Inspiration

അദ്ധ്യായം 1; നിയോഗം; നമുക്കൊരു ബിസിനസ് തുടങ്ങിയാലോ?

മലയാളത്തിലെ ആദ്യത്തെ സംരംഭകത്വ നോവെലെറ്റ് എന്ന നിലയില്‍ ആരംഭിക്കുന്ന പംക്തിയാണ് ‘സംരംഭകന്റെ യാത്ര’

പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാഹുല്‍ അത് പ്രഖ്യാപിച്ചത്.
”ഞാന്‍ ജോലി റിസൈന്‍ ചെയ്യാന്‍ പോകുന്നു.”
അപ്രതീക്ഷിതമായ ആ വാര്‍ത്തയില്‍ മീര ഒന്ന് ഞെട്ടി. കൈയ്യിലിരുന്ന ചായക്കപ്പ് ചെറുതായി വിറച്ചു. തുളുമ്പിയ ചായ ചുണ്ടിനെ പൊള്ളിച്ചു.
മീര ചായക്കപ്പ് താഴേക്ക് വെച്ചുകൊണ്ട് ചോദിച്ചു ”എന്നിട്ടെന്ത് ചെയ്യാനാണ് പ്ലാന്‍.”
രാഹുലും മീരയും സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരാണ്. രണ്ടു പേരും ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്നവര്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. വിവാഹാനന്തരം ജോലി രാജി വെച്ച് മീര വീട്ടമ്മയുടെ ദൗത്യം ഏറ്റെടുത്തു. മൂന്ന് വയസുള്ള ഒരു മകളും അവര്‍ക്കുണ്ട്്, ശിവാനി. ജീവിതം സുഖകരമായി മുന്നോട്ട് ഒഴുകി നീങ്ങുന്ന സമയം.
ഇതിനിടയിലാണ് രാഹുലിന്റെ പുതിയ വെളിപാട്.
”നമുക്കെന്തെങ്കിലും ബിസിനസ് ആരംഭിക്കാം. മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്ത് മടുത്തു. എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ആഗ്രഹം മനസില്‍ കയറിക്കൂടിയിട്ട് കുറച്ചു കാലമായി. ഇനിയും ആലോചിച്ചിരുന്നാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. ഇപ്പോഴാണ് അതിനു പറ്റിയ സമയമെന്നെനിക്കു തോന്നുന്നു.” രാഹുല്‍ മീരയുടെ കണ്ണുകളിലേക്ക് നോക്കി.
”പക്ഷേ, എന്ത് ബിസിനസ്. രാഹുലിന് അതിനെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ? ജോലി രാജി വെക്കുന്നതിനെക്കുറിച്ച് അച്ഛന്റേയും അമ്മയുടെയും അഭിപ്രായമെന്താകും എന്ന് ചിന്തിച്ചിട്ടുണ്ടോ? ബിസിനസ് തുടങ്ങുവാനുള്ള പണം എവിടെനിന്നുണ്ടാക്കും? ഒന്നും ആലോചിക്കാതെ ഇതൊരു എടുത്തുചാട്ടമല്ലേ?” മീരയുടെ ഉള്ളിലെ ഉത്കണ്ഠകളെല്ലാം ഒരു കെട്ട് ചോദ്യങ്ങളായി പുറത്തേക്കു ചാടി.
ആലോചിച്ചാല്‍ അതെല്ലാം ശരിയാണ്. രാഹുലിന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. രാഹുല്‍ അവരുടെ ഒറ്റ പുത്രനും. വീട്ടില്‍ ഒരാള്‍ക്കും ബിസിനസ് പാരമ്പര്യമില്ല. രാഹുല്‍ ജോലി വലിച്ചെറിഞ്ഞ് ബിസിനസ് ചെയ്യാന്‍ പോകുന്നുവെന്ന് കേട്ടാല്‍ അതവര്‍ എങ്ങിനെ സ്വീകരിക്കുമെന്നത് അറിയില്ല. അവരെ പറഞ്ഞു മനസിലാക്കുക വലിയൊരു പ്രയത്‌നമാണ്.
”അവരോട് ഞാന്‍ സംസാരിച്ചോളാം. പണം കയ്യില്‍ കരുതിവെച്ച് ഒരിക്കലും ബിസിനസ് തുടങ്ങാന്‍ സാധിക്കില്ല. മനസുണ്ടെങ്കില്‍ പണം വരും. കയ്യില്‍ പണമുള്ള എല്ലാവരും ബിസിനസ് ചെയ്യുന്നുണ്ടോ? ഇല്ലല്ലോ. ബിസിനസ് ഒരു കലയാണ്. മനസില്‍ അതിയായ ആഗ്രഹം നുരഞ്ഞുപൊങ്ങുന്ന ഒരാള്‍ക്ക് മാത്രമേ അത് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഈ ഭൂമിയിലേക്ക് ജനിച്ചു വീഴുന്ന ഒരു കുട്ടിക്ക് അതിന്റെ ആഹാരം എവിടെനിന്നാണ് എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല. ബിസിനസിലേക്ക് കാലെടുത്തു വെക്കുന്ന ഒരാളും ഈ കുട്ടിയുടെ അവസ്ഥയിലാണ്. പ്രകൃതിയുടെ ആകസ്മികതകളെ അയാള്‍ സ്വീകരിച്ചേ തീരൂ”.
”തത്വശാസ്ത്രമൊക്കെ കൊള്ളാം. ഇന്നലെ വരെയുണ്ടായ വരുമാനം പെട്ടെന്നില്ലാതെയായാല്‍ എങ്ങിനെ മുന്നോട്ടു പോകും. ബിസിനസ് തുടങ്ങി വരുമാനം കിട്ടിത്തുടങ്ങണമെങ്കില്‍ എത്ര കാലം കഴിയണം. പ്രായോഗികമായി ചിന്തിക്ക?േ രാഹുല്‍. സ്വപ്‌നം കാണുമ്പോള്‍ കാലുകള്‍ തറയില്‍ ഉറച്ചിരിക്കണം. എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നിശ്ചയിക്കാതെ ജോലി രാജി വെക്കുന്നത് ബുദ്ധിയാണോ എന്ന് ചിന്തിച്ചേ തീരൂ.” മീര ഗൗരവത്തില്‍ തന്നെയാണ്.
”ഒരു സംരംഭകന്‍ ആരാണ് എന്ന് നിനക്കറിയുമോ?” രാഹുല്‍ ചോദ്യമെറിഞ്ഞിട്ട് മീരയെ ഒരു പുഞ്ചിരിയോടെ നോക്കി.
”സംരംഭം നടത്തുന്നയാള്‍ സംരംഭകന്‍” നിസാരമായ ഇത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കരുതെന്നൊരു പുച്ഛം മീരയുടെ ഉത്തരത്തില്‍ നിറഞ്ഞു നിന്നിരുന്നു.
”ശരിയാണ്, സംരംഭം നടത്തുന്നയാളെ നമുക്ക് സംരംഭകന്‍ എന്ന് വിളിക്കാം. എന്നാല്‍ കുറച്ചു കൂടി ആഴത്തിലുള്ള ഒരു നിര്‍വചനം ആ വാക്കിന് ആവശ്യമാണ്. സംരംഭകത്വം ഒരു പ്രവൃത്തിയല്ല. അതൊരു സംസ്‌ക്കാരമാണ്. അതുകൊണ്ടുതന്നെ കുറേക്കൂടി വിശാലമായ അര്‍ത്ഥതലങ്ങള്‍ ആ വാക്കിനുണ്ട്.”
”ലാഭത്തിന് വേണ്ടി സാമ്പത്തിക റിസ്‌ക്കെടുത്ത് സംരംഭം നടത്തുന്ന വ്യക്തിയെ നമുക്ക് സംരംഭകന്‍ എന്ന് വിളിക്കാം. സംരംഭകന്‍ സംരംഭം നടത്തുന്നത് ലാഭത്തിനു വേണ്ടിയാണ്. എന്നാല്‍ അതിനായി സംരംഭകന്‍ വലിയൊരു റിസ്‌ക് ഏറ്റെടുക്കേണ്ടതുണ്ട്. ലാഭവും ഈ റിസ്‌കും പരസ്പരപൂരകങ്ങളാണ്. സാമ്പത്തിക റിസ്‌ക് എടുക്കാതെ ലാഭം വേണമെന്നുള്ളത് പ്രായോഗികമായ കാഴ്ച്ചപ്പാടല്ല. റിസ്‌ക് എടുക്കുന്നതിന്റെ പ്രതിഫലമാണ് ബിസിനസിലെ ലാഭം. റിസ്‌ക് എടുക്കാതെ ലാഭം മാത്രം വേണം എന്നത് അസാദ്ധ്യമായ കാര്യമാണ്.”
രാഹുല്‍ തുടര്‍ന്നു.
”സാമ്പത്തിക റിസ്‌ക് എടുക്കുക എന്നത് ബിസിനസിന്റെ അനിവാര്യതയാണ്. ഇവിടെ സംരംഭകന്റെ സ്വാസ്ഥ്യ മണ്ഡലം (Comfort Zone) ഭേദിക്കപ്പെടുന്നു. ഇന്നലെവരെയില്ലാത്ത നിരാനന്ദകരമായ മേഖലകളിലൂടെയും വെല്ലുവിളികളിലൂടെയും മാനസിക സംഘര്‍ഷങ്ങളിലൂടെയും തീവ്രമായ അനുഭവങ്ങളിലൂടെയും അയാള്‍ കടന്നു പോകുന്നു. ഇത് സംരംഭകത്വത്തിന്റെ സഹജമായ സ്വഭാവമാണ്. ഇതനുഭവിക്കാതെ ഒരു സംരംഭകനും മുന്നോട്ടു പോകുവാന്‍ സാധിക്കുകയില്ല. റിസ്‌ക് സംരംഭകത്വത്തിന്റെ പ്രകൃതമാണ്. ആ സഹജതയെ സ്വീകരിക്കുക എന്നതാണ് സംരംഭകനാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ചെയ്യേണ്ടത്.”
”രാഹുല്‍ ഇതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.” മീര താടിക്ക് കൈകൊടുത്ത് അല്‍പ്പം മുന്നോട്ടാഞ്ഞിരുന്ന് ശ്രദ്ധിച്ചു തുടങ്ങി.
”തീര്‍ച്ചയായും. ജോലിയില്‍ നിന്നു കൊണ്ടുതന്നെ എന്തെങ്കിലും ബിസിനസ് ആരംഭിക്കാമെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. സംരംഭകത്വത്തെക്കുറിച്ച് ആഴത്തിലും പരപ്പിലും പഠിച്ചപ്പോള്‍ ആ ചിന്ത പ്രായോഗികമല്ല എന്ന് തോന്നി. ഒരു പ്രവൃത്തി ചെയ്യുന്നത് പോലെ സംരംഭകത്വത്തെ കാണുക സാദ്ധ്യമല്ല. സമഗ്രത സംരംഭകത്വത്തിന്റെ സ്വഭാവമാണ്. ബിസിനസിന്റെ വിജയം സംരംഭകന്റെ പൂര്‍ണ്ണ സമര്‍പ്പണത്തില്‍ മാത്രമേ സംഭവിക്കുകയുള്ളൂ. ഈ അവബോധം സംരംഭകത്വം ഉള്‍ക്കൊള്ളുന്ന എല്ലാ റിസ്‌ക്കുകളേയും ഏറ്റെടുക്കുവാനും നേരിടുവാനും സംരംഭകനെ പ്രാപ്തനാക്കുന്നു.”
”വെല്ലുവിളികളെ നേരിട്ട് വിജയം വരിക്കും എന്നതിന് എന്താണ് ഉറപ്പ്? എത്രയോപേര്‍ പരാജയപ്പെടുന്നു. ജോലി വലിച്ചെറിഞ്ഞ് ബിസിനസ് ചെയ്ത് ഒന്നുമില്ലാതാകുന്നതിലും നല്ലതല്ലേ ഉള്ള ജോലിയും ചെയ്ത് ജീവിക്കുകയെന്നത്. ഇത്ര വലിയ റിസ്‌ക് എന്തിനെടുക്കണം?” മീരക്ക് സംശയം തീരുന്നില്ല.
”സാധാരണ നിലയില്‍ ചിന്തിക്കുമ്പോള്‍ മീര പറഞ്ഞത് ശരിയാണ്. പട്ടാളത്തില്‍ ചേരുന്ന ഒരു ചെറുപ്പക്കാരന്‍ മാസം തോറും ലഭിക്കുന്ന ശമ്പളത്തിന് വേണ്ടി മാത്രമാണ് ആ ജോലിക്ക് ചേരുന്നതെന്ന് ചിന്തിക്കുന്നത് പോലെ തന്നെയാണ് ഇതും. തന്റെ രാജ്യത്തോടുള്ള കൂറും ദേശഭക്തിയും കിട്ടുന്ന പണത്തിനേക്കാള്‍ ഇവര്‍ക്ക് മൂല്യമുള്ളതാകുന്നു. യുദ്ധത്തിന്റെ സകല റിസ്‌ക്കുകളും അറിഞ്ഞു കൊണ്ടുതന്നെയാണ് അവര്‍ സൈന്യത്തിന്റെ ഭാഗമാകുന്നതും. പുറത്തു നിന്നും നോക്കിക്കാണുന്ന ഒരാള്‍ക്ക് ചിലപ്പോളിത് വിഡ്ഢിത്തമായി തോന്നാം. എന്നാല്‍ മനോഭാവമാണ് നമ്മുടെ പ്രവൃത്തികളെ നിര്‍ണയിക്കുന്നത്. എല്ലാവര്‍ക്കും സംരംഭകരാകുവാന്‍ കഴിയുകയില്ല.”
”ഓരോ വസ്തുവും നിര്‍മിതമായിരിക്കുന്നത് അതിന് യോജിച്ച പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ്. ഒരു സംരംഭകന്റെ നിര്‍മിതി പദാര്‍ത്ഥം വിഭിന്നമാണ്. സംരംഭകന്റെ മനോഭാവമാണ് (Attitude) അയാളെ മുന്നോട്ട് നയിക്കുന്നത്. റിസ്‌ക് എടുക്കുക അയാളുടെ സഹജമായ വാസനയാണ്. മറ്റൊരാള്‍ക്ക് അത് വിഡ്ഢിത്തമായി തോന്നുന്നുണ്ടെങ്കില്‍ അത് മനോഭാവത്തിന്റെ വ്യത്യാസമാണ്.”
”അപ്പോള്‍ രാഹുല്‍ നിശ്ചയിച്ചു കഴിഞ്ഞു. അല്ലേ?” മീര തലകുലുക്കിക്കൊണ്ട് ചോദിച്ചു.
”അതേ. പക്ഷേ എനിക്കൊപ്പം നീയുണ്ടെങ്കില്‍ മാത്രം. അങ്ങനെയെങ്കില്‍ രാജിക്കത്ത് ഇതാ റെഡി. നമ്മുടെ സംരംഭക യാത്ര ഇവിടെ ആരംഭിക്കുകയായി”
രാഹുല്‍ ചിരിച്ചു.
”ഭയപ്പെടേണ്ട. ഇതൊരു നിയോഗമാണ്. നിയോഗം ഒരു പാതയാണ്. വഴിത്തുണയായി എന്നും കൂടെ ഞാനുണ്ടാകും.” മീര അവന്റെ കൈകള്‍ തന്റെ കൈകളില്‍ പൊതിഞ്ഞെടുത്തു.
അവളുടെ വാക്കുകളില്‍ വാത്സല്യം നിറഞ്ഞിരുന്നു.

Advertisement

(തുടരും)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top