Auto

കുട്ടിയാനയുടെ രൂപം, റോഡ് പ്രസന്‍ഡ് കിടിലന്‍; സോനറ്റിന്റെ വിശേഷങ്ങള്‍..

വെന്യുവിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്‌റ്റൈലന്‍ കോംപാക്റ്റ് എസ് യുവി, ചുരുക്കി പറഞ്ഞാല്‍ അതാണ് സോനറ്റ്. സോനറ്റിന്റെ റിവ്യു വായിക്കാം

കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ മൂന്നാമത്തെ പോരാളിയാണ് സോനറ്റ്. ആഗോള വിപണിക്കായി ഇന്ത്യയില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ഉത്പന്നം കൂടിയാണ് ഈ കോംപാക്ട് എസ്യുവി. കഴിഞ്ഞ മാസം ഏതാനും ദിവസങ്ങള്‍ ഈ വാഹനവുമായി ചിലവിടുകയുണ്ടായി. അതിന്റെ വിശേഷങ്ങളിലേക്ക്…

Advertisement

എന്താണ് സോനറ്റ്?

കിയയുടെ മാതൃസ്ഥാപനമായ ഹ്യുണ്ടായ്യുടെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് വെന്യു. വെന്യുവിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്‌റ്റൈലന്‍ കോംപാക്റ്റ് എസ്യുവി, ചുരുക്കി പറഞ്ഞാല്‍ അതാണ് സോനറ്റ്. ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായ് വെന്യു, സുസൂക്കി വിറ്റാര ബ്രെസ, എന്നിവര്‍ തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന ഒരു വിഭാഗത്തിലേക്കാണ് ഈ വാഹനം എത്തുന്നത്. ജിടി ലൈന്‍, ടെക്ക് ലൈന്‍ എന്നിങ്ങനെ രണ്ട്് വ്യത്യസ്ത ട്രിം ലെവലുകളില്‍ സോനറ്റ് ലഭ്യമാവും.

ഡിസൈന്‍:

സോനറ്റിന് ഒരു കുട്ടിയാനയുടെ രൂപമാണെന്നാണ് കിയയുടെ ഡിസൈനറുമ്മാര്‍ പറയുന്നത്. ഇതു ശരിവയ്ക്കും വിധമുള്ള റോഡ് പ്രസന്‍സാണ് ഈ വാഹനത്തിന് ഉള്ളത്. ആദ്യ നോട്ടത്തിലേ കണ്ണില്‍ ഉടക്കുംവിധമാണ് മുന്‍ഭാഗത്തിന്റെ രൂപം. ഉയര്‍ന്ന ബോണറ്റില്‍ വലിയ എയര്‍ ഡോമുകളുണ്ട്. ക്രൗണ്‍ ജുവല്‍ എല്‍ഇഡി ഹെഡ്ലാമ്പുകളില്‍ ‘ഹാര്‍ട്ട് ബീറ്റ്’ ആകൃതിയില്‍ ഉള്ള ഡേ ടൈം റണ്ണിംഗ് ലാമ്പുകളുണ്ട്. ഇവ തന്നെയാണ് ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുക. വലിയ ടൈഗര്‍നോസ് ഗ്രില്ലിലെ ചുവപ്പിന്റെ സാന്നിധ്യം ജിടി ലൈനിനു മാത്രം സ്വന്തം.മുന്‍ ബമ്പര്‍ വളരെ മസ്‌കുലര്‍ ആണ്. എയര്‍ ഡാമിന് ഇരുവശങ്ങളിലായി കാണുന്ന എയര്‍ സ്‌കൂപ്പുകള്‍ എന്തുകൊണ്ടോ ഒരു അധികപ്പെറ്റായി തോന്നി. കാഴ്ചയില്‍ ഐസ് ക്യൂബുകള്‍ പോലെ തോന്നിക്കുന്ന ഫോഗ് ലാമ്പുകള്‍ ഹാലജന്‍ യൂണിറ്റുകളാണ്. മുന്‍കാഴ്ച പോലെ തന്നെ ഗംഭീരമാണ് സോനറ്റിന്റെ വശക്കാഴ്ചയും. 16 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകളുടെ ഡിസൈന്‍ തകര്‍പ്പനാണ്. ഡോര്‍ ഹാന്‍ഡിലുകള്‍ ക്രോമില്‍ പൊതിഞ്ഞിരിക്കുന്നു. ബെല്റ്റ് ലൈനിലും ക്രോമിന്റെ സാന്നിധ്യമുണ്ട്. പിന്‍ ഗ്ലാസ് ഏരിയ വശങ്ങളിലേക്കു കയറി നില്ക്കുമ്പോലെ തോന്നിക്കുമെങ്കിലും ഇവ യഥാര്‍ത്ഥത്തില്‍ ‘റാപ്പ് എറൗണ്ട്’ അല്ല. വശങ്ങളില്‍ കണ്ണില്‍ പെടുന്നത് ഗ്‌ളോസ് ബ്ലാക്കില്‍ തീര്‍ത്ത ഫൈബര്‍ ഇന്‍സെര്‍ട്ടുകള്‍ മാത്രമാണ്. പിന്‍ഭാഗത്തിന്റെ ഡിസൈനില്‍ നന്നേ ഒതുക്കം തോന്നുന്നുണ്ട്. മുന്‍ഭാഗവുമായി തട്ടിച്ചുനോക്കിയാല്‍ അല്പം പ്ലെയിന്‍ ആണ് ഡിസൈന്‍. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് എല്‍ഇഡി ടെയില്‍ ലാമ്പുകളാണ്. മാത്രമല്ല ജിടി ലൈനില്‍ ഇരട്ട മഫ്‌ളറുകളോടുകൂടിയ ഡിഫ്യൂസര്‍ ടൈപ്പ് ബമ്പറാണ് പിന്നില്‍. ടെയില്‍ ലാമ്പുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റിഫ്‌ലക്ടര്‍ സ്ട്രിപ്പും ഈ വാഹനത്തിന് ആധുനികകാല എസ്യുവികളുടെ പരിവേഷമേകുന്നു.

ഉള്‍ഭാഗം

ഞങ്ങള്‍ ടെസ്റ്റ് ഡ്രൈവിനായി തിരഞ്ഞെടുത്തത് ഡീസല്‍ എന്‍ജിനും ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുമുള്ള ജിടി ലൈന്‍ വാഹനമായിരുന്നു. പൂര്‍ണ്ണമായും കറുപ്പില്‍ തീര്‍ത്ത ഉള്‍ഭാഗമാണ് ജിടി ലൈനിനുള്ളത്. വിലകൂടിയ വാഹനങ്ങളിലേതുപോലുള്ള ഫിറ്റും ഫിനിഷും. പല ഘടകങ്ങളും ജ്യേഷ്ഠനായ സെല്‍റ്റോസിനെ ഓര്‍മ്മിപ്പിച്ചു. സ്‌പോര്‍ട്ടി അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാവാം, സീറ്റിലും സ്റ്റീയറിംഗ് വീലിലുമൊക്കെ ചുവപ്പ് നിറം കാണാം.

ജിടി ലൈനിലുള്ളത് ബോസിന്റെ സൗണ്ട് സിസ്റ്റത്തോടുകൂടിയ 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്‌ന്മെന്റ് സിസ്റ്റം ആണ്. ഇതിന്റെ ഓഡിയോ ക്വാളിറ്റി അതിഗംഭീരമാണ്. എന്നാല്‍ താഴ്ന്ന വേരിയന്റുകളില്‍ 8 ഇഞ്ച് ടച്ച് സ്‌ക്രീനും ആര്‍ക്കിമിസിന്റെ സൗണ്ട് സിസ്റ്റവുമാണ് ഉണ്ടാവുക. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ഒരേ സമയം ഒന്നിക്ലധികം ഫോണുകള്‍ കണക്റ്റ് ചെയ്യാവുന്ന ബ്ലൂടൂത്ത് എന്നിങ്ങനെ അനവധി സാങ്കേതിക വിദ്യകള്‍ ഈ ഒരു ഇന്‍ഫൊടെയ്‌ന്മെന്റ് യൂണിറ്റില്‍ ഉണ്ട്. കൂടാതെ മാപ്പുകള്‍ക്ക് OT-A അപ്‌ഡേറ്റുകളും നല്‍കിയിട്ടുണ്ട്്. ഇന്‍ഫൊടെയ്‌ന്മെന്റ്് യൂണിറ്റിന് ഫിസിക്കള്‍ കണ്‍ട്രോളുകള്‍ ഇല്ല എന്നത് പോരായ്മയായി പറയാം.

അനലോഗ് ആയ ടാക്കോമീറ്റര്‍, ടെംപറേച്ചര്‍ ഗേജ്, ഫ്യുവല്‍ ഗേജ് എന്നിവയും ഡിജിറ്റല്‍ ആയ സ്പീഡോമീറ്ററും 4.2 ഇഞ്ച് കളര്‍ ഡിസ്‌പ്ലേയും അടങ്ങുന്നതാണ് മീറ്റര്‍ ക്ലസ്റ്റര്‍.സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, എന്നിങ്ങനെയുള്ള പതിവ് സംവിധാനങ്ങള്‍ക്കു പുറമെ കിയയുടെ യുവിഒ കണക്റ്റ് എന്ന കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും സോനറ്റില്‍ ഉണ്ട്്. പിന്‍സീറ്റിന്‍ലെ സ്ഥലസൗകര്യത്തിന്റെ കാര്യത്തില്‍ ചിലര്‍ക്ക് പരാതി ഉ?ായേക്കാം. രണ്ടാള്‍ക്ക് യാത്ര ചെയ്യാന്‍ പാകത്തിന് ഇടമുണ്ട് ഇവിടെ. എന്നാല്‍ മൂന്നു പേരാണ് ഇരിക്കുന്നതെങ്കില്‍ മോശമല്ലാത്ത ഞെരുക്കം അനുഭവപ്പെടും എന്നതും പറയേണ്ടതുണ്ട്. 392 ലീറ്ററാണ് ബൂട്ട് സ്‌പേസ്.

ഡ്രൈവ്

മൂന്ന് എന്‍ജിനുകളും നാല് ട്രാന്‍സ്മിഷനുകളുമാണ് സോനറ്റിനുള്ളത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണ് എന്‍ജിനുകള്‍ എങ്കില്‍ 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടൊമാറ്റിക്ക്, 7ഡിസിടി, ഐഎംടി എന്നിങ്ങനെ പോകുന്നു ഗിയര്‍ബോക്‌സുകളുടെ നിര. ഞങ്ങളുടെ വാഹനത്തിനുണ്ടായിരുന്നത് 1.5 ഡീസല്‍ എന്‍ജിനും 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായിരുന്നു. 1.5 ഡീസല്‍ എന്‍ജിന്‍ മികച്ച റിഫൈന്മെന്റോടുകൂടിയതാണ്. പറയത്തക്ക നോയ്സോ വൈബ്രേഷനോ ഇല്ല. 1800 ആര്‍ പി എമ്മിനടുത്ത് സ്പൂള്‍ ചെയ്യുന്ന ടര്‍ബോ 4000 ആര്‍ പി എം വരെ മികച്ച ടോര്‍ക്ക് സമ്മാനിക്കുന്നു. ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്റെ പ്രവര്‍ത്തനവും തെറ്റുപറയാനില്ല. ഉയര്‍ന്ന ആര്‍പിഎമ്മുകളില്‍ പോലും എന്‍ജിന്‍ കഷ്ടപ്പെടുന്നതായി തോന്നുന്നില്ല. എന്നാല്‍ മൂന്നക്ക വേഗങ്ങളില്‍ സ്ഥിരത അത്രകണ്ട് പോര എന്നു പറയേണ്ടി വരും. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും മഡ്, സ്‌നോ, സാന്‍ഡ് എന്നീ ട്രാക്ഷന്‍ മോഡുകളുമുണ്ട് സോനറ്റില്‍. സ്‌പോര്‍ട്ടില്‍ ഇട്ട് ഓടിച്ചപ്പോള്‍ പൊലും ലിറ്ററിന് 12 കിലോമീറ്ററോളം മൈലേജ് ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. സാധാരണ റോഡ്/ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ 16/17 പ്രതീക്ഷിക്കാം. ഇത് എഴുതുമ്പോള്‍ സോനറ്റിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഹ്യുണ്ടായ് വെന്യുവിനോട് കിടപിടിക്കുന്ന വിധമാവും അതെന്നു കരുതുന്നു.

വിവിധ ദേശീയ, അന്തര്‍ദേശീയ മാധ്യമസ്ഥാപനങ്ങളിലായി 6 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ള ലേഖകന്‍ വ്രൂം ഹെഡ് ഇന്ത്യ, വ്രൂം ഹെഡ് മലയാളം ( vroomhead.com, in.vroomhead.com, ml.vroomhead.com) ഒാേട്ടാമൊബീല്‍ ന്യൂസ് പോര്‍ട്ടലുകളുടെ മേധാവിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top