍ ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് അവധിബാക്കി ഉണ്ടെങ്കില്‍ത്തന്നെ, അത് മുപ്പത് ദിവസത്തില്‍ അധികരിക്കാത്തതാവണം. മാര്‍ച്ച് ഒന്ന് മുതല്‍ ഇങ്ങോട്ട് ഒരിക്കലും എന്‍പിഎ ആവാത്ത വായ്പകള്‍ മാത്രമേ ഈ സംരക്ഷണത്തിന്റെ പരിധിയില്‍ വരൂ എന്നതാണ് രണ്ടാമത്തെ പ്രധാന നിബന്ധന. നിബന്ധനകള്‍ക്ക് ഉള്ളില്‍ വരുന്ന വായ്പകള്‍ക്ക് രണ്ടു വര്‍ഷം വരെ കാലാവധി നീട്ടി നല്‍കാം.
കോവിഡ് മഹാമാരിയുടെ തീയ്യാട്ടത്തില്‍ പ്രതീക്ഷകള്‍ പാടെ കരിഞ്ഞുപോയ ഒരു വിഭാഗം വായ്പക്കാര്‍ ഈ രണ്ട് നിബന്ധനകളിലും ഒരിക്കലും പെടാതെ അലയുന്നുണ്ട്. അവരാണ് ഈ വര്‍ഷം പാസ്സ് ഔട്ടായ വിദ്യാഭ്യാസ വായ്പക്കാര്‍. സാധാരണ ഗതിയില്‍ അവസാന സെമസ്റ്റര്‍ കാലത്താണ് കാമ്പസ് ഇന്റര്‍വ്യൂ നടന്ന് ഇവര്‍ക്ക് പ്ലേസ്മെന്റ് ലഭിക്കാറുള്ളത്. ജനുവരി അവസാനത്തോടെ, കോവിഡ് വരുത്തിവയ്ക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തികത്തകര്‍ച്ചയും വരുത്തിയ ഭീതി മൂലം ഈ വര്‍ഷം മിക്കയിടങ്ങളിലും കാമ്പസ് റിക്രൂട്ട്‌മെന്റ് നടന്നില്ല. അവരില്‍ ചിലര്‍ക്ക് അവസാനവര്‍ഷ / സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതാനായി എന്ന് മാത്രം; മറ്റ് ചിലര്‍ക്കാവട്ടെ ഇതുവരെ അവസാനപരീക്ഷ എഴുതുവാന്‍ / പ്രാക്ടിക്കല്‍ ടെസ്റ്റ്, വൈവ എന്നിവ പോലും കഴിഞ്ഞിട്ടില്ല. ഇവര്‍ രണ്ടുകൂട്ടരും ഇപ്പോള്‍ കാമ്പസിന് വെളിയില്‍ ആണ്.
പിഞ്ഞാണക്കടയില്‍ കയറിയ കാളയെപ്പോലെ, കോവിഡ്, ആഗോള വിപണി തകര്‍ത്തെറിഞ്ഞതിനാല്‍ പുതിയ നിയമനങ്ങള്‍ ലോകമൊട്ടാകെ ഒട്ടുമിക്ക കമ്പനികളും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കയാണ്. വിദേശത്തും സ്വദേശത്തുമുള്ള കമ്പനികളുടെ വെബ്സൈറ്റില്‍ ‘ഓപ്പണിങ്‌സ്’ എന്ന ലിങ്കില്‍ കയറി നോക്കിയാല്‍ ‘ഞങ്ങള്‍ ആളെ എടുക്കുന്നില്ല’ എന്ന ഒരു ചെറുകുറിപ്പാണ് കാണുക. ഒരു വലിയ കൂട്ടം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം പടിക്കല്‍ വച്ച് കലമുടഞ്ഞുപോയി.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേയ്ക്ക് പുതിയ ഹയറിങ് ഉണ്ടാവില്ല എന്നാണ് കോര്‍പ്പറേറ്റ് ഇടനാഴികളിലെ അടക്കിപ്പിടിച്ച സംസാരങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്. ഇനി എന്നെങ്കിലും വൈറസിന് ശമനമുണ്ടായി, വിപണി ഉണര്‍ന്നെഴുന്നേറ്റ്, ജോലിയ്ക്കുള്ള വാതിലുകള്‍ തുറക്കപ്പെട്ടാല്‍, കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ സ്വാഭാവിക നിയമ പ്രകാരം അവര്‍ പുതിയ തലകളെ തേടി (ഹെഡ് ഹണ്ട്) കാമ്പസുകളിലേയ്ക്ക് ചെല്ലും. ആ സമയത്ത്, ഈ വര്‍ഷത്തെ പാസ്സൗട്ടുകള്‍ കാമ്പസിന് പുറത്തായതിനാല്‍, അന്ന് പരിഗണിക്കപ്പെടും എന്ന് തീര്‍ച്ചയില്ല. ഈ വര്‍ഷം പോയിട്ട് അടുത്ത വര്‍ഷം പോലും, നിത്യച്ചെലവിനും വായ്പ തിരിച്ചടയ്ക്കാനും വേണ്ട വരുമാനമുള്ള ഒരു പ്‌ളേസ്‌മെന്റ് അവര്‍ക്ക് കിട്ടുമെന്ന് ഉറപ്പില്ല. വ്യവസായ രംഗവും തൊഴില്‍ വിപണിയും പഴയ പോലെയാകുവാന്‍ രണ്ട് മൂന്ന് വര്‍ഷം പിടിച്ചേക്കും.
അനാഥമായ ഈ ഒരു തലമുറ വിദ്യാര്‍ത്ഥികള്‍ക്ക് നീക്കിബാക്കിയായി ഒരു വിദ്യാഭ്യാസ വായ്പ സ്വാഭാവികമായും സാമാന്യേന ഉണ്ടാവും. മൊറട്ടോറിയം കാലം അവസാനിച്ച് അവയുടെ തിരിച്ചടവ് ആരംഭിക്കേണ്ടത് മിക്കവാറും അടുത്ത സാമ്പത്തിക വര്‍ഷം മദ്ധ്യത്തോടെയായിരിക്കും. പ്ലേസ്മെന്റ് അവസരം പോലും കിട്ടാത്തവര്‍ക്ക്, കിട്ടാമായിരുന്ന തൊഴില്‍ നഷ്ടപ്പെട്ടതിന് തെളിവൊന്നും ഹാജരാക്കുവാന്‍ കഴിയില്ല. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചു എന്നതിന് രേഖകള്‍ ഒന്നുമില്ലാത്തവര്‍ ആണവര്‍. തന്മൂലം തന്നെ ഈ വായ്പകള്‍ക്ക്, അവ എന്‍പിഎ ആവാതെ, ഒന്നോ രണ്ടോ വര്‍ഷം മൊറൊട്ടോറിയം കാലവധി നീട്ടി തിരിച്ചടവ് പുനഃക്രമീകരിക്കുവാന്‍ ആയിക്കൊള്ളണമെന്നില്ല.
റിസര്‍വ്വ് ബാങ്കിന്റെ ഓഗസ്റ്റ് ആറിലെ മേല്പറഞ്ഞ നിര്‍ദ്ദേശങ്ങളുടെ പരിധിയില്‍ വരാത്ത വായ്പകള്‍, 2019 ജൂണ്‍ ഏഴിലെ സര്‍ക്കുലറില്‍ പറയുന്ന ‘പ്രൂഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക്’ പ്രകാരം, പുനഃക്രമീകരിക്കാവുന്നതാണ് എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ, ആ പുനഃക്രമീകരണത്തോടെ വായ്പ എന്‍പിഎ ആവും. ചെറുപ്രായത്തില്‍ തന്നെ സിബില്‍ തുടങ്ങിയ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുടെ കണക്കില്‍ ‘എന്‍പിഎക്കാരന്‍’ എന്ന പേര് വന്നാല്‍, അവരുടെ ഭാവി എന്തായിരിക്കും? ലോണിന് മാത്രമല്ല, ജോലിയ്ക്കും കല്യാണത്തിനും വരെ സിബില്‍സ്‌കോര്‍ നോക്കുന്ന കാലമാണിത്. അതിനാല്‍, ഈ വര്‍ഷം പാസ്സൗട്ട് ആവുന്നവരുടെ വിദ്യാഭ്യാസ വായ്പകള്‍ എന്‍
പിഎയിലേക്ക് തരംതാഴ്ത്താതെ തന്നെ സാര്‍വത്രികമായി രണ്ട് വര്‍ഷത്തെ അധിക മൊറട്ടോറിയം നല്‍കി പുനഃക്രമീകരിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കുവാന്‍ ആവുമോ എന്ന് പരിശോധിക്കേണ്ടതാണ്.
(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)